
ബനൂ അബ്ദു മദാനിലേക്ക് ഖാലിദി(റ)ന്റെ നിയോഗം…
ഹിജ്റയുടെ പത്താം വർഷം ജമാദുൽ ഊല മാസത്തിൽ നജ്റാനിലെ ബനുൽ ഹാരിസ് ബിൻ കഅ്ബിലേക്ക് ഖാലിദ് ബിൻ വലീദി(റ)ന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ തിരുനബിﷺ നിയോഗിച്ചു. മൂന്നുദിവസം അവരെ നേർവഴിയിലേക്ക് ക്ഷണിക്കാനും അവർ അനുസരിക്കുന്നില്ലെങ്കിൽ മാത്രം അവരെ പ്രതിരോധിക്കാനും നബിﷺ നിർദ്ദേശിച്ചു. ഖാലിദും(റ) സംഘവും പുറപ്പെട്ടു. പ്രസ്തുത ഗോത്രത്തിന്റെ നാല് ദിക്കുകളിലൂടെയും അവർ പ്രവേശിച്ചു. ഖാലിദ്(റ) ആ ഗോത്രത്തോട് സംസാരിച്ചു. എല്ലാം സ്വീകരിക്കുകയും സർവ്വാത്മനാ രക്ഷ കൈവരിക്കുകയും ചെയ്യാൻ അവരോട് നിർദ്ദേശിച്ചു. മൂന്നുദിവസം വരെ അങ്ങനെ തുടർന്നു.
ഗോത്രക്കാർ മുഴുവനും ഇസ്ലാമിനെ സ്വാഗതം ചെയ്യുകയും ഖാലിദി(റ)നെയും സംഘത്തെയും കേൾക്കാൻ ഒരുങ്ങുകയും ചെയ്തു. ഖാലിദി(റ)ന്റെ നേതൃത്വത്തിൽ പരിശുദ്ധ മതത്തിന്റെ പാഠഭാഗങ്ങൾ അവർക്ക് കേൾപ്പിച്ചു കൊടുത്തു. വിശുദ്ധ ഖുർആനിന്റെ സന്ദേശവും തിരുനബി ജീവിതത്തിന്റെ മാതൃകകളും അവരെ പഠിപ്പിച്ചു. അവർ ഹൃദയം തുറന്നു സ്വീകരിക്കുകയും ഇസ്ലാമിക ചിട്ടകൾ അനുകരിക്കുകയും ചെയ്തു. ശേഷം, ഖാലിദ്(റ) തിരുനബിﷺക്ക് ഒരു കത്ത് അയച്ചു. അതിന്റെ ഉള്ളടക്കം ഇങ്ങനെ വായിക്കാം. ” റഹ്മാനും റഹീമും ആയ അല്ലാഹുവിന്റെ നാമത്തിൽ ഖാലിദ് ബിൻ വലീദ്(റ) മുഹമ്മദ് നബിﷺക്ക് അയക്കുന്നത്.
അല്ലാഹുവേ നിന്നെ ഞാൻ സ്തുതിക്കുന്നു.. അവനല്ലാതെ ആരാധനക്കർഹനില്ല. ആമുഖത്തിനു ശേഷം, അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ. അവിടുത്തേക്ക് ആദരപൂർവ്വമുള്ള അനുഗ്രഹങ്ങൾ അല്ലാഹു വർഷിക്കട്ടെ. അവിടുന്ന് എന്നെ ബനുൽ ഹാരിസ് ബിന് കഅ്ബിലേക്ക് നിയോഗിച്ചു. മൂന്നുദിവസം വരെ അവരെ നേർവഴിക്ക് ക്ഷണിക്കാനും സ്വീകരിച്ചാൽ ഇസ്ലാമിന്റെ വിധിവിലക്കുകൾ അവർക്ക് പഠിപ്പിച്ചു കൊടുക്കാനും സ്വീകരിക്കാത്ത പക്ഷം മാത്രം അവരോട് സായുധമായി പെരുമാറാനും എന്നോട് നിർദ്ദേശിച്ചു.
അതുപ്രകാരം ഞാൻ അവരുടെ അടുക്കലേക്ക് എത്തി. മൂന്നുദിവസം വരെ അവരെ നന്മയിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നു. വിശ്വസിക്കൂ സർവാത്മനാ രക്ഷപ്പെടുമെന്ന് ഞാൻ അവരോട് വിളിച്ചുപറഞ്ഞു. അവരത് അംഗീകരിച്ചു. ഞാനിപ്പോൾ അവർക്കൊപ്പം ആണ് ജീവിക്കുന്നത്. അല്ലാഹു കൽപ്പിച്ച കാര്യങ്ങൾ ഞാൻ അവരോട് പറഞ്ഞു കൊടുക്കുന്നു. അല്ലാഹു വിരോധിച്ച കാര്യങ്ങളിൽ നിന്ന് അവരെ വിലക്കുന്നു. ഇസ്ലാമിന്റെ ചിട്ടകളും മര്യാദകളും അവർക്ക് പഠിപ്പിച്ച് കൊടുക്കുന്നു. തിരുനബിﷺയുടെ ചര്യകൾ ഞാൻ അവർക്ക് കാണിച്ചു കൊടുക്കുന്നു. അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹ്….
ഈ കത്ത് സ്വീകരിച്ചതും തിരിച്ചു തിരുനബിﷺ ഖാലിദി(റ)ന് ഒരു മറുപടി അയച്ചു. റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ ആരംഭം കുറിച്ചുകൊണ്ട് അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ് നബിﷺ ഖാലിദ് ബിൻ വലീദിന്(റ)…
ബനുൽ ഹാരിസുബ്നു കഅ്ബ് ഇസ്ലാം സ്വീകരിച്ച വിവരം ഉൾക്കൊള്ളുന്ന കത്ത് എനിക്ക് ലഭിച്ചു. ഒരു സായുധ പെരുമാറ്റത്തിന് മുമ്പ് തന്നെ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ ദൂതനും ദാസനും ആണെന്നും അവർ വിശ്വസിച്ചംഗീകരിച്ചതായി ഞാൻ അറിഞ്ഞു. അല്ലാഹു അവനിൽ നിന്നുള്ള നേർവഴി അവർക്ക് നൽകിയിരിക്കുന്നു. അവർക്ക് കൃത്യമായ സുവിശേഷങ്ങളും പുതുതായി ചെയ്താൽ ഉണ്ടാകാവുന്ന ശിക്ഷകളെ കുറിച്ചുള്ള താക്കീതും നൽകുക. നിങ്ങളും അവരുടെ കൂട്ടത്തിൽ നിന്നുള്ള ഒരു നിയോഗസംഘവും ഇങ്ങോട്ട് വരിക. അല്ലാഹുവിൽ നിന്നുള്ള ഗുണവും രക്ഷയും നിങ്ങൾക്ക് ഉണ്ടാവട്ടെ..!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
