
ആരോപണത്തിന്റെ ഗൗരവം ഖുർആൻ പ്രഖ്യാപിച്ചു. ഒപ്പം ആരോപണം ഉന്നയിക്കുന്നവരുടെ ശിക്ഷയും അറിയിച്ചു കഴിഞ്ഞു. എത്ര വിലകൊടുത്താലും മതിയാകാത്ത അഭിമാനത്തിന്മേൽ തൊട്ടുകളിക്കാതിരിക്കാനുള്ള ഒരു താക്കീത് കൂടിയായിരുന്നു ശിക്ഷാ നടപടി. അതുപ്രകാരം മൂന്നു കുറ്റവാളികൾക്ക് എൻപത് അടി വീതം ശിക്ഷ നടപ്പിലാക്കി. പ്രചാരണത്തിൽ അരികുചേർന്ന ഹസ്സാൻ ബിൻ സാബിത് (റ) പ്രായശ്ചിത്തമായി ആഇശ(റ)യെ പ്രകീർത്തിച്ചുകൊണ്ട് കവിതകളാലപിച്ചു. അതിലെ ഒരു വരി ഇങ്ങനെയായിരുന്നു.
“ഹസാനുൻ റസാനുൻ മാ തുസനു ബി റീബത്തി
വ തുസ്ബിഹു ഗർസാ അൻ ലുഹൂമിൽ ഗാവാഫിലി”
പവിത്രതയും കുലീനയും പ്രൗഢിയിൽ ഉന്നത
പവിത്രരേ,
ദൂഷണം പറയാത്ത മഹോന്നത
ഇതു കേട്ടപ്പോൾ ആഇശ (റ) പറഞ്ഞു. “ഇപ്പറഞ്ഞതൊക്കെ ശരിയാണ്. പക്ഷേ, താങ്കൾ അങ്ങനെയായില്ലല്ലോ?” ഇങ്ങനെയാണെങ്കിലും ഒരിക്കൽ പോലും ഈ സംഭവത്തിന്മേൽ ഹസ്സാനെ(റ) കുറ്റപ്പെടുത്താൻ ആഇശ (റ) മുതിർന്നിരുന്നില്ല. എന്ന് മാത്രമല്ല അതിനാരെങ്കിലും ഒരുങ്ങിയാൽ അവരെ തടയുക കൂടി ചെയ്തിരുന്നു. തന്റെ കവിതയിലൂടെ നബിﷺക്കു ഹസ്സാൻ ഏർപ്പെടുത്തിയ പ്രതിരോധത്തിൽ മഹതിക്കദ്ദേഹത്തോട് എപ്പോഴും നല്ല മതിപ്പും ബഹുമാനവുമായിരുന്നു.
ബനുൽ മുസ്ഥലഖിൽ നഷ്ടപ്പെട്ട ഈ മാലയ്ക്ക് മറ്റൊരു കഥ കൂടിപ്പറയാനുണ്ട്. അതിവിടെച്ചേർക്കുന്നത് രസകരമായിരിക്കും. വേറൊരു യാത്രയിൽ മഹതി ആഇശ (റ) നബിﷺയോടൊപ്പം കൂടി. യാത്രയ്ക്കിടയിൽ ദാത്തുൽ ജയിശിലെത്തിയപ്പോൾ മാല അറ്റു വീണു. ഉടനെ മഹതി വിവരം നബിﷺയെ അറിയിച്ചു. വാഹനം നിർത്തി അന്വേഷണം ആരംഭിച്ചു. ഒരാളെയതിനു വേണ്ടി അയച്ചു. സുബ്ഹിയോടടുത്ത സമയമായിരുന്നു. വെള്ളം ലഭ്യമാകാത്ത സ്ഥലമായിരുന്നു അത്. നിസ്ക്കാര സമയമായപ്പോൾ ആളുകൾ എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തരായി. ആഇശ(റ)യ്ക്ക് വേണ്ടിയാണല്ലോ ഇവിടെ നിർത്തേണ്ടി വന്നത് എന്നതിനാൽ പ്രത്യേകിച്ചും ആളുകൾ അബൂബക്കർ(റ)വിനോട് പരിഭവം പറഞ്ഞു. ആഇശ (റ) സൈന്യത്തെ മുഴുവൻ വിഷമത്തിലാക്കിയല്ലോ എന്ന ഭാവത്തിൽ സിദ്ദീഖ് (റ) ആഇശ(റ)യുടെ അടുത്തേക്ക് ചെന്നു. അപ്പോൾ നബിﷺ ആഇശ(റ)യുടെ മടിയിൽ തലവച്ചു കിടക്കുകയായിരുന്നു. ‘’നീ ഓരോ ദിവസവും ജനങ്ങളുടെ തലയിൽ ഓരോ പണി വച്ചു കൊടുക്കുകയാണല്ലോ’’ എന്ന് പറഞ്ഞു കൊണ്ട് വാപ്പ അവിടുത്തെ വിരലു കൊണ്ട് മകളുടെ പാർശ്വത്തിൽ ഒരു കുത്തു വച്ചു കൊടുത്തു. നബിﷺ അറിയാതിരിക്കാൻ ആഇശ (റ) അനങ്ങാതെത്തന്നെയിരുന്നു. നേരം പുലരാനായപ്പോൾ നബിﷺക്കു ഖുർആനിലെ ഒരു സൂക്തം അവതരിച്ചു. വെള്ളം ലഭ്യമായില്ലെങ്കിൽ വുളുവിനു അഥവാ, അംഗ സ്നാനം സാധ്യമായില്ലെങ്കിൽ നിസ്ക്കാരത്തിനുവേണ്ടി ഒരു പരിഹാര ക്രിയ തയമ്മും നിർദേശിച്ചുകൊണ്ടുള്ള ഖുർആൻ അധ്യാപനമായിരുന്നു അത്. നാലാം അധ്യായം അന്നിസാഇലെ നാൽപ്പത്തിമൂന്നാമത്തെ സൂക്തത്തിന്റെ ആശയം ഇങ്ങനെ വായിക്കാം. “അല്ലയോ സത്യവിശ്വാസികളേ,നിങ്ങള്‍ ലഹരി ബാധിതരായ ശേഷം നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് നല്ല ബോധമുണ്ടാകും വരെയും ജനാബത്തുകാരനെങ്കില്‍ കുളിച്ചു ശുദ്ധി വരുത്തുന്നതുവരെയും- നിങ്ങൾ നിസ്കാരത്തെ സമീപിക്കരുത്- വഴിയാത്രക്കാരാണെങ്കിലല്ലാതെ. അഥവാ, നിങ്ങള്‍ രോഗികളാവുകയോ യാത്രയിലാവുകയോ ചെയ്തു; അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ വിസര്‍ജനം കഴിഞ്ഞുവന്നു; അതുമല്ലെങ്കില്‍ സ്ത്രീകളുമായി സംസര്‍ഗം നടത്തി; എന്നിട്ട് വെള്ളം കിട്ടിയതുമില്ല; എങ്കില്‍ ശുദ്ധിയുള്ള മണ്ണ് ഉപയോഗിക്കുക. അതുകൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പേകുന്നവനും പൊറുക്കുന്നവനുമാണ് “.
അല്ലാഹുവിൽ നിന്നും ആനുകൂല്യത്തിന്റെ അനുഗ്രഹം ലഭിച്ചതോടെ സ്വാഹാബികൾ ആഹ്ലാദഭരിതരായി. അവർ വിശ്വാസികളുടെ മാതാവ് ആഇശ(റ)യെ വാഴ്ത്താൻ തുടങ്ങി. ഉസൈദ് ബിൻ ഹളൈർ (റ) ആനന്ദാതിരേകത്താൽ പറഞ്ഞു ‘സിദ്ധീഖി(റ)ന്റെ വീട്ടുകാരേ! ഇത് നിങ്ങളീലൂടെ ലഭിച്ച ആദ്യത്തെ അനുഗ്രഹമല്ല.’
മകളെ ശാസിക്കാൻ കാത്തു നിന്ന സിദ്ദീഖ് (റ) മകളെ വിളിച്ചു പറഞ്ഞു. “വാപ്പച്ചിയുടെ പൊന്നു മോളേ! നീയിത്ര അനുഗൃഹീതയാണെന്ന് ഞാനറിഞ്ഞിരുന്നില്ല. മുസ്‌ലിംകൾക്ക് അല്ലാഹുവിൽ നിന്നു ലഭിച്ച എത്ര വലിയ അനുഗ്രഹത്തിനാണ് നീ കാരണമായത് !“
ആഇശ(റ)യുടെ വിലാസം ഉയർത്തിയ മഹാമുഹൂർത്തമായി ഈ സംഭവം പരിണമിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
