
ഇബ്‌നു അബീ ശൈബ(റ)യും ഇമാം അഹ്മദും(റ) അബ്ദുല്ലാഹി ബിൻ ബിശ്ർ അൽ-ഖസ്അമി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം തന്റെ പിതാവിൽ നിന്ന് തിരുനബിﷺ ഇപ്രകാരം പറയുന്നത് കേട്ടു: “തീർച്ചയായും കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കപ്പെടും. അത് കീഴടക്കുന്ന നേതാവ് എത്ര നല്ല അമീർ! ആ സൈന്യം എത്ര നല്ല സൈന്യം!”
ഹാരിസും(റ) ത്വബറാനി(റ)യും ജുബൈർ ബിൻ നുഫൈറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: മുആവിയ(റ)യുടെ ഭരണകാലത്ത് അബൂ സഅ്‌ലബ അൽ-ഖുശനി(റ) തമ്പിൽ വെച്ച് ജനങ്ങളോട് ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: “നിങ്ങൾ കോൺസ്റ്റാന്റിനോപ്പിളിലേക്ക് ജനങ്ങളെ സജ്ജരാക്കുക. അല്ലാഹുവാണെ സത്യം! ഈ ഉമ്മത്ത് അരദിവസം പോലും അശക്തരാവുകയില്ല. ശാമ് പ്രദേശം ഒരാളുടെയും അയാളുടെ കുടുംബത്തിന്റെയും അധീനതയിൽ മാറുന്നത് നിങ്ങൾ കണ്ടാൽ, ആ സമയത്ത് കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കപ്പെടും.”
ത്വയാലിസി(റ), ഇബ്‌നു മനീഅ്(റ), ഇബ്‌നു അബീ ശൈബ(റ), അബൂ യഅ്‌ലാ(റ) എന്നിവർ വിശ്വസ്തരായ നിവേദകരിലൂടെ അബ്ദുല്ലാഹി ബിൻ മസ്ഊദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: “അനന്തരാവകാശം വീതം വെക്കപ്പെടാതാവുകയും, യുദ്ധമുതലുകളിൽ ആരും സന്തോഷിക്കാതാവുകയും ചെയ്യുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല.”
റോമാക്കാർ നിങ്ങൾക്കെതിരെ ഒന്നിച്ചുകൂടും – മറ്റൊരു നിവേദനത്തിൽ: ‘അവർ ഇസ്‌ലാം മതവിശ്വാസികൾക്കെതിരെ ഒന്നിച്ചുകൂടും’ – അദ്ദേഹം തന്റെ കൈകൊണ്ട് ശാമിന്റെ ഭാഗത്തേക്ക് ചൂണ്ടിക്കാണിച്ചു. ഞാൻ ചോദിച്ചു: “റോമാക്കാർ എന്നാണോ താങ്കൾ ഉദ്ദേശിക്കുന്നത്?” അദ്ദേഹം പറഞ്ഞു: “അതേ, ആ സമയത്ത് കഠിനമായ യുദ്ധമുണ്ടാകും . അപ്പോൾ മുസ്‌ലിംകൾ മരണത്തെ മുന്നിൽ കണ്ട് ഒരു പ്രത്യേക സൈന്യത്തെ അഥവാ ആത്മത്യാഗികളെ സജ്ജമാക്കും, വിജയശ്രീലാളിതരായല്ലാതെ അവർ മടങ്ങുകയില്ല. രാത്രി അവർക്കിടയിൽ തടസ്സമാകുന്നതുവരെ അവർ പോരാടും. അങ്ങനെ വിജയമില്ലാതെ ഇരുകൂട്ടരും മടങ്ങും, ആ സൈന്യം പൂർണ്ണമായി നശിക്കുകയും ചെയ്യും.
പിന്നീട് മുസ്‌ലിംകൾ മരണത്തെ മുന്നിൽ കണ്ട് മറ്റൊരു സൈന്യത്തെ സജ്ജമാക്കും, വിജയമില്ലാതെ അവർ മടങ്ങില്ല. രാത്രി തടസ്സമാകും വരെ അവർ പോരാടും. വിജയമില്ലാതെ ഇരുകൂട്ടരും മടങ്ങും, ആ സൈന്യവും നശിക്കും. വീണ്ടും മുസ്‌ലിംകൾ മരണത്തെ മുന്നിൽ കണ്ട് മൂന്നാമതൊരു സൈന്യത്തെ സജ്ജമാക്കും, വിജയമില്ലാതെ അവർ മടങ്ങില്ല. വൈകുന്നേരം വരെ അവർ പോരാടും, വിജയമില്ലാതെ ഇരുകൂട്ടരും മടങ്ങും, ആ സൈന്യവും നശിക്കും. നാലാം ദിവസം വരുമ്പോൾ, ബാക്കിയുള്ള മുസ്‌ലിംകൾ അവർക്കെതിരെ നീങ്ങും. അപ്പോൾ അല്ലാഹു ശത്രുക്കൾക്ക് മേൽ പരാജയം വരുത്തും. അവർ വലിയൊരു യുദ്ധം ചെയ്യും – അതിന് സമാനമായ ഒന്ന് കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു – എത്രത്തോളമെന്നാൽ ഒരു പക്ഷി അവരുടെ വശങ്ങളിലൂടെ പറന്നാൽ, അത് കടന്നുപോകുന്നതിന് മുൻപ് ചത്തു വീഴും. ഒരു പിതാവിന്റെ മക്കൾ നൂറുപേരുണ്ടായിരുന്നിട്ട് അവർ എണ്ണിയാൽ ഒരാളെയല്ലാതെ ബാക്കി കണ്ടെത്തുകയില്ല. പിന്നെ ഏത് യുദ്ധമുതലിലാണ് സന്തോഷിക്കുക? ഏത് അനന്തരാവകാശമാണ് വീതം വെക്കുക?”
അദ്ദേഹം പറഞ്ഞു: “അവർ ആ അവസ്ഥയിലായിരിക്കുമ്പോൾ, അതിനേക്കാൾ വലിയൊരു ജനസഞ്ചയത്തെക്കുറിച്ച് അവർ കേൾക്കും. ദജ്ജാൽ അവരുടെ കുടുംബങ്ങളിൽ എത്തിയിരിക്കുന്നു എന്നൊരു നിലവിളി അവർക്ക് കേൾക്കാം. ഉടനെ അവർ തങ്ങളുടെ കൈകളിലുള്ളതെല്ലാം ഉപേക്ഷിച്ച് മുന്നോട്ട് വരും. അവർ പത്ത് കുതിരപ്പടയാളികളെ മുൻകൂട്ടിയുള്ള വിവരശേഖരണത്തിനായി ചാരന്മാരായി അയക്കും.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
