Tweet 483

    Tweet 483
    October 10, 2023 • Tuesday
    Post Header

    ഇക്’രിമയുടെ മനംമാറ്റത്തെ കുറിച്ചും അദ്ദേഹത്തോട് എങ്ങനെ സമീപിക്കണമെന്നും നബിﷺ അനുയായികളോട് ഉപദേശിച്ചു. കാരണം, അദ്ദേഹത്തിന്റെ പിതാവ് അബൂജഹൽ ഇസ്ലാമിന്റെ വിരോധിയായിരുന്നല്ലോ. ഇക്രിമ തന്നെയും ഇസ്ലാമിന്റെ വിരുദ്ധ പക്ഷത്ത് ശക്തനായ ഒരു പോരാളിയായിരുന്നു. നബിﷺ പറഞ്ഞത് ഇങ്ങനെയാണ്. അധർമ്മങ്ങളിൽ നിന്ന് വിട്ട് സത്യവിശ്വാസിയായി ഇക്’രിമ ഇങ്ങോട്ട് വരും. നിങ്ങൾ അദ്ദേഹത്തിന്റെ പിതാവിനെ ആക്ഷേപിക്കരുത്. പരേതനെ കുറ്റം പറയുന്നത് കൊണ്ട് ജീവിച്ചിരിക്കുന്ന ആൾക്ക് പ്രയാസമുണ്ടാകും. മരണപ്പെട്ടുപോയ ആൾക്ക് പ്രത്യേകിച്ചൊന്നും സംഭവിക്കുകയുമില്ല. സ്വഹാബികൾ ഈ സന്ദേശം മനസ്സിൽ സൂക്ഷിച്ചുവച്ചു.
    ഈ സന്ദർഭത്തിലാണ് അരമനയിൽ ഇക്രിമ തന്റെ ഭാര്യയുമായി സംഭാഷണം നടക്കുന്നത്. സംഭാഷണത്തിനൊടുവിൽ അദ്ദേഹം ഭാര്യയോട് കിടപ്പറ പങ്കിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, അവർ വിസമ്മതിച്ചു. അവർ പറഞ്ഞു ഞാൻ സത്യവിശ്വാസിനിയും നിങ്ങൾ സത്യനിഷേധിയുമാണ്. നമ്മുടെ വിശ്വാസങ്ങൾ ഒത്തുപോവുകയില്ല. എനിക്ക് നിങ്ങൾക്ക് വിധേയപ്പെടാൻ ഇപ്പോൾ ന്യായങ്ങൾ ഇല്ല. ഈ മറുപടി അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ഇത്രമേൽ ആത്മനിയന്ത്രണം പാലിക്കാൻ മാത്രം നിന്നെ പാകപ്പെടുത്തിയ ഒരു വിശ്വാസം അതൊരു മഹത്വമുള്ള വിശ്വാസം തന്നെയാണല്ലോ. അദ്ദേഹത്തെ കൂടുതൽ ചിന്തിപ്പിച്ചു. മാനസികമായി അയാൾ ഇസ്ലാമിലേക്ക് ചേർന്നു. വിശ്വാസ പ്രഖ്യാപനത്തിന് വേണ്ടി നബി സന്നിധിയിലേക്ക് പുറപ്പെട്ടു.
    ഇക്രിമയുടെ ആഗമനമറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ആവേശത്തിൽ നബിﷺ മുന്നോട്ടുവന്നു. അവിടുന്ന് അതിയായി സന്തോഷിച്ചു. ഇക്’രിമ ഭാര്യയോടൊപ്പം വിനയപൂർവ്വം തിരുനബി സന്നിധിയിൽ വന്നു നിന്നു. എന്നിട്ട് അദ്ദേഹം സംസാരിച്ചു തുടങ്ങി. ഇതാ ഇവൾ എന്നോട് പറഞ്ഞു അവിടുന്ന് എനിക്ക് അഭയം നൽകിയിട്ടുണ്ടെന്ന്. അപ്പോൾ നബിﷺ പറഞ്ഞു. അതെ, നിങ്ങൾക്ക് അഭയം നൽകിയിട്ടുണ്ട്. എന്തൊരു വിശ്വാസത്തിലേക്കാണ് അവിടുന്ന് ജനങ്ങളെ ക്ഷണിക്കുന്നത്? അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ലെന്നും ഞാൻ അല്ലാഹുവിന്റെ ദൂതൻ ആണെന്നും നിങ്ങൾ സാക്ഷ്യം വഹിക്കുക. ഹൃദയാ സ്വീകരിക്കുക. അഞ്ചുനേരം നിസ്കാരം നിർവഹിക്കുക. സമ്പത്തിൽ നിന്ന് നിശ്ചിതവിഹിതം ധർമ്മം നൽകുക. അങ്ങനെ തുടങ്ങിയുള്ള ഇസ്ലാമിന്റെ അടിസ്ഥാന കാര്യങ്ങൾ നബിﷺ പറഞ്ഞു കൊടുത്തു. ഇക്’രിമ പറഞ്ഞു. അല്ലാഹു സത്യം അവിടുന്ന് നന്മയിലേക്കാണ് ക്ഷണിച്ചിട്ടുള്ളത്. സുന്ദരമായ കാര്യങ്ങളിലേക്ക് ആണ് സ്വാഗതം ചെയ്തിരിക്കുന്നത്. അവിടുന്ന് പ്രബോധനം ആരംഭിക്കുന്നതിന് മുമ്പ്തന്നെ നമുക്കിടയിൽ ഏറ്റവും വലിയ സത്യവാനും നന്മയുടെ കേന്ദ്രവുമൊക്കെ ആയിരുന്നല്ലോ. തുടർന്ന് അദ്ദേഹം സത്യ സാക്ഷ്യ വാചകം പ്രഖ്യാപിച്ചു. അതുകേട്ടതും തിരുനബിﷺക്ക് എന്തെന്നില്ലാത്ത സന്തോഷമായി. നബിﷺയോട് അദ്ദേഹം വീണ്ടും ചോദിച്ചു. എനിക്ക് പറയാവുന്നതിൽ വച്ച് ഏറ്റവും നല്ല വാചകം ഒരിക്കൽ കൂടി പറഞ്ഞു തരുമോ. വീണ്ടും നബിﷺ സത്യവാചകം തന്നെ പറഞ്ഞു കൊടുത്തു. ഒരിക്കൽ കൂടി അദ്ദേഹം ചോദിച്ചു. ഇനി ഞാൻ എന്താണ് പറയേണ്ടത്. ഞാൻ ശരിയായ ഒരു മുസ്ലിമും ഇസ്ലാമിനായി എന്തും സമർപിക്കാൻ സന്നദ്ധനുമാണെന്ന് അല്ലാഹുവിനെയും ഈ സദസ്സിനെയും സാക്ഷിയാക്കി ഞാൻ പ്രഖ്യാപിക്കുന്നു. അദ്ദേഹം അതേറ്റു പറഞ്ഞു.
    തുടർന്ന് ഇക്രിമ(റ)യും ഭാര്യയും ദമ്പതികൾ ആയി തന്നെ ജീവിച്ചു. അദ്ദേഹത്തിന്റെ ശിഷ്ടജീവിതം ഇസ്ലാമിനുവേണ്ടി സമർപ്പിച്ചു. പടക്കളങ്ങളിൽ പോരാളിയായി മുന്നേറി. ഇസ്ലാമിനെതിരെ എത്രമേൽ ശക്തമായി ശത്രുപാളയത്തിൽ നിലകൊണ്ടോ അതിനെല്ലാം പകരം ഇസ്ലാമിനുവേണ്ടി നിലകൊള്ളാൻ അദ്ദേഹം തീരുമാനിച്ചു. ധീരമായ നിലപാടുകൾ പ്രകടിപ്പിക്കേണ്ട സ്ഥലങ്ങളിൽ പതറാതെ മുൻനിരയിൽ നിന്നു. തിരുനബിﷺയുടെ വിയോഗാനന്തരം ഒമാനിലേക്കും യമനിലേക്കും ഉള്ള സൈനിക നീക്കങ്ങളുടെ മേധാവിയായി അബൂബക്കർ(റ) ഇക്’രിമ(റ)യെ നിയോഗിച്ചു. യുദ്ധത്തിൽ ധീര നേതാവായി സംബന്ധിച്ചു. പടക്കളത്തിൽ വെച്ച് അല്ലാഹുവിന്റെ മാർഗത്തിൽ യാത്രയായി.
    മരണത്തോട് അടുത്ത് നേരം ഒരിറ്റു വെള്ളത്തിനായി അവർ ആഗ്രഹിച്ചു. യുദ്ധക്കളത്തിലെ പരിചാരകന്മാർ വെള്ളപ്പാത്രം ചുണ്ടോടു ചേർത്തു കൊടുത്തപ്പോൾ തൊട്ടടുത്തു കിടന്ന മറ്റൊരു സഹോദരൻ വെള്ളത്തിനു വേണ്ടി ആവശ്യപ്പെടുന്നത് കേട്ടു. അദ്ദേഹത്തിന് കൊടുത്തിട്ട് മതിയെന്ന് പറഞ്ഞുകൊണ്ട് തൽക്കാലം പാനീയം നിരസിച്ചു. ഹബീബിന് അബൂ ഹാരിസ്(റ), ഇക്’രിമ(റ), അയ്യാഷ് ബിൻ അബീ റബീഅ(റ) എന്നീ മൂന്നുപേർ ഒരേസമയം ദാഹിച്ചു വെള്ളം ആവശ്യപ്പെട്ടവരായിരുന്നു. സഹോദരന്റെ ദാഹം തീർത്തിട്ട് മതി എനിക്ക് വെള്ളം എന്ന് ഓരോരുത്തരും പറഞ്ഞു. ഒടുവിൽ കോപ്പയിലെ വെള്ളം കുടിക്കുന്നതിനു മുമ്പ് സ്നേഹത്തിന്റെ സ്വർഗ്ഗപാനം തേടി അവർ മൂന്നുപേരും യാത്രയായി. ഇക്രിമ(റ) യർമൂക് പോർക്കളത്തിൽ വെച്ച് ശഹീദായി. ഹിജ്റ വർഷം 13 ലായിരുന്നു സംഭവം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...