
നബിﷺയും സംഘവും അഖീഖ് താഴ്‌വരയിൽ എത്തിയപ്പോൾ ഇബ്നു ഉബയ്യിന്റെ മകൻ സ്വഹാബിയായ അബ്ദുല്ലാഹ് (റ) കുറേ മുന്നോട്ട് സഞ്ചരിച്ചു. സഞ്ചാരികൾക്കിടയിൽ നിന്ന് പിതാവിനെക്കണ്ടെത്തി. അദ്ദേഹത്തിന്റെ വാഹനം തടുത്തു നിർത്തി. അതിന്റെ മുൻകാലുകളിൽ ചവിട്ടി നിയന്ത്രിച്ചു. എന്നിട്ട് വാപ്പയോട് ചോദിച്ചു, “എന്താണീ വായാടിത്തം പറയുന്നത്? നബിﷺ സമ്മതം തരാതെ ഞാൻ നിങ്ങളെ മുന്നോട്ട് പോകാൻ അനുവദിക്കില്ല. നിങ്ങളല്ലേ പറഞ്ഞത് മദീനയിൽച്ചെന്നാൽപ്പിന്നെ പ്രതാപികൾക്കിടയിൽ നിന്ന് നിന്ദ്യനായ വ്യക്തിയെ പുറത്താക്കുമെന്ന് ? ഇവിടെ നിന്ന് എനിക്കറിയണം ആരാണതെന്ന്? ആർക്കാണ് പ്രതാപം? നബിﷺക്കാണോ നിങ്ങൾക്കാണോ എന്നൊന്നറിയട്ടെ? എന്നിട്ടേ ഞാൻ വഴിമാറുകയുള്ളൂ “.
അബ്ദുല്ല (റ) വഴിയിൽത്തന്നെ നിലകൊണ്ടു. സ്വഹാബികളുടെ വാഹനങ്ങളെ കടത്തിവിട്ടു, കപടന്മാരായ മുനാഫിഖുകളെ പോകാൻ അനുവദിച്ചില്ല.
ഒടുവിൽ നബിﷺ അവിടേക്കെത്തിച്ചേർന്നു. ആൾക്കൂട്ടം കണ്ട് നബിﷺ ചോദിച്ചു. “എന്താണിവിടെ ?”
“അതാ അബ്ദുല്ല (റ) തന്റെ വാപ്പയെ കടത്തിവിടുന്നില്ല “. നബിﷺ ഇടപ്പെട്ടു പറഞ്ഞു, “മോനേ, വാപ്പയെ വിട്ടേക്കൂ!അവർ പൊയ്ക്കോട്ടെ “.
നബിﷺ വീണ്ടും മുന്നോട്ട് നീങ്ങി. നഖീഅ എന്ന സ്ഥലത്തെത്തി. അവിടെയുള്ള ജനങ്ങൾ ആവലാതി ബോധിപ്പിച്ചു. “ഞങ്ങൾ വരൾച്ചയിലാണ്. മതിയായ വെള്ളം ലഭിക്കുന്നില്ല”.
ഉടനെ നബിﷺ ഹാത്വിബ് ബിൻ അബീ ബൽത്വഅ (റ) എന്ന സ്വഹാബിയെ വിളിച്ചു, ഒരു കിണർ കുഴിച്ചു കൊടുക്കാൻ ഏർപ്പാടാക്കി.
ശേഷം ബിലാൽ ബിൻ ഹാരിസ് അൽ മുസനി(റ)യോട് പറഞ്ഞു. “ഈ പ്രദേശം സുരക്ഷിതമാക്കുക “.
“ഏതുവരെയാണ് നബിﷺയേ?”
“രാവിലെയായാൽ, നല്ല ശബ്ദമുള്ളയൊരാളെ ഈ കുന്നിൻമേൽക്കയറ്റുക. അയാളുടെ ശബ്ദം അവസാനിക്കുന്ന സ്ഥലത്ത് നമ്മുടെ യുദ്ധ വാഹനങ്ങളെ സംരക്ഷിക്കുക “.
“നബിയേ,ﷺ പെട്ടെന്ന് ദിശമാറ്റി സഞ്ചരിക്കുമ്പോൾ സഞ്ചാരികളുടെ കൂട്ടത്തിലെ സ്ത്രീകൾക്കും മറ്റുമൊക്കെ പ്രയാസമാകില്ലേ?”
“കുഴപ്പമില്ല, അവരെ സഞ്ചരിക്കാൻ വിട്ടോളൂ.”
മുത്തുനബിﷺയിലെ നേതൃത്വം ഓരോ സന്ദർഭത്തിലും കാണിച്ചു തരുന്ന മാതൃകകൾ എത്ര മഹത്തരമാണ് ! ചതിയും വഞ്ചനയും മാത്രം മുഖമുദ്രയാക്കിയ ഇബിനു ഉബയ്യിന് എത്ര മനോഹരമായിട്ടാണ് വിട്ടുവീഴ്ച ചെയ്തത് ! ഒരു നിമിഷം മുമ്പ് വരെയും പ്രവാചകരെﷺ അധിക്ഷേപിച്ചിട്ടും മകനെക്കൊണ്ട് പിതാവിനോട് പകവീട്ടാൻ നബിﷺ ഒരുങ്ങിയില്ല. കൂടുതൽ വിശദീകരണങ്ങളൊന്നും ആവശ്യപ്പെടാതെ തന്നെ ‘വാപ്പയെ വിട്ടേക്കൂ’ എന്നായിരുന്നല്ലോ അവിടുന്ന് പറഞ്ഞത്. ശേഷം, സഞ്ചാര വഴിയിൽ വെള്ളത്തിന് ആവശ്യപ്പെട്ടവർക്ക് സാന്ത്വന പ്രവർത്തനത്തിനും നബിﷺ ഒട്ടും അമാന്തിച്ചില്ല. അപ്പോൾ, കൂടെയുള്ള ഒരു അനുചരനെത്തന്നെ കിണർ കുഴിക്കാൻ ചുമതലപ്പെടുത്തുകയും ഉടനടി അവർക്ക് പരിഹാരം നൽകുകയും ചെയ്തു.
തൊട്ടുടനെ നാം ആ സഞ്ചാരത്തിൽ നിന്ന് വായിക്കുന്നത്, ഉന്നതമായൊരു നേതൃത്വത്തിന്റെ നയതന്ത്ര സമീപനങ്ങളാണ്. ഈ സംഘം എങ്ങോട്ട് സഞ്ചരിക്കണം, എവിടെയൊക്കെയാണ് അപകടങ്ങൾ പതിയിരിക്കുന്നത്, എങ്ങനെയൊക്കെയാണ് പ്രതിസന്ധികൾ തരണം ചെയ്യേണ്ടത്, ഓരോ അംഗത്തെയും എങ്ങനെയാണ് സംരക്ഷിക്കേണ്ടത് – ഇതെല്ലാം കൃത്യമായ ധാരണയിലൂടെയാണ് നബിﷺ ഒരു സംഘത്തിന് നേതൃത്വം നൽകുന്നത്. ഇത്രമേൽ വൈവിധ്യമായ ബഹുമുഖ ഇടപെടലുകളെ വേറെയാരുടെ ചരിത്രത്തിലാണ് നമുക്ക് വായിക്കാനുള്ളത് ? കുറഞ്ഞ ഒരു കാലത്തിനുള്ളിൽ എത്ര വിപ്ലവാത്മകമായ മുന്നേറ്റങ്ങളാണ് അവിടുന്ന് കാഴ്ച വച്ചത് ! ഓരോ സംഭവത്തിന്റെയും ഓരം പറ്റി നിന്നുകൊണ്ടുള്ള വായന നമ്മെ കൂടുതൽ അദ്ഭുതപ്പെടുത്തുകയും ആലോചനകൾക്ക് വഴി നൽകുകയും ചെയ്യുന്നു.
ഇതിനിടയിൽ നടന്ന ഒരു മത്സരത്തിന്റെ കഥ കൂടി സീറാ ഗ്രന്ഥങ്ങളിൽക്കാണാം. ഒട്ടകങ്ങൾക്കും കുതിരകൾക്കും ഓട്ട മത്സരം വക്കുകയായിരുന്നു. ഒട്ടകങ്ങളുടെ കൂട്ടത്തിൽ നബിﷺയുടെ ഒട്ടകം ‘ഖസ്’വാ’ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നബിﷺയുടേതായി ലിസാസ്, ളരിബ് എന്നീ രണ്ട് കുതിരകളാണ് ഉണ്ടായിരുന്നത്. അതിൽ ‘ളരിബ് ‘ ഒന്നാം സ്ഥാനം നേടി. മത്സര സമയത്ത് കുതിരപ്പുറത്ത് അബൂ ഉസൈദും(റ) ഒട്ടകപ്പുറത്ത് ബിലാലും(റ) ആയിരുന്നു ഉണ്ടായിരുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
