
മുശ്‌രിക്കുകൾ പടക്കളത്തിൽ നിന്ന് ചിതറിത്തെറിക്കുന്നത് അബ്ദുല്ലാഹിബിനു ജുബൈറി(റ)ന്റെ നേതൃത്വത്തിലുള്ള അമ്പെയ്ത്തുകാർ നോക്കി നിന്നു. യുദ്ധം അവസാനിച്ചു വെന്ന് അവർ വിചാരിച്ചു. കൂട്ടത്തിലാരോ വിളിച്ചുപറഞ്ഞു. “അല്ലയോ ജനങ്ങളേ,
‘ഗനീമത് ‘ അഥവാ സമരാർജിതസ്വത്ത് സമാഹരിച്ചോളൂ. ശത്രുക്കളെ ഏതായാലും അല്ലാഹു തോൽപ്പിച്ചിരിക്കുന്നു.
നമ്മുടെ സഹോദരങ്ങൾ നല്ല പ്രകടനം കാഴ്ച വച്ചിരിക്കുന്നു. ഇനി നാമിവിടെ നിൽക്കേണ്ട ആവശ്യമില്ല. ശത്രുക്കൾ പിന്തിരിഞ്ഞോടിയിരിക്കുന്നു. അതുകൊണ്ട് നമുക്കും അവരോടൊപ്പം ചേർന്ന് പടക്കളത്തിൽ നിന്നുള്ള സ്വത്തുക്കൾ സമാഹരിക്കാം “. അപ്പോൾ അബ്ദുല്ലാഹിബിനു ജുബൈറും(റ) ഒപ്പമുള്ള ചിലരും പറഞ്ഞു. “നബിﷺ പറഞ്ഞതോർമയില്ലേ? നിങ്ങൾ പടക്കളത്തിന്റെ പിറകുഭാഗം സംരക്ഷിച്ചോളൂ.. എന്തുവന്നാലും അവിടെ നിന്നും മാറിപ്പോകരുത്. താഴ്‌വരയിലുള്ള സൈന്യം പരുക്കേൽക്കുന്നത് കണ്ടാലും വിജയം വരിച്ച് ശേഷിപ്പുകൾ സമാഹരിക്കുന്നത് കണ്ടാലും നിങ്ങൾ അവിടെ നിന്ന് മാറരുതേ.. എന്ന് പറഞ്ഞത് ഓർമയില്ലേ!”
അപ്പോൾ മറ്റുള്ളവർ പറഞ്ഞു. “നബിﷺ പറഞ്ഞതിന്റെ താത്പ്പര്യമാണ് നോക്കേണ്ടത്. അത് യുദ്ധം നടക്കുമ്പോഴല്ലേ? ഇപ്പോൾ യുദ്ധമൊക്കെ ഏതാണ്ട് കഴിഞ്ഞപോലെയായി. ശത്രുക്കളൊക്കെ പിന്തിരിഞ്ഞോടുകയല്ലേ?” കൂട്ടത്തിലെ നേതാവായ അബ്ദുല്ലാഹിബിനു ജുബൈറും(റ) പത്തോളം ആളുകളും ഒഴികെ എല്ലാവരും താഴേക്കിറങ്ങി.
പടക്കളത്തിൽ നിന്ന് പിൻവാങ്ങിക്കൊണ്ടിരുന്ന മുശ്‌രിക്കുകളുടെ സൈന്യത്തിൽ നിന്ന് ഖാലിദ് ബിൻ വലീദും സംഘവും അമ്പെയ്ത്തുകാർ നിന്ന ഭാഗത്തേക്ക് ഒന്നു തിരിഞ്ഞു നോക്കി. കുറഞ്ഞ ആളുകൾ മാത്രമേയുള്ളൂവെന്ന് കണ്ടപ്പോൾ അത് വഴി ഒന്നു തിരിച്ചുകയറിയാലോ എന്ന് ചിന്തിച്ചു. തനിക്കൊപ്പമുള്ള സംഘത്തോടൊപ്പം നയതന്ത്രപ്രധാനമായ പ്രസ്തുത ഭാഗത്തു കൂടി ഇരച്ചു കയറി. ഇതു കണ്ട ഇക് രിമതു ബിൻ അബീ ജഹലും സംഘവും ഒപ്പം ചേർന്നു.(ഈ രണ്ട് നേതാക്കളും പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചു.) അവർ കാവൽ നിന്ന അമ്പെയ്ത്തുകാരെ വകവരുത്തി. അബ്ദുല്ലാഹിബിൻ ജുബൈർ (റ) അവസാനം വരെ പ്രതിരോധിച്ചു നിന്നു. ഒടുവിൽ മുതുകിൽ നിന്ന് തുളച്ച അമ്പ് അടിവയറ്റിലൂടെ പുറത്ത് വരുകയും കുടൽമാലയടക്കം വെളിയിൽ വന്ന അവസ്ഥയിൽ കൊല്ലപ്പെടുകയും ചെയ്തു. തിരിച്ചു കയറിയ മക്കൻ സൈന്യം മുസ്‌ലിം പക്ഷത്തെ നന്നായി കടന്നാക്രമിച്ചു.
ഗനീമത് സമാഹരണത്തിൽ വ്യാപൃതരായ മുസ്‌ലിംകൾ അപ്രതീക്ഷിതമായി വന്ന പ്രഹരത്തിൽ ഛിന്നഭിന്നമായി. നിരവധിയാളുകൾ കൊല്ലപ്പെട്ടു. അതിലേറെയാളുകൾക്ക് പരുക്കേറ്റു. മറ്റൊരു വിഭാഗം പല സ്ഥലത്തായിച്ചിതറിപ്പോയി. പിശാച് ആഘോഷത്തോടെ രംഗത്തു വന്നു.
പ്രഭാതത്തിലെ കാറ്റ് മുസ്‌ലിംകൾക്ക് അനുകൂലമായിരുന്നു. വൈകുന്നേരമായപ്പോഴേക്കും ഗതിമാറി. ഈ രംഗങ്ങളേയും വിചാരങ്ങളേയും ആഖ്യാനിച്ചു കൊണ്ട് വിശുദ്ധ ഖുർആൻ മൂന്നാമധ്യായം നൂറ്റിയൻപത്തിരണ്ടാം സൂക്തം പറയുന്നത് നോക്കൂ.
“അല്ലാഹു നിങ്ങളോടുള്ള അവന്റെ വാഗ്ദാനം നിറവേറ്റിയിരിക്കുന്നു. ആദ്യം അവന്റെ അനുമതിപ്രകാരം നിങ്ങളവരുടെ കഥകഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. പിന്നെ, നിങ്ങള്‍ ദുര്‍ബലരാവുകയും കാര്യനിര്‍വഹണത്തിന്റെ പേരില്‍ പരസ്പരം തര്‍ക്കിക്കുകയും ചെയ്തു. നിങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടത് അല്ലാഹു നിങ്ങള്‍ക്ക് കാണിച്ചു തന്നശേഷം നിങ്ങള്‍ അനുസരണക്കേട് കാണിച്ചു. നിങ്ങളില്‍ ഐഹിക താത്പ്പര്യങ്ങളുള്ളവരുണ്ട്. പരലോകം കൊതിക്കുന്നവരുമുണ്ട്. പിന്നീട് അല്ലാഹു നിങ്ങളെ അവരില്‍നിന്ന് പിന്‍തിരിപ്പിച്ചു; നിങ്ങളെ പരീക്ഷിക്കാന്‍. അല്ലാഹു നിങ്ങള്‍ക്ക് വിട്ടുവീഴ്ച ചെയ്തിരിക്കുന്നു. അവന്‍ സത്യവിശ്വാസികളോട് അത്യൗദാര്യം ചെയ്യുന്നവൻ തന്നെയാണ്.”
ഇത് ‘ലാത്തയുടെയും ഉസ്സയുടേയും’ അഥവാ, മക്കാ മുശ്‌രിക്കുകൾ ആരാധിക്കുന്ന ദൈവങ്ങളുടെ ദിവസമാണ് എന്ന് പിശാച് വരെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. അവിടെയാണ് പിശാചിനെ അതിജയിച്ച് വിശ്വാസികൾ പുതിയ ഒരു ഉണർവിലേക്ക് വരുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
