Tweet 409

    Tweet 409
    July 28, 2023 • Friday
    Post Header

    ബനൂ ഖുറൈള സംഭവത്തെ മുന്നിൽ വച്ച് ഇസ്‌ലാമിനെയും പ്രവാചകരെﷺയും അധിക്ഷേപിക്കാൻ ഇസ്‌ലാം വിമർശകരും നിരീശ്വര വാദികളും എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. വസ്തുതാപരമായ പഠനത്തിനോ വിലയിരുത്തലിനോ തയ്യാറാവാത്തതോ അന്ധമായ ഇസ്‌ലാം വിരോധമോ ആണ് വിമർശനത്തിനാധാരം. ആയിരത്തോളം ആളുകളെ നിഷ്ക്കരുണം പ്രവാചകൻﷺ വധിച്ചു കളഞ്ഞുവെന്നാണ് വിമർശകർ ആരോപിച്ച അപരാധം. എന്നാൽ യാഥാർഥ്യം എന്താണെന്ന് നമുക്കൊന്നു വിലയിരുത്താം.
    a) ആയിരത്തോളം ആളുകളെ വധിച്ചുവെന്നാണ് വിമർശകരുടെവാദം. എന്നാൽ, വധിക്കപ്പെട്ടവരുടെ കൃത്യമായ എണ്ണം എത്രയാണെന്ന് ഖണ്ഡിതമായ ഒരു രേഖയും ലഭ്യമല്ല. ഇവ്വിഷയികമായി ഉദ്ധരിക്കപ്പെട്ട സ്രോതസ്സുകളെ പരിശോധിച്ച് ബറകാത് അഹ്മദ് തന്റെ മുഹമ്മദ് ആൻറ് ജ്യൂസ് എന്ന പുസ്തകത്തിൽ പറഞ്ഞത് പതിനേഴോ പതിനെട്ടോ പേരെയാണ് വധിച്ചത് എന്നാണ്. വിരുന്നുകാരനും വേട്ടക്കാരനും എന്ന പുസ്തകത്തിൽ മുഹമ്മദ് അശ്റഫ് ഇതെടുത്ത് ഉദ്ധരിച്ചിട്ടുണ്ട്.
    ഇത് സംബന്ധിയായ എല്ലാ നിവേദനങ്ങളേയും കൂട്ടിച്ചേർത്തു വായിച്ചാൽ പരമാവധി നാലു മുതൽ നാനൂറ് വരെയെന്ന ഒരെണ്ണമേ പറയാൻ കഴിയൂ.
    b) എത്രയായാലും ഇങ്ങനെയൊരു വധശ്ശിക്ഷ ആകാമായിരുന്നോ എന്ന് ഇനിയും ചോദിക്കാം. ആരാണ്, എന്തിനാണ് ഇത് നടപ്പിലാക്കിയതെന്ന കാര്യം ഇവിടെയാണ് മനസ്സിലാക്കേണ്ടത്. രാജ്യത്തിന്റെ ഭരണാധികാരി കൂടിയായ നബിﷺ രാജ്യദ്രോഹികളായ ബനൂ ഖുറൈളയ്ക്കെതിരെയാണ് ഈ നടപടി സ്വീകരിച്ചത് എന്നതാണ് മറുപടി. മദീനയുടെ ആനുകൂല്യങ്ങൾ മുഴുവൻ അനുഭവിച്ച് ജീവിക്കുകയും മുസ്‌ലിംകളും പ്രവാചകനുﷺമായി പൊതുവായും പ്രത്യേകമായുമുള്ള രണ്ട് സമഗ്രകരാറിൽ കഴിഞ്ഞവരുമായിരുന്നു അവർ. എന്നിട്ടു പോലും പതിനായിരം അംഗങ്ങളുള്ള സഖ്യസൈന്യം മദീനയെ അക്രമിക്കാൻ വന്നപ്പോൾ കേവലം മൂവായിരം മാത്രമുള്ള മദീനാ സൈന്യത്തിനെതിരെ ശത്രുക്കളെ സഹായിക്കുകയും അവർക്കൊപ്പം നിൽക്കുകയും ചെയ്തു. ഇപ്രകാരം കാലുവാരുകയും രാജ്യദ്രോഹപരമായി പ്രവർത്തിക്കുകയും ചെയ്തവരെ എങ്ങനെയാണ് ശിക്ഷിക്കേണ്ടത്?
    ഈ വിഷയത്തെ നിരൂപണപരമായി സമീപിച്ച വെന്‍സിന്‍ക് (Wensinck) പറയുന്നത്, എത്ര പരിഷ്‌കൃതരായാലും നബിﷺ ചെയ്തതേ അവരും ചെയ്യുമായിരുന്നുള്ളൂവെന്നാണ്. അദ്ദേഹം എഴുതുന്നു: ”വളരെ മാന്യമായ നിലയിലാണ് പ്രവാചകർ‍ﷺ ബനുന്നളീറിനോട് പെരുമാറിയത്. പക്ഷേ, അവരാണ് മദീനയ്ക്കെതിരെയുള്ള ഖന്ദഖ് ഉപരോധത്തിന് ചുക്കാന്‍ പിടിച്ചത്. ഈ ഘട്ടത്തില്‍ ബനൂ ഖുറൈളയ്ക്ക് മാപ്പു കൊടുക്കുന്നത് വളരെ അപകടം പിടിച്ച തീരുമാനമാകുമായിരുന്നു.”(Wensinck in Der Islam, 11, 289)
    c) രാജ്യദ്രോഹ പ്രവർത്തനം ചെയ്ത ബനുന്നളീറുകാരെ നാടു വിട്ടുപോകാൻ അനുവദിച്ചത് പോലെ ഇവരെയും നാടുകടത്തിയാൽ മതിയായിരുന്നില്ലേ എന്ന ഒരു ചോദ്യവും ഉയർന്നേക്കാം.
    ബനുന്നളീർ നാടുവിട്ടു പോയി ഖൈബർ കേന്ദ്രീകരിച്ചു സംഘടിക്കുകയും മക്കയിലെ മുശ്‌രിക്കുകളെയടക്കം സംഘടിപ്പിക്കുകയും ചെയ്തു കൊണ്ടാണ് സഖ്യസൈന്യം രൂപീകരിച്ച് മദീനയ്ക്കെതിരെ ആക്രമണം നടത്താൻ വന്നത്. എന്നിരിക്കെ, ബനൂ ഖുറൈളക്കാരെക്കൂടി വിട്ടയച്ചാൽ വീണ്ടും സംഘടിക്കുന്നതിന് അവർക്കൊരു അവസരം ലഭിക്കുമായിരുന്നു.
    അഹ്സാബ് യുദ്ധം നടക്കാതെ പോയത് അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന കിടങ്ങും ശൈത്യവുമായിരുന്നു. ശൈത്യകാലം കഴിയുമ്പോള്‍ ജൂതന്‍മാര്‍ക്ക് ഈ സഖ്യകക്ഷികളെ വീണ്ടും ഒരുമിച്ചുകൂട്ടുക എളുപ്പമായിരുന്നു. ശത്രുക്കള്‍ മോഹഭംഗത്തോടെയാണ് പിരിഞ്ഞുപോയത്. അവരിലെ നേതാക്കള്‍ക്ക് പ്രതികാരദാഹം വര്‍ധിക്കുകയല്ലാതെ അല്പം പോലും കുറവ് വരാനുള്ള ഒരു സാധ്യതയുമുണ്ടായിരുന്നില്ല. മുസ്‌ലിംകളെ ഉന്‍മൂലനാശം വരുത്തുന്ന കാര്യത്തില്‍ ഇതോടെ ജൂതസഖ്യം ഒറ്റക്കെട്ടായി മാറിയിരുന്നു. അവര്‍ അതിനുള്ള തയ്യാറെടുപ്പുമായിത്തന്നെ മുന്നോട്ട് പോകാനുള്ള നല്ല സാധ്യതയുമുണ്ടായിരുന്നു. ഇത്തരമൊരു സന്ദര്‍ഭത്തില്‍, യുക്തിമാനായ ഒരു നേതാവ് എടുക്കുന്ന തീരുമാനമെന്തായിരിക്കും? അനുയായികളെ ശത്രുക്കളുടെ മുന്നിലേക്ക് വിട്ടുകൊടുക്കുകയായിരിക്കുമോ ? അതോ, അത്തരം ഒരു ഭീഷണിയില്‍ നിന്ന് അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമോ?
    d)ബനൂ ഖുറൈളയ്ക്കെതിരെ സ്വീകരിച്ച നടപടിയെ വംശീയ കൂട്ടക്കൊലയായും അവരുടെ എണ്ണത്തെ മഹാ സംഖ്യയായും പ്രചരിപ്പിക്കുന്ന യുക്തിവാദികൾ മതത്തെ മൊത്തത്തിലും ഇസ്‌ലാമിനെ പ്രത്യേകിച്ചും ക്രൂരതയുടെ പര്യായമായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ, അറുപത് ലക്ഷം ജൂതരെ വംശഹത്യ നടത്തിയ ഹിറ്റ്‌ലർ നിരീശ്വരവാദിയായിരുന്നു, സ്വതന്ത്ര ചിന്തകനായിരുന്നു. നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകളാൽ കൊല്ലപ്പെട്ടവരുടെ ഏകദേശ കണക്ക് 94 ദശലക്ഷമാണ്. The black book of communism പറയുന്നത് പ്രകാരം അതിങ്ങനെ വിശദീകരിക്കാം:
    65 million in the People’s Republic of China,
    20 million in the Soviet Union,
    2 million in Cambodia,
    2 million in North Korea,
    1.7 million in Ethiopia,
    1.5 million in Afghanistan,
    1 million in the Eastern Bloc,
    1 million in Vietnam,
    1,50,000 in Latin America !
    ഇവയുടെയൊക്കെ പിന്നിൽ പ്രവർത്തിച്ചത് സ്വതന്ത്ര ചിന്താഗതിക്കാരായിരുന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...