
അംറി(റ)ന്റെ രക്തസാക്ഷിത്വത്തെത്തുടർന്ന് ഉഹ്ദ് അടയാളപ്പെടുത്തിയ സമർപ്പണത്തിന്റെ ഒരു ചിത്രം കൂടി ചേർത്തു വായിക്കാം. അംറ് ബിൻ അൽ ജമൂഹി(റ)ൻ്റെ ഭാര്യ ഹിന്ദ് (റ) പടക്കളത്തിലേക്ക് ഒന്നു ശ്രദ്ധിച്ചു. തന്റെ ഭർത്താവ് അംറും(റ) സഹോദരൻ അബ്ദുല്ലയും(റ) മകൻ ഖല്ലാദും(റ) കൊല്ലപ്പെട്ടു കിടക്കുന്നു. സാധാരണയിൽ ഒരു പെണ്ണ് അലമുറയിട്ട് മാറ് കീറി കാടും നാടുമിളക്കേണ്ട രംഗം. പക്ഷേ, ഹിന്ദ്(റ) വിരഹങ്ങളുടെ ദുഃഖം കടിച്ചിറക്കി. ഹൃദയം പറിഞ്ഞ വേദന അല്ലാഹുവിന്റെ പ്രീതിക്കായി സഹിച്ചൊതുക്കി. മൂന്നു പേരുടേയും മൃതശരീരങ്ങൾ തന്റെ ഒട്ടകപ്പുറത്തേക്ക് കയറ്റി. മദീനയിലേക്ക് കൊണ്ടുപോയി മറമാടാനാണ് ലക്ഷ്യം. പക്ഷേ, ഒട്ടകം മുന്നോട്ട് നീങ്ങുന്നില്ല. ആഇശ (റ) പറയുന്നു ; “ഞാൻ കുറച്ചു കൂട്ടുകാരികൾക്കൊപ്പം ഉഹ്ദിലൂടെ നടന്നു. ആതുര സേവനമായിരുന്നു ലക്ഷ്യം. അതിനിടയിലാണ് ഹിന്ദി(റ)നെയും ഒട്ടകത്തെയും കാണുന്നത്. അവരോട് ചോദിച്ചു, ‘എന്തൊക്കെയാണ് വിവരങ്ങൾ? എന്താണ് ഒട്ടകപ്പുറത്തുള്ളത് ?’ അവർ പറഞ്ഞു, ‘മുത്ത് നബിﷺക്ക് ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽ ബാക്കിയുള്ളതെല്ലാം നിസ്സാരമാണ് ‘. ചില വിശ്വാസികൾ അല്ലാഹുവിന്റെ മാർഗത്തിൽ ജീവാർപ്പണം നടത്തിയിരിക്കുന്നു. ഈ രംഗം പരാമർശിച്ചു കൊണ്ടാണ് വിശുദ്ധ ഖുർആൻ മുപ്പത്തിമൂന്നാം അധ്യായം ‘അൽ അഹ്സാബ് ‘ – ലെ ഇരുപത്തിയഞ്ചാമത്തെ സൂക്തം അവതരിക്കുന്നത്. ആശയം ഇങ്ങനെ വായിക്കാം.
“സത്യനിഷേധികളെ അവരുടെ കോപാഗ്നിയോടെത്തന്നെ യുദ്ധരംഗത്തുനിന്ന് അല്ലാഹു തിരിച്ചയച്ചു. അവര്‍ക്കൊട്ടും നേട്ടം കിട്ടിയില്ല. സത്യവിശ്വാസികള്‍ക്ക് വേണ്ടി പൊരുതാന്‍ അല്ലാഹു തന്നെ മതി. അല്ലാഹു ഏറെ കരുത്തനും പ്രതാപിയുമാണ്.”
ആഇശ (റ) ഹിന്ദ് (റ)നോട് ചോദിച്ചു; ‘ആരൊക്കെയാണീ ഒട്ടകപ്പുറത്തുള്ളത്?’
‘എന്റെ ഭർത്താവും മകനും സഹോദരനുമാണ് ‘.
‘എവിടേക്കാണ് ഇവരെ കൊണ്ടുപോകുന്നത്?’
‘മദീനയിലേക്ക് മറമാടാൻ കൊണ്ടുപോവുകയാണ് ‘. ബീവി ആഇശ (റ) അദ്ഭുതപ്പെട്ടു! ഹിന്ദ് (റ) ഒട്ടകത്തെ മുന്നോട്ട് നയിക്കാൻ വേണ്ടി ശബ്ദമുണ്ടാക്കി. ‘ഹൽ… ഹൽ…’ പക്ഷേ, ഒട്ടകം മുന്നോട്ട് നീങ്ങിയില്ല ! ആഇശ ചോദിച്ചു, ‘എന്തേ, ഒട്ടകം മുന്നോട്ട് നീങ്ങാത്തത്? വഹിക്കാവുന്നതിലുമപ്പുറം ഭാരമായതിനാലാണോ? അല്ല, മറ്റെന്തോ കാരണമായിരിക്കും’. വീണ്ടും ഹിന്ദ് (റ) ഒട്ടകത്തെ ഒന്നിളക്കി. പക്ഷേ, അനങ്ങുന്നില്ല. എന്തായിരിക്കും കാരണം? ഒട്ടകത്തെ ഉഹ്ദിന്റെ ഭാഗത്തേക്ക് തിരിച്ചു നിർത്തിയപ്പോൾ വേഗം മുന്നോട്ട് നീങ്ങുന്നു. ഉഹ്ദിൽ നിന്ന് തിരിച്ചു വിടാൻ നോക്കുമ്പോൾ ഒരടി മുന്നോട്ട് നീങ്ങുന്നില്ല. ഒടുവിൽ ഹിന്ദ് (റ) നബി ﷺ യെ സമീപിച്ചു. അവിടുന്ന് പ്രതികരിച്ചു. “ഒട്ടകത്തിന് അല്ലാഹുവിൽ നിന്ന് നിർദേശമുണ്ട്. ഉഹ്ദിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അംറ് (റ) എന്തെങ്കിലും പറഞ്ഞിരുന്നോ?” “അതെ, അംറ് (റ) ഉഹ്ദിലേക്ക് പുറപ്പെടുമ്പോൾ ഇങ്ങനെ പ്രാർഥിച്ചിരുന്നു ‘’അല്ലാഹുവേ,
എനിക്ക് നീ രക്തസാക്ഷിത്വം നൽകേണമേ! നിരാശനായി വീട്ടിലേക്കു മടക്കരുതേ!”
ഹിന്ദി(റ)ന്റെ മറുപടി കേട്ടപ്പോൾ നബി ﷺ പറഞ്ഞു, “അതെ, അത് കൊണ്ടാണ് അംറി(റ)ന്റെ ശരീരം വഹിക്കുന്ന വാഹനം ഉഹ്ദിൽ നിന്നു മടങ്ങാത്തത്. അദ്ദേഹം പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കുന്ന ആളായിരുന്നു. അല്ലാഹുവോട് സത്യം ചെയ്തു പറഞ്ഞാൽ അത് നടപ്പിലാകുമായിരുന്നു. അദ്ദേഹം മുടന്തുള്ള കാലുകൊണ്ട് സ്വർഗത്തിൽ പ്രവേശിക്കുന്നത് ഞാൻ കണ്ടിരിക്കുന്നു. അല്ലയോ ഹിന്ദേ(റ)! നിങ്ങളുടെ സഹോദരൻ കൊല്ലപ്പെട്ടതുമുതൽ എവിടെയാണ് മറമാടുക എന്ന് പ്രതീക്ഷിച്ചു മലക്കുകൾ തണൽ നൽകുന്നുണ്ടായിരുന്നു “.
ശേഷം, അവരെ മറമാടുന്നത് വരെ നബിﷺകാത്തു നിന്നു. അവിടുന്ന് ഹിന്ദി(റ)നോട് പറഞ്ഞു, “അതാ അവർ സ്വർഗത്തിലും ചങ്ങാതിമാരായിരിക്കുന്നു “.
“എന്നെയും അവരോടൊപ്പം ചേർത്ത് തരാൻ അവിടുന്ന് പ്രാർഥിച്ചാലും “. ഹിന്ദ്(റ) അപേക്ഷിച്ചു.
ഹിന്ദി(റ)ന്റെ സഹോദര പുത്രൻ ജാബിർ ബിൻ അബ്‌ദില്ലാഹി(റ) പറഞ്ഞു. “മുസ്‌ലിം പക്ഷത്തു നിന്നു ഉഗ്ദിൽ ആദ്യം കൊല്ലപ്പെട്ടത് എന്റെ പിതാവായിരുന്നു. അബുൽ ആവർ അസ്സുലമിയുടെ പിതാവ് സൂഫ്യാൻ ബിൻ അബ്ദി ഷംസാണ് വധിച്ചു കളഞ്ഞത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
