
തബൂക്കിലേക്കുള്ള യാത്രയിലെ ശോഭനമായ ഒരു ചിത്രമാണ് അബൂദർ അൽ ഗിഫാരി(റ) അടയാളപ്പെടുത്തിയത്. തബൂക്ക് സൈനിക സഞ്ചാരത്തിന്റെ ചരിത്രം വായിക്കുമ്പോൾ കൗതുകകരമായ ഒരു രംഗം കൂടിയാണിത്.
നബിﷺയും അനുയായികളും തബൂക്കിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ, യാത്രയിൽ ഒപ്പം ചേരാത്ത പലരെക്കുറിച്ചുമുള്ള ചർച്ചകൾ ഉയർന്നുവന്നു. ചിലർ ഉപാധികൾ ഒപ്പിച്ച് നിന്നവരുണ്ട്. ചിലർ വിളവെടുപ്പ് കഴിഞ്ഞു പോകാം എന്ന് വിചാരിച്ചവരുണ്ട്. മറ്റു ചിലർ ഇന്ന് പോകാം നാളെ പോകാം എന്ന് കരുതി നാളുകൾ നീണ്ടു പോയവരും ഉണ്ട്. ഇങ്ങനെയുള്ള പലരെക്കുറിച്ചും നബിﷺയോട് സംസാരിച്ചപ്പോൾ. അവിടുന്ന് ഇങ്ങനെ പറഞ്ഞു. അവർക്ക് അല്ലാഹു നന്മ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവർ നമ്മോടൊപ്പം വന്നുചേരും. അല്ലാത്തവർ വരാതിരുന്നാൽ അവരിൽ നിന്ന് നമ്മൾ സുരക്ഷിതരായി എന്നല്ലാതെ മറ്റൊന്നും സംഭവിക്കാനില്ല.
അബൂദർ അൽ ഗിഫാരി(റ) നബിﷺയുടെ സംഘത്തോടൊപ്പം ചേരാൻ വേണ്ടി യാത്രതിരിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ വാഹനം ക്ഷീണിച്ചതായിരുന്നു. മതിയായ വേഗത്തിൽ സഞ്ചരിക്കാനോ കൃത്യസമയത്ത് നബിﷺയോടൊപ്പം ചേരാനും അതിനു സാധിച്ചില്ല. ഒടുവിൽ സാധനങ്ങൾ എല്ലാം വാഹനപ്പുറത്ത് വെച്ച് ഏറെനേരം അദ്ദേഹം നടക്കേണ്ടി വന്നു.
നബിﷺയും അനുയായികളും തമ്പടിച്ച ശേഷം അവർ കടന്നുവന്ന വഴിയിലേക്ക് തിരിഞ്ഞുനോക്കി. അതാ ദൂരെ നിന്ന് ഒരാൾ നടന്നു വരുന്നു. ആരായിരിക്കും അത് എന്നായി അനുയായികളുടെ ചർച്ച. വേഗം തന്നെ പ്രവാചകൻﷺ പറഞ്ഞു. നിങ്ങൾ അബൂദർ(റ) ആയിരിക്കട്ടെ. അധികം വൈകിയില്ല. ആഗതൻ ആരാണെന്ന് വ്യക്തമായി തുടങ്ങിയപ്പോൾ, സ്വഹാബികൾ നബിﷺയോട് പറഞ്ഞു. അത് അബൂദർ(റ) തന്നെയാണ്. അപ്പോൾ നബിﷺയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ. ഏകാന്തനായി സഞ്ചരിക്കുന്നു. നാളെ ഏകാന്തമായ ഒരു സ്ഥലത്ത് മരണപ്പെടും. നാളെ ഏകാന്തനായി തന്നെ പുനരുദ്ധാന നാട്ടിൽ വരികയും ചെയ്യും. ഇത്രയും പറഞ്ഞ് നബിﷺ അദ്ദേഹത്തെ ഹൃദ്യമായി സ്വീകരിച്ചു. മറ്റ് അനുയായികളോടൊപ്പം ചേർത്തുനിർത്തി. നബിﷺയുടെ പ്രാർത്ഥനാ വചനങ്ങൾ അബൂദർ(റ) ഓർത്തു വച്ചു. കാലചക്രം തിരിഞ്ഞു. മുത്ത് നബിﷺയുടെ വിയോഗം കഴിഞ്ഞു. അബൂബക്കർ(റ) ഖലീഫയായി. അവിടുത്തെ ഭരണകാലവും അവസാനിച്ചു. പിന്നീട് ഉമറി(റ)ന്റെ കാലവും കടന്നുപോയി. ഇപ്പോൾ ഉസ്മാനാ(റ)ണ് ഭരണാധികാരി. മക്കയിലെയും മദീനയിലെയും രാഷ്ട്രീയ സാഹചര്യങ്ങൾ മാറിമറിഞ്ഞു. അബൂദർ(റ) വന്യമായ മരുഭൂമിയിലേക്ക് താമസം മാറ്റി. റബ്ദ എന്നാണ് ആ പ്രദേശത്തിന്റെ പേര്. മദീനയിൽ നിന്ന് 170 കിലോമീറ്റർ ദൂരെയാണ് ആ പ്രദേശം. ലേഖകന് അവിടെ സന്ദർശിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ഇന്നും തീർത്തും വന്യമായ മരുഭൂമിയാണ് അവിടെ.
റബ്ദയിലെ വാസത്തിനിടെ അബൂദർ(റ) രോഗിയായി. ഒപ്പം ഭാര്യയും പരിചാരകയും മാത്രമേ ഉള്ളൂ. പ്രവാചകരുﷺടെ കാലങ്ങൾക്കു മുമ്പുള്ള മുന്നറിയിപ്പുകൾ ഓർമ്മ വന്നു. ഏകാന്തമായ ഈ മരുഭൂമിയിൽ ആയിരിക്കും തന്റെ വിയോഗം എന്ന് അദ്ദേഹം മനസ്സിലാക്കി. അദ്ദേഹം ഭാര്യയോടും പരിചാരകയോടുമായി ഇങ്ങനെ പറഞ്ഞു. ഞാൻ മരണപ്പെട്ടാൽ എന്നെ കുളിപ്പിക്കണം. ഉള്ള വസ്ത്രത്തിൽ പൊതിയണം. എന്നിട്ട് വഴിയോരത്ത് നിങ്ങൾ കാത്തു വെക്കണം. പിന്നീട് അതുവഴി കടന്നുവരുന്ന ആദ്യ യാത്രാ സംഘത്തോട് വിവരം പറയണം. അവർ വേണ്ടതുപോലെ ചെയ്തുകൊള്ളും. കർമ്മങ്ങളെല്ലാം കഴിഞ്ഞാൽ അവർക്ക് ഇതാ നമ്മോടൊപ്പമുള്ള ഈ ആടിനെ അറുത്ത് ഭക്ഷണം കൊടുത്തിട്ടേ പിരിയാവൂ. ഗദ്ഗതത്തോടെ ഭാര്യയും പരിചാരകയും അത് കേട്ടുനിന്നു.
അബൂദർ(റ) ഈ ലോകത്തോട് യാത്രയായി. ഒപ്പമുള്ളവർ വസിയ്യത്ത് പോലെ കാര്യം ചെയ്തു. അപ്പോഴതാ ഒരു യാത്രാസംഘം കടന്നു വരുന്നു. അവരോട് പറഞ്ഞു ഇതാ ഇത് അബൂദറിന്റെ ശരീരമാണ്. കൂഫയിലേക്കുള്ള യാത്ര സംഘത്തിൽ ഇബ്നു മസ്ഊദും(റ) ഉണ്ടായിരുന്നു. നബിﷺയുടെ സ്വഹാബികളിൽ പ്രമുഖനാണ് അബ്ദുല്ലാഹിബ്നു മസ്‌ഊദ്(റ). അബൂദറി(റ)ന്റെ മൃതശരീരം ആണെന്ന് കേട്ടപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടു. മുത്ത് നബിﷺയുടെ മുന്നറിയിപ്പുകൾ അദ്ദേഹത്തിന് ഓർമ്മ വന്നു. അബൂദറി(റ)ന്റെ പുണ്യശരീരം കണ്ടതും അദ്ദേഹം കരയാൻ തുടങ്ങി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
