Tweet 329

    Tweet 329
    May 9, 2023 • Tuesday
    Post Header

    ബദ്റിന്റെയും ഉഹ്ദിന്റെയും വർത്തമാനങ്ങൾ നാം വായിച്ചു. ഈ സംഭവങ്ങൾക്കിടയിൽ നബി ﷺ യുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചില അധ്യായങ്ങളാണ് നമുക്ക് അറിയാനുള്ളത്.
    മുത്തു നബിﷺയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടതാണ് അതിൽ പ്രധാന സംഭവം. നബിﷺയുടെ നാലുപെണ്മക്കളിൽ സൈനബ് (റ), റുഖിയ്യ (റ), ഉമ്മു കുൽസൂം (റ) എന്നിവരുടെ വിവാഹ ജീവിതങ്ങളെക്കുറിച്ച് നാം നേരത്തെ പറഞ്ഞു കഴിഞ്ഞു. ഇനിയുള്ളത് ഇളയ മകൾ ഫാത്വിമ (റ)യാണ്. ചെറുപ്പത്തിൽ തന്നെ ഫാത്വിമ(റ)യുമായി പ്രത്യേകമായ ഒരു വാത്സല്യവും ബന്ധവും നബിﷺക്കുണ്ടായിരുന്നു. പ്രബോധനത്തിന്റെ ആദ്യകാലത്ത് അല്ലാഹുവിന്റെ കല്പന പ്രകാരം അടുത്ത ബന്ധുക്കളെ വിശ്വാസത്തിലേക്ക് ക്ഷണിച്ചപ്പോൾ നബിﷺ പേരെടുത്ത് വിളിച്ചു സന്ദേശം അറിയിച്ചത് ഫാത്വിമ(റ)യോടും അമ്മായി സഫിയ്യ(റ)യോടും മാത്രമായിരുന്നു. എന്റെ കരളിന്റെ കഷണമാണ് ഫാത്വിമ(റ) എന്ന്‌ തുടങ്ങി മകളുടെ മഹത്വവും അടുപ്പവും പറയുന്ന നിരവധി പരാമർശങ്ങൾ നബിﷺ നടത്തിയിട്ടുണ്ട്. നബിﷺയുടെ വിയോഗം വരെ ജീവിച്ചിരുന്നതും പിൽക്കാലത്ത് അവിടുത്തെ തുടർന്നു വന്നതും ഫാത്വിമ(റ)യിലൂടെയാണ്. മുത്തുനബിﷺയുടെ പ്രതിസന്ധി ഘട്ടങ്ങൾക്ക് സാക്ഷിയായി. അപ്പോഴെല്ലാം ആശ്വാസം നൽകുന്ന ഉമ്മയുടെയും കൂട്ടുകാരിയുടെയും മകളുടെയും എല്ലാം റോളിൽ ഫാത്വിമ(റ) നബിﷺയുടെ ഒപ്പമുണ്ടായിരുന്നു. നബിﷺയോട് ഏറെ രൂപ സാദൃശ്യവും ഫാത്വിമ(റ)യ്ക്കാണ് ഉണ്ടായിരുന്നത്.
    ഫാത്വിമ(റ)യെ പത്നിയായിക്കിട്ടാൻ സ്വാഭാവികമായും പലരും ആഗ്രഹിച്ചു. കൂട്ടത്തിൽ സിദ്ദീഖ്(റ)വും ഉമറുൽ ഫാറൂഖ് (റ)വും ആലോചനകൾ നടത്തി. അല്ലാഹുവിന്റെ തീരുമാനം വരട്ടെ എന്നായിരുന്നു അവരോടെല്ലാം നബിﷺ മറുപടി നൽകിയത്. ഇങ്ങനെയിരിക്കെയാണ് നബിﷺയുടെ പിതൃ സഹോദരൻ അബൂഥാലിബിന്റെ മകൻ അലി (റ) ഫാത്വിമ(റ)യ്ക്ക് വിവാഹാലോചനകൾ വരുന്ന വാർത്ത അറിഞ്ഞത്. ചെറുപ്പത്തിൽ അലി (റ) നബിയോടൊപ്പമാണ് ഉണ്ടായിരുന്നതെങ്കിലും ഇപ്പോൾ മദീനയിൽ മറ്റൊരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വയോധികയായ ഒരു വനിതയിൽ നിന്നാണ് അലി (റ) വിവരങ്ങളറിഞ്ഞത്. അവർ തന്നെ അദ്ദേഹത്തോട് ചോദിച്ചു, “നിങ്ങൾക്ക് ഫാത്വിമ(റ)യെ ഒന്നാലോചിച്ചു കൂടെ?”
    “ഞാനെങ്ങനെ അന്വേഷിക്കാനാണ്? എന്റെ പക്കൽ വിവാഹത്തിനൊരുങ്ങാൻ എന്താണുള്ളത്? വലിയവരൊക്കെ ആലോചിക്കുന്നതല്ലേ നാം കേൾക്കുന്നത്!” അലി(റ) പ്രതികരിച്ചു. ആ സ്ത്രീ അലി(റ)യെ വിട്ടില്ല “അതൊന്നും പ്രശ്നമല്ല “. എന്തായാലും നീ അന്വേഷിക്കണമെന്നും അത് നടക്കുമെന്നും ആ മാതാവ് അലി(റ)യോട് വിശദീകരിച്ചു. അങ്ങനെ ഏറെ നിർബന്ധിച്ചപ്പോൾ ഞാൻ മുത്തു നബിﷺയുടെ വീട്ടിലേക്ക് പുറപ്പെട്ടു. വീട്ടുപടിക്കൽ എത്തിയപ്പോൾ നാണം കൊണ്ട് ചൂളി. അവിടുത്തെ ഭവനത്തിലേക്ക് കടന്നെങ്കിലും ഒന്നും സംസാരിക്കാൻ കഴിയുന്നില്ല. അസാധാരണമായ ഈ ലജ്ജ കണ്ടപ്പോൾ നബിﷺ ചോദിച്ചു. “അല്ല, അലീ(റ) എന്തെങ്കിലും ആവശ്യവുമായി വന്നതാണോ?” എന്തെങ്കിലും പ്രതികരിക്കാമെന്നു കരുതി ശിരസ്സുയർത്തിയെങ്കിലും വാക്ക് പുറത്ത് വരുന്നില്ല. പടക്കളത്തിൽ ധീര യോദ്ധാവും പ്രസംഗ പീഠത്തിൽ വാചാലനുമൊക്കെയാണ്. പക്ഷേ, ഇപ്പോൾ വാക്കും നോക്കും കുനിഞ്ഞു പോയി. മൂന്നു തവണ ആവർത്തിച്ചു അലി(റ)യോടു വിവരമന്വേഷിച്ച നബിﷺക്കു അലി(റ)യുടെ മനോഗതിയും ആഗമന രഹസ്യവും പിടികിട്ടി. അവിടുന്ന് ചോദിച്ചു. “നിങ്ങൾ ഫാത്വിമ(റ)യെ വിവാഹമാലോചിച്ചു വന്നതാണോ?”
    “അതെ” എന്ന് അലി (റ) മൂളി. ഉടനെ അവിടുന്ന് ചോദിച്ചു; “അതിനെന്താണ് നിങ്ങളുടെ പക്കൽ വിവാഹമൂല്യമായി നൽകാനുള്ളത് ?”
    “എന്റെ പക്കൽ ഒന്നുമില്ല ” എന്ന്‌ അലി(റ) പറഞ്ഞതും നബിﷺ ചോദിച്ചു : “അന്ന് ബദ്റിൽ നിന്നു വിഹിതം ലഭിച്ച പടയങ്കി നിങ്ങളുടെ കൈവശമില്ലേ?”
    അലി(റ) പറഞ്ഞു, “അതെ”.
    “എന്നാൽ അത് കൊണ്ടുപോയി മാർക്കറ്റിൽ വിറ്റിട്ട് അതിന്റെ തുകയുമായി മടങ്ങി വരൂ”. ആവേശപൂർവം അലി(റ) മടങ്ങി. ഉടനെ നബിﷺ മകൾ ഫാത്വിമ(റ)യെ സമീപിച്ചു. അലി(റ)യുടെ വിവാഹാന്വേഷണത്തെക്കുറിച്ച് സംസാരിച്ചു. അലി(റ)യുടെ അറിവും സഹനവും ധൈര്യവുമെല്ലാം നബിﷺ വിശദീകരിച്ചു. അലി(റ)യുടെ യോഗ്യതകളെക്കുറിച്ച് സംസാരിച്ചു. മകളോട് സമ്മതം തേടുക എന്ന അധ്യാപനത്തെ പ്രയോഗിക്കുകയായിരുന്നു അവിടുന്ന്. ഫാത്വിമ(റ)യുടെ വാചാലമായ മൗനത്തിൽ നിന്നു നബിﷺ സമ്മതം തിരിച്ചറിഞ്ഞു. കന്യകയുടെ സമ്മതം അവളുടെ മൗനത്തിലുണ്ട് എന്നത് മന:ശാസ്ത്ര പരമായ ഒരു തിരിച്ചറിവ് കൂടിയാണ്. വിവാഹ സങ്കല്പങ്ങളുടെ സമഗ്രമായ ഒരധ്യാപനം കൂടിയാണ് നമുക്കിവിടെ വായിക്കാനുള്ളത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...