
നമുക്ക് ഖൈബറിലേക്ക് തന്നെ വരാം. സ്വയം പ്രതിരോധിക്കാന്‍ തെറ്റാലികളും മറ്റു യുദ്ധോപകരണങ്ങളും സജ്ജീകരിച്ചിരുന്ന ഖൈബറിലെ 20,000 വരുന്ന പടയാളികള്‍ക്ക്, പ്രവാചകന്റെﷺ നേതൃത്വത്തിലുള്ള കേവലം 1500 മുസ്‌ലിം സൈനികരെ ചെറുക്കാനായില്ലെന്നതാണ് സത്യം.
കോട്ടകൾക്കുള്ളിൽ നിന്ന് യുദ്ധമുതലുകളായി ഭക്ഷണ സാധനങ്ങളും ലഭിച്ചിരുന്നു. ഭക്ഷണം തീര്‍ന്നു തുടങ്ങിയ മുസ്‌ലിംകള്‍ക്ക് അത് വലിയ അനുഗ്രഹമായി. ഒരിക്കല്‍ ഖൈബറുകാരുടെ ഒരു കോട്ടയില്‍നിന്ന് ഇരുപതു മുതല്‍ മുപ്പതു വരെ കഴുതകള്‍ ഇറങ്ങിവരികയും അവ മുസ്‌ലിംകളുടെ കൈകളില്‍ അകപ്പെടുകയും ചെയ്തു. അവർ അവയെ അറുത്ത് പാകം ചെയ്യാന്‍ തുടങ്ങി. ആ വഴി കടന്നുവന്നപ്പോള്‍ പ്രവാചകൻﷺ അത് കാണാനിടയായി. കഴുതമാംസം ഇസ്‌ലാമില്‍ അനുവദനീയമല്ലെന്ന് നബിﷺ അവരോട് പറഞ്ഞു. പാചകം ചെയ്ത കഴുതമാംസം ഒഴിവാക്കിക്കളയാനും ആവശ്യപ്പെട്ടു.
ഖൈബറുകാര്‍ കീഴടങ്ങിയപ്പോള്‍ സന്ധിവ്യവസ്ഥകള്‍ നിലവില്‍ കൊണ്ടു വന്നു. അതു പ്രകാരം, അവരുടെ ജീവന് ഭീഷണിയുണ്ടാവില്ല. കുടുംബത്തിനും ഒരു നിലക്കുമുള്ള ഉപദ്രവം ഉണ്ടാവില്ല. അതേസമയം ഖൈബറുകാര്‍ അവരുടെ ഭൂമിയും പണവും ആയുധങ്ങളും വസ്ത്രങ്ങളും പ്രവാചകനെﷺ ഏല്‍പ്പിച്ച് നാടു വിട്ടുപോകണം. ധരിച്ച വസ്ത്രങ്ങള്‍ മാത്രമേ കൂടെ കൊണ്ടു പോകാന്‍ പാടുള്ളൂ. പ്രവാചകനോട്ﷺ എല്ലാം തുറന്നു പറയണം. എന്നിങ്ങനെയാണ് വ്യവസ്ഥയുടെ മർമ്മം. എന്നാൽ, അബൂദാവൂദി(റ)ന്റെ വിവരണം അല്‍പ്പം വ്യത്യസ്തമാണ്. അതിങ്ങനെ: ഖൈബര്‍ പടയോട്ടക്കാലത്ത് പ്രവാചകന്‍ﷺ അവിടത്തെ ഈത്തപ്പനത്തോട്ടങ്ങളും മറ്റു കൃഷിയിടങ്ങളും അധീനപ്പെടുത്തുകയും കോട്ടകള്‍ ഉപരോധിക്കുകയും ചെയ്തപ്പോള്‍, ഖൈബറുകാര്‍ സമാധാന സന്ധിക്ക് അഭ്യര്‍ഥിച്ചു. വ്യവസ്ഥകള്‍ ഇവയായിരുന്നു: തങ്ങളുടെ സ്വര്‍ണവും വെള്ളിയും ആയുധങ്ങളുമൊക്കെ പ്രവാചകന്ﷺ കൈമാറും. ബാക്കി വരുന്നവയില്‍ മൃഗങ്ങള്‍ക്ക് വഹിച്ചുകൊണ്ടുപോകാവുന്നത്ര സ്വത്തുക്കൾ ഖൈബറുകാര്‍ കൊണ്ടുപോകും. പക്ഷേ, ഒന്നും മറച്ചുവെക്കാന്‍ പാടില്ല. എന്തെങ്കിലും മറച്ചുവെച്ചു എന്ന് തെളിഞ്ഞാല്‍ സംരക്ഷണവും ഉറപ്പുമൊന്നും പിന്നെ അവശേഷിക്കുകയില്ല.
അങ്ങനെയൊക്കെയായിരുന്നാലും, ഖൈബര്‍ പൂര്‍ണമായി മുസ്‌ലിംകള്‍ക്ക് അധീനപ്പെട്ടപ്പോള്‍, ആ മരുപ്പച്ച ആളൊഴിഞ്ഞ മരുഭൂമിയാകാതിരിക്കാന്‍ പുതിയൊരു സംവിധാനം ഉണ്ടാക്കിയെടുക്കേണ്ടത് അനിവാര്യമായി. കാരണം അവിടെ കാര്‍ഷികവൃത്തി നടത്തിക്കൊണ്ടുപോകാനുള്ള തൊഴിലാളികള്‍ മുസ്‌ലിംകളുടെ പക്കല്‍ ഉണ്ടായിരുന്നില്ല എന്നാണ് അബൂദാവൂദി(റ)ന്റെ വിവരണത്തിലുള്ളത്. അതിനാല്‍ ഒഴിഞ്ഞുപോകാന്‍ പറഞ്ഞ ഖൈബര്‍ നിവാസികളോട് അവിടെത്തങ്ങാന്‍ നബിﷺ നിര്‍ദേശിച്ചു; പുതിയൊരു സംവിധാനം ഉണ്ടാകുന്നതു വരെ. മൊത്തം കാര്‍ഷികോല്‍പ്പന്നങ്ങളുടെ പകുതി മദീനയിലെ കേന്ദ്രഭരണത്തിന് ഓരോ വര്‍ഷവും നല്‍കണമെന്ന വ്യവസ്ഥയോടെയായിരുന്നു അത്. തുടര്‍ന്ന്, വിളവെടുപ്പു സമയത്ത് മദീനയില്‍നിന്നൊരു പ്രതിനിധി ഉല്‍പന്നങ്ങള്‍ വീതിക്കാനായി ഖൈബറില്‍ എത്തിച്ചേരും. അതിനിടയിൽ അദ്ദേഹത്തെ കൈക്കൂലി കൊടുത്ത് വശത്താക്കാനോ മറ്റോ ചിലര്‍ ശ്രമിച്ചെങ്കിലും പിന്നെ കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. എന്നല്ല, പുതിയ നികുതി സമ്പ്രദായത്തില്‍ അവര്‍ തൃപ്തരുമായിരുന്നു. നീതിപൂർണമായ കണക്കെടുപ്പും ഭാഗം വെക്കലും കണ്ടപ്പോൾ ‘ഇതുപോലുള്ള കാര്യങ്ങള്‍ ഉള്ളതുകൊണ്ടാണ് ആകാശം ഭൂമിക്കു മേല്‍ വീഴാതിരിക്കുന്നത്’ എന്ന് അവര്‍ തന്നെ പറയാറുണ്ടായിരുന്നുവത്രെ.
ഖൈബര്‍ ഉടമ്പടിക്കു ശേഷം പരാജിതരായ ഖൈബറുകാര്‍ക്ക് എല്ലാതരം പൗരാവകാശങ്ങളും ലഭ്യമാവുകയുണ്ടായി. തങ്ങള്‍ കീഴ്‌പ്പെടുത്തിയ പ്രദേശമല്ലേ എന്ന് കരുതി ചില മുസ്‌ലിം പട്ടാളക്കാര്‍ ഖൈബറിലെ ഈന്തപ്പനത്തോട്ടങ്ങളിലും മറ്റു കൃഷിയിടങ്ങളിലും കയറിയിറങ്ങി വിലയൊന്നും കൊടുക്കാതെ ഉല്‍പ്പന്നങ്ങള്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ജൂതസമൂഹം പ്രവാചകനോﷺട് പരാതി പറഞ്ഞു. ഉടനെത്തന്നെ പ്രവാചകൻﷺ അന്നാട്ടുകാരുടെ ഒരു ഉല്‍പ്പന്നത്തിലും തൊട്ടുപോകരുതെന്ന് തന്റെ അനുയായികളെ കര്‍ശനമായി വിലക്കി. യുദ്ധമുതലുകളെന്ന നിലയില്‍ പിടിച്ചെടുത്ത തോറയുടെ എല്ലാ ഏടുകളും അവര്‍ക്ക് തിരിച്ചുനല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. ഖൈബര്‍ ഉപരോധക്കാലത്ത് ചില മുസ്‌ലിംകള്‍ താല്‍ക്കാലിക (മുത്അഃ) വിവാഹത്തില്‍ (ജൂത സ്ത്രീകളുമായി) ഏര്‍പ്പെട്ടപ്പോള്‍, അത് പാടില്ലെന്ന് പ്രവാചകൻﷺ വിലക്കുകയുണ്ടായി. ജൂതസമൂഹവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും പ്രവാചകൻﷺ മുന്‍കൈയെടുക്കുകയുണ്ടായി. ഖൈബറുകാരിയും വിധവയുമായ സ്വഫിയ്യ(റ) എന്ന യുവതിയെ പ്രവാചകൻﷺ വിവാഹം ചെയ്തത് ഇതിന്റെ ഭാഗമായി കാണാം. ഈ മഹതി തന്റെ അമുസ്‌ലിം ബന്ധുക്കളെ സഹായിക്കുന്നതില്‍ എന്നും മുന്‍പന്തിയിലായിരുന്നു. ചരിത്രകാരന്മാര്‍ പറയുന്നത്, മരണസമയത്ത് അവര്‍ തന്റെ സ്വത്തിന്റെ മൂന്നിലൊരു ഭാഗം -അത് ഒരു ലക്ഷം ദിര്‍ഹം വരുമായിരുന്നു- ജൂതമതത്തില്‍ തന്നെ നിലകൊണ്ട തന്റെ സഹോദരിപുത്രന് വസ്വിയ്യത്ത് എഴുതിവെച്ചിരുന്നു എന്നാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
