
തബൂക്കിലേക്കുള്ള സഞ്ചാര മധ്യേ നബിﷺ സമൂദ് ഗോത്രത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇറങ്ങി. നിസ്കാരത്തിനു വേണ്ടിയുള്ള വിളിയാളങ്ങൾ മുഴക്കി. സമൂദ് ഗോത്രത്തിന്റെ പഴയ വാസസ്ഥലങ്ങളിലേക്ക് സ്വഹാബികൾ കടന്നുപോയി. അപ്പോൾ തിരുനബിﷺ വിളിച്ചു ചോദിച്ചു. അല്ലാ.. അല്ലാഹുവിന്റെ കോപം അവതരിച്ചവരുടെ വാസസ്ഥലങ്ങളിലേക്കാണോ നിങ്ങൾ പോകുന്നത്? അവിടെ അധികനേരം താമസിക്കാൻ നബിﷺ ഇഷ്ടപ്പെട്ടില്ല. അവിടുന്ന് സമാഹരിച്ച വെള്ളവും മറ്റും അവിടെത്തന്നെ ഒഴിവാക്കാൻ നബിﷺ നിർദ്ദേശിച്ചു. അല്ലാഹുവിന്റെ കല്പനകളെ ലംഘിക്കുകയും നിയമങ്ങളെ പാലിക്കാതിരിക്കുകയും ചെയ്ത ഒരു ജനതയുടെ ഗതികേടിനെ കുറിച്ച് നബിﷺ അനുയായികളെ ബോധ്യപ്പെടുത്തി. ദുഃഖത്തോടെ അതിവേഗം കടന്നു പോകേണ്ട സ്ഥലങ്ങളാണ് ഇത്തരം ഇടങ്ങൾ എന്ന് നബിﷺ അനുയായികളെ പഠിപ്പിച്ചു.
ഗതകാല സംഭവങ്ങളെ കുറിച്ചുള്ള ഓർമ്മകൾ പാഠം ഉൾക്കൊള്ളാനും ജീവിതത്തെ ക്രമീകരിക്കാനും ആണെന്ന് തിരുനബിﷺ ഉപദേശിച്ചു.
തബൂക്കിന്റെ സ്മരണകളിൽ ഉയർന്നുവരുന്ന മറ്റൊരു പേരാണ് അബ്ദുല്ലാഹി ദുൽ ബിജാദൈൻ(റ). അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറയുന്നു. തബൂക്ക് വേളയിൽ ഞാൻ നബിﷺയോടൊപ്പം ആയിരുന്നു. പെട്ടെന്നൊരു രാത്രിയിൽ ഞാൻ എഴുന്നേറ്റു. അതാ അവിടെ സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഒരു വെളിച്ചം. ഞാനങ്ങോട്ട് നീങ്ങിയപ്പോഴേക്കും അവിടെ തിരുനബിﷺയും അബൂബക്കറും(റ) ഉമറും(റ) ഉണ്ടായിരുന്നു. വിവരം എന്താണെന്ന് അന്വേഷിച്ചപ്പോഴാണ് അറിയുന്നത്. അബ്ദുല്ലാഹി ദുൽ ബിജാദൈൻ(റ) എന്ന സ്വഹാബി മരണപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെ മറമാടാൻ വേണ്ടി ഖബർ തയ്യാർ ചെയ്തു. അദ്ദേഹത്തിന്റെ ശരീരം അടുത്തേക്ക് വെക്കാൻ നബിﷺ നിർദ്ദേശിച്ചു. ആ ശരീരത്തിന്റെ അടുത്ത് നിന്ന് നബിﷺ ഇങ്ങനെ പറഞ്ഞു. അല്ലാഹുവേ എനിക്ക് അദ്ദേഹത്തോട് പൊരുത്തമാണ്. നീയും ഇദ്ദേഹത്തെ തൃപ്തിപ്പെടേണമേ! ഇബ്നു മസ്ഊദ്(റ) പറഞ്ഞു. തിരുനബിﷺ അദ്ദേഹത്തോട് കാണിച്ച വാത്സല്യവും, അദ്ദേഹത്തിന് വേണ്ടി നിർവഹിച്ച പ്രാർത്ഥനയും അനുഭവിച്ചപ്പോൾ ആ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ, എന്റെ ശരീരമായിരുന്നു ആ ഖബറിൽ വെച്ചിരുന്നതെങ്കിൽ എന്ന് ഞാൻ ആശിച്ചുപോയി.
അദ്ദേഹം ഇസ്ലാം സ്വീകരിച്ച വേളയിൽ ആളുകൾ അദ്ദേഹത്തെ മർദ്ധിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഒടുവിൽ ഒരു വസ്ത്രം മാത്രം നൽകി അദ്ദേഹത്തെ ഉപേക്ഷിച്ചു. അദ്ദേഹം തിരുനബിﷺയുടെ അടുത്തേക്ക് അതിവേഗം സഞ്ചരിച്ചെത്തി. അതിനിടയിൽ ധരിച്ചിരുന്ന വസ്ത്രം കീറി രണ്ട് ഭാഗമായി മാറി. ഈ പശ്ചാത്തലത്തിലാണ് രണ്ട് കഷ്ണം മുണ്ടിന്റെ ആൾ എന്ന് അർത്ഥം വരുന്ന ദുൽ ബിജാദൈൻ എന്ന പേര് അദ്ദേഹത്തിന് ലഭിച്ചത്.
ആദ്യകാലത്തെ വിശ്വാസികൾ ഇസ്ലാമിനെ ഏറ്റെടുത്തത് എങ്ങനെയെന്നും ഇസ്ലാമിനുവേണ്ടി സമർപ്പിച്ചത് എന്തെല്ലാമാണെന്നും ബോധ്യപ്പെടുത്തുന്ന ജീവിതമാണ് അബ്ദുല്ലാഹി ദുൽ ബിജാദൈനി(റ)യുടേത്.
പാവപ്പെട്ടവരോടും വിശുദ്ധ വിശ്വാസികളോടും തിരുനബിﷺക്ക് ഉണ്ടായിരുന്ന കരുണയും മമതയും ഈ സംഭവം നമ്മെ അറിയിക്കുന്നു. തിരുനബിﷺക്ക് നൽകാവുന്ന ഏറ്റവും വലിയ ഉപഹാരം ആയിരുന്നു തങ്ങൾക്ക് അദ്ദേഹത്തോടുള്ള തൃപ്തി പ്രഖ്യാപിക്കുകയും അല്ലാഹുവിൽ നിന്നുള്ള പൊരുത്തം പ്രാർത്ഥിക്കുകയും ചെയ്തത്.
അദ്ദേഹത്തിന്റെ ജനാസ രാത്രിയിലാണ് മറമാടിയത്. കർമശാസ്ത്രപരമായ ഒരു അധ്യാപനം കൂടി ഇതിലുണ്ട്. രാത്രിയിൽ മറമാടുന്നതിന് വിരോധമില്ല എന്നതാണത്.
നബി ജീവിതത്തിന്റെ ഓരോ ഇടപെടലുകളും നടപടികളും ഒരു വ്യവസ്ഥിതിയെ സ്ഥാപിക്കുന്നതിന് വേണ്ടിയായിരുന്നു. അനുഷ്ഠാന, കർമ്മ ജീവിതങ്ങളിൽ എങ്ങനെയൊക്കെ ആകണം എന്നത് കേവലം ഒരു രചനയിലൂടെ കൈമാറുകയല്ല തിരുനബിﷺ ചെയ്തത്. മറിച്ച്, ജീവിതത്തിന്റെ സന്ദർഭങ്ങളിൽ പ്രയോഗിച്ചുകൊണ്ട് പഠിപ്പിക്കുകയായിരുന്നു. നബിﷺയുടെ സംസാരം, പ്രവൃത്തി, അനുവാദങ്ങൾ എല്ലാം ഒത്തുചേരുമ്പോഴാണ് നബിചര്യ അഥവാ സുന്നത്ത് സമ്പൂർണ്ണമാകുന്നത്. അല്ലാഹു മനുഷ്യരിൽ നിന്ന് ആവശ്യപ്പെടുന്ന ജീവിത വ്യവസ്ഥിതികളെ മാതൃകാപരമായി ജീവിച്ചു കാണിക്കുവാൻ വേണ്ടിയാണ് അവന്റെ ദൂതന്മാരെ നിയോഗിച്ചത്. എക്കാലത്തേക്കും പ്രയുക്തമായ ജീവിതത്തെ ആവിഷ്കരിക്കാൻ വേണ്ടിയാണ് തിരുനബിﷺയെ നിയോഗിച്ചത്. മനുഷ്യകത്തിന് മുഴുവനും മാതൃകയാണല്ലോ തിരുദൂതർﷺ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
