Tweet 411

    Tweet 411
    July 30, 2023 • Sunday
    Post Header

    പലായനത്തിന്റെ അഞ്ച് ആണ്ടുകൾ കഴിഞ്ഞു. സംഭവബഹുലമായിരുന്നു ഈ അഞ്ചു വർഷങ്ങൾ. കൂടുതലും അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും രാപ്പകലുകൾ. ഇനിയങ്ങോട്ട് മുന്നേറ്റത്തിന്റെ പടവുകൾ മുന്നിൽ തെളിഞ്ഞതുപോലെ. മദീനയെയും ഇസ്‌ലാമിനെയും എപ്പോഴും ആർക്കും എവിടെനിന്നും കടന്നുവന്ന് ആക്രമിക്കാമെന്ന വിചാരം മാറി. അങ്ങനെയിരിക്കെയാണ് ചരിത്രത്തിലെ സുപ്രസിദ്ധമായ ഹുദൈബിയ സന്ധിയുടെ വർഷത്തിലേക്ക് പ്രവേശിച്ചത്.
    ഇതിനിടയിൽ ചെറിയ ഒരു ചുവടു വയ്പ്പു കൂടി ഉദ്ധരിക്കാനുണ്ട്. അത് സിറിയയിലേക്കുള്ള ഒരു ചെറിയ ഓപ്പറേഷനായിരുന്നു. അബ്ദുല്ലാഹിബിന് ഉമ്മി മക്തൂമി(റ)നെ നബിﷺ മദീനയുടെ ചുമതല ഏൽപ്പിച്ചു. എന്നിട്ട് 200 പേരടങ്ങുന്ന ഒരു സംഘത്തോടൊപ്പം യാത്രതിരിച്ചു. ഗുറാബ്, മഹീസ്, ബത്റാ എന്നീയിടങ്ങളിലൂടെ സഞ്ചരിച്ച് ഇടതു ഭാഗത്തെ വഴിയിലേക്ക് പ്രവേശിച്ചു. പിന്നീട് പ്രളയകാലത്ത് വെള്ളം ഒലിച്ചു പോകുന്ന ദീർഘമായ ചാലുകളുടെയടുത്തുകൂടി സഞ്ചരിച്ചു. പിന്നീട് ധൃതിയിൽ യാത്ര ചെയ്ത് ഉസ്ഫാനിൽ നിന്ന് അഞ്ചു മൈൽ അകലെ ഗുറാൻ എന്ന പ്രദേശത്ത് എത്തി. അവിടെ വച്ചായിരുന്നു നേരത്തെ പ്രവാചക അനുയായികളെ ശത്രുക്കൾ ക്രൂരമായി കൊല ചെയ്തു കളഞ്ഞത്. പ്രദേശ നിവാസികളോട് രംഗത്തു വരാനാവശ്യപ്പെട്ടു. അവർ കുന്നുകളുടെ മുകളിലേക്ക് കടന്നു പോയി. മുസ്‌ലിം സംഘവും ഉസ്ഫാൻ ഒന്ന് കടന്നു മറുവശത്തേക്ക് എത്തിയാൽ മുസ്‌ലിംകൾ ഇവിടെയെത്തിയ കാര്യം ഖുറൈശികൾക്ക് അറിയാമായിരുന്നു. 20 കുതിരപ്പടയാളികളിൽ നിന്ന് രണ്ടുപേർ കുന്നിൻ പ്രദേശത്തേക്ക് കടന്നുപോയി. പ്രവാചക അനുയായികൾക്ക് ഈ പ്രദേശത്ത് വച്ച് ഏൽക്കേണ്ടിവന്ന ദുരന്തങ്ങൾ അതിദയനീയമായിരുന്നു. പ്രസ്തുത സംഭവത്തിൽ 10 സ്വഹാബികൾ ആയിരുന്നു കൊല്ലപ്പെട്ടിരുന്നത്. എന്നാൽ, 14 ദിവസത്തോളം മദീനയിൽ നിന്ന് വിട്ടു ‘ബനൂ ലഹ്യാൻ സൈനിക നീക്കം’ എന്ന ഈ ഇടപെടലിനു ശേഷം പ്രവാചകർ ﷺ മദീനയിലേക്ക് തന്നെ മടങ്ങി.
    നമുക്ക് ഹുദൈബിയയുടെ ആമുഖത്തിലേക്ക് തന്നെ വരാം. നബിﷺയും അനുയായികളും തലമുടി വെട്ടിയവരോ മുണ്ഡനം ചെയ്തവരോ ആയ രൂപത്തിൽ നിർഭയം മക്കയിലേക്ക് പ്രവേശിക്കുന്ന രംഗം പ്രവാചകർﷺ സ്വപ്നത്തിൽ ദർശിച്ചു. പ്രവാചകരുടെ ﷺ സ്വപ്നങ്ങൾ കേവലം ഒരു കാഴ്ചയോ ദർശനമോ ആയിരിക്കില്ല. മറിച്ച് അത് ദിവ്യ സന്ദേശത്തിന്റെ ഒരു ഭാഗമാണ്. അതുകൊണ്ടുതന്നെ അത് കേവലം ഒരു കാഴ്ചയായി മാറ്റിവയ്ക്കാൻ പറ്റില്ല.
    തദടിസ്ഥാനത്തിൽ 1400 അനുയായികളോടൊപ്പം ഉംറ ലക്ഷ്യം വച്ചുകൊണ്ട് പ്രവാചകൻﷺ മക്കയിലേക്ക് പുറപ്പെട്ടു. മക്കയിലേക്ക് പ്രവേശിക്കുമ്പോൾ ഖുറൈശികളിൽ നിന്ന് വല്ല പ്രതിഷേധവും ഉണ്ടായാലോ എന്ന് കരുതി പ്രവാചകരോടൊപ്പം ﷺ സഞ്ചരിക്കാൻ പരമാവധി മദീനക്കാർക്കും അനുമതി നൽകി. മദീനയുടെ പരിസരത്തെ ഗ്രാമങ്ങളിൽ താമസിക്കുന്ന ആളുകൾ പക്ഷേ, മദീനയിൽത്തന്നെ തുടരാനാണ് തീരുമാനിച്ചത്. മുത്തുനബിﷺ മദീനയിലേക്ക് പലായനം ചെയ്തതിനുശേഷമുള്ള ആദ്യത്തെ മക്കയിലേക്കുള്ള സഞ്ചാരമായിരുന്നു ഇത്.
    മദീനയിൽ നിന്ന് പുറപ്പെട്ട് ദുൽഹുലൈഫ എന്ന സ്ഥലത്തെത്തിയപ്പോൾ എല്ലാവരും ഇഹ്റാമിൽ പ്രവേശിച്ചു. അഥവാ, ഉംറയ്ക്ക് വേണ്ടി പ്രത്യേകമായ ചിട്ടകൾ പാലിക്കാൻ കരുതുകയും നിർദേശിക്കപ്പെട്ട വസ്ത്രധാരണം സ്വീകരിക്കുകയും ചെയ്തു. ബിഅ്റു അലി എന്ന പേരിലും ആ സ്ഥലം അറിയപ്പെടുന്നു. എഴുപതോളം ബലി ഒട്ടകങ്ങളെയും കരുതി മുന്നോട്ടുള്ള യാത്രയ്ക്കിടയിൽ ഖുറൈശികളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചു നൽകാൻ ഖുസാഅ് ഗോത്രക്കാരനായ ഒരു ചാരനെ നബിﷺ നിശ്ചയിച്ചിരുന്നു.
    അസ്ഫാൻ പ്രവിശ്യയ്ക്കടുത്തെത്തിയപ്പോൾ ചാരൻ വന്ന് ഇങ്ങനെയൊരു വിവരം നൽകി. “കഅ്ബ് ബിൻ ലുഅയ്യ് ചില അറബ് ഗോത്രങ്ങളെ സംഘടിപ്പിച്ചുകൊണ്ട് പ്രതിരോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കഅ്ബയിൽ വച്ച് പ്രവാചകനോട്ﷺ യുദ്ധം ചെയ്യാനും നേരിടാനുമാണ് അവർ തീരുമാനിച്ചിട്ടുള്ളത് “.
    നബിﷺ അനുചരന്മാരോട് കാര്യങ്ങൾ കൂടിയാലോചിച്ചു. അതിനിടയിൽ അവരോട് ഒരു ചോദ്യമുന്നയിച്ചു. “ഞാൻ മക്കയിൽ വച്ച് കഅ്ബിനോടും സംഘത്തോടും യുദ്ധം ചെയ്യുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ?” അനുയായികൾ പറഞ്ഞു. “ഞങ്ങൾക്കറിയില്ല, അല്ലാഹുവിനും അവന്റെ ദൂതനുംﷺ ആണ് ഏറെ അറിയുന്നത് . നാം ആരോടും യുദ്ധം ചെയ്യാൻ വേണ്ടിയല്ല പോകുന്നത്. നാം വിശുദ്ധ കഅ്ബാലയത്തിലെത്തി ഉംറ നിർവഹിക്കാൻ പോവുകയാണ്. അതിന് ആരെങ്കിലും തടസ്സം നിന്നാൽ ചിലപ്പോൾ നാം നേരിടേണ്ടി വരും”. സ്വഹാബികൾ കൂട്ടിച്ചേർത്തു. നബിﷺ പറഞ്ഞു, “എന്നാൽ നമുക്ക് മുന്നോട്ടു പോകാം “. അങ്ങനെ അവർ സഞ്ചാരം തുടർന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...