
ദന്തശുദ്ധീകരണവുമായി ബന്ധപ്പെട്ട തിരുനബി സമീപനങ്ങളാണ് നമുക്കിനി അറിയാനുള്ളത്. എല്ലാ മനുഷ്യരും നിത്യ ജീവിതത്തിൽ പാലിക്കുന്ന കർമമാണെങ്കിലും അതിനെയും അതിന്റേതായ പ്രാധാന്യത്തോടെയും ചിട്ടകളോടെയും ആവിഷ്കരിക്കുകയാണ് തിരുനബിﷺ നിർവഹിച്ചിട്ടുള്ളത്. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ഇബ്നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. ദന്തശുദ്ധീകരണം അഥവാ മിസ്‌വാക് ചെയ്യാൻ ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു. കൽപ്പനയുടെ പ്രാധാന്യം മനസ്സിലാക്കിയപ്പോൾ ഈ വിഷയത്തിൽ ഖുർആൻ അവതരിക്കുമോ എന്നുതന്നെ ഞാൻ വിചാരിച്ചു പോയി. അല്ലെങ്കിൽ പ്രത്യേകമായ വഹിയ്യ് വരുമോ എന്ന് ഞാൻ ആലോചിച്ചു പോയി.
ഇമാം അഹ്മദ്(റ) തന്നെ അബൂ ഉമാമ(റ)യിൽ നിന്ന് ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. ജിബ്‌രീല്‍(അ) എൻ്റെ അടുക്കൽ വരുമ്പോഴെല്ലാം മിസ്‌വാക് ചെയ്യുന്നതിനെക്കുറിച്ച് എന്നോട് പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ എൻ്റെ വായയുടെ മുൻഭാഗം തേഞ്ഞു പോകുമോ എന്നുവരെ ഞാൻ ഭയന്നുപോയി. മറ്റൊരു നിവേദനത്തിൽ ഇങ്ങനെയാണ്. നിരന്തരമായി മിസ്‌വാകിനെ കുറിച്ച് അല്ലാഹുവിൽ നിന്ന് കൽപ്പനയുണ്ടായി. ഇതൊരു നിർബന്ധ കർമമായി നിശ്ചയിക്കപ്പെടുമോ എന്നുവരെ ഞാൻ ഭയന്നുപോയി.
ഇമാം ത്വബ്റാനി(റ) ഉമ്മു സലമ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിന്റെ ആശയം ഇങ്ങനെയാണ്. എൻ്റെ കുറ്റിപ്പല്ലുകൾ ഇളകിപ്പോകുമോ എന്ന വിധത്തിൽ പല്ലുതേക്കുന്നതിനെ കുറിച്ച് നിരന്തരമായി അല്ലാഹുവിൽ നിന്ന് കൽപ്പനയുണ്ടായി.
പല്ലുതേക്കുന്നതിനും ദന്തശുദ്ധീകരണത്തിനും സവിശേഷമായ പ്രാധാന്യമാണ് പ്രവാചകനുംﷺ ഇസ്ലാമും നൽകിയിട്ടുള്ളത്. എൻ്റെ അനുയായികൾക്ക് ഭാരമാകുമോ എന്ന് ഭയന്നില്ലായിരുന്നുവെങ്കിൽ ഓരോ നിസ്കാരസമയത്തിലും മിസ്‌വാക് ചെയ്യൽ ഞാൻ നിർബന്ധ നിയമമാക്കുമായിരുന്നു എന്നു വരെ തിരുനബിﷺ പറഞ്ഞു. അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കാനും വായശുദ്ധിയായിരിക്കാനും ഉപകാരപ്രദമാണ് ദന്തശുദ്ധീകരണം എന്ന തിരുനബിﷺയുടെ പ്രയോഗം വളരെ വിശാലമായ അർഥങ്ങളുള്ളതാണ്. മനുഷ്യനിൽ പ്രകൃതിപരമായി ഉണ്ടായിരിക്കേണ്ട പല്ലുതേക്കൽ എന്ന ശീലം ആത്മീയമായും ഭൗതികമായും നേട്ടമുള്ളതാണ് എന്ന് അഭ്യസിപ്പിക്കുക വഴി ഒരു വലിയ നന്മയിലേക്ക് ജനങ്ങളെ ഉണർത്തുകയാണ്.
വ്യത്യസ്ത മരങ്ങളുടെ കൊള്ളികളാണ് തിരുനബിﷺ ദന്തശുദ്ധീകരണത്തിനു വേണ്ടി ഉപയോഗിച്ചിരുന്നത്. അഥവാ അക്കാലത്ത് ബ്രഷ് ആയി ഉണ്ടായിരുന്നത്. ഞാൻ അറാക്ക് മരത്തിൽ നിന്ന് തിരുനബിﷺക്ക് പല്ലുതേക്കാനുള്ള കൊള്ളി അഥവാ മിസ്‌വാക് കൊണ്ടുക്കൊടുത്തിരുന്നു എന്ന് തിരുനബിﷺയുടെ പരിചാരകനും സന്തതസഹചാരിയുമായ അബ്ദുള്ളാഹിബ്നു മസ്ഊദ്(റ) രേഖപ്പെടുത്തുന്നുണ്ട്.
അറാക്ക് മരത്തിന്റെ കൊള്ളികളായിരുന്നു സാധാരണയിൽ മിസ്‌വാകായി ഉപയോഗിച്ചിരുന്നത്. ഇന്നും അത് സുലഭവും വ്യാപകവുമാണ്. എന്നാൽ മറ്റുപല കൊള്ളികൾ കൊണ്ടും തിരുനബിﷺ തന്നെ ദന്ത ശുദ്ധീകരണം നടത്തിയത് നമുക്ക് വായിക്കാൻ കഴിയും. മഹാനായ ഇക്‌രിമ(റ) പറഞ്ഞതായി ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നു. ഈത്തപ്പന മട്ടലിന്റെ കൊള്ളി കൊണ്ട് നോമ്പുകാലത്ത് നബിﷺ മിസ്‌വാക് ചെയ്തിരുന്നു.
ഒലിവുമരത്തിന്റെ കൊള്ളി നല്ല മിസ്‌വാകാണെന്നും അത് വായ ശുദ്ധിയാക്കാൻ ഏറ്റവും ഉചിതമാണെന്നും മോണയുടെ രോഗങ്ങൾ ഇല്ലാതിരിക്കാൻ അത് ഉപകാരപ്പെടുമെന്നും അനുഗ്രഹീത മരത്തിന്റെ കൊള്ളിയാണെന്നും തിരുനബിﷺ പറഞ്ഞിട്ടുണ്ടത്രെ.
മഹതി ആഇശ(റ) പറയുന്നു. തിരുനബിﷺ ഇഹലോകവാസം വെടിഞ്ഞത് എൻ്റെ വീട്ടിൽ വച്ച് എന്റെ ദിവസത്തിലായിരുന്നു. എൻ്റെ മാറിലേക്ക് ചാരി കിടക്കുമ്പോഴായിരുന്നു. തിരുനബിﷺയുടെ വിയോഗത്തോട് അടുത്ത നേരം എൻ്റെ സഹോദരൻ അബ്ദുറഹ്മാൻ(റ) എൻ്റെ അടുത്തുകൂടി കടന്നുപോയി. അപ്പോൾ അദ്ദേഹത്തിൻ്റെ കയ്യിൽ ഒരു ഈത്തപ്പനയുടെ കൊമ്പുണ്ടായിരുന്നു. നബിﷺ അതിലേക്ക് നോക്കി. എനിക്കു മനസ്സിലായി തിരുനബിﷺക്ക് അത് ആവശ്യമുണ്ടെന്ന്. ഞാനത് വാങ്ങി വായിൽ വച്ച് കടിച്ചു പാകമാക്കി ബ്രഷ് ചെയ്യാൻ പരുവത്തിൽ തിരുനബിﷺയുടെ കയ്യിലേക്ക് വെച്ചുകൊടുത്തു. തിരുനബിﷺ അത് സ്വീകരിച്ച് നന്നായി ഒന്ന് മിസ്‌വാക് ചെയ്തു. ശേഷം ഞാനത് സ്വീകരിക്കുകയും ചെയ്തു.
അവസാനഘട്ടം വരെയും തിരുനബിﷺ മിസ്‌വാകിന് നൽകിയ പ്രാധാന്യത്തെ അറിയിക്കാനാണ് ഈ നിവേദനം വായിച്ചത്. എൻ്റെ തുപ്പുനീരു നനവായിരുന്നു തിരുനബിﷺ അവസാനം വായയിൽ നനച്ചത് എന്ന് അഭിമാനപൂർവമുള്ള വർത്തമാനം ആഇശ(റ) പറഞ്ഞതും ഈ അടിസ്ഥാനത്തിലാണ്. സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും എത്രയെത്ര ശോഭനമായ അധ്യായങ്ങളാണ് ഇതിലൂടെ നാം പകർന്നെടുത്തത്.
