
ഇനി നമുക്ക് ഖുറൈശികൾ എവിടെയെത്തിയെന്ന് നോക്കാം. ആഘോഷപൂർവം പുറപ്പെട്ട അവർ ഓരോ ദിവസവും സുലഭമായി ഭക്ഷണങ്ങൾ തയ്യാർ ചെയ്തു. ‘മർറുള്ളഹ്റാൻ’ എന്ന സ്ഥലത്തെത്തിയപ്പോൾ അബൂജഹൽ പത്ത് ഒട്ടകങ്ങളെയറുത്തു. പക്ഷേ, അവിടെ ഒരു സംഭവമുണ്ടായി. കൂട്ടത്തിൽ നിന്നൊരൊട്ടകം മരണവെപ്രാളത്തിൽ പാഞ്ഞു. ആളുകൾ താമസിക്കുന്ന ടെൻ്റുകളിലൂടെ രക്തം ചീറ്റി. ഇതൊരു അവലക്ഷണമായിക്കണ്ട് ബനൂഅദിയ്യ് ഗോത്രക്കാർ അവിടെ നിന്നു നാട്ടിലേക്ക് മടങ്ങി.
ബദ്റിലേക്കുള്ള ഖുറൈശികളുടെ യാത്ര പത്തു നാളുകളാണ് നീണ്ടു നിന്നത്. ഓരോ ദിവസവും ഓരോ സ്ഥലത്ത് വച്ച് അറുത്ത ഒട്ടകങ്ങളുടെ കണക്ക് ഇങ്ങനെ വായിക്കാം. ഉസ്ഫാനിൽ വച്ച് ഉമയ്യത്ത് ബിൻ ഖലഫ് ഒൻപത്. ഖദീദിൽ വച്ച് സുഹൈൽ ബിൻ അംറ് പത്ത്. ശൈബത് ബിൻ റബീഅ: മനാതിൽ വച്ച് ഒൻപത്. അവിടെ യാത്രാ സംഘം ഒരു ദിവസം താമസിച്ചു. ഉത്ബത് ബിൻ റബീഅ: ജുഹ്ഫയിൽ വച്ച് പത്ത്. മഖീസ് ബിൻ ഉമർ അബവാഇൽ വച്ച് ഒൻപത്. ഏഴാം ദിവസം ഹജ്ജാജിന്റെ പുത്രന്മാരായ നബീഹും മുനബ്ബിഹും കൂടി പത്ത്. എട്ടാമത്തെയും ഒൻപതാമത്തെയും ദിവസങ്ങളിൽ ക്രമപ്രകാരം അബ്ബാസ് ബിൻ അബ്ദുൽ മുത്വലിബ് പത്തും ഹാരിസ് ബിൻ അംറ് ബിൻ നൗഫൽ ഒൻപതും ഒട്ടകങ്ങളെയറുത്തു. പത്താം ദിവസം ബദ്റിൽ വച്ച് അബുൽ ബുഖ്തിരി പത്ത് ഒട്ടകങ്ങളെയും അറുത്തു.
സംഘം ജുഹ്ഫയിൽ എത്തിയപ്പോൾ ചില സംഭവങ്ങളുണ്ടായി. മുത്വലിബ് ഗോത്രക്കാരനായ ജുഹൈമ് ബിൻ സ്വലത് എന്നയാൾ ഒരു സ്വപ്നം കണ്ടു. കുതിരപ്പുറത്ത് ഒരാൾ വരുന്നു. അയാൾക്കൊപ്പം മറ്റൊരൊട്ടകം കൂടിയുണ്ട്. എന്നിട്ടയാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ഉത്ബതു ബിൻ റബീഅ: വധിക്കപ്പെട്ടു. ശൈബത് ബിൻ റബീഅ: വധിക്കപ്പെട്ടു. അബുൽ ഹകം ബിൻ ഹിഷാം വധിക്കപ്പെട്ടു. അങ്ങനെ ഖുറൈശീ പ്രമാണിമാരെ പേരെടുത്തെണ്ണി വധിക്കപ്പെട്ടു എന്നു പറഞ്ഞു. തുടർന്ന് തന്റെ ഒട്ടകത്തിന്റെ പൂഞ്ഞയിൽ ആഞ്ഞൊരു വെട്ടു കൊടുത്തു. എന്നിട്ട് ഖുറൈശികളുടെ ക്യാമ്പിലേക്ക് അതിനെ പായിച്ചു വിട്ടു. ഈ ഒട്ടകത്തിൽ നിന്ന് രക്തം ഒന്നൊഴിയാതെ എല്ലാ തമ്പിലും തെറിച്ചു വീണു.
ഈ സ്വപ്ന വിവരണം കേട്ടതും അബൂ ജഹൽ പരിഹാസപൂർവം ചിരിച്ചു. എന്നിട്ട് പറഞ്ഞു. “ഓ! അബ്ദുൽ മുത്വലിബിന്റെ കുടുംബത്തിൽ നിന്ന് ഒരു പ്രവാചകൻ കൂടി വന്നിരിക്കുന്നു. നാളെക്കാണാം, പോരാട്ടത്തിൽ ആരാണ് വധിക്കപ്പെടുകയെന്ന് “.
ജുഹൈമിനെ പിശാച് ബാധ ആരോപിച്ച് കൂട്ടുകാർ കളിയാക്കി.
തൊള്ളായിരത്തി അൻപതിനും ആയിരത്തിനും ഇടയിൽ അംഗബലം. എഴുന്നൂറ്റി അൻപത് ഒട്ടകങ്ങളും നൂറുകുതിരകളും. കാലാൾ പടയ്ക്കും അശ്വഭടന്മാർക്കും പടയങ്കികൾ. ഇതെല്ലാം സജ്ജീകരിച്ച് മുന്നോട്ട് പോകുന്ന ഒരു ശക്തമായ സൈന്യത്തിന്റെ നേതാവിന് ഈ സ്വപ്നം ഒരു തമാശയായിത്തോന്നി.
പക്ഷേ, ആത്വിഖയുടേയും ജുഹൈമിന്റെയും സ്വപ്നങ്ങൾ ഖുറൈശീ പടയിലെ ചിലരെയെങ്കിലും സ്വാധീനിച്ചു. പ്രത്യേകിച്ചും മുത്വലിബ് കുടുംബത്തിലെ പലരെയും അത് ആശങ്കപ്പെടുത്തി. പക്ഷേ, സംഘത്തിലെ നേതാക്കളെ ഭയന്നും നാണക്കേട് വിചാരിച്ചും പിന്തിരിഞ്ഞ് പോകാൻ കഴിഞ്ഞില്ല.
അതിനിടയിൽ മറ്റൊരു സുപ്രധാനമായ സംഭവം കൂടിയുണ്ടായി. ജുഹ്ഫയിൽ വച്ച് തന്നെ ഖുറൈശീ കച്ചവട സംഘത്തിന്റെ മേധാവി അബൂ അബൂസുഫ്‌യാന്റെ ദൂതനെ ഖുറൈശീ സൈന്യം കണ്ടുമുട്ടി. കച്ചവട സംഘം സുരക്ഷിതമായി മക്കയിലെത്തിയെന്ന വിവരം അദ്ദേഹം അറിയിച്ചു. പടച്ചവന്റെ കൃപയാൽ ഞങ്ങൾ സുരക്ഷിതമായി മക്കയിലെത്തിയെന്നും നിങ്ങൾ കുഴപ്പങ്ങൾക്ക് നിൽക്കാതെ മടങ്ങി വരണമെന്നുമുള്ള അബൂ അബൂസുഫ്‌യാന്റെ സന്ദേശവും ദൂതൻ കൈമാറി. പക്ഷേ, ഖുറൈശീ നേതാക്കളുടെ അഹങ്കാരം അവരെ പിന്മാറാൻ അനുവദിച്ചില്ല. അബൂജഹൽ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. “ദൈവമാണെ! ഞങ്ങൾ പിന്നോട്ടില്ല. സംഘം മൂന്ന് നാളുകൾ ബദ്റിൽ ചെന്ന് തമ്പടിച്ചു. ഒട്ടകങ്ങളെയറുത്ത് സദ്യ വിളമ്പി. മദ്യപിച്ച് ലഹരിയിൽ ആറാടി. നർത്തകിമാർ ചുവടുകൾ വച്ചു. സൈന്യം ആനന്ദങ്ങളിൽ അഭിരമിച്ചു.
