
ബദ്ർ കഴിഞ്ഞതോടെ ഇരുട്ടിന്റെ കൂട്ടാളികൾ മുഴുവൻ അസ്വസ്ഥരായി. സത്യവിശ്വാസികൾക്ക് ആത്മവിശ്വാസവും വർധിച്ചു. ലോക രാഷ്ട്രീയ ഭൂപടം തന്നെ മാറി തുടങ്ങി. മദീനയിൽ നിന്ന് നയതന്ത്ര നീക്കങ്ങളും പ്രതിരോധ ഇടപെടലുകളും നടന്നു കൊണ്ടിരുന്നു.
ബദ്റിന് ശേഷം ആദ്യം നടന്ന നയതന്ത്ര ഇടപെടലാണ് കദറിൽ ബനൂ സുലൈമിലേക്കുള്ള സൈനിക നീക്കം. ഹിജ്‌റ രണ്ടാം വർഷം ശവ്വാൽ മാസത്തിൽ അഥവാ ബദ്റിൽ നിന്നു മടങ്ങിയ ഉടനെയായിരുന്നു ഈ സംഭവം.
ഇസ്‌ലാം വിരോധികളിൽ ബദ്റിന് ശേഷം രൂപംകൊണ്ട പ്രതികാരവും വിദ്വേഷവുമാണ് ഈ സംഭവത്തിന്റെ സാഹചര്യം. ബനൂ സുലൈയിം ഗോത്രം മദീനയെ ആക്രമിക്കാൻ തയ്യാറെടുത്തപ്പോൾ നബിﷺ നേരിട്ട് ബനൂ സുലൈമിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു. മദീനയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സിബാഉ ബിൻ ഉർഫുത്വ എന്നവരെ ഏല്പിച്ചു. ഇബ്നു ഉമ്മി മകതൂമിനെയാണെന്നും അഭിപ്രായമുണ്ട്.
നബിﷺയും സംഘവും ബനൂസുലൈമിലെ കദറിൽ എത്തി തമ്പടിച്ചതോടെ ബനൂ സുലൈം പേടിച്ചു പിന്മാറി. അഞ്ഞൂറോളം ഒട്ടകങ്ങളെയും വിട്ടു അവർ ഓടിപ്പോയി. മദീന സൈന്യം അത് കണ്ടു കെട്ടി. യാസിർ എന്നയാളെ ബന്ധിയാക്കി. മൂന്നു ദിവസം അവിടെ താമസിച്ച ശേഷം അവിടുന്ന് മടങ്ങി. അതിനു മുമ്പ് യാസിറിനെ മോചിപ്പിച്ചു.
ഈ കാലയളവിലാണ് മറ്റൊരു സംഭവം അരങ്ങേറിയത്. അബൂസുഫ്‌യാന്‍ ഏതാനും സുഹൃത്തുക്കളുമൊന്നിച്ച് മക്ക വിടുന്നത്. ബദ്റിലെ പരാജയത്തിന് പക വീട്ടാതെ ഭാര്യയുമായി സന്തോഷിക്കില്ല എന്ന് അയാൾ പ്രതിജ്ഞ ചെയ്തിരുന്നു. അതിക്രമങ്ങള്‍ നിഷിദ്ധമായ കഅ്ബാ തീര്‍ഥാടനകാലമായിരുന്നു അത്. ഈ സംഘം വളരെ രഹസ്യമായി മദീനയിലേക്കാണ് പുറപ്പെട്ടത്. പ്രതികാരം ചെയ്യുമെന്ന പ്രതിജ്ഞ സാക്ഷാത്ക്കരിക്കാനുള്ള മാര്‍ഗമന്വേഷിച്ചാണ് യാത്ര. മദീനയിലേക്ക് ഒരു ദിവസം വഴിദൂരമുള്ള നീബ് കുന്നിന്റെ ചെരുവില്‍ തന്റെ കൂടെയുള്ളവരെ നിര്‍ത്തി. രാത്രി ഒറ്റക്കാണ് പിന്നീട് അബൂസുഫ്‌യാന്‍ യാത്ര തുടര്‍ന്നത്. എത്തിച്ചേര്‍ന്നത് മദീനയിലെ നളീര്‍ എന്ന ജൂതഗോത്രത്തിന്റെ തലവന്‍ സല്ലാമുബ്‌നു മിശ്കമിന്റെ വീട്ടില്‍. സല്ലാം നല്ലൊരു സദ്യയൊരുക്കി. തന്റെ രഹസ്യ പദ്ധതികള്‍ വിശദീകരിച്ചുകൊടുത്ത ശേഷം അബൂസുഫ്‌യാന്‍ സുഹൃത്തുക്കളുടെ അടുത്തേക്ക് തിരിച്ചുപോവുകയും അവരെ മദീനയുടെ വടക്കു കിഴക്കന്‍ പ്രാന്തപ്രദേശമായ അല്‍ ഉറൈളിലേക്ക് അയക്കുകയും ചെയ്തു. അത് ജൂത അധിവാസ കേന്ദ്രമാണ്. മദീനാ മധ്യത്തിലുള്ള മുസ്‌ലിം അധിവാസ കേന്ദ്രങ്ങളില്‍നിന്ന് അകലെയാണിത്.
ഈ സംഘം അവിടെയുള്ള ഒരു ഈത്തപ്പനത്തോട്ടത്തില്‍ മുസ്‌ലിംകളായ രണ്ട് പേരെ കാണുകയും അവരെ വധിച്ചുകളയുകയും ചെയ്തു. തോട്ടത്തിന് തീയിട്ടശേഷം സംഘം ഓടിരക്ഷപ്പെട്ടു. അവരെ മുസ്‌ലിം സൈനികര്‍ പിന്തുടര്‍ന്നെങ്കിലും, യാത്രയിലെ ഭാരമൊഴിവാക്കാന്‍ കൂടെ കരുതിയിരുന്ന ഭക്ഷണ സഞ്ചികള്‍ വരെ ഉപേക്ഷിച്ച് അവര്‍ കടന്നുകളഞ്ഞു. ഇതോടെ, സിറിയയിലേക്കോ ഈജിപ്തിലേക്കോ പോകാന്‍ തങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്ന മദീനാ കച്ചവടപാത മക്കക്കാര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു. സിറിയയില്‍ പോകുന്നത് നിര്‍ത്തി നജ്ദ് വഴി ഇറാഖിലേക്കായി പിന്നീടവരുടെ യാത്ര.
മദീനാ പ്രാന്തത്തില്‍ അബൂസുഫ്‌യാനും സംഘവും അതിക്രമങ്ങള്‍ നടത്തി ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോൾ നബിﷺ സൈദുബ്‌നു ഹാരിസ(റ)യുടെ നേതൃത്വത്തില്‍ ഒരു വിഭാഗത്തെ നജ്ദില്‍ റബദക്കും അല്‍ഗംറക്കും ഇടക്കുള്ള അല്‍ഖറദ എന്ന പ്രദേശത്തേക്ക് അയച്ചു. ആ വഴിക്കുള്ള ഖുറൈശികളുടെ കച്ചവടസംഘത്തെ തടയുകയായിരുന്നു ലക്ഷ്യം. കച്ചവട സംഘത്തെ നയിച്ചിരുന്ന അബൂസുഫ്‌യാന്‍, സ്വഫ്‌വാനുബ്‌നു ഉമയ്യ പോലുള്ളവര്‍ രക്ഷപ്പെട്ടെങ്കിലും അവരുടെ സ്വത്തുവഹകള്‍ മുസ്‌ലിംകള്‍ പിടിച്ചെടുത്തു. ഒരു ലക്ഷം ദിര്‍ഹം വിലയുള്ള വെള്ളി ഇങ്ങനെ ലഭിക്കുകയുണ്ടായി. മുസ്‌ലിംകളുടെ കൈയില്‍ അകപ്പെട്ട ആദ്യത്തെയും അവസാനത്തെയും കാരവനായിരുന്നു അത്. ഈ വിജയം തീര്‍ച്ചയായും മക്കക്കാരുടെ യുദ്ധതയ്യാറെടുപ്പുകളെ മന്ദഗതിയിലാക്കുകയുണ്ടായി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
