Tweet 485

    Tweet 485
    October 12, 2023 • Thursday
    Post Header

    ഹിന്ദ് ബിൻത് ഉത്ബ.
    ഇസ്ലാമിന്റെ ബദ്ധ വിരോധിയായിരുന്ന ഉതുബയുടെ മകൾ, ശത്രുപാളയത്തിലെ നിത്യസാന്നിധ്യമായ ഹിന്ദ് ഇസ്ലാമിലേക്ക് വരുന്ന രംഗം അവർ തന്നെ വിശദീകരിക്കുന്നു. മക്കാ വിജയത്തെ തുടർന്നായിരുന്നു സംഭവം. മർവാനുബ്നു ഹക്കമിന്റെ പരിചാരക ഹിന്ദിൽ നിന്ന് കേട്ട വിവരങ്ങൾ ഇങ്ങനെ പങ്കുവെക്കുന്നു. അവർ തിരു നബിﷺയെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഒരിക്കൽ ഇങ്ങനെ പറഞ്ഞു. ഞാൻ പ്രവാചകനോﷺട് എല്ലാവിധേനയുമുള്ള ശത്രുതകൾ പ്രകടിപ്പിച്ചു. പ്രവാചകരുﷺടെ പിതൃസഹോദരനോട് അതിക്രൂരമായി ഉഹ്ദിൽ വച്ച് ഞാൻ പെരുമാറി. അഥവാ ഹംസ(റ)യെ വധിക്കുകയും അദ്ദേഹത്തിന്റെ ശരീരം അലങ്കോലപ്പെടുത്തുകയും ഇല്ലാത്തവിധം ക്രൂരത കാണിക്കുകയും ചെയ്ത രംഗമാണ് ഹിന്ദ് ഉദ്ദേശിച്ചത്. ഖുറൈശികൾ പ്രവാചകനെﷺതിരെ നയിച്ച ഓരോ നീക്കത്തിലും ഞാനെന്റെ റോളുകൾ നിർവഹിച്ചു. ചിലപ്പോഴൊക്കെ നേരിട്ടും മറ്റു ചിലപ്പോഴൊക്കെ സഹായിയായും ഞാനുണ്ടായിരുന്നു. മുഹമ്മദ് നബിﷺയോട് യുദ്ധത്തിൽ ഏർപ്പെടുന്ന എല്ലാവരെയും സഹായിക്കാൻ ഞാൻ തുനിഞ്ഞിറങ്ങി.
    അങ്ങനെയിരിക്കെ മക്കാ വിജയത്തെ തുടർന്നു തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ ഞാൻ ചില സ്വപ്നങ്ങൾ കണ്ടു. ഒന്നും കാണാത്ത വിധം ശക്തമായ അന്ധകാരത്തിൽ ഞാൻ അകപ്പെട്ടിരിക്കുന്നു. അൽപ്പം കഴിഞ്ഞപ്പോൾ സൂര്യനിൽ നിന്ന് പോലെ ഒരു വെളിച്ചം എന്നെ വഴി കാണിക്കുന്നു. നോക്കിയപ്പോൾ അത് അല്ലാഹുവിന്റെ ദൂതനാണ്. അവിടുന്ന് എന്നെ ക്ഷണിക്കുകയാണ്. അടുത്ത രാത്രിയിൽ ഞാൻ കണ്ട രംഗം ഇങ്ങനെ ആയിരുന്നു. ഒരു വഴിയിലേക്ക് എന്നെ ക്ഷണിച്ചു കൊണ്ടിരിക്കുന്നു. വലതുഭാഗത്ത് ഹുബൈൽ വിഗ്രഹം എന്നെ അങ്ങോട്ട് ക്ഷണിക്കുന്നു. ഇടതുഭാഗത്തുനിന്ന് ഇസാഫ് വിഗ്രഹം അങ്ങോട്ടും ക്ഷണിക്കുന്നു. മുന്നിൽ നിന്നുകൊണ്ട് പ്രവാചകൻﷺ എന്നെ വിളിച്ചുപറഞ്ഞു. ഇതാ ഈ വഴിയിലേക്ക് പ്രവേശിച്ചു കൊള്ളൂ. മൂന്നാമത്തെ രാത്രിയിൽ ഞാൻ ഇങ്ങനെയാണ് കണ്ടത്. ഞാൻ നരകത്തിന്റെ വക്കിൽ എത്തിയിരിക്കുന്നു. അതിലേക്ക് എന്നെ തള്ളിയിടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഹുബൈൽ വിഗ്രഹം എന്നോട് പറഞ്ഞു അതിലേക്ക് വീണു കൊള്ളാൻ. ഞാൻ പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ പ്രവാചകൻﷺ എന്റെ വസ്ത്രത്തിന്റെ കോന്തല പിടിച്ചു രക്ഷപ്പെടുത്തുന്നു. ഞാൻ നരകത്തിൽ നിന്നകന്നു. എന്റെ കൺമുമ്പിൽ നിന്ന് നരകം അന്യമായി. ഈ കാഴ്ച കൂടിയായപ്പോൾ ഞാൻ ആകെ ഭയപ്പെട്ടു. കാര്യങ്ങൾ ഏതാണ്ട് എല്ലാം എനിക്ക് വ്യക്തമായിരിക്കുന്നു. വീട്ടിൽ വിഗ്രഹങ്ങൾ വച്ചിരുന്ന റൂമിലേക്ക് ഞാൻ പോയി. എത്രകാലമായി നിങ്ങളുടെ ചതിയിൽ കഴിയുന്നു എന്ന് പറഞ്ഞ് അവയെ ഞാൻ നീക്കം ചെയ്തു. ഞാൻ ഇസ്ലാം സ്വീകരിച്ചു.
    അബ്ദുല്ലാഹിബ്നു സുബൈർ(റ) പറയുന്നു. നബിﷺ മക്കയിലെ അബ്ത്വഹിലായിരുന്നപ്പോൾ ഹിന്ദ്(റ) നബിﷺയുടെ അടുത്തേക്ക് കടന്നുവന്നു. അതിനകം അവർ സത്യവിശ്വാസിനി ആയിട്ടുണ്ടായിരുന്നു. അവർ പറഞ്ഞു. അല്ലാഹു തെരഞ്ഞെടുത്ത അവന്റെ മതം ഇസ്ലാമിലേക്ക് അവൻ തന്നെ എനിക്ക് വഴി കാണിച്ചു തന്നതിൽ ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നു. അല്ലയോ പ്രവാചകരെﷺ അവിടുത്തെ കാരുണ്യം അനുഭവിക്കാൻ അവസരം ലഭിച്ചതിലും അല്ലാഹുവിന് നന്ദി അറിയിക്കുന്നു. ഞാൻ സത്യവിശ്വാസിനിയായ ഒരു സ്ത്രീയാണ്. ഞാൻ ഇസ്ലാം സത്യമാണെന്ന് അംഗീകരിക്കുന്നു. ശേഷം, അവർ മുഖമക്കന ഉയർത്തി. എന്നിട്ട് പറഞ്ഞു ഞാനാണ് ഉത്ബയുടെ മകൾ ഹിന്ദ്(റ). നബിﷺയവരെ സ്വാഗതം ചെയ്തു. അപ്പോൾ അവർ പറഞ്ഞ വാചകങ്ങൾ ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അവിടുത്തെ കുടുംബം ഈ ലോകത്ത് വെച്ച് ഏറ്റവും നിന്ദ്യമാകണം എന്നായിരുന്നു ഞാൻ നേരത്തെ ആഗ്രഹിച്ചിരുന്നത്. ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നത് ഈ ലോകത്തെ ഏറ്റവും ഉത്തമമായ കുടുംബമായി അവിടുത്തെ കുടുംബം മാറണം എന്നാണ്. അഥവാ ഞാൻ പ്രവാചകരോﷺടും അവിടുത്തോട് ബന്ധപ്പെട്ട എല്ലാത്തിനോടും ഏറ്റവും വലിയ ശത്രുതയിലായിരുന്നു. ഇന്നിപ്പോൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി ഇതെല്ലാം മാറിയിരിക്കുന്നു.
    സ്വന്തം പിതൃ സഹോദരനെ അതിക്രൂരമായി വധിക്കാൻ നേതൃത്വം കൊടുക്കുകയും മൃതശരീരത്തിൽ ക്രൂര വിനോദങ്ങൾ നടത്തി നൃത്തം ചെയ്യുകയും ചെയ്ത സ്ത്രീക്ക് വിശദീകരണങ്ങൾ പോലും തേടാതെ മാപ്പു നൽകിയ ഔദാര്യത്തിന്റെ പേരാണ് മുഹമ്മദ് നബിﷺ. തത്തുല്യമായ വിട്ടുവീഴ്ചയുടെ അധ്യായങ്ങൾ ആരുടെ ചരിത്രത്തിലാണ് നമുക്ക് വായിക്കാനുള്ളത്. ഇത്തരം സംഭവങ്ങൾ നമുക്ക് നൽകുന്ന തിരിച്ചറിവ് ഒരിക്കൽ കൂടി നമുക്ക് ബോധ്യമാകേണ്ടതുണ്ട്. പ്രവാചകനെﷺ സംബന്ധിച്ചിടത്തോളം അല്ലാഹു ഏൽപ്പിച്ച മഹാ ദൗത്യത്തിന്റെ നിർവഹണത്തിൽ ആയിരുന്നു അവിടുന്ന്. സ്വകാര്യമായ താല്പര്യങ്ങൾക്ക് വേണ്ടിയോ അധികാരത്തിനോ സമ്പത്തിനോ വേണ്ടിയോ ഒന്നുമുള്ള നീക്കങ്ങളോ ഇടപെടലോ ആയിരുന്നില്ല പ്രവാചകരുﷺടേത്. ലോകത്തിനു മുഴുവനും നന്മയും നീതിയും ന്യായവും ബോധ്യപ്പെടുത്തുകയും എത്തിച്ചുകൊടുക്കുകയും ചെയ്യുക എന്ന ദൗത്യം ആയിരുന്നു അവിടുന്ന് നിർവഹിച്ചത്. അതിക്രൂരമായി പ്രവാചകനെﷺ സമീപിച്ചവരോട് പോലും ഒരു വൈമനസ്യവും കാട്ടാതെ വിട്ടുവീഴ്ച ചെയ്യാൻ ലോകത്ത് വേറെ ആർക്കാണ് സാധിച്ചത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...