
ഉസ്മാൻ ബിൻ ത്വൽഹയി(റ)ൽ നിന്നുള്ള കൗതുകകരമായ ഒരു റിപ്പോർട്ട് ഇമാം ഇബ്നു സഅ്ദ് (റ) ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെയാണ്. “ഉസ്മാൻ(റ) പറയുന്നു. ഹിജ്റയുടെ മുമ്പ് ഒരിക്കൽ പ്രവാചകൻﷺ എന്നെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. ഞാൻ പറഞ്ഞു. ‘ഇതെന്തൊരദ്‌ഭുതമാണ്! പാരമ്പര്യമതം ഉപേക്ഷിക്കുകയും, പുതിയ മതം ഉണ്ടാക്കുകയും ചെയ്തിട്ട്, അതിലേക്ക് എന്നെ ക്ഷണിക്കുകയാണോ?’
ഞങ്ങൾ പണ്ടുമുതലേ കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരായിരുന്നു. എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും കഅ്ബ തുറക്കും. അങ്ങനെ ഒരു ദിവസം മുഹമ്മദ് നബിﷺ കഅ്ബയിൽ കയറാൻ വേണ്ടി വന്നു. ഞാൻ ദേഷ്യം പിടിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. പ്രവാചകൻﷺ സഹിഷ്ണുതയോടുകൂടി അത് കേട്ടുനിന്നു. ശേഷം, എന്നോട് പറഞ്ഞു. ‘ഒരുനാൾ ആ താക്കോൽ എന്റെ കൈയിൽ വരും. അന്ന് അത് ഞാൻ ഉദ്ദേശിക്കുന്നവർക്ക് നൽകും’. അപ്പോൾ ഞാൻ പ്രതികരിച്ചു. ‘ഖുറൈശികൾ നശിക്കുകയും നിന്ദ്യരാവുകയും ചെയ്തിരിക്കുന്നു’. പ്രവാചകൻﷺ പറഞ്ഞു. ‘അങ്ങനെയല്ല, അന്ന് പ്രതാപികളും ഉന്നതന്മാരുയിരിക്കും’. ശേഷം, കഅ്ബയിലേക്ക് പ്രവേശിച്ചു. ഉസ്മാൻ (റ) തുടരുന്നു. ‘പ്രവാചകന്റെﷺ ആ വാക്കുകൾ എന്റെ മനസ്സിൽപ്പതിഞ്ഞു. അത് സംഭവിച്ചേക്കുമെന്ന് എന്റെ മനസ്സിൽ തോന്നി. അങ്ങനെ ഞാൻ ഇസ്‌ലാം സ്വീകരിക്കാൻ ഉദ്ദേശിച്ചു. പക്ഷേ, ജനങ്ങളെന്നെ തടസ്സപ്പെടുത്തി. ശക്തമായി അവർ പ്രതിരോധിച്ചു. മക്കാ വിജയ ദിവസം പ്രവാചകൻﷺ എന്നെ വിളിച്ചു. കഅ്ബയുടെ താക്കോൽ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഞാൻ കൊണ്ടുവന്നപ്പോൾ എന്റെ കൈയിൽ നിന്ന് വാങ്ങി. ശേഷം, എന്നെത്തന്നെ ഏൽപ്പിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു. ‘എന്നെന്നേക്കുമായി നിങ്ങളുടെ കൈയിൽത്തന്നെയിരിക്കട്ടെ. അക്രമികളെല്ലാം നിങ്ങളുടെ കൈയിൽ നിന്നും ഇത് കൈവശപ്പെടുത്തുകയില്ല. ഇതിന്റെ ഉത്തരവാദിത്തം അല്ലാഹു നിങ്ങളെ ഏൽപ്പിച്ചിരിക്കുന്നു. കഅ്ബയിലേക്ക് വരുന്നതിൽ നിന്ന് നിങ്ങൾക്ക് ആവശ്യത്തിനുള്ളത് നിങ്ങൾക്കു ഉപയോഗിക്കാം’.
ഞാൻ അവിടുന്ന് തിരിഞ്ഞു നടന്നപ്പോൾ എന്നെ വീണ്ടും വിളിച്ചു. ഞാൻ മടങ്ങിച്ചെന്നു. അപ്പോൾ എന്നോട് ചോദിച്ചു. ‘മുമ്പ് ഞാൻ നിങ്ങളോട് ഇക്കാര്യം പറഞ്ഞത് ഓർമയില്ലേ?’ ഹിജറയ്ക്കുമുമ്പുള്ള വർത്തമാനം ഞാൻ ഓർത്തെടുത്തു. ‘അത് ‘ എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഇങ്ങനെ പ്രതികരിച്ചു. ‘അവിടുന്ന് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു’. ആ സമയത്ത് അലി (റ) എഴുന്നേറ്റു നിന്നുകൊണ്ട് പറഞ്ഞു. തീർഥാടകർക്ക് വെള്ളം കൊടുക്കുന്നതിനുള്ള അവകാശത്തിനൊപ്പം കഅ്ബയുടെ പരിപാലനം കൂടി നമ്മളെ ഏൽപ്പിക്കൂ, അഥവാ, ‘കഅ്ബയുടെ താക്കോൽ അലി(റ)ക്ക് നൽകിയാൽ കൊള്ളാം’ എന്ന്. അപ്പോൾ നബിﷺ ഉസ്മാനുബിനു ത്വൽഹ(റ)യെ വിളിച്ചുകൊണ്ടു പറഞ്ഞു. ‘ഇതാ നിങ്ങൾ വച്ചുകൊള്ളൂ ഈ താക്കോൽ. ഇത് കരാർ പാലനത്തിന്റെയും നന്മയുടെയും ദിവസമാണ്. ജാഹിലിയ്യ കാലത്തും ഇനിയും ഈ താക്കോൽ അല്ലാഹു നിങ്ങളെ ഏൽപ്പിച്ചിരിക്കുന്നു’. ആ സമയത്ത് നബിﷺ ഇഹ്റാമിൽ വലതു തോൾ തുറന്ന വിധത്തിൽ വസ്ത്രം ധരിച്ചിരിക്കുകയായിരുന്നു “.
ഈ സംഭവത്തിന്റെ വിവിധ ഘട്ടങ്ങളിൽ വിശുദ്ധ ഖുർആൻ നാലാം അധ്യായം അന്നിസാഇലെ 58-ാം സൂക്തത്തിന്റെ പ്രാഥമിക ഭാഗം നബിﷺ പാരായണം ചെയ്യുന്നുണ്ടായിരുന്നു. ആശയം ഇങ്ങനെ വായിക്കാം : “നിങ്ങളെ വിശ്വസിച്ചേല്‍പ്പിച്ച വസ്തുക്കള്‍ അവയുടെ അവകാശികളെ തിരിച്ചേല്‍പിക്കാൻ അല്ലാഹു നിങ്ങളോടിതാ കല്‍പ്പിക്കുന്നു.”
ഇന്നും ഉസ്മാൻ ബിൻ ത്വൽഹ(റ)യുടെ പരമ്പരയാണ് ആ താക്കോൽ സൂക്ഷിച്ചു പോരുന്നത്.
ഇമാം അബൂദാവൂദും(റ) ഇബിനു സഅ്ദും(റ) ഉദ്ധരിക്കുന്നു. “കഅ്ബയിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിച്ചപ്പോൾ പ്രവാചകൻﷺ ഉമറി(റ)നെ വിളിച്ചു. അദ്ദേഹം അപ്പോൾ ബത്വഹാഇൽ ആയിരുന്നു. കഅ്ബയിലുള്ള രൂപങ്ങളും ചിത്രങ്ങളും മുഴുവൻ നീക്കം ചെയ്യാനാവശ്യപ്പെട്ടു. എല്ലാ രൂപങ്ങളും നീക്കം ചെയ്തെങ്കിൽ ഇബ്രാഹിം നബി(അ)യുടെ രൂപം മാത്രം നീക്കം ചെയ്തില്ല. അത് ശ്രദ്ധയിൽപ്പെട്ടപ്പോൾ പ്രവാചകന്റെﷺ മുഖഭാവം മാറി. അവിടുന്ന് ചോദിച്ചു. “എല്ലാം നീക്കം ചെയ്യാനല്ലേ നിങ്ങളോട് പറഞ്ഞത്? ഇബ്രാഹിം നബി(അ)യെ അവർ പ്രതിഷ്ഠകൾക്ക് നേർച്ചയമ്പ് നൽകുന്ന ആളായിട്ടാണ് വച്ചിട്ടുള്ളത്. അങ്ങനെ ഒരു പ്രവർത്തനം ഇബ്രാഹിം നബി (അ) ചെയ്തിട്ടില്ല തന്നെ. ആത്മാവ് (ജീവൻ) നൽകാൻ കഴിയാത്ത രൂപങ്ങളുണ്ടാക്കുന്നവരോട് അല്ലാഹു കോപിച്ചിരിക്കുന്നു”.
എല്ലാ രൂപങ്ങളും ചിത്രങ്ങളും നീക്കം ചെയ്തതിനു ശേഷമാണ് നബിﷺ ഔദ്യോഗികമായി കഅ്ബയിൽ പ്രവേശിച്ചത്. ഇസ്‌ലാമിൽ പ്രതിമകൾക്കോ പ്രതിഷ്ഠകൾക്കോ യാതൊരു സ്ഥാനവുമില്ല. പ്രപഞ്ചാധിപനായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നതാണ് ഇസ്‌ലാമിന്റെ അടിസ്ഥാനം. ആദിമ മനുഷ്യനും പ്രഥമ പ്രവാചകനുമായ ആദം (അ) മുതൽ അന്ത്യപ്രവാചകരായ മുഹമ്മദ് നബിﷺ വരെ ഈയൊരു സന്ദേശം കൈമാറുന്നതിനു വേണ്ടിയാണ് നിയുക്തരായത്. ‘കഅ്ബാലയം’ എന്നത് ‘അല്ലാഹുവിനെ ആരാധിക്കുമ്പോൾ തിരിഞ്ഞു നിൽക്കാനുള്ള ലക്ഷ്യസ്ഥാനം’ മാത്രമാണ്. കഅ്ബാലയവും ആരാധിക്കപ്പെടുന്നില്ല. അല്ലാഹുവിനെ മാത്രം ആരാധിക്കുവാൻ ഭൂമിയിൽ നിർമിക്കപ്പെട്ട ആദ്യത്തെ ഭവനമാണത്. അതിന്റെ മഹത്വവും പ്രാധാന്യവുമാണ് കഅ്ബാലയത്തിനുള്ളത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
