
ഇനി നമുക്ക് അൽപ്പസമയം മദീനയിൽ നിന്നുള്ള സംഘത്തോടൊപ്പം സഞ്ചരിക്കാം. ബിഅ്റു അബീ ഉത്ബ എന്ന കിണറ്റിൽ നിന്ന് നബിﷺ വെള്ളം കുടിച്ചു. ശേഷം അതിൽ നിന്നു തന്നെ കുളിച്ചു. തുടർന്ന് അനുയായികളോട് അതിൽ നിന്ന് വെള്ളമെടുക്കാൻ കൽപ്പിച്ചു. മുന്നൂറ്റിപ്പത്തിൽ പരം അനുചരരോടൊപ്പം അവിടുന്ന് യാത്ര തുടർന്നു. ബദ്റിൽ പങ്കെടുത്ത സ്വഹാബികളുടെ എണ്ണത്തെക്കുറിച്ച് അഭിപ്രായാന്തരങ്ങളുണ്ട്. ബദ്റിലേക്ക് പുറപ്പെട്ടെങ്കിലും മാർഗതടസ്സങ്ങളാൽ എത്തിച്ചേരാത്തവർ, യുദ്ധത്തിൽ പങ്കെടുത്തില്ലെങ്കിലും ഗനീമത് അഥവാ, സമരാർജിത സ്വത്തിന് അവകാശപ്പെട്ടവർ എന്നിവരെ എണ്ണുകയോ എണ്ണാതിരിക്കുകയോ ചെയ്തപ്പോഴാണ് എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ വന്നത്. ‘റൗഹാഅ’ എന്ന സ്ഥലത്തെത്തിയപ്പോൾ നബിﷺ അനുയായികളെ എണ്ണി നോക്കി. അപ്പോൾ അംഗബലം മുന്നൂറ്റിപ്പതിമൂന്നായിരുന്നു. അപ്പോൾ അവിടുന്ന് സന്തോഷപൂർവം പറഞ്ഞു; “ഖുർആൻ പരിചയപ്പെടുത്തിയ താലൂത്തിനൊപ്പം പുഴകടന്നവരുടെ എണ്ണമാണല്ലോ ഇത്.
താലൂത്തിനൊപ്പം പുഴകടന്നവരെല്ലാം വിശ്വാസികളായിരുന്നു “.
ബദ്റിൽ ശാരീരികമായി സാന്നിധ്യമില്ലായിരുന്നെങ്കിലും ബദ്‌രീങ്ങളിൽ എണ്ണപ്പെടുന്ന പ്രമുഖനാണ് ഉസ്മാൻ (റ). അവിടുത്തെ പത്നിയും നബിﷺയുടെ മകളുമായ റുഖിയ്യ:(റ) രോഗിണിയായതിനാൽ പരിചരണത്തിനായി മദീനയിൽത്തന്നെ നിൽക്കേണ്ടി വന്നു. അത് നബിﷺയുടെ നിർദേശപ്രകാരമായിരുന്നു. ആ രോഗത്തിൽ തന്നെ മഹതി മരണപ്പെടുകയും ചെയ്തു. ഉസ്മാൻ (റ) തന്നെ വസൂരി ബാധിതനായിരുന്നതിനാലാണ് എന്ന ഒരഭിപ്രായവും നിവേദനങ്ങളിൽക്കാണാം. ബദ്റിൽ പങ്കെടുത്തതിൻ്റെ പ്രതിഫലവും വിഹിതവും ഉസ്മാനി (റ)നുണ്ടെന്ന് നബിﷺ തന്നെ പ്രസ്താവിച്ചു.
അൻസ്വാരിയായ അബൂ ഉമാമത് ബിൻ സഅ്ലബ:(റ)യുടെ കഥയും സമാനമായിരുന്നു. അദ്ദേഹം ബദ്റിലേക്ക് പുറപ്പെടാൻ റെഡിയായിരുന്നു. പക്ഷേ, നബിﷺ യുടെ നിർദേശപ്രകാരം രോഗിണിയായ ഉമ്മയ്ക്ക് വേണ്ടി മദീനയിൽ നിന്നു. ആ രോഗത്തിൽ ഉമ്മ മരണപ്പെടുകയും ചെയ്തു. നബിﷺ അവരുടെ ഖബ്റിനു സമീപം ജനാസ നിസ്കരിച്ചു.
സഈദുബിൻ സൈദും(റ) ത്വൽഹത് ബിൻ അബ്ദില്ല (റ)യും ഇപ്രകാരം തന്നെ ബദ്ർ പോരട്ടഭൂമിയിൽ ഉണ്ടായിരുന്നില്ല. അവർ അബൂസുഫ്‌യാന്റെ ഖാഫിലയെ അന്വേഷിച്ചു പോയവരായിരുന്നു. അവർ ദൗത്യം കഴിഞ്ഞു നബിﷺ മദീനയിലായിരിക്കും എന്നു കരുതി മദീനയിലേക്ക് പോയി. അവിടുന്ന് വിവരമറിഞ്ഞ് ബദ്റിലേക്ക് തിരിച്ചു. വഴിയിലെത്തിയപ്പോഴേക്കും നബിﷺയും സംഘവും ബദ്റ് കഴിഞ്ഞ് തിരിച്ചു വരുകയായിരുന്നു. വഴിമധ്യേ , കണ്ടുമുട്ടി. അവർക്ക് വിഹിതം നൽകി. അവർ പറഞ്ഞു; “ഞങ്ങൾക്ക് ബദ്‌രീങ്ങളുടെ പ്രതിഫലവും വേണം “. നബിﷺ അതംഗീകരിച്ചു നൽകി.
റൗഹാഅ എന്ന സ്ഥലത്ത് നിന്ന് അബൂ ലുബാബ അബ്ദുൽ മുൻദിറി (റ)നെ നബിﷺ മദീനയിലേക്ക് തന്നെ തിരിച്ചയച്ചു. നബിﷺയുടെ പ്രതിനിധിയായി അവിടെയുണ്ടാകാൻ വേണ്ടിയായിരുന്നു. അതുപോലെ ഖുബാഇലെയും പരിസര പ്രദേശത്തെയും പ്രാതിനിധ്യം ഏൽപ്പിച്ച് ആസിമു ബിൻ അദിയ്യി (റ)നെയും തിരിച്ചയച്ചു. മദീനയിൽ നിസ്ക്കാരങ്ങൾക്ക് നേതൃത്വം നൽകാൻ അബ്ദുല്ലാഹിബിൻ ഉമ്മി മക്തൂമി (റ)നെ നേരത്തെത്തന്നെ നിശ്ചയിച്ചിരുന്നു. അംറ് ബിൻ ഔഫി (റ)നെയും സന്താനങ്ങളെയും സംബന്ധിച്ച വിവരാന്വേഷണത്തിനായി ഹാരിസ് ബിൻ അംറിനെയും നബിﷺ റൗഹാഇൽ നിന്നു തന്നെ തിരിച്ചയച്ചു. ഖവ്വാത് ബിൻ ജുബൈറും (റ) ഹാരിസ് ബിൻ സ്വിമ്മ (റ)യും പരുക്കേറ്റതിനാൽ മടങ്ങിപ്പോയതും ഇവിടെ നിന്നായിരുന്നു.
പാമ്പുകടിയേറ്റ് വിഷബാധിതനായതിനാൽ സഅ്ദ്ബിൻ ഉബാദ (റ)യ്ക്ക് ബദ്റിൽ പങ്കെടുക്കാനായില്ല. അൻസ്വാരികളുടെ വീടുകൾക്കയറി ബദ്റിലേക്ക് അംഗങ്ങളെ സംഘടിപ്പിച്ച വ്യക്തിയായിരുന്നു അവിടുന്ന്. അദ്ദേഹത്തിൻ്റെ താത്പ്പര്യം നബിﷺ പ്രത്യേകം എടുത്ത് പറഞ്ഞിരുന്നു.
അനസ്ബിൻ മാലിക് (റ) ചെറുപ്പമായിരുന്നതിനാൽ ബദ്റിൽ പങ്കെടുത്തിരുന്നോ എന്നതിൽ വിവിധ അഭിപ്രായങ്ങളുണ്ട്. അബ്ദുല്ലാഹിബിന് അംറ് (റ), ജഅ്ഫർ ബിൻ അബീത്വാലിബ്(റ) എന്നിവർക്ക് നബിﷺ വിഹിതം നൽകിയിരുന്നു.
ഈ പറയപ്പെട്ടവരെ ഉൾപ്പെടുത്തിയും അല്ലാതെയുമുള്ള ഗണനകളാണ് ബദ്‌രീങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള അഭിപ്രായാന്തരങ്ങളുടെ അടിസ്ഥാനം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
