Tweet 307

    Tweet 307
    April 17, 2023 • Monday
    Post Header

    ഉഹദ് പർവതത്തിന്റെ പാർശ്വഭാഗത്താണിപ്പോൾ നബിﷺ ഉള്ളത്. ഈ പ്രദേശത്തിന് സുപ്രധാനമായ ഒരു കഥ കൂടിപ്പറയാനുണ്ട്. ഉബയ്യു ബിൻ ഖലഫുമായി ബന്ധപ്പെട്ടതാണത്. ഖുറൈശികൾക്ക് നബിﷺയോട് പകമൂത്തിരുന്ന ആദ്യ കാലത്ത് ഒരിക്കൽ നബിﷺയുടെ മുന്നിൽ വന്നുകൊണ്ട് ഉബയ്യ് പറഞ്ഞു, “ഞാനീ ഒട്ടകത്തെ നന്നായി പോഷിപ്പിച്ചു വളർത്തുന്നത് ഇതിന്മേൽ വന്നു നിങ്ങളെ വധിക്കാനാണ് “. ധിക്കാര പൂർവമുള്ള ഈ പെരുമാറ്റത്തോട് നബിﷺ ധൈര്യപൂർവം പ്രതികരിച്ചു. “ഇൻഷാ അല്ലാഹ്! ഞാൻ നിങ്ങളെയായിരിക്കും കൈകാര്യം ചെയ്യുക “. ഈ പ്രതികരണം അയാളെ ഭയപ്പെടുത്തി. പ്രവാചകർﷺയെ വിമർശിച്ചിരുന്നവർക്കും അവിടുത്തെ വാക്കുകളുടെ ഗൗരവം അറിയാമായിരുന്നു. ഒരിക്കലും പാഴ്‌വാക്ക് പറയാത്ത നബിﷺയുടെ പ്രതികരണവും പ്രസ്താവനയും വെറുതെയാവില്ലെന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു. നാളുകൾ കഴിഞ്ഞു ഉഹ്ദിൽ ഉമയ്യത്ത് വന്നത് പഴയ ധിക്കാരവും ഉൾഭയവും വിടാതെ ത്തന്നെയായിരുന്നു. ‘മുഹമ്മദ്‌ ﷺ രക്ഷപ്പെട്ടാൽ ഞാൻ രക്ഷപ്പെടില്ല’ എന്ന് പറഞ്ഞുകൊണ്ടാണയാൾ ഉഹ്ദിൽ അഭ്യാസം നടത്തിയത്. ഒപ്പം തന്നെ നബിﷺയുടെ വാക്കുകൾ അയാളുടെ മനസ്സിൽ അലട്ടി. അത് കൊണ്ട് തന്നെ ശരീരം മുഴുവൻ പടച്ചട്ടയണിഞ്ഞാണ് അയാൾ ഉഹ്ദിലെത്തിയത്.
    അഹംഭാവത്തോടെ വാഹനത്തിലേറി നബിﷺയെ അന്വേഷിച്ചു കൊണ്ടയാൾ നേരിടാൻ വന്നു. മിസ്അബ് (റ) അയാളെ പ്രതിരോധിച്ചു. അദ്ദേഹത്തെ അയാൾ വധിച്ചു കളഞ്ഞു. ഉടനെ മറ്റു ചില സ്വഹാബികൾ അയാളെ തടുക്കാനൊരുങ്ങി. അയാളെ വിട്ടേക്കൂ എന്ന് നബിﷺ പറഞ്ഞു. അതോടെ അയാൾ നബിﷺക്കഭിമുഖമായി. “എടാ സത്യനിഷേധീ , നീ എവിടേക്കാണ് പോകുന്നത് ” എന്ന് ചോദിച്ചു കൊണ്ട് അടുത്ത് നിന്ന അനുചരൻ ഹാരിസ് ബിൻ സ്വിമ്മ(റ)യുടേയോ സുബൈർ ബിൻ അൽ അവ്വാമി(റ)ന്റെയോ കൈയിൽ നിന്ന് ആയുധം വാങ്ങി. കൊലവിളി നടത്തി വന്ന അവനുനേരേ ഒന്നോങ്ങി. ‘കാള മുക്രയിടുമ്പോലെ’ അവൻ മുക്രയിട്ടുകൊണ്ട് പറഞ്ഞു. “മുഹമ്മദ് ﷺ എന്നെ വധിച്ചിരിക്കുന്നു. അവന്റെ പടത്തൊപ്പിയും പടച്ചട്ടയും ചേരുന്ന സ്ഥലത്തെ ഒരു നൂൽപ്പഴുതിൽ അവന് ആഴത്തിൽ മുറിവേറ്റു. അഹങ്കാരവും അഹംഭാവവും അവസാനിച്ചു. അവൻ പറഞ്ഞു ലാത്തയും ഉസ്സയും എവിടെ? റബീഅ മുളർഗോത്രങ്ങളിലെ ആളുകൾ മുഴുവൻ ഈ വേദന പങ്കുവച്ചെടുത്താൽ അവർ മുഴുവൻ മരിച്ചു പോകും. അത്രയും വലിയ വേദനയാണ് ഞാൻ സഹിക്കുന്നത്. അന്ന് മക്കയിൽ വച്ച് പറഞ്ഞിരുന്നു , എന്നെ കൊല്ലുമെന്ന് . അതിതാ പുലർന്നു. മുഹമ്മദ് നബിﷺ ഒന്ന് തല്ലിയാൽത്തന്നെ ഞാൻ മരിച്ചു പോകുമായിരുന്നു “. മടക്കയാത്രയിൽ സരിഫിൽ വച്ച് അവൻ അന്ത്യംവരിച്ചു.
    ‘പ്രവാചകന്മാരുടെ നേതാവിന്റെ കരങ്ങളാൽ കൊല്ലപ്പെട്ട ഏക ഹതഭാഗ്യൻ’ എന്ന പേര് ഉബയ്യിന് സ്വന്തമായി. അവന്റെ ദൗർഭാഗ്യത്തിന്റെ ആഴം ഹസ്സാൻ (റ) കവിതയിലൂടെ ആവിഷ്ക്കരിച്ചു.
    “ലഖദ് വരിസ ള്ളലാലത: അൻ അബീഹി
    ഉബയ്യുൻ യൗമ ബാറസഹുർറസൂലു”
    മടക്കയാത്രയിൽ റാബഗിൽ വച്ച് ദാഹം കൊണ്ട് അലറിവിളിച്ച ഉബയ്യിനോട് ‘പ്രവാചകന്റെﷺ ആയുധമേറ്റ ഹതഭാഗ്യനേ’ എന്ന് തിരിച്ചു വിളിച്ച രംഗവും ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചു കാണാം.
    ഉഹ്ദിന്റെ ഭാഗികമായ വായനയിൽ നിന്ന് ഉഹ്ദ് പരാജയമായിരുന്നു എന്നെഴുതിയവർ ഉഹ്ദ് രചിച്ച പ്രതാപത്തിന്റെ ചിത്രങ്ങളെ കാണാതെപോയി.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 3
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...