
തിരുനബിﷺയുടെ കട്ടിലും കസേരയും സംബന്ധിച്ച ചില നിവേദനങ്ങളിലൂടെയാണ് ഇനി നാം സഞ്ചരിക്കുന്നത്. അനസി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. അനസ്(റ) പറയുന്നു. ഒരു ദിവസം ഞാൻ തിരുനബിﷺയുടെ അടുത്തേക്ക് കടന്നു ചെന്നു. കയറു കൊണ്ടുണ്ടാക്കിയ ഒരു കട്ടിലിലായിരുന്നു നബിﷺ ഇരുന്നത്. തോലുകൊണ്ടുണ്ടാക്കിയ ഒരു തലയിണ. ഈത്തപ്പന ഓലയായിരുന്നു അതിൽ നിറച്ചിരുന്നത്. ശരീരത്തിനും കട്ടിലിനും ഇടയിൽ വിരിപ്പൊന്നും ഉണ്ടായിരുന്നില്ല.
ഇമാം ത്വബ്റാനി(റ) മഹതി ആഇശ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺക്ക് ബർദി പുല്ലുകൊണ്ട് നിർമ്മിച്ച ഒരു കട്ടിലുണ്ടായിരുന്നു. അതിന്റെ മുകളിൽ ഒരു കറുത്ത തുണി വിരിച്ചിട്ടുണ്ടായിരുന്നു. മുഹമ്മദ് ബിൻ മുഹാജിർ അൽ അൻസ്വാരി(റ) പറയുന്നു. തിരുനബിﷺയുടെ ഒരു കട്ടിൽ, ഒരു വടി, ഒരു പാത്രം, ഈത്തപ്പനയുടെ ഓല നിറച്ച ഒരു കുഷ്യൻ, വാഹനത്തിന്റെ മുകളിൽ വിരിക്കുന്ന ഒരു വിരിപ്പ് എന്നിവ ഉമർ ബിൻ ഖത്വാബി(റ)ന്റെ പക്കലുണ്ടായിരുന്നു. ഖുറൈശികളിൽ നിന്ന് ആരെങ്കിലും ഉമറി(റ)ന്റെ അടുക്കലേക്ക് ചെന്നാൽ അദ്ദേഹം ഇങ്ങനെ പറയും. നിങ്ങൾക്ക് പ്രതാപവും മഹത്വവും നൽകി അല്ലാഹു നിയോഗിച്ച മഹൽ വ്യക്തിയുടെ അനന്തര സ്വത്തുകളാണിവ.
തിരുനബിﷺയുടേതായി മഹാനവർകൾക്ക് പ്രദർശിപ്പിക്കാനുണ്ടായിരുന്ന വസ്തുക്കളുടെ ലിസ്റ്റാണ് സ്വഹാബി നമ്മോട് പങ്കുവെക്കുന്നത്.
തിരുനബിﷺയുടെ പ്രിയ പത്നി ആഇശ(റ) പറയുന്നു. കട്ടിലിന്റെ നടുവിൽ നിന്നുകൊണ്ടായിരുന്നു തിരുനബിﷺ നിസ്കരിച്ചിരുന്നത്. ഖിബ്’ലയുടെയും നബിﷺയുടെയും ഇടയിൽ ചിലപ്പോൾ ഞാൻ കിടക്കാറുണ്ടായിരുന്നു. അപ്പോൾ എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടായാൽ നേരെ അങ്ങ് എഴുന്നേൽക്കുന്നത് ഞാൻ ഇഷ്ടപ്പെട്ടില്ല. മെല്ലെ ഇഴഞ്ഞ് ഊർന്നായിരുന്നു ഞാൻ അവിടെ നിന്ന് എഴുന്നേൽക്കാറുണ്ടായിരുന്നത്.
നിസ്കാര നേരത്ത് തിരുനബിﷺയുടെ ചാരത്ത് കിടന്നതും ഇടയിൽ എഴുന്നേൽക്കേണ്ടിവന്നാൽ നബിﷺയുടെ ശ്രദ്ധ തിരിക്കാത്ത വിധത്തിൽ മെല്ലെ ഇഴഞ്ഞു നീങ്ങിയതും ഒരു ഓർമ്മയായി മഹതി പങ്കുവെക്കുകയാണ്.
ഇമാം അഹ്മദും(റ) ഇമാം മുസ്ലിമും(റ) നിവേദനം ചെയ്യുന്നു.
അബൂരിഫാഅ അൽ അദവി(റ) പറയുന്നു. ഞാൻ തിരുനബിﷺയുടെ സന്നിധിയിലുള്ളപ്പോൾ ഒരു കസേര കൊണ്ടുവന്നു. അതിന്റെ കാലുകൾ ഇരുമ്പാണെന്നാണ് ഞാൻ ധരിച്ചത്. അതിൽ ഇരുന്നുകൊണ്ട് തിരുനബിﷺ അല്ലാഹുവിൽ നിന്ന് ലഭിച്ച വിജ്ഞാനങ്ങൾ ഞങ്ങൾക്ക് പകർന്നു തന്നു. കറുത്ത മരക്കഷണം ഇരുമ്പാണെന്ന് അദ്ദേഹം ധരിച്ചതായിരിക്കാം എന്ന് ഇമാം ഹുമൈദ്(റ) ഒരു അനുബന്ധം പറഞ്ഞിട്ടുണ്ട്.
മഹതി ആഇശ(റ) തന്നെ പറയുന്നു. ഖുറൈശികൾ താല്പര്യപ്പെട്ടിരുന്നത് കട്ടിലിന്മേൽ കിടന്നുറങ്ങാനായിരുന്നു. തിരുനബിﷺ മദീനയിലെത്തി അബൂ അയ്യൂബി(റ)ന്റെ വീട്ടിൽ താമസിച്ചപ്പോൾ വീട്ടുകാരനോട് ചോദിച്ചു. അല്ലയോ അബൂ അയ്യൂബ്(റ), ഇവിടെ കട്ടിലൊന്നുമില്ലേ? അദ്ദേഹം പറഞ്ഞു. ഇവിടെ കട്ടിൽ ഇല്ലല്ലോ! ഈ വിവരം അസ്‌അദ് ബിൻ സുറാറ(റ) അറിഞ്ഞു. അദ്ദേഹം തിരുനബിﷺക്ക് ഒരു കട്ടിൽ കൊടുത്തയച്ചു. അതിന് തേക്കിന്റെ കാലുകളും മേലോട്ടുയർന്ന തൂണുകളുമുണ്ടായിരുന്നു. വിയോഗം വരെ നബിﷺ അത് ഉറങ്ങാൻ ഉപയോഗിക്കുകയും ചെയ്തു. ഈ കിടക്കയിലാണ് തിരുനബിﷺയുടെ മേൽ നിസ്കരിക്കപ്പെട്ടത്. ശേഷം, ജനങ്ങൾ ജനാസ കൊണ്ടുപോകാൻ ആ കട്ടിൽ ആവശ്യപ്പെട്ടു.
അതുപ്രകാരം അബൂബക്കറി(റ)ന്റെയും ഉമറി(റ)ന്റെയും മറ്റു പലരുടെയും ശരീരങ്ങൾ ഖബറടക്കാൻ വേണ്ടി കൊണ്ടുപോയത് ഈ കട്ടിലിൽ കിടത്തിയാണ്. തിരുനബിﷺയിൽ നിന്നുള്ള ബറക്കത്ത് പ്രതീക്ഷിച്ചു കൊണ്ടായിരുന്നു അങ്ങനെയൊരു സമീപനം സ്വീകരിച്ചത്. നബിﷺയുമായി ബന്ധപ്പെട്ട എന്തിനും പ്രത്യേക അനുഗ്രഹങ്ങളും മഹത്വവും കൽപ്പിക്കുന്നതിൽ സ്വഹാബികൾ തന്നെയായിരുന്നു ഏറ്റവും മുന്നിൽ.
