
ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം : “നബി ﷺ പറഞ്ഞു: ഈ൪, ഥൗ൪ എന്നീ പർവതങ്ങള്‍ക്കിടയിലുള്ള മദീനയുടെ പ്രദേശങ്ങളെല്ലാം പവിത്രമാകുന്നു. അവിടെ വച്ച് ആരെങ്കിലും ബിദ്അത്ത് അഥവാ, ദീനിൽ അടിസ്ഥാനമില്ലാത്ത പുതിയ കാര്യം ചെയ്യുകയോ അതു ചെയ്യുന്നവ൪ക്ക് അഭയം നല്‍കുകയോ ചെയ്താല്‍ അവന്റെ മേല്‍്് അല്ലാഹുവിന്റെയും മലക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപമുണ്ടായിരിക്കുന്നതാണ്. അവൻ നിർവഹിച്ച ഫർളോ സുന്നത്തോ അന്ത്യനാളിൽ സ്വീകരിക്കപ്പെടുകയില്ല”.
മദീനയിൽ പള്ളി മാത്രമല്ല, മദീനയിലെ വിശാലമായ പ്രദേശം മുഴുവൻ ഹറം അഥവാ, പുണ്യഭൂമിയാണെന്നാണ് ഹദീസ് നമ്മെ ഉദ്ബോധിപ്പിക്കുന്നത്. മദീന നിവാസികൾക്കുള്ള മഹത്വം പറയുന്നത് നോക്കൂ. ഉബാദത്തുബ്നു സാമിതി (റ)ൽ നിന്ന് ഇമാം ത്വബ്റാനി (റ) ഉദ്ധരിക്കുന്നു. നബി ﷺ പറഞ്ഞു: “അല്ലാഹുവേ, മദീനാ വാസികളെ ആരെങ്കിലും ആക്രമിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുകയാണെങ്കില്‍ നീ അവരെ ഭയം നൽകേണമേ.. അവന്റെ മേൽ അല്ലാഹുവിന്റെയും മലക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപമുണ്ടായിരിക്കുന്നതാണ്. അവന്റെ ഫർളോ സുന്നത്തോ സ്വീകരിക്കപ്പെടുകയുമില്ല.”
ഇവ്വിഷയകമായ ചില ഹദീസുകൾ കൂടി നമുക്ക് വായിക്കാം.
ഒന്ന്, അബൂബക്കറത്ത് (റ) നിവേദനം: “നബി ﷺ പറഞ്ഞു, ലോകം ചുറ്റി സഞ്ചരിക്കുന്ന ദജ്ജാലിനെ സംബന്ധിച്ച ഉൾഭയം മദീനക്കാരെ ബാധിക്കുകയില്ല. അന്ന് മദീനയ്ക്ക് ഏഴ് കവാടങ്ങളുണ്ടായിരിക്കും. ഓരോ കവാടത്തിലും ഈരണ്ട് മലക്കുകള്‍ കാവല്‍ക്കാരായി ഉണ്ടായിരിക്കും “. (ബുഖാരി)
രണ്ട്, അബൂഹുറൈറ (റ)യിൽ നിന്നുള്ള നിവേദനം: “നബി ﷺ പഠിപ്പിച്ചു. മദീനയുടെ പ്രവേശന കവാടങ്ങളില്‍ മലക്കുകള്‍ നില്‍ക്കും. പ്ലേഗോ ദജ്ജാലോ അതില്‍ പ്രവേശിക്കുകയില്ല”.(ബുഖാരി)
മൂന്ന്, അനസ്(റ) നിവേദനം: “നബി ﷺ പ്രസ്താവിച്ചു. ദജ്ജാല്‍ പാദമൂന്നാത്ത ഒരു രാജ്യവുമില്ല. മക്കയും മദീനയും ഒഴികെ. ആ രണ്ടു രാജ്യങ്ങളുടെയും സര്‍വ പ്രവേശന കവാടങ്ങളിലും മലക്കുകള്‍ അണിയണിയായി കാവല്‍ നില്‍ക്കും. ശേഷം മദീന അതിലെ നിവാസികളോട് കൂടി മൂന്ന് പ്രാവശ്യം പ്രകമ്പനം കൊള്ളും. അതിലുള്ള സര്‍വ സത്യനിഷേധികളെയും കപട വിശ്വാസികളെയും അതുവഴി അല്ലാഹു പുറത്തു കൊണ്ടുവരും “. (ബുഖാരി)
നാല്, അബൂസഈദ് (റ)ന്റെ നിവേദനം: “നബി ﷺ ദജ്ജാലിനെക്കുറിച്ച് ദീര്‍ഘമായി ഞങ്ങളോട് സംസാരിച്ചു. ആ കൂട്ടത്തിൽ നബി ﷺ ഞങ്ങളോട് പറഞ്ഞു. ‘ദജ്ജാല്‍ വരും. മദീനാ പ്രവേശം അവന് നിഷിദ്ധമാക്കപ്പെടും. അപ്പോഴവന്‍ മദീനക്കു സമീപം ഒരു ചതുപ്പ് പ്രദേശത്തിറങ്ങും. ഈ സന്ദര്‍ഭം ജനങ്ങളില്‍ നിന്ന് ഉത്തമനായ ഒരാള്‍ ചെന്ന് പറയും. അല്ലാഹുവിന്റെ പ്രവാചകന്‍ ഞങ്ങളോട് അറിയിപ്പ് നൽകിയിട്ടുണ്ട്. അതെ, ദജ്ജാല്‍ തന്നെയാണ് നീയെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അപ്പോള്‍ ദജ്ജാല്‍ (സമീപത്തുള്ളവരോട്) പറയും. ഈ മനുഷ്യനെ ഞാന്‍ മരിപ്പിച്ച് വീണ്ടും ജീവിപ്പിച്ചാല്‍ ഞാന്‍ പറയുന്ന കാര്യത്തില്‍ നിങ്ങള്‍ സംശയിക്കുമോ? ഇല്ലെന്നവര്‍ മറുപടി പറയും. ദജ്ജാല്‍ ആ മനുഷ്യനെക്കൊന്നു വീണ്ടും ജീവിപ്പിക്കും. അപ്പോള്‍ ആ പുനര്‍ജനിച്ച മനുഷ്യന്‍ പറയും: അല്ലാഹു സത്യം. നീ ദജ്ജാലാണെന്ന കാര്യം ഇന്നത്തെപ്പോലെ മറ്റൊരിക്കലും എനിക്ക് ബോധ്യമായിട്ടില്ല. അപ്പോള്‍ ദജ്ജാല്‍ പറയും: ഞാനവനെ കൊന്നു കളയട്ടെ? പക്ഷേ, അദ്ദേഹത്തെക്കൊല്ലാന്‍ അവന് സാധിക്കുകയില്ല”. (ബുഖാരി)
നബി ﷺ മുന്നറിയിപ്പ് നൽകിയത് അപ്രകാരം തന്നെ അന്നത്തെ ആളുകൾക്ക് ബോധ്യമാകും.
മദീനയുടെ പേര് മദീനയെന്നായതിൽപ്പിന്നെ പഴയ പേര് അഥവാ യസ്‌രിബ് എന്ന് പ്രയോഗിക്കരുത് എന്ന് നബി ﷺ തന്നെ ഉദ്ബോധിപ്പിച്ചിട്ടുണ്ട്. ഇമാം അഹ്മദും (റ) മറ്റും ബറാഅ ബിൻ ആസിബിൽ നിന്നുദ്ധരിച്ച ഹദീസിൽക്കാണാം. “നബി ﷺ പറയുന്നു. ആരെങ്കിലും മദീനയെ യസ്‌രിബ് എന്ന് വിളിച്ചാൽ അവൻ അല്ലാഹുവിനാട് പൊറുക്കൽ തേടിക്കൊള്ളട്ടെ. നിശ്ചയും ഇത് ത്വാബയും ത്വൈബയുമാണ് “.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
