
അഹങ്കാരത്തിന് പുറമേ അബൂജഹലിന് ഒരു വിചാരം കൂടിയുണ്ടായിരുന്നു. മുസ്‌ലിംകൾ ഭീരുക്കളായിരിക്കും. കച്ചവടസംഘം വഴിമാറി രക്ഷപ്പെട്ടു എന്നറിഞ്ഞാൽ അവർ മദീനയിലേക്ക് മടങ്ങിക്കൊള്ളും. മക്കയിൽ നിന്ന് പുറപ്പെട്ട സൈന്യത്തിന്റെ വലുപ്പവും പ്രൗഢിയും ഇതിനകം അറിഞ്ഞിട്ടുണ്ടാകും. അതുകൊണ്ട് അവരൊരിക്കലും ഒരു യുദ്ധത്തിന് മുതിരുകയില്ല. നമുക്ക് പെരുമ്പറയടിച്ച് പ്രതാപമൊന്നുകൂടിയുയർത്തി മക്കയിലേക്ക് പോകാം. പഴയ പ്രതാപത്തിലേക്കു തന്നെ മടങ്ങാം. ഗോത്രങ്ങളുടെ മേൽ നമുക്കുണ്ടായിരുന്ന മേൽക്കോയ്മ ഇനിയും തുടരാം. ഇങ്ങനെ തുടരുന്നു അബൂജഹലിന്റെ ആഭ്യന്തര വിചാരങ്ങൾ.
മറുഭാഗത്ത് നബി ﷺ ക്കും അനുയായികൾക്കും ചില ദൗത്യങ്ങൾ നിറവേറ്റേണ്ടിയിരുന്നു. അതിങ്ങനെ വായിക്കാം. ഖുറൈശികളെ ഇനിയും ഈ ഹുങ്കിലും ആഢ്യത്ത ത്തിലും വിട്ടുകൊടുക്കുന്നത് യുക്തിയായിരുന്നില്ല. അല്ലാഹുവിൽ നിന്നുള്ള സഹായം വാഗ്ദാനം ചെയ്തിരിക്കെ, ഒന്നുകിൽ കച്ചവടസംഘം; അല്ലെങ്കിൽ സൈനിക വിജയം. രണ്ടാലൊന്നു നേടിയിട്ടേ മടങ്ങേണ്ടതുണ്ടായിരുന്നുള്ളൂ. ഖുറൈശികളുമായി മുഖാമുഖം നേരിടാതെ പോകുന്ന പക്ഷം മദീനയിൽ സന്ധിയിൽക്കഴിയുന്ന ഇസ്‌ലാമേതര ഗോത്രങ്ങളും ജൂത ക്രൈസ്തവ സംഘങ്ങളും വിധേയത്വത്തിൽ നിന്ന് മാറി ഇവർ അശക്തരാണെന്ന് കരുതി ഒരു കൈയേറ്റത്തിന് ശ്രമിച്ചേക്കാം. അത് വീണ്ടും മദീനയ്ക്കും വിശ്വാസികൾക്കും ഭീഷണിയായി ഉയർന്നേക്കും.
കൃത്യമായ ന്യായങ്ങളുടെ മേൽ ഒരു പ്രതിരോധത്തിന് തയ്യാറെടുക്കുന്ന മുസ്‌ലിം സംഘവും വ്യക്തമായ അഹങ്കാരത്താൽ പോർവിളി നടത്തുന്ന ഖുറൈശീ സംഘവുമാണ് ബദ്റിൽ എത്തിനിൽക്കുന്നത്. ഉത്തമമായിക്കാണുന്ന ഒരു മഹദ് വിശ്വാസത്തിനായി ജന്മനാടും ഉറ്റവരെയും ഉടയവരെയും എല്ലാമുപേക്ഷിച്ച് നാനൂറിലേറെ കിലോമീറ്റർ വിദൂരത്ത് വന്ന് സമാധാനപരമായി മുന്നോട്ട് പോയിരുന്ന ഒരു സംഘം. തങ്ങളോട് വിയോജിച്ചവർ ഇനിയുണ്ടാകാൻ പാടില്ലെന്നു കരുതി അഭയം തേടിയ നാട്ടിലും സ്വസ്ഥമായി ജീവിച്ചു കൂടെന്നു കരുതി നശിപ്പിക്കാനിറങ്ങിയ ശത്രു പക്ഷം. ഇവർക്കു മുകളിലായിരുന്നു യുദ്ധത്തിന്റെ കാർമേഘം ഉരുണ്ടു കൂടിയത്.
നാമെന്തിനീ പോരിനിറങ്ങണം ? നമ്മുടെ കച്ചവട സംഘം രക്ഷപ്പെട്ട് മക്കയിലെത്തിയില്ലേ? നമുക്കാന്നും നഷ്ടപ്പെട്ടിട്ടില്ലല്ലോ? ഇങ്ങനെയെല്ലാം ചിന്തിക്കുന്നവർ ഖുറൈശീ പക്ഷത്തും ഉണ്ടായിരുന്നു. ഖുറൈശികളുടെ നേതാക്കളിൽത്തന്നെ ഇത്തരം ചിന്തകൾ കടന്നു കൂടിയിരുന്നു.
മക്കയിലേക്ക് മടങ്ങിപ്പോരാൻ പറഞ്ഞിട്ടും മുന്നോട്ടു തന്നെ നീങ്ങാൻ തീരുമാനിച്ച അബൂജഹലിന്റെ നിലപാട് അബൂസുഫ്‌യാൻ അറിഞ്ഞു. ഖൈസ് ബിൻ ഇംരി ഉൽ യൈസാണ് വിവരം പങ്കുവച്ചത്. ഉടനെ അബൂസുഫ്‌യാൻ പറഞ്ഞു. അഹോ! നമ്മുടെയാളുകളുടെ കഷ്ടം! ആ അംറ് ബിൻ ഹിഷാമിൻ്റെ പണിയാണിത്. അവൻ മടങ്ങാൻ കൂട്ടാക്കാത്തതാണ്, ഉറപ്പ്! അവൻ നേതൃത്വം നൽകുന്ന ജനങ്ങളോട് അക്രമമാണ് അവൻ കാണിക്കുന്നത്. അപശകുനവും അപരാധവുമാണിത്, ഉറപ്പ്! മുഹമ്മദും ﷺ സംഘവും നമ്മുടെ സംഘത്തെയെങ്ങാനും നേരിട്ടാൽ മക്കയിലേക്കു മടക്കിയെത്തിക്കുന്നത് വരെ അവർ പിന്തുടരും.
ഖുറൈശികൾ ആഭ്യന്തരമായി സമ്മർദത്തിലായിയെന്നതിന്റെ മറ്റൊരു ചിത്രം കൂടി നമുക്കു കാണാം. ബനൂ സഹ്റ ഗോത്രത്തിന്റെ സഖ്യകക്ഷിയും പ്രമുഖ നേതാവുമായിരുന്നു ഉബയ്യ് ബിൻ ശുറൈഖ്. അയാൾ ബനൂസഹ്റ ഗോത്രക്കാരെ സമീപിച്ചു പറഞ്ഞു. ”നിങ്ങളുടെ സമ്പത്ത് ദൈവം രക്ഷപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ പ്രതിനിധി മഖ്റമതു ബിൻ നൗഫലും അപായമൊന്നുമില്ലാതെ എത്തിച്ചേർന്നിരിക്കുന്നു. ഇനി നമ്മുടെ പ്രശ്നം അപമാനമാണ്. അത് എന്റെ ചുമലിൽ വച്ചോളൂ. ഇവൻ അഥവാ, അബൂ ജഹൽ പറയുമ്പോലെയല്ല കാര്യങ്ങൾ. നിങ്ങൾക്ക് ഒരു ഉപകാരവുമില്ലാത്ത ഒരു കാര്യത്തിന് നിങ്ങളെന്തിന് പോവണം. നിങ്ങൾ നാട്ടിലേക്ക് മടങ്ങിക്കോളൂ.” ബനൂ സഹ്റക്കാർ കാര്യം മനസ്സിലാക്കി. അവർ നാട്ടിലേക്കു തന്നെ മടങ്ങി. അന്നു മുതൽ ഉബയ്യിന്റെ പേര് മാറി. പിന്മാറിയവൻ അഥവാ അഖ്നസ് ബിൻ ശുറൈഖ് എന്നായി.
