
മുത്ത് നബി ﷺ മദീനയിലെ ആഭ്യന്തര സജ്ജീകരണങ്ങൾ ക്രമാനുഗതമായി ചിട്ടപ്പെടുത്തി. മക്കയിൽ നിന്നു വന്ന ഏകദേശം നൂറ്റിയെൺപതോളം കുടുംബങ്ങളെ വ്യവസ്ഥാപിതമായി മദീനയിലെ കുടുംബങ്ങളുമായി സമന്വയിപ്പിച്ചു. അതോടെ മദീന പ്രവേശത്തിന്റെ ഒന്നാംവർഷം തന്നെ നാനൂറോളം കുടുംബനാഥന്മാർ ഇസ്‌ലാം വ്യവസ്ഥിതിയുടെ സാമൂഹിക ഗാത്രത്തിൽ അംഗങ്ങളായിക്കഴിഞ്ഞു. അന്നത്തെ ആകെ ജനസംഖ്യയുടെ ഒരു പ്രാഥമിക ചിത്രം പകർന്നു തരുന്ന നിവേദനം ഇപ്രകാരം വായിക്കാം : “ഹുദൈഫത്തുബിനുൽ യമാൻ പറയുന്നു; ഇസ്‌ലാം അംഗീകരിച്ചയാളുടെ പേരുകൾ എഴുതിത്തരാൻ നബി ﷺ ഞങ്ങളോട് ആവശ്യപ്പെട്ടു. അന്ന് ഞങ്ങൾ ആയിരത്തിയഞ്ഞൂറ് വ്യക്തികളുടെ പേരുകൾ എഴുതിക്കൊടുത്തു. ‘ഇസ്‌ലാം സമൂഹത്തിലെ ആദ്യത്തെ സെൻസസ് ‘ – ആയി ഗണിക്കാവുന്നതായിരുന്നു ഈ ദൗത്യം.
നബി ﷺ യുടെ ആഗമന കാലത്തും പ്രവർത്തന കാലത്തും വിയോഗ കാലത്തും മദീനയിൽ ജൂതന്മാരുണ്ടായിരുന്നു. അവരോടുള്ള സഹവാസങ്ങൾക്കും സഹകരണങ്ങൾക്കും വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു ഇസ്‌ലാമിന്.
മദീനയിലെ ജൂതന്മാര്‍ മുഖ്യമായും ബനൂ ഖൈനുഖാഅ്, ബനൂനളീര്‍, ബനൂ ഖുറൈള എന്നിങ്ങനെ മൂന്ന് ഗോത്രങ്ങളായിരുന്നു. ഇതില്‍ ആദ്യ ഗോത്രം മദീനയിലെ അടിസ്ഥാന ഗോത്രമായ ഖസ്‌റജികളുമായും മൂന്നാമത്തെ ഗോത്രം ഔസികളുമായും സഖ്യം ഉണ്ടാക്കിയിരുന്നു. ഔസും ഖസ്റജും ഗോത്രങ്ങൾ തമ്മിൽ പോരടിച്ചിരുന്നത് പോലെ ജൂതന്മാര്‍ തമ്മില്‍ത്തമ്മിലും ആഭ്യന്തര യുദ്ധങ്ങള്‍ നടന്നിട്ടുണ്ടാവണം. അതുകൊണ്ടാവുമല്ലോ പരസ്പരം ശത്രുത പുലര്‍ത്തുന്ന രണ്ട് അറബ് ഗോത്രങ്ങളുമായി അവര്‍ സഖ്യമുണ്ടാക്കിയത്. ഭാഷാപരമായിപ്പറഞ്ഞാല്‍, ‘ഖൈനുഖാഅ്’ എന്ന വാക്കിന്റെ അര്‍ഥം സ്വര്‍ണപ്പണിക്കാരന്‍ എന്നാണ്. ‘നളീര്‍’ എന്നാല്‍ ഇലകളുടെ പ്രസാദാത്മകത അഥവാ കാർഷികവൃത്തിയെ ഉണർത്തുന്ന പേരായിരുന്നു. ‘ഖുറൈള’ എന്നത് തോല് ഊറക്കിടുന്നവര്‍ ഉപയോഗിക്കുന്ന ഒരുതരം സസ്യമാണ്. ഈ പേരുകള്‍ ഈ ഗോത്രങ്ങളുടെ മുഖ്യതൊഴിലുകളിലേക്ക് സൂചന നല്‍കുന്നുണ്ടെന്ന് അനുമാനിക്കാവുന്നതാണ്. ഏറ്റവും ചുരുങ്ങിയത് മദീനാ പലായനം നടക്കുമ്പോഴെങ്കിലും ഇതായിരിക്കാം അവസ്ഥ. ഒപ്പം ഈ ജൂത ഗോത്രങ്ങള്‍ കച്ചവടക്കാരുമായിരുന്നതിനാല്‍ ഭക്ഷണ സാധനങ്ങള്‍ ഇറക്കുമതി ചെയ്ത് വില്‍പ്പന നടത്തിയിരുന്നു. ബാങ്കര്‍മാരായും അവര്‍ പ്രവര്‍ത്തിച്ചിരുന്നു.
ആപേക്ഷികമായി, കുറഞ്ഞ തോതിൽ മദീനയിൽ ക്രിസ്ത്യാനികളുമുണ്ടായിരുന്നു. ഔസ് ഗോത്രക്കാരനായ അബൂ ആമിര്‍ എന്നൊരാള്‍ ക്രിസ്തുമതം സ്വീകരിച്ച് പുരോഹിതനായെന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ മകന്‍ ഹന്‍ളല: അടിയുറച്ച മുസ്‌ലിമായിരുന്നു. ഉഹുദ് യുദ്ധത്തില്‍ രക്തസാക്ഷിയായ അദ്ദേഹത്തിന് ‘മലക്കുകൾ കുളിപ്പിച്ചൊരുക്കിയ വ്യക്തി-ഗസീലുല്‍ മലാഇകഃ’ എന്നൊരു അപരാഭിധാനമുണ്ട്. ഇസ്‌ലാമിനോട് ശത്രുത പുലര്‍ത്തിയ അബൂ ആമിര്‍ തന്റെ പതിനഞ്ചോളം അനുയായികളുമായി മദീന വിടുകയും ഉഹുദ് യുദ്ധത്തില്‍ മക്കക്കാരോടൊപ്പം ചേരുകയും ചെയ്തു. പ്രതീക്ഷ നഷ്ടപ്പെട്ട അദ്ദേഹം പിന്നീട് ഒരു ബൈസാന്റിയന്‍ പ്രദേശത്ത് താമസമാക്കി. ബൈസാന്തിയക്കാര്‍ക്കെതിരെ പ്രവാചകന്‍ തബൂക്കിലേക്ക് പടനയിക്കുന്ന അവസരം മുതലെടുത്ത്, ബൈസാന്തിയന്‍ സൈന്യം മദീന ആക്രമിക്കുമെന്ന് അബൂ ആമിര്‍ മദീനയിലെ കപട വിശ്വാസികളെ വിശ്വസിപ്പിച്ചു. കപടന്മാര്‍ക്ക് ഒത്തുചേരാന്‍ മദീനയിലെ ഖുബാ പള്ളിക്ക് അടുത്തുതന്നെ ഒരു വിനാശത്തിന്റെ പള്ളിയുണ്ടാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഈ നീക്കം മണത്തറിഞ്ഞ പ്രവാചകന്‍ ﷺ എതിരാളികളുടെ ആ സമാന്തര കെട്ടിടം സമൂഹ സുരക്ഷയുടെ ഭാഗമായി പൊളിച്ചുകളയാന്‍ ഉത്തരവിട്ടു. രണ്ടു വര്‍ഷത്തിനു ശേഷം ‘ഹെറാക്ലിയസിന്റെ നാട്ടില്‍’ വച്ച് അദ്ദേഹം മരണപ്പെട്ടു. ഇത്രയും കാര്യങ്ങള്‍ മാത്രമേ മദീനയിലെ ക്രിസ്തു മതത്തെക്കുറിച്ച് രേഖപ്പെടുത്താനുള്ളൂ. മറ്റു മതാനുയായികള്‍ ഇസ്‌ലാം വന്നെത്തുന്നതിന് മുമ്പും മദീനയില്‍ തീര്‍ത്തും ഇല്ലായിരുന്നെന്ന് പറയാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
