
ഉകൈദിറിന്റെ അടുക്കൽ നിന്നു കൊണ്ടുവന്ന സ്വത്ത് വകകൾ മദീനയിൽ എത്തി. കണ്ണഞ്ചിപ്പിക്കുന്ന ഭൗതിക സമ്പാദ്യങ്ങളെ മുന്നിൽ വച്ചുകൊണ്ട് പ്രവാചകൻﷺ ചോദിച്ചു. ഈ കാണുന്ന വസ്തുക്കൾ നിങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടോ? ഭൗതിക വസ്തുക്കളോട് അനുചരന്മാരുടെ ആഗ്രഹം അധികരിക്കുന്നുണ്ടോ എന്ന് ആലോചിച്ചപ്പോഴായിരുന്നു തിരുനബിﷺ അങ്ങനെ ചോദിച്ചത്. ഉടനെ അവിടുന്ന് തന്നെ അനുബന്ധം ഇങ്ങനെ പറഞ്ഞു. തീർച്ചയായും സ്വർഗ്ഗത്തിൽ സഅദ് ബിൻ മുആദ്(റ) ഉപയോഗിക്കുന്ന തൂവാല ഇതിനേക്കാൾ എത്രയോ മെച്ചപ്പെട്ടതാണ്.
ശേഷം പ്രവാചകന്റെﷺ നേതൃത്വത്തിൽ തന്നെ ആർജ്ജിത സമ്പാദ്യങ്ങൾ വിഹിതം വച്ചു. സാമൂഹിക ഭദ്രതയും വ്യക്തികളുടെ ആവശ്യങ്ങളും ഒരു വിശ്വാസ സമൂഹത്തിന് അനിവാര്യമായ വിചാരങ്ങളും ഒക്കെ മാനദണ്ഡമാക്കിയായിരുന്നു തിരുനബിﷺയുടെ വീതം വെക്കൽ. എല്ലാ അനുചരന്മാരും ആ നീതി നിഷ്ടമായ ഇടപാട് തൃപ്തിപ്പെടുകയും ചെയ്യും.
മുന്നേറ്റങ്ങളുടെയും പ്രതിരോധത്തിന്റെയും ഒന്നും അടിസ്ഥാന ലക്ഷ്യം ഭൗതികമായ സുഖസൗകര്യങ്ങളോ സാമ്പത്തിക സംവിധാനങ്ങളോ അല്ല എന്ന് കേവലമായി പറയുകയായിരുന്നില്ല തിരുനബിﷺ. കൃത്യമായി ആ ജീവിതത്തിൽ പ്രകാശിപ്പിക്കുകയും പ്രായോഗികതലത്തിൽ അനുചരന്മാരെ പഠിപ്പിക്കുകയും ആയിരുന്നു. ആയിരക്കണക്കിന് ഒട്ടകങ്ങളെയും നൂറുകണക്കിന് നാൽക്കാലികളെയും അന്നത്തെ വലിയ ആസ്തിയായി പരിഗണിക്കപ്പെട്ടിരുന്ന അടിമകളെയും സ്വർഗ്ഗത്തിലെ ഒരു തൂവാലയെക്കാൾ നിസ്സാരമായി അവതരിപ്പിച്ചു എന്നത് ഭൗതികതയെ കുറിച്ച് പ്രവാചകൻﷺ വിശ്വസിക്കുകയും സമീപിക്കുകയും ചെയ്ത രീതിയെ സത്യസന്ധമായി ആവിഷ്കരിക്കാൻ വേണ്ടിയായിരുന്നു.
പ്രവാചകൻﷺ ജീവിക്കാൻ തെരഞ്ഞെടുത്ത വീടും അവിടുത്തെ വീട്ടിൽ ഉണ്ടായിരുന്ന ഉപകരണങ്ങളും നിത്യ ജീവിതത്തിനു വേണ്ടി തെരഞ്ഞെടുത്തിരുന്ന വസ്തുവകകളും എല്ലാം അതിന് കൃത്യമായ മാതൃകയും സാക്ഷ്യവും കൂടിയായിരുന്നു. അനുയായികളോട് മാത്രം സിദ്ധാന്തം പറയുകയും സ്വന്തം ജീവിതത്തിൽ അനുഭവങ്ങൾക്കെല്ലാം ന്യായീകരണം കണ്ടെത്തുകയും ചെയ്യുന്നതായിരുന്നില്ല തിരുനബിﷺയുടെ ജീവിതം. അതുകൊണ്ടുതന്നെ ഇത്തരം പ്രയോഗങ്ങളോ തിരുനബിﷺ മാത്രം തീരുമാനമെടുത്ത് നടപ്പിലാക്കുന്ന വീതം വെക്കലുകളോ അനുയായികൾക്കിടയിൽ ഒരു കടുകുമണിയോളം പോലും അവ്യക്തതയോ ആസ്വാരസ്യങ്ങളോ ഉണ്ടാക്കിയില്ല. ജീവിതം തന്നെ ദർശനമാകുമ്പോൾ നിർദ്ദേശങ്ങളും ജീവിതവും തമ്മിൽ ഒരിക്കലും സംഘട്ടനത്തിൽ ഏർപ്പെടുന്നില്ല.
സംഭാഷണങ്ങൾക്കും സാമ്പത്തിക ക്രമീകരണങ്ങൾക്കും ശേഷം ഉകൈദിറുമായുള്ള കരാറുകൾ രേഖപ്പെടുത്തി. കരാറിന്റെ ഒരു ഹ്രസ്വരൂപം ഇങ്ങനെയാണ്. റഹ്മാനും റഹീമും ആയ അല്ലാഹുവിന്റെ നാമത്തിൽ. ഇത് അല്ലാഹുവിന്‍റെ ദൂതൻ മുഹമ്മദ്ﷺയും ഉകൈദിറും ആയി കരാർ ആകുന്നത്. അദ്ദേഹം ഇസ്ലാമിന്റെ ക്ഷണത്തെ സ്വീകരിച്ചിരിക്കുന്നു. വിഗ്രഹങ്ങളെയും മറ്റും ഒഴിവാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ ഭൂപ്രദേശത്തുനിന്ന് ഫലഭൂയിഷ്ടവും അല്ലാത്തതുമായ നിശ്ചിത സ്ഥലങ്ങൾ നമുക്കുള്ളതാണ്. നിസ്കാരം കൃത്യ സമയത്ത് നിർവഹിക്കണം. സമ്പത്തിൽ നിന്ന് നിർദ്ദേശിക്കപ്പെട്ട വിധം ധർമ്മം ചെയ്യണം. ഇത് അല്ലാഹുവും ആയിട്ടുള്ള ഉടമ്പടിയും കരാറുമാണ്. ഇവിടെയുള്ള വിശ്വാസികളും അല്ലാഹുവും ഇതിന്ന് സാക്ഷിയാണ്.
ഈ കരാർ പത്രത്തെ മുൻനിർത്തി ഉകൈദിർ വിശ്വാസത്തിലേക്ക് വന്നു എന്ന് പറഞ്ഞവരും അതല്ല അദ്ദേഹം വിശ്വാസം സ്വീകരിച്ചിട്ടില്ല എന്നും ചരിത്രത്തിൽ അഭിപ്രായങ്ങൾ ഉണ്ട്.
ദൗമ സംഭവത്തിൽ നാൽക്കാലികളെ നിങ്ങൾ വേട്ടയാടും എന്ന് തിരുനബിﷺ ഖാലിദി(റ)നോട് പറഞ്ഞ പരാമർശത്തെ മുന്നിൽവച്ച് കൊണ്ട് ബുജൈർ ബിനു ബുജ്ര(റ) എന്നയാൾ രണ്ടു വരി കവിതകൾ ചൊല്ലി
“തബാറക സാഹിബുൽ ബഖറാതി ഇന്നീ
റഅയ്തുല്ലാഹ യഹ്‌ദീ കുല്ല ഹാദി
ഫ മൻ യകു ഹാഇദൻ അൻ ദീ തബൂകിൻ
ഫ ഇന്നാ ഖദ് ഉമിർനാ ബിൽ ജിഹാദി”
ഉകൈദിറിന്റെ കോട്ടവാതിലിലേക്ക് മൃഗം മുട്ടിയതും അല്ലാഹുവിന്റെ പരമാധികാരവും അവൻ നേർവഴി കാണിക്കുന്നതിന്റെ മഹത്വവും അല്ലാഹുവിന്റെ മാർഗത്തിൽ സമർപ്പിക്കുന്നതിന്റെ പ്രാധാന്യവും ഒക്കെയാണ് ഈ വരികൾ ഉൾക്കൊള്ളുന്നത്. ഈ വരികൾ ചൊല്ലിയ ഉടനെ തിരുനബിﷺ ബുജൈറി(റ)നോട് പറഞ്ഞു. “ലാ യുഫ്ളിലില്ലാഹു ഫാക്ക” അഥവാ അല്ലാഹു നിങ്ങളുടെ വായ പല്ലു കൊഴിഞ്ഞു പോകുന്നതാക്കാതിരിക്കട്ടെ. 90 വയസ്സായിട്ടും അദ്ദേഹത്തിന്റെ ഒരു പല്ലു പോലും അനങ്ങിയിരുന്നില്ല.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
