Tweet 98

    Tweet 98
    September 20, 2022 • Tuesday
    Post Header

    “ഞാൻ സത്യവിശ്വാസം സ്വീകരിച്ചു. മുഹമ്മദ് നബി ﷺ യുടെ മതം പിൻപറ്റിയിരിക്കുന്നു “.
    “മോനേ, മോന്റെ മതം തന്നെ എന്റേതും. ഞാനും ഇസ്‌ലാം അംഗീകരിക്കുന്നു “. ഉപ്പ പറഞ്ഞു.
    അപ്പോൾ ഞാൻ ഉപ്പയോട് പറഞ്ഞു; “എന്നാൽ അംഗശുദ്ധി വരുത്തി ഒരുങ്ങി വന്നാലും “. വേഗം തന്നെ ഉപ്പ റെഡിയായി വന്നു. ഞാൻ ഇസ്‌ലാമിനെ പരിചയപ്പെടുത്തി. അവിടുന്ന് ഇസ്‌ലാം സ്വീകരിച്ചു. അൽപ്പം കഴിഞ്ഞപ്പോൾ എൻ്റെ സഹധർമിണി അടുത്തേക്ക് വന്നു. ഞാൻ പറഞ്ഞു, “അൽപ്പം വിട്ടുനിൽക്കൂ “.
    “എന്റെ ഉമ്മയും ഉപ്പയും എല്ലാമായ അങ്ങെന്തേ അങ്ങനെ പറയുന്നത് ?”
    ” ഞാൻ മുഹമ്മദ് ﷺ യെ അനുകരിക്കുന്നു. ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു. ഇപ്പോൾ നമ്മൾ തമ്മിൽ ഒക്കുകയില്ല”.
    അവൾ പറഞ്ഞു; “നിങ്ങൾ ഏത് മതത്തിലാണോ അത് തന്നെയാണ് എന്റെയും മതം “.
    ഞാൻ പറഞ്ഞു; “എന്നാൽ നീ ശുദ്ധിവരുത്തി റെഡിയായി വരൂ”.
    അവൾ റെഡിയായി വന്നു. ഞാൻ ഇസ്‌ലാമിനെപ്പരിചയപ്പെടുത്തി. അവൾ ഇസ്‌ലാം ആശ്ലേഷിച്ചു.
    പക്ഷേ, എന്റെ ഉമ്മ അതിന് കൂട്ടാക്കിയില്ല. തുടർന്ന് ഞാൻ ദൗസ് ഗോത്രത്തെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. അവർ ഉദാസീനത കാണിച്ചു. ഞാൻ നബി ﷺ യെ സമീപിച്ചു. എന്നിട്ട് ആവലാതി പറഞ്ഞു. ദൗസ് ജനതയിൽ വ്യഭിചാരം പെരുകിയിരിക്കുന്നു. അവിടുന്ന് അവർക്കെതിരിൽ ഒന്നു പ്രാർഥിക്കണം. നബി ﷺ പറഞ്ഞു “നിങ്ങൾ നാട്ടിലേക്ക് തന്നെ മടങ്ങുക. അവരോട് സൗമ്യമായിപ്പെരുമാറുക “.
    നബി ﷺ മദീനയിലേക്ക് പലായനം ചെയ്യുന്നത് വരെ ഞാൻ നാട്ടിൽത്തന്നെ തുടർന്നു. പിന്നീട് ദൗസിൽ നിന്ന് സത്യവിശ്വാസം ഏറ്റെടുത്തവരോടൊപ്പം ഞാൻ ഖൈബറിൽ എത്തി. നബി ﷺ യെ അനുഗമിച്ചു.
    മുത്ത് നബി ﷺ മക്കയിൽ പ്രബോധന പ്രവർത്തനങ്ങളിൽ വ്യാപൃതരായി. ശത്രുക്കൾ അവരുടെ തന്ത്രങ്ങൾ മാറ്റി മാറ്റിപ്പയറ്റി. ഒന്നും ലക്ഷ്യത്തിലെത്തുന്നില്ല. പോരാത്തതിന് ഇസ്‌ലാം നാൾക്കുനാൾ വളരുന്നു. അതിനിടയിൽ ഖുറൈശി പ്രമുഖർ അറിഞ്ഞോ അറിയാതെയോ നബി ﷺ യുടെ വ്യക്തിത്വമഹത്വത്തെ സമ്മതിക്കേണ്ടി വരുന്നു. ഇക്കാലയളവിൽ അത്തരമൊരു സംഭവം മക്കയിലുണ്ടായി. അതിപ്രകാരമാണ് :
    ഇറാഷിൽ നിന്നൊരാൾ മക്കയിൽ വന്നു. അയാളുടെ ഒട്ടകങ്ങൾ അബുൽ ഹകം അഥവാ, അബൂ ജഹൽ വില നിശ്ചയിച്ചു വാങ്ങി. പക്ഷേ, അയാൾ വില നൽകിയില്ല. അബൂ ജഹലിൽ നിന്ന് തന്റെ അവകാശം നേടിയെടുക്കാൻ ഇറാഷുകാരൻ പലരെയും സമീപിച്ചു, നടന്നില്ല. അദ്ദേഹം കഅ്ബയുടെ അടുത്തെത്തി. ഒരു ഭാഗത്ത് ഖുറൈശികളുടെ സഭ. പള്ളിയുടെ ഒരു ഭാഗത്ത് നബി ﷺ യും ഇരിക്കുന്നുണ്ട്. ഈ മനുഷ്യൻ വിളിച്ചു പറഞ്ഞു. അല്ലയോ , ഖുറൈശികളേ! അബുൽ ഹകമിന്റെ പക്കൽ നിന്ന് എന്റെ അവകാശം ആരാണ് വാങ്ങിത്തരിക? ഖുറൈശീ കൂട്ടത്തിൽ നിന്നുള്ളവർ വിളിച്ചു പറഞ്ഞു, “അതാ ആ ഇരിക്കുന്ന വ്യക്തിയോട് പറയൂ”.
    നബി ﷺ യെ ലക്ഷ്യം വച്ച് പരിഹാസപൂർവം അവർ പറഞ്ഞു. അബൂജഹലിന് നബി ﷺ യോടുള്ള ശത്രുത മനസ്സിൽക്കണ്ട് ഊറിച്ചിരിച്ചുകൊണ്ടാണ് അവർ അതു പറഞ്ഞത്. പാവം പരദേശിയായ ആ മനുഷ്യൻ അത് മുഖവിലക്കെടുത്തു.
    അയാൾ പ്രവാചകർ ﷺ യെ സമീപിച്ചു. തന്റെ ആവലാതി ബോധിപ്പിച്ചു. നബി ﷺ എഴുന്നേറ്റ് അയാൾക്കൊപ്പം നടന്നു. അബൂജഹലിന്റെ ഭവനം ലക്ഷ്യം വച്ച് നീങ്ങി. എന്തായിരിക്കും സംഭവിക്കുക എന്നറിയാൻ ഖുറൈശികൾ ഒരാളെ അങ്ങോട്ടയച്ചു. നബി ﷺ നേരെ അബൂജഹലിന്റെ വീട്ടുപടിക്കലെത്തി. വാതിലിൽ മുട്ടി. വാതിൽ തുറന്ന അബൂജഹൽ വിനീതനായി നിന്നു. നബി ﷺ പറഞ്ഞു, “ഇങ്ങോട്ട് വരൂ”. വിളറി വെളുത്ത് വിഹ്വലനായി അയാൾ മുന്നോട്ട് വന്നു. നബി ﷺ പറഞ്ഞു, “നിങ്ങൾ ഇയാൾക്ക് നൽകാനുള്ള അവകാശം നൽകണം “.
    അയാൾ പറഞ്ഞു “ശരി”.
    “ഇപ്പോൾ ഇവിടുന്ന് തന്നെ നൽകണം “. നബി ﷺ പറഞ്ഞു.
    അയാൾ അകത്തു പോയി ഒട്ടകത്തിന്റെ വിലയുമായി വന്ന് ഇറാഷുകാരന്റെ ഇടപാട് തീർത്തു. അദ്ദേഹം നേരേ ഖുറൈശികളുടെ സഭയ്ക്കടുത്തെത്തി. പരസ്യമായി നബി ﷺ ക്ക് നന്ദി രേഖപ്പെടുത്തി. രംഗം വീക്ഷിക്കാൻ പോയ ആളോട് ഖുറൈശികൾ ചോദിച്ചു. “അഹോ , കഷ്ടം! എന്താണ് സംഭവിച്ചത് ? ” അയാൾ രംഗം വിശദീകരിച്ചു.
    വൈകാതെ അബൂജഹൽ അവിടേക്കെത്തി. അയാളോട് ചോദിച്ചു, “എന്താണ് സംഭവിച്ചത് ?” അയാൾ പറഞ്ഞു. “മുഹമ്മദ് ﷺ എന്റെ വാതിലിൽ മുട്ടി. ശബ്ദം കേട്ടതും എന്റെ ഉള്ളിൽ ഒരു ഭയം. ഞാൻ വാതിൽത്തുറന്ന് പുറത്തെത്തി. അതാ മുഹമ്മദ് ﷺ ന്റെ ശിരസ്സിനു മുകളിൽ ഇന്നു വരെ കണ്ടിട്ടില്ലാത്തവിധം ഭീകരമായ ഒരൊട്ടകം വാ പിളർന്ന് നിൽക്കുന്നു. ഞാൻ അനുസരിച്ചില്ലെങ്കിൽ എന്നെ ആ ഒട്ടകം വിഴുങ്ങിക്കളയുമോ എന്നായി “.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...