
നബിﷺ ഖൈബറിലേക്ക് എത്തിയ സഞ്ചാരവഴികളിൽ നിന്ന് ചിലത് കൂടി നമുക്കറിയാനുണ്ട്. സ്വഹാബിയായ സൗബാൻ (റ) പറയുന്നു. “ഖൈബർ വേളയിൽ നബിﷺ ബിലാലി(റ)നെ വിളിച്ചു. എന്നിട്ട് പറഞ്ഞു. രോഗികളോ ക്ഷീണം ഉള്ളവരോ ഉണ്ടെങ്കിൽ മടങ്ങിക്കൊള്ളുക എന്ന സന്ദേശം ജനങ്ങളെ അറിയിക്കൂ. ബിലാൽ (റ) നിർവഹിച്ചു. ഈ നിർദേശം പാലിക്കാതെ സഞ്ചരിച്ച ഒരാൾ വഴിയിൽ വച്ച് മരണപ്പെട്ടു. അദ്ദേഹത്തിന്റെ മൃതശരീരം ഹാജരാക്കിയപ്പോൾ നബിﷺ ചോദിച്ചു. ഇയാൾക്ക് എന്താണ് പറ്റിയത്? സദസ്സിലുള്ളവർ കാര്യം പറഞ്ഞു. അപ്പോൾ നബിﷺ ബിലാലി(റ)നോട് ചോദിച്ചു. ഞാൻ വിളംബരം ചെയ്യാൻ പറഞ്ഞ കാര്യം നിങ്ങൾ അറിയിച്ചിരുന്നില്ലേ? അതെ, ഞാൻ അറിയിച്ചിരുന്നു എന്ന് ബിലാൽ (റ) മറുപടി പറഞ്ഞു. മരണപ്പെട്ട ആളുടെ മേൽ നിസ്ക്കരിക്കാൻ പ്രവാചകൻﷺ വിസമ്മതിച്ചു. ശേഷം, ബിലാലി(റ)നോട് ഒരു വിളംബരം കൂടി അറിയിക്കാൻ പറഞ്ഞു. അതിങ്ങനെയായിരുന്നു. കൽപ്പനകൾ ലംഘിക്കുന്നവർക്ക് സ്വർഗം ലഭിക്കുകയില്ല. മൂന്നുപ്രാവശ്യം ബിലാൽ (റ) അത് വിളംബരം ചെയ്തു “.
മുഹമ്മദ് ബിൻ ഉമർ (റ) നിവേദനം ചെയ്യുന്നു. “ഖൈബറിലേക്കുള്ള സഞ്ചാരത്തിനിടയിൽ ഞങ്ങൾ നബിﷺയോടൊപ്പമായിരുന്നു. ഞങ്ങളെക്കാൾ മുന്നേ സഞ്ചരിക്കുന്ന ഒരാളെ ശ്രദ്ധയിൽപ്പെട്ടു. അയാളുടെ മുന്നിൽ എന്തോ ഒന്ന് നന്നായി തിളങ്ങുന്നുണ്ട്. വെയിലത്ത് തിളങ്ങുന്ന മുട്ടയുടെ ആകൃതിയിലുള്ള എന്തോ ഒന്ന്. നബിﷺ ചോദിച്ചു, അതാരാണ് പോകുന്നത് ? അത് അബൂ അബുസു ബിന് ജബ്ർ ആണ്. അദ്ദേഹത്തെ സമീപിക്കാനും ഹാജരാക്കാനും നബിﷺ നിർദേശിച്ചു. അതുപ്രകാരം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നു. അദ്ദേഹം പറയുന്നു. എന്നെക്കുറിച്ച് വാനലോകത്ത് നിന്ന് എന്തോ സന്ദേശം ഇറങ്ങിയിട്ടുണ്ടോ എന്നു ഞാൻ ആലോചിച്ചു. നബിﷺ എന്നോട് ചോദിച്ചു. എന്താ നിങ്ങൾ മുന്നേ യാത്ര ചെയ്യുന്നത്? നിങ്ങളുടെ കൂട്ടുകാരോടൊപ്പം സഞ്ചരിക്കാതെ നേരത്തെ പോകുന്നത്? അദ്ദേഹം പറഞ്ഞു. എന്റെ വാഹനം നല്ല ചൊടിയുള്ള വാഹനമാണ്. അപ്പോൾ നബിﷺ ചോദിച്ചു. ഞാൻ നിങ്ങൾക്ക് അണിയിച്ചു തന്ന ഷാളിന്റെ കഷണം എവിടെ? ഞാനത് എട്ടു ദിർഹമിന് വിറ്റു. രണ്ടു ദിർഹമിന് യാത്രാ സാമഗ്രികൾ വാങ്ങി. രണ്ടു ദിർഹം ഞാൻ വീട്ടിലെ ചെലവുകൾക്ക് നൽകി. ശേഷം, നാല് ദിർഹമിന് ഞാനീ പുതപ്പ് വാങ്ങി. ഇതു കേട്ടതും നബിﷺ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു, നിങ്ങളുടെ ദരിദ്രരായ സുഹൃത്തുക്കൾ. എന്റെ ഉടമസ്ഥൻ തന്നെ സത്യം! നിങ്ങൾ രക്ഷപ്പെടുകയും കുറച്ചുകാലം ജീവിക്കുകയും ചെയ്താൽ നിങ്ങളുടെ വസ്തുവകകൾ വർധിക്കും, കുടുംബത്തിന് നൽകുന്ന സമ്പാദ്യവും വർധിക്കും, പരിചാരകരും ദിർഹമുകളും അധികരിക്കും. പക്ഷേ, അത് നിങ്ങൾക്ക് ഗുണകരമാകണമെന്നില്ല. അബൂ അബുസ് പറയുന്നു. നബിﷺ അന്ന് പറഞ്ഞതുപോലെത്തന്നെ കാര്യങ്ങൾ പുലർന്നു “.
സുവൈദു ബിനു നുഉമാൻ (റ) നിവേദനം ചെയ്യുന്നു. “ഞങ്ങൾ നബിﷺയോടൊപ്പം ഖൈബറിനടുത്ത് സ്വഹ്ബാഅ എന്ന പ്രദേശത്തെത്തി. അവിടെ നിന്നും ഞങ്ങൾ അസ്ർ നിസ്ക്കരിച്ചു. ശേഷം, അവിടുന്ന് ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ സവീഖ് എന്ന ഭക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗോതമ്പും തൊഹീനയും ചേർന്ന ഒരു വിഭവം. നബിﷺയും ഞങ്ങളും അത് ഭക്ഷിച്ചു. ശേഷം മഗ്‌രിബിന്റെ സമയമായപ്പോൾ വായ വൃത്തിയാക്കി നിസ്ക്കാരത്തിലേക്ക് പ്രവേശിച്ചു. അപ്പോൾ നിസ്ക്കാരത്തിനു വേണ്ടി അംഗ സ്നാനം അഥവാ വുളു ചെയ്തില്ല “. ഭക്ഷണം കഴിച്ചതിനാൽ മാത്രം അംഗസ്നാനം പുതുക്കേണ്ടതില്ല എന്ന് സാരം.
പ്രവാചക ജീവിതത്തിൽ നിന്ന് ഇത്തരം സന്ദർഭങ്ങൾ ഉദ്ധരിക്കുന്നതിന് ചില വിശേഷങ്ങളുണ്ട്. നബി ജീവിതത്തിന്റെ രാപ്പകലുകളാണ് ഇസ്‌ലാമിലെ കർമങ്ങളും അനുഷ്ഠാനങ്ങളും നിർദേശങ്ങളുമായി രൂപപ്പെട്ടത്. വിധി വിലക്കുകൾ പ്രയോഗത്തിലൂടെ കാണിച്ചു തരാനാണ് അല്ലാഹു പ്രവാചകനെﷺ നിയോഗിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അവിടുത്തെ കർമങ്ങൾക്കും വിശ്രമങ്ങൾക്കും ശബ്ദത്തിനും മൗനത്തിനുമെല്ലാം നിയമ രൂപീകരണത്തിന്റെയും സംസ്ഥാപനത്തിന്റെയും സ്വഭാവങ്ങളുണ്ടാവും. നബിﷺയുടെ ജീവിതം ഖുർആനിന്റെ പ്രയോഗവും ലോകത്തിന്റെ മാതൃകയായി രൂപപ്പെട്ടുവന്നതുമാണ്. ഖുർആനിനെ വാക്കുകൊണ്ട് മാത്രം വ്യാഖ്യാനിക്കാനല്ല നബിﷺ വന്നത്. കർമം കൊണ്ടും ചിലപ്പോൾ മൗനം കൊണ്ടുമൊക്കെ നിർവഹിക്കേണ്ടതായിരുന്നു ആ ദൗത്യം. അത് ഭംഗിയായി നബിﷺ നിർവഹിക്കുകയും ചെയ്തു .
മുഹമ്മദ് ബിൻ ഉമർ (റ) തുടരുന്നു. “ശഹബായിൽ വച്ച് തന്നെ നബിﷺ ഇശാഅ് നിസ്ക്കാരവും നിർവഹിച്ചു. ശേഷം, വഴികാട്ടികളായ ആളുകളെ ക്ഷണിച്ചു. ഹുസൈൻ ബിൻഖാരിജ: (റ), അബ്ദുല്ലാഹിബ്നു നുഐം (റ) തുടങ്ങിയവർ രംഗത്തേക്ക് വന്നു. അവർക്ക് വേണ്ട നിർദേശങ്ങൾ അവിടുന്ന് നൽകി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
