Tweet 304

    Tweet 304
    April 14, 2023 • Friday
    Post Header

    ബീവി നുസൈബ(റ)യുടെ ജീവിതത്തിന്റെ തുടർച്ച കൂടി ഇവിടെ വായിച്ചു പോകാം. നിരവധി പ്രതിസന്ധിഘട്ടങ്ങളിൽ മഹതിയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. പ്രവാചകത്വവാദിയായ മുസൈലിമയെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്ത് നബിﷺ കൊടുത്തുവിട്ടത് നുസൈബ(റ)യുടെ മകൻ ഹബീബീന്റെ(റ) പക്കലായിരുന്നു. മുസൈലിമ അദ്ദേഹത്തെ കഷണം കഷണമാക്കിക്കൊന്നുകളഞ്ഞു. ഈ വാർത്തയറിഞ്ഞ മാതാവ് നുസൈബ (റ) പൂർണക്ഷമയോടെ ഉൾക്കൊണ്ടു. വിശ്വാസത്തിന്റെ കനം കൊണ്ട് കരുത്തോടെ പിടിച്ചു നിന്നു. മുസൈലിമയോട് പകരം ചോദിക്കാനും ഒന്നുകിൽ അവന്റെ മുന്നിൽ മരണം അല്ലെങ്കിൽ, അവന്റെ മരണം എന്ന് മഹതി തീരുമാനിച്ചുറപ്പിച്ചു.
    ഖാലിദ് ബിൻ വലീദ് (റ) മുസൈലിമയ്ക്കെതിരെ സൈനിക നീക്കം നടത്തിയ നാളെത്തിയപ്പോൾ തീരുമാനത്തിന് ചിറക് മുളച്ചു. മകൻ അബ്ദുല്ല(റ)യോടൊപ്പം നുസൈബ(റ)യും യമാമയിലേക്ക് പുറപ്പെട്ടു. ഘോരമായ യുദ്ധം നടന്നു. ആദ്യ ചുവടിൽ അമിത പ്രതീക്ഷ വച്ച മുസൈലിമയുടെ സൈന്യം കൂടുതൽ അക്രമങ്ങൾ അഴിച്ചുവിട്ടു. ഖാലിദി(റ)ന്റെ സൈന്യം തന്ത്രപൂർവം പ്രതികരിച്ചു. ശത്രുസൈന്യത്തിന്റെയിടയിൽ നുഴഞ്ഞു കയറി ശത്രുസൈന്യത്തെ ശിഥിലമാക്കാൻ തുടങ്ങി. രംഗം മാറുന്നുവെന്നറിഞ്ഞ കള്ളപ്രവാചകന്റെ സംഘം അവരുടെ കോട്ടയിൽ ആത്മരക്ഷാർഥം ഇരച്ചു കയറി. കോട്ടവാതിൽ അടച്ചു. കോട്ട ഉപരോധിച്ച ഖാലിദി(റ)ന്റെ സൈന്യം ഒരു സ്വഹാബിയെ അകത്തേക്കിട്ട് വാതിൽ തുറപ്പിച്ചു. ശേഷം, അവർ ധൈര്യപൂർവം കടന്നു കയറി. നുസൈബ(റ)യും കൂട്ടത്തിൽ ചേർന്ന് അകത്തെത്തി. മുസൈലിമയെവിടെയെന്ന് പരതിത്തുടങ്ങി. അവസാനം അവനെക്കണ്ടെത്തി. മകൻ അബ്ദുല്ല(റ)യുടെ വാൾപ്പയറ്റും വഹ്ശിയുടെ കുന്ത പ്രയോഗവും ഒരുമിച്ചായപ്പോൾ മുസൈലിമ നിലം പതിച്ചു. നുസൈബ (റ) അല്ലാഹുവിനെ സ്തുതിച്ചു. നന്ദിപൂർവം അവന് സാഷ്‌ടാംഗം നമിച്ചു.
    തിരിച്ച് മദീനയിലെത്തുമ്പോൾ ശരീരത്തിൽ പന്ത്രണ്ട് മുറിവുകളുണ്ടായിരുന്നു. കൈമുറിഞ്ഞ് പോയിരുന്നു. വിവരമറിഞ്ഞ് ഖലീഫ അബൂബക്കർ (റ) മഹതിയെ സന്ദർശിക്കാൻ വീട്ടിലേക്ക് വന്നു.
    മൂസ ബിൻ ളംറ(റ) എന്നവർ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു : “ഒരിക്കൽ ഉമർ (റ) വിലപിടിപ്പുള്ള കുറച്ച് രോമ വസ്ത്രങ്ങൾ കൊണ്ടുവന്നു. അതിൽ നിന്ന് വിശാലതയുള്ള ഒന്നെടുത്തു കാണിച്ചു. അപ്പോൾ ആരോ പറഞ്ഞു, ‘ഇത് നമുക്ക് അബ്ദുല്ലാഹിബിനു ഉമറി(റ)ന്റെ ഭാര്യ സ്വഫിയ്യയ്ക്ക് നൽകിയാലോ?’ അപ്പോൾ ഉമർ(റ) പറഞ്ഞു, ‘അവരെക്കാൾ അവകാശപ്പെട്ട ഒരാൾക്ക് നൽകുക. അത് മറ്റാരുമല്ല, നുസൈബത് ബിൻത് കഅ്ബാ(റ)യാണ്. നബിﷺ അവരെക്കുറിച്ച് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതിങ്ങനെയാണ്. “ഉഹ്ദിന്റെ ദിവസം ഞാൻ വലത്തോട്ട് തിരിഞ്ഞാലും ഇടത്തോട്ട് തിരിഞ്ഞാലുമെല്ലാം എനിക്ക് എൻ്റെ സംരക്ഷണത്തിനായിപ്പൊരുതുന്ന നുസൈബ(റ)യെയാണ് കാണാൻ കഴിഞ്ഞത് “.
    ഉഹ്ദ് ആത്മാർപ്പണത്തെ അടയാളപ്പെടുത്തിയ സമരഭൂമിയാണ്. എനിക്ക് എന്റെ ജീവനെക്കാൾ വലുത് നിങ്ങളാണ് എന്ന കേവല വാചക പ്രയോഗമല്ല ഇവിടെ. മറിച്ച്, സ്വന്തം ജീവൻ പ്രിയപ്പെട്ട നേതാവിന് വേണ്ടി അക്ഷരാർഥത്തിൽ സമർപ്പിക്കുന്ന നേർക്കാഴ്ചകളാണ് ഉഹ്ദിൽ കാണാനായത്. സൈനിക പരിശീലനം നേടിയ ഒരു വനിതയെക്കുറിച്ചല്ല നാം വായിച്ചുകൊണ്ടിരിക്കുന്നത്. ആതുര ശുശ്രൂഷയ്ക്ക് വന്നതിനിടയിൽ പ്രിയപ്പെട്ട പ്രവാചകൻﷺ ശത്രു മധ്യേ ശരവർഷത്തിനിടയിൽ നിൽക്കുന്നത് കണ്ടു സ്നേഹമൊന്നു മാത്രം കൈയിൽപ്പിടിച്ചു പ്രതിരോധിക്കാനിറങ്ങിയ മഹിളാ രത്‌നത്തെയാണ് നാം പരിചയപ്പെട്ടത്. ആധ്യാത്മികതയുടെ അനുഭവതലങ്ങളിൽ അല്ലാഹുവിനെയും അവന്റെ തിരുദൂതരെﷺയും ഉൾക്കൊണ്ടതിന്റെ ശോഭന ചിത്രങ്ങളാണ് നാം ദർശിച്ചത്.
    ഉഹ്ദിലേക്കും ത്വൽഹ(റ)യിലേക്കും തന്നെ വീണ്ടും നമുക്ക് വരാം. തീപാറുന്ന പോരാട്ട ഭൂമിയിൽ നബിﷺ ഒരു ഭാഗത്ത് ഒറ്റപ്പെട്ടു. അവിടുന്ന് അല്പം ഉയർന്ന സ്ഥലത്തേക്ക് കയറി നിന്നു. മുശ്’രിക്കുകൾ അങ്ങോട്ടടുത്തു. ഉടനെ നബിﷺ ചോദിച്ചു. “ഇവരെ നേരിടാൻ ആരാണുള്ളത്?” ത്വൽഹത്(റ) പറഞ്ഞു. “ഞാനുണ്ട് “.
    വീണ്ടും നബിﷺ ചോദ്യമാവർത്തിച്ചു. ഒരു അൻസ്വാരി സ്വഹാബി രംഗത്തു വന്നു. അദ്ദേഹം ചെറുത്തു നിൽപ്പിന്നിടെ കൊല്ലപ്പെട്ടു. നബിﷺ ചോദ്യമാവർത്തിച്ചപ്പോഴെല്ലാം ആദ്യം ത്വൽഹത് (റ) തന്നെയാണ് നബിﷺക്കുത്തരം നൽകിയത്. ഒടുവിൽ ത്വൽഹ(റ)യുടെ കൈക്ക് മുറിവേറ്റു. ഉടനെ അദ്ദേഹം ‘ഹിസ്സ്‌..’ അഥവാ വേദന കൊണ്ടുള്ള ശബ്ദം പുറപ്പെടുവിച്ചു. രംഗം കണ്ട നബിﷺ പറഞ്ഞു; “ആ സ്ഥാനത്ത് ത്വൽഹ (റ) ബിസ്മില്ലാഹ് എന്ന് പറഞ്ഞിരുന്നെങ്കിൽ മലക്കുകൾ അദ്ദേഹത്തെ ആനയിച്ചാകാശത്തേക്കുയർത്തുന്നത് ആളുകൾക്ക് കാണാമായിരുന്നു. അങ്ങനെയെങ്കിൽ, നാളെ താമസിക്കേണ്ട സ്വർഗീയഭവനം ഈ ലോക ജീവിതത്തിൽത്തന്നെ സന്ദർശിച്ചു വന്നയാളായി ത്വൽഹ (റ) ആദരിക്കപ്പെടുമായിരുന്നു “.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...