Tweet 1497

    Tweet 1497
    July 20, 2026 • Monday
    Post Header

    ബൈഹഖി(റ), അയ്യൂബ് ബിൻ ബശീർ അൽ-മുആവി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ ഒരിക്കൽ ഒരു യാത്രയ്ക്ക് പുറപ്പെട്ടു. ‘ഹർറത്തു സുഹ്‌റ’ എന്ന സ്ഥലത്ത് എത്തിയപ്പോൾ അവിടെ നിന്നു, ശേഷം ‘ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ’ എന്ന് ചൊല്ലി. അനുചരന്മാർ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: “എന്റെ സ്വഹാബികൾക്ക് ശേഷം എന്റെ സമുദായത്തിലെ ഏറ്റവും ഉത്തമരായ ആളുകൾ ഈ ഹർറയിൽ വെച്ച് കൊല്ലപ്പെടും.” ഇമാം ബൈഹഖി(റ) ഇബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു. മദീനയുടെ വിവിധ ഭാഗങ്ങളിലൂടെ ശത്രുക്കൾ അവരുടെ മേൽ പ്രവേശിക്കുകയും, തുടർന്ന് അവരോട് മതം ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്താൽ, അവരതിന് വഴങ്ങിക്കൊടുക്കുമായിരുന്നു എന്ന ആശയമുള്ള സൂറത്തുൽ അഹ്സാബ് പതിനാലാം സൂക്തത്തിൻ്റെ വ്യാഖ്യാനം അറുപതാം വർഷത്തിന്റെ തുടക്കത്തിൽ പുലരുകയുണ്ടായി. അതായത് ബനൂ ഹാരിസ ഗോത്രക്കാർ സിറിയയിലെ സൈന്യത്തെ മദീനയിലേക്ക് പ്രവേശിപ്പിച്ച സംഭവത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇമാം ബൈഹഖി(റ) ഹസൻ ബസരി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: “ഹർറ യുദ്ധത്തിന്റെ ദിവസം മദീനക്കാർ കൊന്നൊടുക്കപ്പെട്ടു, അവരിൽ ആരും തന്നെ രക്ഷപ്പെടുകയില്ല എന്ന് തോന്നുമാറ് ആളുകൾ കൊല്ലപ്പെട്ടു.” മാലിക് ബിൻ അനസി(റ)ൽ നിന്നും ബൈഹഖി(റ) നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: “ഹർറ യുദ്ധത്തിന്റെ ദിവസം ഖുർആൻ മനഃപാഠമാക്കിയ എഴുനൂറോളം പേർ കൊല്ലപ്പെട്ടു. അവരിൽ മുന്നൂറോളം പേർ സ്വഹാബികളായിരുന്നു. ഇത് യസീദിന്റെ ഭരണകാലത്താണ് സംഭവിച്ചത്.” ദമസ്കസിലെ ‘അദ്റാഹ്’ എന്ന സ്ഥലത്ത് വെച്ച് അന്യായമായി കൊല്ലപ്പെടുന്നവരെക്കുറിച്ച് തിരുനബിﷺ മുൻകൂട്ടി അറിയിച്ചത് ഇപ്രകാരമാണ്.യഅ്ഖൂബ് ബിൻ സുഫ്‌യാനും(റ) ഇബ്നു അസാകിറും(റ) അബുൽ അസ്‌വദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: മുആവിയ(റ) ആഇശ(റ)യുടെ അടുക്കൽ വന്നപ്പോൾ അവർ ചോദിച്ചു: “അദ്റാഹിലെ താമസക്കാരായ ഹുജ്ര് ബിൻ അദിയ്യെയും അദ്ദേഹത്തിന്റെ അനുചരന്മാരെയും കൊല്ലാൻ നിങ്ങളെ പ്രേരിപ്പിച്ചതെന്താണ്?” അപ്പോൾ അദ്ദേഹം പറഞ്ഞു: “ഉമ്മുൽ മുഅ്മിനീൻ, അവരുടെ കൊലപാതകത്തിലാണ് സമുദായത്തിന്റെ നന്മയെന്നും, അവർ ജീവിച്ചിരിക്കുന്നത് സമുദായത്തിൽ കുഴപ്പമുണ്ടാക്കുമെന്നും ഞാൻ കണ്ടു.” അപ്പോൾ ആഇശ(റ) പറഞ്ഞു: തിരുനബിﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: “അദ്റാഹിൽ വെച്ച് ഒരു കൂട്ടം ആളുകൾ കൊല്ലപ്പെടും, അവരുടെ കാര്യത്തിൽ അല്ലാഹുവും ആകാശത്തുള്ളവരും കോപിക്കുന്നതാണ്.” ഇബ്നു അസാകിർ(റ) സഈദ് ബിൻ അബീ ഹിലാലി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: മുആവിയ(റ) ഹജ്ജ് നിർവഹിക്കുകയും ആഇശ(റ)യുടെ അടുക്കൽ വരികയും ചെയ്തപ്പോൾ അവർ ചോദിച്ചു: “ഹേ മുആവിയാ(റ), നിങ്ങൾ ഹുജ്ര് ബിൻ അൽ-അദ്ബറിനെയും അദ്ദേഹത്തിന്റെ അനുചരന്മാരെയും കൊലപ്പെടുത്തിയോ? അല്ലാഹുവാണേ, അദ്റാഹിൽ വെച്ച് ഏഴുപേർ കൊല്ലപ്പെടുമെന്ന് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്; അവരുടെ കാര്യത്തിൽ അല്ലാഹുവും ആകാശത്തുള്ളവരും കോപിക്കുന്നതാണ്.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 3
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...