
ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്ന ഹദീസിൽ അനസ് ബിൻ മാലിക്(റ) പറയുന്നു. ബാർബർ തിരുനബിﷺയുടെ ശിരസ്സിൽ നിന്നും മുടി നീക്കം ചെയ്യുന്ന സമയത്ത് ഞാൻ അടുത്തുണ്ടായിരുന്നു. ആ സമയത്ത് സ്വഹാബികൾ നബിﷺയെ വലയം വെച്ച് നിൽക്കുകയായിരുന്നു. അവിടുത്തെ തിരുകേശങ്ങൾ ഒന്നും നിലത്തു പോകാതെ കയ്യിൽ ലഭിക്കുന്നതിനുവേണ്ടി അവർ ശ്രദ്ധിച്ചിരുന്നു.
സാദുൽ മആദിൽ ഒരു വിശദീകരണം കൂടി നൽകുന്നുണ്ട്. മുഴുവനായും മുണ്ഡനം ചെയ്യുകയോ അല്ലെങ്കിൽ മുണ്ഡനം ചെയ്യാതിരിക്കുകയോ ആയിരുന്നു തിരുനബിﷺയുടെ രീതി. ഭാഗികമായി തലമുണ്ഡനം ചെയ്യുന്ന രീതി ഉണ്ടായിരുന്നില്ല. ഹജ്ജോ ഉംറയോ നിർവഹിക്കുന്ന സമയത്തായിരുന്നു അവിടുന്ന് തല മുണ്ഡനം ചെയ്തിരുന്നത്. ഇമാം സഖാവി(റ)യുടെ അഭിപ്രായത്തിൽ ഹിജ്റക്ക് ശേഷം നാലു പ്രാവശ്യമാണ് അവിടുന്ന് പൂർണമായും മുടി നീക്കം ചെയ്തത്.
ഹുദൈബിയ്യയും ഉംറതുൽ ഖളാഉമായിരുന്നു ഒന്നാമത്തെയും രണ്ടാമത്തെയും സന്ദർഭം. ഖറാശ് ബിൻ ഉമയ്യ(റ)യാണോ അതല്ല അബൂ ഉമർ ബിൻ അബ്ദുൽ ബർറ്(റ) ആണോ എന്നതിൽ അഭിപ്രായങ്ങളുണ്ട്. ഖറാശ് ബിൻ ഉമയ്യ(റ) തന്നെയായിരുന്നു എന്നാണ് ഇമാം നവവി(റ) പറഞ്ഞത്. ഉംറതുൽ ഖളാഇന്റെ സമയത്ത് മർവയുടെ സമീപത്തുവെച്ച് തിരുനബിﷺയുടെ ശിരസ്സിലെ കേശങ്ങൾ ഞാൻ നീക്കി കൊടുത്തിരുന്നു എന്ന് ഇബ്നു സകൻ(റ) പറഞ്ഞ ഒരു നിവേദനവുമുണ്ട്.
ജഇർറാനയിൽ നിന്നുള്ള ഉംറ നിർവഹിച്ചതിനു ശേഷം തിരുനബിﷺയുടെ ശിരസ്സിലെ മുടി നീക്കിക്കൊടുത്തത് അബുൽ ഹിന്ദ് അൽ ഹജ്ജാം(റ) ആയിരുന്നു എന്ന് ഇമാം ഹാകിം(റ) നിവേദനം ചെയ്യുന്നു. ഇതായിരുന്നു മൂന്നാമത്തെ സന്ദർഭം.
വിടവാങ്ങൽ ഹജ്ജ് വേളയിലായിരുന്നു നാലാമതായി തിരുനബിﷺ തല മുണ്ഡനം ചെയ്തത്. മഅ്മർ ബിൻ അബ്‌ദില്ലാഹ്(റ) ആയിരുന്നുവത്രേ ആ കർമം നിർവഹിച്ചുകൊടുത്തത്. അദ്ദേഹം പറയുന്നതായി ഇമാം അഹ്മദും(റ) ത്വബ്റാനി(റ)യും ഉദ്ധരിക്കുന്നു. മിനായിൽ വച്ച് അറവു കർമം നിർവഹിച്ചതിനുശേഷം തിരുനബിﷺ എന്നെ വിളിച്ചു. മുടി നീക്കം ചെയ്യാൻ വേണ്ടി എന്നോട് ആവശ്യപ്പെട്ടു. ഞാൻ കത്തിയുമെടുത്ത് തിരുനബിﷺയെ സമീപിച്ചു. അപ്പോൾ തിരുനബിﷺ എന്നെ നോക്കിയിട്ട് ഇപ്രകാരം പറഞ്ഞു. അല്ലയോ മഅ്മർ(റ) നിങ്ങളുടെ കയ്യിൽ കത്തിയുള്ളപ്പോൾ അല്ലാഹുവിന്റെ ദൂതൻﷺ മൂർദ്ധാവ് നിങ്ങൾക്കിതാ വെച്ചു തരുന്നു. അപ്പോൾ ഞാൻ പറഞ്ഞു. അല്ലാഹു സത്യം! ഇത് അല്ലാഹു എനിക്ക് ചെയ്തു തന്ന വലിയ അനുഗ്രഹമാണ്, ഔദാര്യവുമാണ്. എന്നാൽ, നിങ്ങൾക്ക് ലഭിക്കുക തന്നെ ചെയ്യും എന്ന് തിരുനബിﷺ പ്രതികരിച്ചു.
ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) അനസുബ്നു മാലികി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ തിരുകേശങ്ങൾ ആദ്യം എടുത്തത് അബൂത്വൽഹ(റ) ആയിരുന്നു. ബാർബർ തിരുനബിﷺയുടെ ശിരസ്സിന്റെ വലതുഭാഗത്തെ മുടി നീക്കം ചെയ്തു. അപ്പോൾ അബൂത്വൽഹ(റ) വരികയും അദ്ദേഹത്തിന് നൽകുകയും ചെയ്തു. പിന്നീട് ഇടതുഭാഗത്തെ മുടി നീക്കം ചെയ്യാൻ പറഞ്ഞു. അതും എടുത്തു കഴിഞ്ഞപ്പോൾ അബൂത്വൽഹ(റ)ക്ക് തന്നെ നൽകി. ശേഷം നബിﷺ അദ്ദേഹത്തോട് പറഞ്ഞു. ആ കേശങ്ങൾ ജനങ്ങൾക്ക് വിതരണം ചെയ്തോളൂ.
തിരുകേശവുമായി ബന്ധപ്പെട്ട് തിരുനബിﷺയുടെ വീക്ഷണം എന്തായിരുന്നു എന്നറിയാൻ ഈ ഹദീസ് മാത്രം വായിച്ചാൽ മതിയല്ലോ! സ്വഹാബികൾ എപ്രകാരമായിരുന്നു അത് സ്വീകരിച്ചിരുന്നത് എന്നും പരിപാലിക്കുന്നതിലെ മാഹാത്മ്യങ്ങൾ എന്തൊക്കെയാണെന്നും വായിച്ചുപോയ നിവേദനങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. നമ്മെപ്പോലെ ഒരു സാധാരണ മനുഷ്യൻ, ആ മനുഷ്യന്റെ രോമത്തിന് എന്താണ് ഇത്ര പ്രത്യേകത? എന്ന് സാധാരണ വൽക്കരിക്കുമ്പോഴാണ് സംശയവും മറ്റും ഉണർന്നു വരുന്നത്.
അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠ സൃഷ്ടിയായ പ്രവാചകൻﷺ. ആ പ്രവാചകരുﷺടെ തിരുമേനിയിൽ നിന്നുള്ള വിശുദ്ധ കേശം എന്ന വിചാരത്തിൽ നിന്നാണ് മാഹാത്മ്യങ്ങൾ ഹൃദയത്തിലേക്ക് വരേണ്ടത്. എത്രയോ ജീവികളുടെ അവശിഷ്ടങ്ങളും ശരീരവുമായി ബന്ധപ്പെട്ട വസ്തുക്കളും സുഗന്ധമായും മരുന്നായും അമൂല്യ ശേഖരങ്ങളായും വില പിടിപ്പുള്ള വസ്തുക്കളായും നാം ഉപയോഗിക്കുകയും കരുതുകയും ചെയ്യുന്നു. അത്തരം ഒരു വിചാരംകൂടി ചേർത്തു വായിച്ചാൽ തീരുന്നതേയുള്ളൂ സംശയം. രത്നവും കല്ലാണ്. പക്ഷേ, സാധാരണ കല്ലല്ല. മുത്ത് നബിﷺയും മനുഷ്യനാണ്. പക്ഷേ, സാധാരണ മനുഷ്യനല്ല.
