
നബിﷺയുടെ കാലത്ത് ബഹ്റൈന്‍ ഭരിച്ചിരുന്നത് മുന്‍ദിറുബ്നുസാമവ് ആയിരുന്നു. അദ്ദേഹത്തിന്റെ അടുത്തേക്ക് അലാഉല്‍ ഹള്റമി(റ)നെയാണ് നബിﷺ നിയോഗിച്ചത്. അലാഇ(റ)ന്റെ പക്കൽ നിന്നും കത്ത് സ്വീകരിച്ചയുടൻ അദ്ദേഹം വിശ്വസിച്ചു. ഭരണപ്രദേശത്തുണ്ടായിരുന്ന അറബികളെല്ലാം അദ്ദേഹത്തോടൊപ്പം വിശ്വാസികളായി. അറബികളല്ലാത്ത ജൂതന്മാരും ക്രിസ്ത്യാനികളും അഗ്നിയാരാധകരും അനുനയത്തോടെ മുന്നോട്ട് പോകാൻ കരാർ ചെയ്തു. സമാധാനപൂര്‍വം ഇസ്‌ലാമിനു പൂര്‍ണമായി വിധേയപ്പെട്ട പ്രദേശമാണ് ബഹ്റൈന്‍. അന്നത്തെ ബഹ്റൈൻ പ്രവിശ്യയിലാണ് ഇസ്‌ലാമിക ചരിത്രത്തിലെ രണ്ടാമത്തെ ജുമുഅ അഥവാ വെള്ളിയാഴ്ചത്തെ പ്രത്യേക പ്രാർഥന സംഘടിപ്പിക്കപ്പെട്ടത്.
നബിﷺ കത്ത് കൊടുത്തയച്ച് പ്രബോധനം നടത്തിയ അടുത്ത ദേശമാണ് ഒമാൻ. ഒമാനിലെ അന്നത്തെ ഭരണാധികാരികളായിരുന്ന ജൂലന്‍ദി കുടുംബത്തിലെ ജീഫര്‍, അസദ് എന്നിവരുടെ അടുത്തേക്ക് അംറുബ്നുല്‍ ആസ്വി(റ)നെയാണ് നബിﷺ കത്തുമായി അയച്ചത്. കത്ത് ലഭിച്ച ഉടനെ അവരും മുഹമ്മദ് നബിﷺയെയും അവിടുത്തെ വിശ്വാസ മാർഗത്തെയും അംഗീകരിച്ചു. ഭരണകാര്യങ്ങളും ജീവിതകാര്യങ്ങളും ഇസ്‌ലാമിക ചിട്ടപ്രകാരം നിര്‍വഹിച്ചു തുടങ്ങി. ആസ്വ് (റ) പ്രബോധന ദൗത്യങ്ങളുമായി കുറേക്കാലം കൂടി അവിടെ തന്നെ കഴിഞ്ഞു.
കത്ത് കൂടാതെ നേരിട്ട് സംസാരിക്കുന്നതിനും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനും നിരവധി സ്വഹാബികളെ വ്യത്യസ്ത പ്രമുഖരുടെയടുത്തേക്കും നാടുകളിലേക്കും നബിﷺ വേറെയും നിയോഗിച്ചിട്ടുണ്ട്. ദൂതന്മാരും സന്ദേശങ്ങളും പൊതുവെ സ്വീകരിക്കപ്പെടുകയാണുണ്ടായത്. ഇസ്‌ലാം സ്വീകരിക്കാത്ത പലരും ദൂതന്മാരോട് മാന്യമായിപ്പെരുമാറിയിരുന്നു.
വേദത്തെക്കുറിച്ചോ പ്രവാചകന്മാരെക്കുറിച്ചോ ധാരണകൾ ഇല്ലാത്തവരായിരുന്നു നബിﷺയെയും സന്ദേശത്തെയും വിമർശിച്ചത്. മുൻകാല വേദങ്ങളിൽ നിന്നോ പ്രവാചക ദൗത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചോ ഒരു ധാരണയുമില്ലാത്തവരായിരുന്നു അവർ.
ഇതര രാജ്യങ്ങളിലെ ഭരണാധികാരികളോടുള്ള പ്രവാചകന്റെﷺ നിലപാടുകളും സമീപനങ്ങളും വളരെ മാന്യവും വിനയാന്വിതവും മാതൃകാപരവുമായിരുന്നു. അവരോടൊരിക്കലും ശത്രുതാഭാവത്തോടെയല്ല നബിﷺ പെരുമാറിയത്. മതം നോക്കാതെത്തന്നെ അവരുടെ പദവികളെ പ്രവാചകൻﷺ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തു. അതിന്റെ വ്യക്തമായ തെളിവാണ് അവരെ ക്ഷണിച്ചുകൊണ്ടുള്ള കത്തുകളിലെ വരികള്‍. അവ ബഹുമാനവും ആദരവും വിനയവും മുറ്റിനില്‍ക്കുന്നതായിരുന്നു. കത്തുകളില്‍ ഭരണാധികാരികളുടെ പേരിനു മുമ്പില്‍ ബഹുമാനവും ആദരവും പ്രകടിപ്പിക്കുന്ന വാക്കുകള്‍ പ്രവാചകൻﷺ പ്രയോഗിച്ചിരുന്നു. ആളുകളുടെ രാഷ്ട്രീയവും മതപരവുമായ നിലപാടുകളും കാഴ്ചപ്പാടുകളും നോക്കിയായിരുന്നില്ല പ്രവാചകന്റെﷺ പെരുമാറ്റം. അത് മാന്യവും വിനയം നിറഞ്ഞതുമായിരുന്നു.
ഒരോ രാജ്യത്തേക്കും അവിടത്തെ അവസ്ഥകള്‍ നന്നായറിയുന്നവരും അവരുടെ ഭാഷകള്‍ വശമുള്ളവരും ദൗത്യനിര്‍വഹണത്തിന് കഴിവുറ്റവരും ക്ഷമാശീലരും വാക്ചാതുര്യമുള്ളവരും സമര്‍ഥരുമായ ആളുകളെയാണ് നബിﷺ നിയോഗിച്ചത്.
അവരവരുടെ സ്ഥാനം വകവച്ചുകൊടുക്കുന്നത് പോലെത്തന്നെ ധീരവുമായിരുന്നു അവിടുത്തെ നിലപാടുകൾ. ഇസ്‌ലാമിക പ്രബോധനമെന്ന മഹത്തായ ദൗത്യനിര്‍വഹണ പാതയില്‍ പ്രവാചകൻﷺ ആരെയും ഭയപ്പെട്ടിട്ടില്ല. സമൂഹത്തിലെ എല്ലാത്തരം ആളുകളിലേക്കും ആ സന്ദേശമെത്തിച്ചു. അതില്‍ സാധാരണക്കാരും ഭരണാധികാരികളുമെല്ലാം ഉള്‍പ്പെട്ടിരുന്നു. പ്രവാചകൻﷺ അല്ലാത്ത മറ്റാരെങ്കിലുമായിരുന്നുവെങ്കില്‍ ഭരണാധികാരികളിലേക്കും രാജാക്കന്മാരിലേക്കും കത്തയക്കുന്നതിലുള്ള പരിണിതഫലം എന്തായിരിക്കുമെന്നോര്‍ത്ത് ഭയന്നു നിൽക്കേണ്ടി വരുമായിരുന്നു. പ്രവാചകൻﷺ അതൊന്നും ആലോചിച്ചില്ല. എന്നാൽ സ്വന്തം ഉത്തരവാദിത്തം സത്യസന്ധമായി നിർവഹിക്കുന്നതിൽ നബിﷺക്ക് ആരെയും ഭയമുണ്ടായിരുന്നില്ല. ഇസ്‌ലാമിക സന്ദേശം മുഴുവനാളുകളിലേക്കുമെത്തിക്കാന്‍ പ്രവാചകൻﷺ കാണിച്ച അതീവ താല്പര്യം കൂടിയാണ് ഈ കത്തുകൾ. ഏതെങ്കിലും പ്രത്യേക സമൂഹത്തിലേക്കോ നിശ്ചിത സ്ഥലത്തേക്കോ നിയോഗിതനായ പ്രവാചകനല്ലെന്നും സ്ഥലകാലവ്യത്യാസമില്ലാതെ അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യരിലേക്കും സന്തോഷവാര്‍ത്ത അറിയിക്കുന്നവരും താക്കീതുകാരനുമായാണ് അല്ലാഹു നബിﷺയെ നിയോഗിച്ചത്. വിശുദ്ധ ഖുർആനിലെ 34-ാം അധ്യായം സൂറത്ത് സബഇലെ ഇരുപത്തിയെട്ടാം സൂക്തത്തിന്റെ നിദർശനമായിരുന്നു മേൽപ്പറയപ്പെട്ട കത്തുകൾ. ആശയം ഇങ്ങനെ വായിക്കാം.”മനുഷ്യര്‍ക്കാകമാനം ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരുമായല്ലാതെ തങ്ങളെ നാം നിയോഗിച്ചിട്ടില്ല. പക്ഷേ, ഏറെപ്പേരും അതറിയുന്നില്ല.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
