Tweet 486

    Tweet 486
    October 13, 2023 • Friday
    Post Header

    സുന്ദരിയും ബുദ്ധിമതിയും സമർഥയുമായ ഹിന്ദ് ഇസ്ലാം സ്വീകരിച്ച ശേഷം വിശ്വാസികൾക്കൊപ്പം ധീരമായി നിലകൊണ്ടു. ഭർത്താവ് അബൂസുഫിയാനൊപ്പം യർമൂക് യുദ്ധത്തിൽ പങ്കെടുത്തു. രൂക്ഷമായ പ്രതിസന്ധികളെ അതിജീവിച്ചു. ഇസ്ലാമും പ്രവാചകനുംﷺ പരാജയപ്പെടണം എന്ന് ആഗ്രഹിച്ചിരുന്ന ഇന്നലെകളിൽ നിന്നും മാറി ഇസ്ലാമിന് പ്രതാപം ലഭിക്കാൻ വേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. ആരാധനാകർമങ്ങളിൽ അതീവ താല്പര്യവും ആത്മനിഷ്ഠകളും പാലിച്ചു. അബൂസുഫിയാന്റെ ഇസ്ലാമിക വിചാരങ്ങളിൽ പങ്കുചേർന്നു. അദ്ദേഹത്തിന്റെ ആലോചനകളിലും ആസൂത്രണങ്ങളിലും സ്വാധീനിച്ചു.
    ഉമർ(റ) ഭരിക്കുന്ന കാലത്ത് അബൂസുഫിയാന്റെ വീടിന്റെ മുന്നിലൂടെ നടന്നു പോകുമ്പോൾ, അദ്ദേഹം വീട്ടിൽ നിന്ന് വെള്ളം തെളിക്കുന്ന കാരണത്താൽ അതുവഴി നടന്നു പോകാൻ പ്രയാസമായിരുന്നു ഉമറി(റ)ന്. ഒരിക്കൽ വഴുതി വീഴാൻ ആയപ്പോൾ അബൂ സൂഫിയാനോട് ഉമർ(റ) സംസാരിച്ചു. ഇതുവഴി കടന്നുപോകുന്ന ഹാജിമാർക്ക് പ്രയാസം ഉണ്ടാകും എന്ന് അദ്ദേഹത്തെ അറിയിച്ചു. നിങ്ങൾക്ക് ഇതൊന്ന് നിർത്തിവച്ചു കൂടെ എന്ന് ചോദിച്ചപ്പോൾ അബൂസുഫിയാൻ വിനയപൂർവ്വം ഉമറി(റ)ന്റെ വായ പൊത്തി. ഉപാധി ബോധിപ്പിക്കാൻ എന്നപോലെ സമാധാനപൂർവ്വം പ്രതികരിച്ചു. അപ്പോൾ ഇങ്ങനെ പറഞ്ഞു. മക്കയിൽ വച്ചുതന്നെ അബൂസുഫിയാനെതിരെ പ്രതികരിക്കുന്നതും എന്നിട്ട് അദ്ദേഹം സമാധാനത്തോടെ കേട്ട് നിൽക്കുന്നതും തന്റെ പക്ഷം ന്യായീകരിക്കാൻ വേണ്ടി പരിശ്രമിക്കാത്തതും എന്നെ അത്ഭുതപ്പെടുത്തുന്നു. അങ്ങനെയൊരു സാഹചര്യം തന്നതിൽ ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നു. ഇതു കേട്ടുനിന്ന ഹിന്ദ് പറഞ്ഞു. ഞാനും അല്ലാഹുവിനെ സ്തുതിക്കുന്നു. നിങ്ങൾ ഇപ്പോൾ പറഞ്ഞ സ്തുതി വാചകം ഒരു വലിയ മഹത്വമുള്ള വാചകമാണ്.
    ന്യായത്തിനും നീതിക്കുമൊപ്പം നിലനിൽക്കാനും മഹാന്മാരായ ഖലീഫമാരുടെ പ്രവർത്തനകാലത്ത് ആഭ്യന്തര പിന്തുണകൾ നൽകാനും ഹിന്ദി(റ)ന് സാധിച്ചു.
    ഉമറി(റ)ന്റെ ഭരണകാലത്ത് ശ്യാം പ്രവിശ്യയിൽ വ്യാപകമായ പകർച്ചവ്യാധി പിടിപെട്ടു. നിരവധി സ്വഹാബികളും മറ്റും അതിൽ മരണപ്പെട്ടു. അതിൽ ഹിന്ദി(റ)ന്റെ മകൻ യസീദും ഉണ്ടായിരുന്നു. അതിൽ മഹതി അവർകൾ ആത്മാർത്ഥമായി ക്ഷമിച്ചു. അനുശോചനത്തിനും പ്രാർത്ഥനയ്ക്കും വേണ്ടി വീട്ടിലേക്കു വന്ന ഉമറി(റ)ന് മുന്നിൽ അതീവ സഹിഷ്ണുതയോടെ പെരുമാറി. അല്ലാഹുവിന്റെ വിധിയിൽ തൃപ്തിപ്പെടാനും നാമും അല്ലാഹുവിലേക്ക് മടങ്ങേണ്ടവരാണല്ലോ എന്ന വിചാരത്തിൽ ഉറച്ചുനിന്നു പ്രഖ്യാപിക്കാനും മഹതിക്കു സാധിച്ചു.
    സാഹിത്യത്തിൽ സമർത്ഥയായിരുന്ന ഹിന്ദി(റ)ന്റെ വരികളും വാചകങ്ങളും മനോഹരമായിരുന്നു. ഗദ്യവും പദ്യവും ആയി സമാഹരിക്കാവുന്ന വിധം നിരവധി ആവിഷ്കാരങ്ങൾ അവർക്കുണ്ടായിരുന്നു.
    ഭർത്താവിനെ കുറിച്ച് നബിﷺയോട് പരാതി പറയുന്ന ഹിന്ദി(റ)ന്റെ പരാമർശം ഉൾക്കൊള്ളുന്ന ഹദീസ് വളരെ പ്രസിദ്ധമാണ്. അതിന്റെ ആശയം ഇങ്ങനെ വായിക്കാം. ഒരു ദിവസം ഹിന്ദ്(റ) നബിﷺയുടെ മുന്നിൽ വന്നു പറഞ്ഞു. എന്റെ ഭർത്താവ് ഒരു പിശുക്കനാണ്. മക്കൾക്കും മറ്റും ചെലവിന് മതിയായ സംഖ്യ തരാറില്ല. എന്നാൽ അദ്ദേഹത്തിന്റെ അറിവില്ലാതെ അദ്ദേഹത്തിന്റെ സ്വത്ത് എടുത്ത് വിനിയോഗിക്കാമോ. അപ്പോൾ നബിﷺ ഇങ്ങനെ പറഞ്ഞു. നിനക്കും നിന്റെ മക്കൾക്കും ചെലവിനാവശ്യമായത് മാത്രം എടുത്തോളൂ കുഴപ്പമില്ല.
    ഹിജ്റ 14 ഭരണകാലത്താണ് മഹതി മരണപ്പെട്ടത്. അന്നുതന്നെയാണ് അബൂബക്കറി(റ)ന്റെ പിതാവ് അബൂ ഖുഹാഫ(റ)യും ഈ ലോകത്തോട് വിട പറഞ്ഞത്.
    ഇസ്ലാം വിരുദ്ധ ചേരിയിൽ അതിശക്തമായ നിലപാടുകൾ സ്വീകരിച്ച ഒരു സ്ത്രീരത്നം, വിശ്വാസവും നന്മയും തിരിച്ചറിഞ്ഞ് പ്രവാചക അനുയായിയായപ്പോൾ അവരുടെ ജീവിതം മുഴുവനും മാറിമറിഞ്ഞു. അവർ സമൂഹത്തിന്റെ ഉന്നത സ്വീകാര്യതകൾ നേടിയെടുത്തു. പഴയകാല ശത്രുതയുടെ പേരിൽ അവരെ ആരും അകറ്റി നിർത്തിയില്ല. വിവരമില്ലാത്ത കാലത്തെ ക്രൂരതകളെ കുറിച്ച് ആരും ആവർത്തിച്ചു പറഞ്ഞില്ല. നേർവഴി സ്വീകരിച്ചതിൽ പിന്നെ അവർ ആദരിക്കപ്പെട്ടു. എല്ലാ അംഗീകാരങ്ങളും ലഭിച്ചു. ആത്മീയമായ ഉന്നതങ്ങളിൽ അവർ അവരോധിക്കപ്പെട്ടു. അന്ത്യനാൾ വരെയുള്ള മുസ്ലീംകൾ അവരുടെ പേരു കേൾക്കുമ്പോൾ ആദരപൂർവ്വം പ്രാർത്ഥനാ വചനങ്ങൾ ആശംസയായി അർപ്പിക്കുന്നു. റളിയല്ലാഹു അൻഹാ….
    ഹിന്ദ്(റ) അബൂസുഫിയാൻ(റ) ദമ്പതികൾക്ക് ജനിച്ച മകനാണ് മുആവയത് ബിൻ അബൂസുഫിയാൻ(റ) എന്ന പ്രമുഖനായ സ്വഹാബി. അദ്ദേഹം പിന്നീട് ഇസ്ലാമിക ലോകത്ത് ഭരണാധികാരിയായി. മുആവിയ(റ)ക്കുശേഷം അദ്ദേഹത്തിന്റെ മകൻ യസീദും അധികാര കേന്ദ്രത്തിലെത്തി. അഥവാ മകനും പേരക്കുട്ടിയും പിൽക്കാലത്ത് ഭരണാധികാരികളായി.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...