
ഇമാം ഹാക്കിം(റ) ഉഖ്ബത്ത് ബിൻ ആമിർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “അന്ത്യദിനത്തിന് മുമ്പ് പടിഞ്ഞാറുഭാഗത്തുനിന്ന് പരിച പോലുള്ള ഒരു കറുത്ത മേഘം നിങ്ങളുടെ മേൽ പ്രത്യക്ഷപ്പെടും. അത് ആകാശത്തിൽ ഉയർന്നുപൊങ്ങുകയും ആകാശം മുഴുവൻ നിറയുകയും ചെയ്യും. പിന്നീട് ഒരു വിളിച്ചുപറയുന്നയാൾ വിളിച്ചുപറയും: ‘ജനങ്ങളേ!’ അപ്പോൾ ആളുകൾ പരസ്പരം തിരിഞ്ഞ് ചോദിക്കും: ‘നിങ്ങൾ കേട്ടോ?’ അവരിൽ ചിലർ ‘അതെ’ എന്ന് പറയും, ചിലർ സംശയിക്കും. പിന്നീട് രണ്ടാം തവണയും വിളിച്ചുപറയും: ‘ജനങ്ങളേ!’ അവരോട് ചോദിക്കപ്പെടും: ‘നിങ്ങൾ കേട്ടോ?’ അവർ ‘അതെ’ എന്ന് പറയും. അവൻ വിളിച്ചുപറയും: ‘ജനങ്ങളേ, അല്ലാഹുവിന്റെ കല്പന വന്നെത്തിക്കഴിഞ്ഞു, അതിനാൽ നിങ്ങൾ അതിന് ധൃതി കൂട്ടരുത്.’ എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെത്തന്നെ സത്യം! രണ്ടുപേർ ഒരു വസ്ത്രം വിടർത്തിപ്പിടിച്ചാൽ അത് മടക്കിവെക്കാൻ അവർക്ക് കഴിയില്ല. ഒരാൾ തന്റെ ഹൗള് നന്നാക്കിയാൽ അതിൽ നിന്ന് ഒരിക്കലും കുടിക്കാൻ കഴിയില്ല. ഒരാൾ തന്റെ ഒട്ടകത്തെ കറന്നെടുത്താൽ ആ പാൽ കുടിക്കാൻ അവന് സാധിക്കില്ല അഥവാ അത്ര പെട്ടെന്നായിരിക്കും അന്ത്യദിനം വന്നെത്തുന്നത്.”
ഇമാം അഹ്മദും(റ) മുസ്ലിമും(റ) മുസ്തൗരിദിൽ നിന്നും, നുഐം ബിൻ ഹമ്മാദ്(റ) ‘അൽ-ഫിതൻ’ എന്ന ഗ്രന്ഥത്തിൽ ഇബ്‌നു അംറ്(റ)വിൽ നിന്നും നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “റോമാക്കാർ ജനങ്ങളിൽ ഏറ്റവും കൂടുതലുള്ള അവസ്ഥയിലായിരിക്കും അന്ത്യദിനം സംഭവിക്കുക.”
ഇമാം അഹ്മദ്(റ), ഹാക്കിം(റ) എന്നിവർ അബൂ സഈദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “അന്ത്യദിനം അടുക്കുമ്പോൾ ഇടിമിന്നലുകൾ വർദ്ധിക്കും. അങ്ങനെ ഒരാൾ വന്ന് ‘ഇന്ന് രാവിലത്തെ ഇടിമിന്നലിൽ നിങ്ങൾക്ക് ആർക്കെങ്കിലും അപകടം പറ്റിയോ?’ എന്ന് ചോദിക്കുമ്പോൾ, ‘ഇന്നയിന്ന ആളുകൾക്ക് ഇടിമിന്നലേറ്റു’ എന്ന് ജനങ്ങൾ പറയുന്ന അവസ്ഥയുണ്ടാകും.”
ഇമാം അഹ്മദ്(റ), അബൂ യഅ്‌ലാ(റ), അള്ളിയാഅ്(റ) എന്നിവർ അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “ആകാശം മഴ പെയ്യിക്കാതിരിക്കുകയും ഭൂമി ഒന്നും മുളപ്പിക്കാതിരിക്കുകയും ചെയ്യുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല.”
ഇമാം തബ്‌റാനി(റ) ‘അൽ-കബീർ’ എന്ന ഗ്രന്ഥത്തിൽ സമുറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “പർവ്വതങ്ങൾ അവയുടെ സ്ഥാനങ്ങളിൽ നിന്ന് നീങ്ങിപ്പോകുകയും, നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത വൻ സംഭവങ്ങൾ കാണുകയും ചെയ്യുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല.”
ഇമാം അഹ്മദും(റ) തുർമുദി(റ)യും അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “കാലം ചുരുങ്ങിപ്പോകുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല. അങ്ങനെ ഒരു വർഷം ഒരു മാസം പോലെയും, ഒരു മാസം ഒരു ആഴ്ച പോലെയും, ഒരു ആഴ്ച ഒരു ദിവസം പോലെയും, ഒരു ദിവസം ഒരു മണിക്കൂർ പോലെയും, ഒരു മണിക്കൂർ തീപ്പൊരി പടരുന്നത്ര സമയം പോലെയും ആയിത്തീരും.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
