
മദീന ഒരു ഉരുക്കു കോട്ടയായി മാറി. മദീനയിൽ നിന്നുള്ള മുന്നേറ്റങ്ങൾ പലരുടെയും ഉറക്കം കെടുത്തി. ഇനിയത്ര ലളിതമല്ല മദീനയിലേക്ക് ആക്രമിച്ചു കയറാനെന്ന് മറ്റുള്ളവർക്ക് ബോധ്യമായി. നബിﷺയും അനുയായികളുമായി കരാറിൽക്കഴിഞ്ഞിരുന്ന മക്കക്കാരും ഈ ചലനങ്ങൾ നോക്കിക്കൊണ്ടിരുന്നു. ഇനിയങ്ങോട്ടുള്ള ദിനങ്ങൾ എങ്ങനെയായിരിക്കുമെന്ന് അവരുടെ കൂട്ടത്തിൽ ഉത്തരവാദിത്തപ്പെട്ടവർക്ക് ആശങ്കയായി!
ലോകത്തിന്റെ പല ഭാഗങ്ങളും ഇസ്‌ലാമിനെ സ്വീകരിക്കുകയും, പ്രവാചകനോﷺടൊപ്പം ചേരുകയും ചെയ്തുകൊണ്ടിരുന്നപ്പോഴും കുടിപ്പകയിൽക്കഴിഞ്ഞിരുന്ന മക്കയിലെ ചിലർക്കു ഇതൊന്നും ഉൾക്കൊള്ളാനായില്ല. അവർ അവരുടെ ആഢ്യത്വത്തിലും പ്രമാണിത്തത്തിലും തന്നെ കഴിഞ്ഞുകൂടി. അതിനിടയിൽ മക്കക്കാർ ചിലർ കരാറിനെകുകുറിച്ച് ആലോചിക്കാതെയുള്ള നടപടികളിൽ ഇടപെടുകയും ചെയ്തു.
മുസ്‌ലിംകള്‍ മക്കക്കാരുമായി ഹുദൈബിയ്യയില്‍ വച്ച് കരാറുണ്ടാക്കുമ്പോള്‍ ഇരു കക്ഷികളുമായി നേരത്തെ സഖ്യത്തിലുള്ള മറ്റു ഗോത്രങ്ങള്‍ക്കും കരാര്‍ വ്യവസ്ഥകള്‍ ബാധകമാണെന്ന് എഴുതിച്ചേര്‍ത്തിരുന്നു. അഹാബീഷ് ഗോത്രം അക്കൂട്ടത്തിൽ ഒരു വിഭാഗമായിരുന്നു. അവര്‍ മക്കക്കാരുമായി സഖ്യമുള്ള ഗോത്രമാണ്. കരാര്‍ പരിധിയില്‍ വരുന്ന മറ്റൊരു ഗോത്രമാണ് ഖുസാഅ. അവര്‍ക്ക് പ്രവാചകനുﷺമായാണ് സഖ്യമുണ്ടായിരുന്നത്. ഈ രണ്ട് ഗോത്രവും ശത്രുതയിലായിരുന്നു. ഇടയ്ക്കിടെ ഏറ്റുമുട്ടലുകളുണ്ടാവുക പതിവായി. കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഇവര്‍ തമ്മില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ക്രമേണ ബന്ധം വഷളാവാൻ തുടങ്ങി. പ്രവാചകനെﷺ അമാന്യമായ വാക്കുകളാല്‍ അധിക്ഷേപിച്ച അഹാബീശ് ഗോത്രത്തില്‍പ്പെട്ട ഒരാളെ, ആ കടുത്ത അധിക്ഷേപം കേട്ട് പ്രകോപിതനായ ഒരു ഖുസാഅ ഗോത്രക്കാരന്‍ കൊന്നുകളഞ്ഞു. പ്രതികാരമായി അഹാബീശുകാര്‍ മൂന്ന് ഖുസാഅക്കാരെയും വധിച്ചു.
ഇതൊരു പ്രാദേശിക പ്രശ്‌നം മാത്രം. അതവിടെത്തീരേണ്ടതായിരുന്നു. വിവരമറിഞ്ഞ മക്കയിലെ ഖുറൈശികള്‍ വളരെ രഹസ്യമായി പടനീക്കം നടത്തുകയും ഖുസാഅക്കാരെ ആക്രമിക്കുകയും ചെയ്തു. ഖുസാഅക്കാര്‍ പ്രവാചകനോﷺട് പരാതി പറഞ്ഞു. പ്രാര്‍ഥനയിലായിരിക്കെയാണ് തങ്ങള്‍ ആക്രമിക്കപ്പെട്ടതെന്നും അവര്‍ വിശദീകരിച്ചു. ഈ ചതിയാക്രമണം ഹുദൈബിയ്യ സന്ധിയുടെ വ്യക്തമായ ലംഘനമാണ്. ഇതോടെ സന്ധിയിലെ സമാധാനപാലനം എന്ന വ്യവസ്ഥ പാലിക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരല്ലാതായി.
ഏതു പ്രതിസന്ധിഘട്ടത്തിലും കരാറിനെ മുൻനിർത്തിക്കൊണ്ടായിരുന്നു തിരുനബിﷺയുടെ ഇടപെടലുകൾ. ദയനീയമായി പീഡിപ്പിക്കപ്പെട്ട വിശ്വാസികൾ വന്നപ്പോഴും പ്രവാചകൻﷺ ഉടമ്പടിക്കായിരുന്നു പ്രാധാന്യം നൽകിയത്. ആ സമയങ്ങളിൽ എല്ലാം ഇനിയും നാം ക്ഷമിക്കേണ്ടതുണ്ടോ എന്ന് അനുയായികൾ ചോദിച്ചു കൊണ്ടേയിരുന്നിരുന്നു.
പ്രത്യക്ഷത്തിൽ പൂർണമായും പ്രതികൂലമാണെന്ന് പലരും വായിച്ച കരാർ പ്രവാചകനുംﷺ വിശ്വാസികൾക്കും ലംഘിക്കേണ്ടിവരുമെന്നായിരുന്നു എല്ലാവരുടെയും നിഗമനം. എന്നാൽ, പൂർണമായും അനുകൂലമായി രേഖപ്പെടുത്തിയ മക്കക്കാരാണ് ഇപ്പോൾ കരാർ ലംഘനത്തിന് വന്നിരിക്കുന്നത്. കാരണം, കരാറിനു വേണ്ടി മാത്രം മുസ്‌ലിംകൾ ഒരുപാട് ജീവനും ത്യാഗവും സഹിക്കേണ്ടി വന്നിട്ടുണ്ട്. ഇനി വിശ്വാസികൾ മക്കയ്ക്കെതിരെ പടനീക്കം നടത്തിയാല്‍ കുറ്റം പറയാനാവില്ല. പക്ഷേ, പ്രവാചകൻ ﷺ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. പരാതിയുമായി വന്ന ഖുസാഅ സംഘത്തെ പ്രവാചകൻ ﷺ തിരിച്ചയയ്ക്കുകയാണുണ്ടായത്. ഖുർആൻ പ്രഖ്യാപിച്ച വിജയം വരും എന്നുള്ള ആത്മവിശ്വാസത്തിൽത്തന്നെയായിരുന്നു മുത്ത് നബിﷺയുടെ പ്രതികരണം. “കാര്‍മുകിലുകള്‍ നീങ്ങും; വിജയം വരാനിരിക്കുന്നു “. അവിടുന്ന് ആശ്വസിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. എന്നാലും മുസ്‌ലിംകള്‍ മക്കയിലേക്ക് പടനയിക്കുമെന്ന പ്രതീക്ഷയില്‍ ഖുസാഅക്കാര്‍ സന്തോഷത്തോടെ സ്വന്തം നാട്ടിലേക്ക് തിരിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
