
അബൂസലമ: (റ) ഉമ്മുസലമ: (റ)യോട് പറഞ്ഞു : “ഞാനിപ്പോൾ പറഞ്ഞ പ്രാർഥന ഒരു വിപത്ത് വന്നാലുടനെ നീ പ്രാർഥിക്കുക. എന്നാൽ, നിലവിലുള്ളതിനെക്കാൾ വലിയ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കും “. ആ പ്രാർഥന മഹതി കേട്ട് മനസ്സിലാക്കിവച്ചു. എന്താണ് സംഭവിക്കുകയെന്നോ എന്തിനാണിപ്പോൾ ഇത് പഠിപ്പിച്ചതെന്നോ പ്രത്യേകിച്ച് ധാരണയൊന്നും ഉണ്ടായിരുന്നില്ല.
നാളുകൾ നടന്നു നീങ്ങി. നാൾക്കുനാൾ അവർ തമ്മിലുള്ള സ്നേഹം അധികരിച്ചു കൊണ്ടേയിരുന്നു. അവർ തമ്മിലുള്ള പൊരുത്തം നാട്ടുകാർക്കിടയിൽത്തന്നെ പ്രസിദ്ധമായിരുന്നു. അങ്ങനെയിരിക്കെ, ഒരു ദിവസം ഭാര്യ ഭർത്താവിനോട് ഇങ്ങനെ പറഞ്ഞു : “ഒരു ഭാര്യ മരണപ്പെട്ടതിന് ശേഷം ഭർത്താവ് മറ്റൊരു വിവാഹം കഴിക്കാതിരുന്നാൽ അവരിരുവരും സ്വർഗത്തിൽ ഇണകളായി സംഗമിക്കും എന്ന് ഞാൻ കേട്ടിട്ടുണ്ടല്ലോ! അത് പോലെ ഒരു ഭർത്താവ് മരണപ്പെട്ട ശേഷം ഭാര്യ മറ്റൊരു വിവാഹം കഴിക്കാതിരുന്നാലും ഇപ്രകാരം സ്വർഗത്തിൽ സംഗമിക്കുമെന്നുണ്ടല്ലോ? അങ്ങനെയെങ്കിൽ നമ്മളിൽ ആര് ആദ്യം മരണപ്പെട്ടാലും ശേഷിക്കുന്നയാൾ മറ്റൊരു വിവാഹം കഴിക്കില്ല എന്ന് നാമൊരു ശപഥം ചെയ്താലോ?”
ഭർത്താവ് രോഗശയ്യയിൽ കിടക്കുമ്പോൾ ഭാര്യയുടെ ഈ വർത്തമാനത്തിന് പ്രത്യേകമായ ഒരു മാനമുണ്ട്. നിങ്ങളൊരു പക്ഷേ, വിട്ടു പിരിഞ്ഞാലും എനിക്ക് മറ്റൊരാളെ സ്വീകരിച്ച് ജീവിക്കാനാവില്ല. നമ്മൾത്തമ്മിലുള്ള മധുരസ്മരണയിൽ ഞാൻ ജീവിച്ചു കൊള്ളും എന്നാണത്. ഇത് അവർ തമ്മിലുള്ള ഗാഢമായ സ്നേഹത്തിന്റെ പ്രകാശനം കൂടിയാണ്. ഉടനെ അബൂസലമ: (റ) ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് ചോദിച്ചു; “ഞാനൊരു കാര്യം പറഞ്ഞാൽ നീ സ്വീകരിക്കുമോ?”
മഹതി ചോദിച്ചു; “അതെന്താ സ്വീകരിക്കാതിരിക്കാൻ ? ഇത്രയും കാലം നാം അങ്ങനെത്തന്നെയല്ലേ?” അബൂസലമ: (റ) തുടർന്നു. “ഞാൻ മരണപ്പെട്ടാൽ നീയും മക്കളും തനിച്ച് ജീവിക്കരുത്. വൈകാതെത്തന്നെ മറ്റൊരാളെ സ്വീകരിക്കണം. എന്നിട്ട്, അവിടുന്ന് തന്നെ പ്രാർഥിച്ചു. എനിക്ക് ശേഷം ഉമ്മുസലമ: (റ)യ്ക്ക് എന്നെക്കാൾ നല്ലയൊരാളെ നൽകേണമേ! ഒരു നിലയ്ക്കും അവളെ പ്രയാസപ്പെടുത്താത്ത പകരക്കാരനെ നിശ്ചയിക്കേണമേ!”
പിന്നീട്, അധിക നാളുകൾ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ രോഗം അധികരിച്ചു. സന്ദർശിക്കാൻ നബി ﷺ വീട്ടിലേക്ക് വന്നു. രോഗിയുടെ അടുത്ത് വന്നിരുന്നു. ആശ്വാസ വാചകങ്ങൾ പറഞ്ഞു. ശരീരം തലോടി. സത്യസാക്ഷ്യ വാചകം ‘ലാ ഇലാഹ ഇല്ലല്ലാഹ്’ ഒരിക്കൽക്കൂടി ഉണർത്തിക്കൊടുത്തു. ഒരാളുടെ അന്ത്യനിമിഷങ്ങൾക്ക് പ്രവാചക അനുചരന്മാരടക്കം സാക്ഷിയായി. അബൂസലമ: (റ) അന്ത്യശ്വാസം വലിച്ചു. ഈ ലോകത്തോട് വിട പറഞ്ഞു. അദ്ദേഹത്തിന്റെ കണ്ണുകൾ തുറന്നിരുന്നു. നബിﷺയുടെ തിരുകരങ്ങൾക്കൊണ്ട് അവയടച്ചു കൊടുത്തു. അവിടുന്ന് പറഞ്ഞു : “ഒരാളിൽ നിന്ന് ആത്മാവ് പിടിക്കപ്പെട്ടാൽ കണ്ണുകളതിനെ പിൻതുടരും “. മരണപ്പെട്ടയാൾക്ക് കണ്ണടച്ചു കൊടുക്കാനുള്ള ചര്യ ഈയവസരത്തിൽ നബിﷺ നടപ്പിലാക്കിക്കാണിച്ചു തരുകയായിരുന്നു.
മരണം സ്ഥിരീകരിച്ചതോടെ അകത്തളത്തിൽ നിന്ന് തേങ്ങലുകളുയർന്നു. നബിﷺ പറഞ്ഞു. “നിങ്ങൾ നിങ്ങൾക്ക് വേണ്ടി നാശപ്രാർഥന നടത്തരുത്. നന്മയ്ക്കായി മാത്രം പ്രാർഥിക്കുക. നിങ്ങളുടെ പ്രാർഥനകൾക്ക് മലക്കുകൾ ആമീൻ ചൊല്ലുന്നുണ്ട്. അഥവാ പ്രാർഥന സ്വീകരിക്കേണമേ എന്ന് പ്രാർത ഥിക്കുന്നുണ്ട് “.
മുത്തുനബിﷺ തന്നെ അവിടുത്തെ തിരുകരങ്ങൾ ക്കൊണ്ട് കുളിപ്പിച്ചു. ജനാസ നിസ്ക്കാരത്തിന് നേതൃത്വം നൽകി. അകാര്യം പ്രബലമല്ലാത്ത നിവേദനങ്ങളിൽ ഇങ്ങനെ കൂടിയുണ്ട്. ആ നിസ്ക്കാരത്തിൽ പതിവിൽ നിന്ന് വ്യത്യസ്തമായി ഒൻപത് പ്രാവശ്യം തക്ബീർച്ചൊല്ലി. ഒരു പക്ഷേ, നബിﷺ മറന്നതായിരിക്കുമോ എന്ന് കരുതി ശിഷ്യന്മാർ നബിﷺയോട് കാര്യമന്വേഷിച്ചു. അപ്പോഴവിടുന്ന് പറഞ്ഞു. “ആയിരം തക്ബീറുകൾ ചൊല്ലിനിസ്ക്കരിച്ചാലും അബൂസലമ: (റ)യ്ക്ക് അത് അധികമാകില്ല. അദ്ദേഹത്തിന്റെ മഹത്വം എടുത്ത് കാണിക്കാനുള്ള സവിശേഷമായ ഒരു പ്രതികരണമായിരുന്നു അത്. ഖബറടക്കത്തിനും നബിﷺ തന്നെ നേതൃത്വം നൽകി. ശേഷം അദ്ദേഹത്തിന് വേണ്ടി നബിﷺ പ്രത്യേകം അനുഗ്രഹ പ്രാർഥന നടത്തി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
