
തിരുനബിﷺയുടെ ചീർപ്പ്, കണ്ണാടി, സുറുമ എന്നിവയെ കുറിച്ചുള്ള ലളിതമായ ഒരു വായനയാണ് നാം നിർവഹിക്കുന്നത്. മഹതി ആഇശ(റ) നിവേദനം ചെയ്യുന്നു. ചീർപ്പ്, കണ്ണാടി, ബ്രഷ്, എണ്ണ, സുറുമ എന്നീ അഞ്ചു വസ്തുക്കൾ തിരുനബിﷺയുടെ യാത്രയിലും അല്ലാത്തപ്പോഴും ഒപ്പം കരുതിയിരുന്നു. മറ്റൊരു നിവേദനത്തിൽ ആറാമതായി കത്രികയെ കൂടി എണ്ണുന്നുണ്ട്. അനസി(റ)ൽ നിന്ന് അബൂ ശൈഖ്(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് ബ്രഷ് ചെയ്യുകയും വുളൂഅ് നിർവഹിക്കുകയും തല വാരുകയും ചെയ്യുമായിരുന്നു.
ചിലപ്പോഴൊക്കെ തലയും താടിയും വെള്ളം നനച്ചു ഒതുക്കുന്നത് അവിടുത്തെ പതിവായിരുന്നു എന്ന് ഇമാം ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാം. താടി വാർന്നൊതുക്കുന്നതും തലയിൽ എണ്ണയിടുന്നതും സാധാരണയായിരുന്നു എന്ന് ഇമാം തുർമുദി(റ) ശമാഇലിൽ ഉദ്ധരിക്കുന്നു. ഇടയ്ക്കിടെ തല വാർന്നു ഒപ്പിക്കുന്നത് തിരുനബിﷺയുടെ ശൈലിയായിരുന്നു. പള്ളിയിലായിരിക്കുമ്പോഴും തിരുനബിﷺയുടെ ഒപ്പം മിസ്‌വാക് അഥവാ ബ്രഷ് ഉണ്ടാകുമായിരുന്നു. കണ്ണാടി നോക്കുന്നതും അവിടുത്തെ ശൈലിയിൽ ഉൾപ്പെട്ടിരുന്നു. മുടി വാർന്നുവെക്കാൻ ശ്രദ്ധിക്കുകയും മറ്റുള്ളവരോട് പറയുകയും ചെയ്യുമായിരുന്നു. സഹൽ ബിൻ സഅദ്(റ) പറയുന്നു. ഒരിക്കൽ ഒരാൾ പെട്ടെന്ന് നബിﷺയെ കണ്ടപ്പോൾ അവിടുത്തെ കൈയിൽ ‘മിദ്റാ’ അഥവാ ചീർപ്പ് പോലെ പല്ലുകളുള്ള പുറം ചൊറിയാൻ ഉപയോഗിക്കുന്ന വസ്തു ഉണ്ടായിരുന്നു. ചീർപ്പ് ഉപയോഗിച്ചു കൊണ്ടായിരുന്നു അവിടുന്ന് തല വാർന്നിരുന്നത്.
ഖാലിദ് ബിൻ മഅ്ദാൻ(റ) പറയുന്നു. തിരുനബിﷺയുടെ അടുക്കൽ ആനക്കൊമ്പു കൊണ്ടുള്ള ഒരു ചീർപ്പുണ്ടായിരുന്നു. അത് ഉപയോഗിച്ച് നബിﷺ തലവാർന്നു വെക്കുമായിരുന്നു. യാത്രയിലും ആ ചീർപ്പ് കൂടെ കരുതും. കണ്ണാടിയും എണ്ണയും മിസ്‌വാകും സുറുമയും യാത്രയിൽ കരുതാൻ മറക്കുമായിരുന്നില്ല. കണ്ണാടി നോക്കുമ്പോൾ അവിടുന്ന് ഇപ്രകാരം പ്രാർഥിക്കുമായിരുന്നു. “അൽഹംദുലില്ലാഹി…… എനിക്ക് ശരീര സൗന്ദര്യം നൽകിയത് പോലെ സ്വഭാവ സൗന്ദര്യവും നൽകിയ, മറ്റുള്ളവരിൽ മോശമായ ഭാവങ്ങൾ ഉള്ളതും എനിക്ക് നന്നാക്കി തരുകയും ചെയ്ത അല്ലാഹുവേ സർവ്വസ്തുതിയും നിനക്കാകുന്നു.”
നമ്മൾ കണ്ണാടി നോക്കുമ്പോൾ പതിവാക്കാൻ പറ്റുന്ന ഒരു മന്ത്രം കൂടി അവിടുന്ന് പഠിപ്പിച്ചു. അതിപ്രകാരമാണ്. “അല്ലാഹുവേ എന്റെ സൃഷ്ടിപ്പ് നന്നാക്കിയത് പോലെ സ്വഭാവവും നീ നന്നാക്കേണമേ! എന്റെ രിസ്ഖ് നീ വിശാലമാക്കേണമേ!” രിസ്ഖ് എന്നതിന് പ്രാഥമികമായി ഭക്ഷണം എന്നാണ് അർഥമെങ്കിലും എല്ലാവിധ അനുഗ്രഹങ്ങളും ഉൾക്കൊള്ളുന്ന ഒരു പദമാണത്.
ജീവിതത്തിലെ ഏതൊരു ചെറിയ കാര്യവും മൂല്യമുള്ളതാണെന്ന് പഠിപ്പിക്കുന്ന മനോഹരമായ ഒരു അധ്യായം കൂടിയാണല്ലോ ഇത്. ഒരു കണ്ണാടി നോക്കുന്നിടത്ത് പോലുമുണ്ട് മൂല്യവത്തായ ചില പ്രാർഥനകളും വിചാരങ്ങളും എന്നത് എത്രമേൽ ഉൽകൃഷ്ടമായി വായിക്കപ്പെടേണ്ട ഒരു പാഠമാണ്. ദൈനംദിന ജീവിതത്തിൽ അത്ര ഗൗരവമല്ലാതെ നാം കാണുന്ന ഒരു കാര്യം. മാനുഷികമായി എല്ലാവരിലും ചേർന്ന് കിടക്കുന്ന ഒരു സൗന്ദര്യബോധം. ആളുകളെ അഭിമുഖീകരിക്കുമ്പോൾ മുഖവും വേഷവും വൃത്തിയാണോ എന്ന് പരിശോധിക്കാൻ പൊടുന്നനെ ചെയ്തു പോകുന്ന ഒരു കാര്യം. അവിടെയുമുണ്ട് വിചാരത്തിനും ചിന്തക്കും പ്രതീക്ഷക്കും പ്രത്യാശക്കുമെല്ലാം സാധ്യതകൾ എന്നു വരുമ്പോൾ മനുഷ്യജീവിതത്തിൽ എത്രമാത്രം ആഴ്ന്നും ചൂഴ്ന്നുമാണ് മതം ഇടപെട്ടിട്ടുള്ളത്! ഇസ്ലാം സ്പർശിക്കാത്ത ഒരു വ്യവഹാര മേഖലയും മനുഷ്യനിലില്ല എന്ന് പറയുന്നത് ഇതുകൊണ്ട് കൂടിയാണ്.
