
ഈ കാലയളവും വിവാഹവുമായി ബന്ധപ്പെട്ട ഒരു പ്രണയകഥ കൂടി സീറയിൽ നിന്ന് വായിക്കാനുണ്ട്. അബ്ദുല്ലാഹിബിൻ അംറി(റ)ൽ നിന്ന് ഇമാം തുർമുദി (റ) ഈ സംഭവം ഉദ്ധരിക്കുന്നുണ്ട്. “മർസദ് ബിൻ അബീ മർസദ് അൽ ഗനമി (റ) കരുത്തനായ ഒരു സ്വഹാബിയാണ്. മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തെത്തിയ ശേഷം അദ്ദേഹം വേറിട്ട ഒരു ദൗത്യം ഏറ്റെടുത്തു. മക്കയിലെ മുശ്‌രിക്കുകൾ ബന്ധിയാക്കി വച്ചിരിക്കുന്നയാളുകളെ മുശ്‌രിക്കുകൾ അറിയാതെ തടവറകളിൽനിന്ന് മോചിപ്പിക്കുന്ന പണിയായിരുന്നു അത്. അതിവിദഗ്ധമായി രാത്രികാലങ്ങളിൽ തടവറകളിൽ ചാടിക്കടന്നുകൊണ്ടായിരുന്നു ഈ ദൗത്യം നിർവഹിച്ചത്. ഖുറൈശികൾ തങ്ങളുടെ തടവുകാരെ നഷ്ടപ്പെടുമ്പോൾ ഇതാരാണീ പണി ചെയ്യുന്നതെന്നന്വേഷിച്ചു കുഴങ്ങി.
അങ്ങനെയിരിക്കെ, ഒരു രാത്രിയിൽ ഒരു തടവറയുടെ ചാരത്ത് മർസദ് (റ) എത്തി. നല്ല നിലാവുള്ള രാത്രിയായിരുന്നു. മർസദ് (റ) തന്നെ പറയുന്നു : ‘ഞാനങ്ങനെയിരിക്കെ, ഒരു നിഴൽ എനിക്കു നേരെ നീങ്ങി വന്നു. ഞാൻ ഭയപ്പെട്ടു. ആരായിരിക്കും ഈ വരുന്നത് ?’ അടുത്തെത്തിയപ്പോഴാണ് അതൊരു സ്ത്രീയാണെന്നറിഞ്ഞത്. അവൾ ചോദിച്ചു; ‘മർസദ(റ)ല്ലേ നിങ്ങൾ ?’ ഞാൻ പറഞ്ഞു, ‘അതെ’. ഞാനൊന്നു ശ്രദ്ധിച്ചു നോക്കി. എന്റെ മുൻകാല പ്രണയിനി അനാഖാണ് മുന്നിൽ നിൽക്കുന്നത്. അവൾ ഒരു അഭിസാരിക കൂടിയായിരുന്നു. മർസദി(റ)നോട് അവൾക്ക് അതിയായ താത്പ്പര്യമായിരുന്നു. അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചതും ഇസ്‌ലാമിക സദാചാര നിയമങ്ങളും മർസദി(റ)ൽ വന്നു ചേർന്ന വിശ്വാസ വിചാരങ്ങളുമൊന്നും അവൾക്കറിയില്ല. കാലങ്ങളായി കൊതിച്ചയാളെ മുന്നിൽക്കിട്ടിയ ആവേശത്തിൽ അവൾ സംസാരിച്ചു.
ഒടുവിലവൾ പറഞ്ഞു; ‘ഈ രാത്രിയിൽ നമുക്കൊരുമിച്ചു കഴിയാം’. രാത്രിയാണ്, മൂന്നാമതൊരാൾ അറിയാൻ വഴിയില്ല. അവൾ താത്പ്പര്യപൂർവം ഇങ്ങോട്ട് വന്നതാണ്. എന്തും ആവാം. പക്ഷേ, മർസദി(റ)ന്റെ ഹൃദയത്തെ വിശ്വാസം അലങ്കരിച്ചിരിക്കുന്നു .പടച്ചവൻ കാണും എന്ന ചിന്ത സംരക്ഷിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞു. ‘അല്ലയോ, അനാഖ് ! അല്ലാഹു വ്യഭിചാരത്തെ നിഷിദ്ധമാക്കിയിരിക്കുന്നു. അത് കൊണ്ട് എനിക്കതിന് കഴിയില്ല’. അവൾക്കാ പ്രതികരണം അത്ര രസിച്ചില്ല. അവൾ കുപിതയായി. അവൾ ഒച്ചയിട്ട് വിളിച്ചു പറഞ്ഞു : ‘യാ അഹ്‌ലൽ ഖിയാം! അല്ലയോ നാട്ടുകാരേ! നിങ്ങളുടെ തടവുകാരെ കടത്തിക്കൊണ്ട് പോകുന്നയാൾ ഇതാ നിൽക്കുന്നു !’ നാട്ടുകാർ ഞെട്ടിയുണർന്നു. കാത്തിരുന്ന കള്ളനെക്കിട്ടിയ പ്രതീതിയിൽ അവർ ഓടിക്കൂടി. മർസദ്(റ) പറയുന്നു : ‘ഗതിമുട്ടിയ ഞാൻ അരമുറുക്കിയോടി. അവർ എന്നെ പിൻതുടർന്നു. ഒടുവിൽ എട്ടു പേർ എന്നെ വിടാതെ പിൻതുടർന്നു. ഞാൻ പാഞ്ഞു പാഞ്ഞു മക്കൻ അതിർത്തിയിലുള്ള ‘ഖൻതമ’ കുന്നിന്റെ മുകളിലേക്ക് കയറി. അവർ എന്നെപ്പിൻതുടർന്നു. ഞാൻ അവിടെയൊരു പൊത്തിൽ അഭയം തേടി. എന്നെ പിൻതുടർന്നവർ സമീപത്തെത്തിയെങ്കിലും അല്ലാഹു അവരുടെ കണ്ണുകൾ മറച്ചു കളഞ്ഞു. അവർക്കെന്നെക്കാണാൻ കഴിഞ്ഞില്ല ! അവരിലാരോ ഞാനിരുന്ന ഗുഹയുടെ മുകളിലെത്തി. അതിനു മുകളിരുന്ന് മൂത്രമൊഴിച്ചു. അത് ഞാനിരിക്കുന്ന ഭാഗത്തേക്ക് തെറിച്ചു വന്നു. എന്നിട്ടും ഞാനവരുടെ ദൃഷ്ടിയിൽപ്പെടാതെ രക്ഷപ്പെട്ടു.
കുറെക്കഴിഞ്ഞ് അവർ മടങ്ങിപ്പോയി. ഞാനവിടെത്തന്നെയിരുന്നു. എന്റെ സഹായം പ്രതീക്ഷിച്ച് തടവറയിൽക്കഴിയുന്നയാളെ രക്ഷപ്പെടുത്തിയേ മടങ്ങൂ എന്നു ഞാനുറച്ചു. രാത്രി ഞാൻ മലയിറങ്ങി. തടവറയിൽച്ചെന്ന് ബന്ധിയെ സമീപിച്ചു. നല്ല ശരീരമുള്ളയാളായിരുന്നു. എങ്കിലും അയാളെത്തോളിലേറ്റി യാത്ര തുടർന്നു. മക്കയുടെ അതിർത്തിയിൽ ‘ഇദ്ഖിർ’ വരെയെത്തി. ഇനി സുരക്ഷിതമാണെന്ന് കണ്ട് അയാളുടെ വിലങ്ങുകളഴിച്ച് സാവധാനം യാത്ര തുടർന്നു. മദീനയിലെത്തി. നബി ﷺ യെ സമീപിച്ചു. അവിടുത്തേക്ക് വലിയ സന്തോഷമായി. അവിടുന്ന് സ്വാഗതം ചെയ്തു.
അപ്പോഴും മർസദി(റ)ന്റെ മനസ്സിൽ പഴയ പ്രണയത്തിന്റെ ഓർമകളുണ്ടായിരുന്നു. അനുചരന്മാർക്ക് ഉള്ളുതുറന്ന് പങ്ക് വയ്ക്കാവുന്ന സാന്നിധ്യമായിരുന്നു മുത്ത് നബിﷺ. എന്താശയും ആശങ്കയും അവിടുത്തോട് അവർക്ക് പറയാമായിരുന്നു. മർസദ് (റ) മനസ്സു തുറന്നു. അനാഖുമായി നേരത്തെയുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചു പറഞ്ഞു. യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ കാര്യം തുറന്ന് പറഞ്ഞു. എന്നിട്ട് ചോദിച്ചു. ‘എനിക്കവളെ വിവാഹം കഴിക്കാൻ പറ്റുമോ?’ നബിﷺ ഒന്നും പറഞ്ഞില്ല. മൂന്നു പ്രാവശ്യം ആവർത്തിച്ചു. അപ്പോഴേക്കും ദിവ്യ സന്ദേശം വന്നു. വിശുദ്ധ ഖുർആൻ ഇരുപത്തിനാലാം അധ്യായം സൂറതുന്നൂറിലെ ആദ്യ ഭാഗം അവതരിച്ചു. മൂന്നാമത്തെ സൂക്തത്തിന്റെ ഉള്ളടക്കം മർസദി(റ)നുള്ള ഉത്തരമായിരുന്നു. ആശയം ഇങ്ങനെ വായിക്കാം. “വ്യഭിചാരി വ്യഭിചാരിണിയെയോ ബഹുദൈവ വിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കുകയില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവ വിശ്വാസിയോ അല്ലാതെ വിവാഹം ചെയ്യുകയുമില്ല. സത്യവിശ്വാസികള്‍ക്ക് അത് നിഷിദ്ധമാക്കിയിരിക്കുന്നു.”
ശേഷം, മുത്ത് നബിﷺ അദ്ദേഹത്തെ വിളിച്ചു. തീരുമാനം പറഞ്ഞു. മർസദ് (റ) അല്ലാഹുവിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു “.
ഈ സൂക്തത്തിൻ്റെ അവതരണത്തിന് ഒരു സാഹചര്യം കൂടിയുണ്ടായിരുന്നു. മദീനയിൽ അത്യാവശ്യം സമ്പത്തുള്ള ചില അഭിസാരികകളുണ്ടായിരുന്നു. അവരുടെ വീടുകൾക്ക് അവർ പ്രത്യേകം കൊടിയടയാളങ്ങൾ വയ്ക്കുകയും ചെയ്തിരുന്നു. ദരിദ്രരായ ചില വിശ്വാസികൾ ആശ്വാസത്തിനായി അവരെ വിവാഹം കഴിച്ചാലോ എന്നന്വേഷിച്ചിരുന്നു. അതിനു കൂടിയുള്ള മറുപടിയായിരുന്നു മേൽ സൂക്തങ്ങൾ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
