
മലക്കുകൾ പടക്കളത്തിൽ ഓരോരുത്തരുടെയും അടുത്തു വന്നത് അവർക്കു പരിചയമുള്ളവരുടെ രൂപത്തിലായിരുന്നു. അതുവഴി കൂടുതൽ കരുത്ത് ലഭിക്കാൻ അത് കാരണമായി. അവർക്കു പ്രത്യേക അടയാളങ്ങളുണ്ടായിരുന്നു. കറുത്ത തലപ്പാവണിഞ്ഞുകൊണ്ടാണ് ബദ്റിൽ മലക്കുകൾ വന്നു ചേർന്നത്. ഉഹ്ദിൽ മലക്കുകൾ ഹാജരായത് ചുവന്ന തലപ്പാവണിഞ്ഞു കൊണ്ടായിരുന്നു. മലക്കുകൾ അണിഞ്ഞ തലപ്പാവിന്റെ നിറത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ നിവേദനങ്ങൾ വന്നിട്ടുണ്ട്. ചുവപ്പ്, കറുപ്പ്, മഞ്ഞ എന്നിങ്ങനെയാണ് അഭിപ്രായങ്ങളുള്ളത്. വാലിട്ട തലപ്പാവുകളാണ് അണിഞ്ഞിരുന്നത്. വ്യത്യസ്ത സംഘങ്ങൾ വ്യത്യസ്ത നിറങ്ങളണിഞ്ഞുവെന്ന് വിലയിരുത്തുമ്പോൾ നിവേദനങ്ങൾ തമ്മിൽ വൈരുധ്യം കാണുന്നില്ല.
മഞ്ഞ തലപ്പാവണിഞ്ഞ സുബൈർ (റ)വിന്റെ അടുക്കൽ അതേ ഭാവത്തിൽ തന്നെയാണ് മലക്കുകൾ സമീപിച്ചത് എന്ന ഒരു നിവേദനം കൂടി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഹംസ (റ) ഒട്ടകപക്ഷിയുടെ തൂവലും സുബൈർ (റ) മഞ്ഞ നിറമുള്ള തലപ്പാവും അബൂദുജാന (റ) തലപ്പാവും അലി (റ) വെള്ള റുമാലുമാണ് അടയാളമായി സ്വീകരിച്ചത്. ഇങ്ങനെയുള്ള അടയാളം മലക്കുകളുടെ കുതിരകൾക്കും പ്രത്യേകമുണ്ടായിരുന്നു. മൂർദ്ധാവിലും വാലിലും വെളുത്ത രോമമോ ചുവന്ന പഞ്ഞിയോ ആയിരുന്നു അടയാളം. മലക്കുകളെ അനുകരിച്ചു നിങ്ങളും കുതിരകൾക്ക് അടയാളം വയ്ക്കൂ എന്ന് നബി ﷺ സ്വഹാബികളോട് പറഞ്ഞു വയ്ക്കുന്ന രീതി ആരംഭിച്ചത് തന്നെ ബദ്റിലായിരുന്നുവെന്നാണ് പ്രമാണങ്ങൾ പറയുന്നത്.
മലക്കുകളുടെ സാന്നിധ്യവും സഹായവും പരാമർശിക്കുമ്പോൾ അത് സംബന്ധമായ ഒരു പ്രാമാണിക വായന കൂടി ചേർക്കുന്നത് നന്നായിരിക്കും. പ്രവാചകന്മാർക്ക് പുറമെ, വിശ്വാസികൾക്ക് കൂടി മലക്കുകൾ സാന്നിധ്യവും ആശ്വാസവും നൽകുമെന്നതിനു ഖുർആൻ തന്നെ പ്രമാണമാണ്. നാൽപ്പത്തിയൊന്നാം അധ്യായം മുപ്പത്, മുപ്പത്തിയൊന്ന് സൂക്തങ്ങൾ പകർന്നു നൽകുന്ന ആശയം നോക്കൂ – ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും പിന്നെ അതിലടിയുറച്ചു നില്‍ക്കുകയും ചെയ്തവരുടെയടുത്ത് തീര്‍ച്ചയായും മലക്കുകളിറങ്ങിവന്ന് ഇങ്ങനെ പറയും : “നിങ്ങള്‍ ഭയപ്പെടേണ്ട. ദുഃഖിക്കേണ്ട. നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സ്വര്‍ഗത്തെ സംബന്ധിച്ച ശുഭവാര്‍ത്തയില്‍ സന്തുഷ്ടരാവുക. ഈ ലോകത്തും പരലോകത്തും ഞങ്ങള്‍ നിങ്ങളുടെ ഉറ്റമിത്രങ്ങളാകുന്നു. നിങ്ങള്‍ക്ക് അവിടെ നിങ്ങൾ മോഹിക്കുന്നതൊക്കെ ലഭിക്കും. നിങ്ങള്‍ക്കവിടെ നിങ്ങളാവശ്യപ്പെടുന്നതെന്തും കിട്ടും.“
ബദ്റിലെ മലക്കുകളുടെ സാന്നിധ്യം സൈനിക ഇടപെടൽ എന്നതിലുപരി വിശ്വാസികൾക്കുള്ള ഒരു പരിഗണനയും ആശ്വാസവുമായിരുന്നു. നബി ﷺ ക്കും അനുയായികൾക്കും അല്ലാഹുവിന്റെ പ്രീതിക്കും അവന്റെ മതത്തെ സഹായിച്ചതിനുള്ള പ്രതിഫലത്തിനും വഴിയൊരുക്കുകയായിരുന്നു ബദ്ർ. എല്ലാ നിർവഹണത്തിന്റെയും ആത്യന്തികാധികാരം അല്ലാഹുവിനു മാത്രമാണ്. ചിലപ്പോൾ ഒരു മലക്കിലൂടെ ഒരു ജനതയെ മുഴുവൻ നശിപ്പിക്കും. ലൂഥ് പ്രവാചകന്റെ(അ) ജനതയെയും ഏഴു പട്ടണങ്ങളെയും അതിലെ സർവതിനെയും കീഴ്മേൽ മറിച്ചു നശിപ്പിക്കാൻ ജിബ്‌രീലി(റ)ന്റെ ഒരു ചിറകടി മാത്രമേ പ്രയോഗിച്ചുള്ളൂ. അല്ലാഹുവിന്റെ തീരുമാനം അങ്ങനെയായിരുന്നു.
അതുപോലെ എന്താ ഇവിടെ ചെയ്യാതിരുന്നത് എന്ന് ചോദിക്കാൻ ന്യായമില്ല. കാരണം, പരമമായ അധികാരത്തിലും കാല ഭേദമില്ലാത്ത ജ്ഞാനത്തിന്റെ അടിസ്ഥാനത്തിലും അല്ലാഹു നിശ്ചയിച്ചത് എന്നു മാത്രമേ അതിനു മറുപടി പറയാനാവൂ.
ബദ്റിൽ മലക്കുകൾ അവതരിച്ച ഇടത്തെക്കുറിച്ച് ഡോക്ടർ അബ്ദു യമാനി എഴുതുന്നതിങ്ങനെയാണ് : ഞാൻ ബദ്റിലെ പോർക്കളവും പരിസരവുമെല്ലാം സന്ദർശിച്ചു. അപ്പോൾ മദീനയിലേക്ക് സഞ്ചരിക്കുന്നവരുടെ ഇടതു ഭാഗത്തു വരുന്ന ഒരു നീണ്ട മല. അതിനോട് ചേർന്നു അൽ മസ്സ് എന്നു പേരുള്ള ഒരു ഇടവഴിയുണ്ട്. ഇവിടെനിന്നാണ് അബൂസുഫ്‌യാൻ തന്റെ സംഘത്തെയും കൊണ്ട് രക്ഷപ്പെട്ടത്. ഷെയ്ഖ് ബാക്കി ഷമീൽ ഈ പർവതത്തെയാണ് മലക്കുകൾ അവതരിച്ച പർവതമായി അഭിപ്രായപ്പെട്ടത്. ഇതേ ധാരണ പലരും പിന്തുടർന്നിട്ടുമുണ്ട്. എന്നാൽ പടക്കളത്തിന്റെ വലതു ഭാഗത്തെ കുന്നിന്മേലായിരുന്നു എന്നു സ്വീകാര്യമായ നിവേദനമുണ്ട്. മേല്പറയപ്പെട്ട മലയ്ക്ക് ‘മലക്കുകളുടെ പർവതം’ എന്നു വരാൻ ഒരു കാരണം ഇനിപ്പറയുന്നതാകാം. അഥവാ, ‘മേഘത്തിനുള്ളിൽ നിന്നു ഗിഫാർ ഗോത്രക്കാരനായൊരാളും അയാളുടെ ബന്ധുവും മലക്കുകളെ വീക്ഷിച്ച സ്ഥലം’ എന്നതായിരിക്കും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
