
നബിﷺയുടെ സൈന്യത്തിന് ജൂതന്മാരെക്കുറിച്ച് കൂടി ആലോചിക്കേണ്ടിയിരുന്നു. നേരത്തെ അവരുമായുണ്ടാക്കിയ കരാര്‍ പ്രകാരം മദീനാ നഗരത്തെ സംരക്ഷിക്കാന്‍ അവര്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കേണ്ടവരാണ്. പക്ഷേ, അവരില്‍ ഭൂരിപക്ഷവും പൊരുതാന്‍ വിസമ്മതിച്ചു. ‘യുദ്ധപ്പുറപ്പാട് തീരുമാനിച്ചത് ശനിയാഴ്ചയാണ് ‘ എന്ന കാരണം പറഞ്ഞ് ഒഴിഞ്ഞു നിന്നു. ശനിയാഴ്ച അവര്‍ക്ക് വിശുദ്ധ ദിനമായതിനാല്‍ അന്നവര്‍ യുദ്ധം ചെയ്യില്ല. പക്ഷേ, ജൂത ഗോത്രങ്ങളില്‍പ്പെട്ട ചിലര്‍ മദീനയെ സംരക്ഷിക്കാനായി രംഗത്തു വന്നിരുന്നു. അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ സംശയമുള്ളതുകൊണ്ട് അവരെ മുസ്‌ലിം സൈന്യത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രവാചകന്‍ ﷺ സന്നദ്ധനായില്ല. കേവലം എഴുന്നൂറ് പേരുമായാണ് പ്രവാചകന്‍ ﷺ ഇരുന്നൂറ് പടക്കുതിരകളുള്ള സൈന്യത്തെയും പുറമെ മൂവായിരം ശത്രുസൈനികരെയും നേരിട്ടത്. പ്രവാചകർ ﷺ യുടെ യുദ്ധതന്ത്രം വളരെ സമര്‍ഥമായിരുന്നു. അത് ഉദ്ദേശിച്ച ഫലം ചെയ്തു. ശത്രുവിന്റെ കുതിരപ്പട രണ്ടായി ഭാഗം ചെയ്തിരുന്നു. അതിന്റെ പകുതി കാലാള്‍പ്പടയോടൊപ്പമായിരുന്നു; അതവിടെ ചലിക്കാതെ നില്‍ക്കുകയായിരുന്നു. കുതിരപ്പടയുടെ രണ്ടാം പകുതി നീണ്ട ദൂരം ഓടി ഉഹ്ദ് മല ചുറ്റി വന്ന് മുസ്‌ലിംകളെ പിന്നില്‍നിന്ന് ആക്രമിക്കാന്‍ ശ്രമിച്ചു. പക്ഷേ, തൊട്ടടുത്തുള്ള തന്ത്രപ്രധാനമായ ഒരു കുന്നില്‍ നിലയുറപ്പിച്ച മുസ്‌ലിം വില്ലാളികള്‍ അവരെ മുന്നേറാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തി.
നബിﷺ സൈന്യത്തെ വിന്യസിക്കുന്ന നേരത്ത് പ്രത്യേകം ചില നിർദേശങ്ങൾ നൽകി. വെള്ള യൂണിഫോമിൽ അമ്പതംഗ അമ്പെയ്ത്തുകാരെ അബ്ദുല്ലാഹിബിന് ജുബൈറി(റ)ന്റെ നേതൃത്വത്തിൽ നയതന്ത്ര സ്ഥാനത്ത് വിന്യസിച്ചു. എന്നിട്ടവരോട് പറഞ്ഞു. ‘നിങ്ങൾ യാതൊരു കാരണവശാലും ഇവിടെ നിന്നും അനങ്ങരുത്. പടക്കളത്തിൽ എന്ത് സംഭവിച്ചാലും നിങ്ങൾക്ക് സ്ഥാന ചലനമുണ്ടാകരുത്. താഴ്‌വാരത്ത് എന്ത് സംഭവിച്ചാലും ഞങ്ങളെ സഹായിക്കാനോ ഞങ്ങളുടെ നേട്ടത്തോടൊപ്പം ആനന്ദിക്കാനോ ഒന്നും നിങ്ങൾ കുന്നിറങ്ങിവരരുത് ‘.
ശേഷം നബിﷺ ചോദിച്ചു; ”ശത്രു പാളയത്തിലെ പതാക വഹിക്കുന്നതാരാണ്?”
“ത്വൽഹത് ബിൻ അബീത്വൽഹ:(റ)” ആരോ മറുപടി പറഞ്ഞു. ഉടനെ നബിﷺ ഇസ്‌ലാമിന്റെ പതാക അലി(റ)ന്റെ കൈയിൽ നിന്ന് വാങ്ങി മിസ്അബ് ബിൻ ഉമൈറി(റ)നെ ഏൽപ്പിച്ചു. ത്വൽഹത് ബിൻ ഉബൈദില്ലാഹി (റ) പറയുന്നു : “നബിﷺ രണ്ട് പടച്ചട്ടയണിഞ്ഞ് രംഗത്ത് വന്നു. വിശ്വാസികൾ ‘അമിത് അമിത് ‘ എന്ന സൂചനാവാക്യമാണ് ഉപയോഗിച്ചിരുന്നത് “.
മുശ്‌രിക്കുകൾ മറുഭാഗത്ത് സബ്ഖയിൽ അണിനിരന്നു. യുദ്ധാവേശം നൽകിയുളള സംഭാഷണങ്ങൾ നടന്നു. വലതുപക്ഷ സേനയെ ഖാലിദ് ബിൻ വലീദും ഇടതുപക്ഷ സേനയെ ഇകിരിമത് ബിൻ അബീജഹലും നേതൃത്വം നൽകി.
കാർമേഘകൾ ഉരുണ്ടു കൂടി. പോർക്കളത്തിന്റെ ഇരുവശങ്ങളിലും ആയുധങ്ങൾ ഉയർന്നു നിന്നു. കത്താൻ ഒരു തീപ്പൊരിക്ക് വേണ്ടി കാത്ത് നിൽക്കുന്ന നിമിഷങ്ങൾ. ഏതെങ്കിലും ഒരു പക്ഷത്ത് നിന്ന് ഒരു ചുവട് വച്ചാൽ മതി. അപ്പോഴതാ അബൂ ആമിർ അബ്ദു അംറ് രംഗത്ത് വന്ന് അൻസ്വാറുകളെ വിളിച്ചു. അൻസ്വാറുകൾ പോർവിളിക്കുത്തരം ചെയ്തു. “എടാ, തെമ്മാടിയായ അബൂ ആമിറേ!” അപ്പോഴേക്കും ഉത്ബയുടെ മകൾ ഹിന്ദ് ദഫ്ഫ് മുട്ടി പാട്ട് പാടാൻ തുടങ്ങി.
“വയ്ഹൻ ബനീ അബ്ദിദ്ദാർ
വയ്ഹൻ ഹുമാതൽ അദ്ബാർ
ളർബൻ ബി കുല്ലി ബത്താർ”
ഇത് കേൾക്കവെ, നബി ﷺ അല്ലാഹുവിനോട് പ്രാർഥിക്കാൻ തുടങ്ങി. “അല്ലാഹുവേ, നിന്റെ പ്രീതിക്കായിപ്പുറപ്പെടുന്നു. അതിന് വേണ്ടി ഞാൻ പോർക്കളത്തിലിറങ്ങുന്നു. എനിക്കെല്ലാം ഏൽപ്പിക്കാൻ അല്ലാഹു മതി..”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
