
ഒരു വിഭാഗം ആളുകളുടെ ആയുസ്സിനെക്കുറിച്ചും ഒരു തലമുറയുടെ അന്ത്യത്തെക്കുറിച്ചും തിരുനബിﷺയുടെ പ്രവചനം ഇപ്രകാരമാണ്.
ഹസൻ ബിൻ സുഫ്യാൻ(റ), ഇബ്നു ശാഹീൻ(റ), ഇബ്നു നാഫിഅ്(റ), ത്വബറാനി(റ), ഹാകിം(റ), ഇബ്നു അസാകിർ(റ) എന്നിവർ സുഫ്യാൻ ബിൻ വഹ്ബ് അൽ-ഖൗലാനി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “നൂറ് വർഷം തികയുമ്പോൾ, ഇന്ന് ഭൂമിയിലുള്ള ആരും തന്നെ ബാക്കിയുണ്ടാവില്ല.”
മുസ്ലിമും(റ) ഇബ്നു ഹിബ്ബാനും(റ) അബൂ സഈദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: തിരുനബിﷺ പറഞ്ഞു: “നൂറ് വർഷം തികയുമ്പോൾ, ഇന്ന് ഭൂമിയിലുള്ള ജീവനുള്ള ഒരു ആത്മാവും ജീവനോടെ അവശേഷിക്കില്ല.”
ബുഖാരി(റ)യും മുസ്ലിമും(റ) ഇബ്നു ഉമർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: തിരുനബിﷺ ജീവിതത്തിന്റെ അവസാന നാളുകളിൽ ഒരു രാത്രി ഞങ്ങൾക്ക് ഇശാഅ് നിസ്കാരത്തിന് നേതൃത്വം നൽകി. നിസ്കാരം കഴിഞ്ഞെഴുന്നേറ്റപ്പോൾ അവിടുന്ന് പറഞ്ഞു: “നിങ്ങളുടെ ഈ രാത്രിയെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? തീർച്ചയായും ഇതിൽ നിന്ന് നൂറ് വർഷം തികയുമ്പോൾ, ഇന്ന് ഭൂമുഖത്തുള്ള ആരും തന്നെ ജീവനോടെ അവശേഷിക്കുകയില്ല.” ആ തലമുറയുടെ ആ നൂറ്റാണ്ടിൽ ജീവിച്ചിരുന്നവരുടെ അന്ത്യമാണ് അതുകൊണ്ട് അവിടുന്ന് ഉദ്ദേശിച്ചത്.
ജാബിർ ബിൻ അബ്ദില്ലഹ്(റ) പ്രസ്താവിച്ചതായി മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ ഇഹലോകവാസം വെടിയുന്നതിന് ഒരു മാസം മുമ്പ് ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: “നിങ്ങൾ എന്നോട് അന്ത്യനാളിനെക്കുറിച്ച് ചോദിക്കുന്നു, എന്നാൽ അതിന്റെ അറിവ് അല്ലാഹുവിങ്കൽ മാത്രമാണ്. അല്ലാഹുവിനെത്തന്നെയാണ സത്യം! ഇന്ന് ഭൂമിയിലുള്ള ഒരു മനുഷ്യനും നൂറു വർഷം തികയുന്നതുവരെ ജീവിച്ചിരിക്കുകയില്ല.”
അബു ത്വുഫൈൽ(റ) പറഞ്ഞതായി മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു: “തിരുനബിﷺ കണ്ടുമുട്ടിയവരിൽ ഞാനല്ലാതെ മറ്റാരും ഇനി അവശേഷിക്കുന്നില്ല.” ഹിജ്റ നൂറാം വർഷത്തിന്റെ തുടക്കത്തിലാണ് അബു ത്വുഫൈൽ(റ) മരണമടഞ്ഞത്.
മുഹമ്മദ് ബിൻ സിയാദ് അൽ-അൽഹാനി(റ) വഴി അബ്ദുള്ളാഹ് ബിൻ ബുസ്ർ(റ)നെ ഉദ്ധരിച്ചുകൊണ്ട് ഹാകിം(റ), ബൈഹഖി(റ), അബു നുഐം(റ) എന്നിവർ നിവേദനം ചെയ്യുന്നു: തിരുനബിﷺ അദ്ദേഹത്തിന്റെ തലയിൽ കൈവെച്ചുകൊണ്ട് പറഞ്ഞു: “ഈ ബാലൻ ഒരു നൂറ്റാണ്ട് ജീവിക്കും.” അങ്ങനെ അദ്ദേഹം നൂറ് വർഷം ജീവിച്ചു. അദ്ദേഹത്തിന്റെ മുഖത്ത് ഒരു മറുകുണ്ടായിരുന്നു തിരുനബിﷺ പറഞ്ഞു: “ആ മറുക് മുഖത്തുനിന്ന് അപ്രത്യക്ഷമാകുന്നതുവരെ അവൻ മരിക്കുകയില്ല.” അത് ഇല്ലാതാകുന്നതുവരെ അദ്ദേഹം മരണപ്പെട്ടതുമില്ല.
ഹബീബ് ബിൻ മസ്‌ലമ അൽ-ഫിഹ്‌രി(റ) മദീനയിലായിരുന്ന തിരുനബിﷺയെ കാണാൻ വന്നതിനെക്കുറിച്ച് ഇബ്‌നു സഅദ്(റ), ബഗ്‌വി(റ), അബു നുഐം(റ), ബൈഹഖി(റ) എന്നിവർ നിവേദനം ചെയ്യുന്നു: അപ്പോൾ അദ്ദേഹത്തിന്റെ പിതാവ് അവിടെയെത്തി പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, എന്റെ കൈയും കാലുമാണിവൻ അഥവാ എന്റെ ഏക ആശ്രയമാണ്.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “നീ അദ്ദേഹത്തോടൊപ്പം മടങ്ങിക്കൊള്ളുക, കാരണം അദ്ദേഹം ഉടൻ തന്നെ മരണപ്പെടാറായിട്ടുണ്ട്.” അങ്ങനെ ആ വർഷം തന്നെ ആ പിതാവ് മരണപ്പെട്ടു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
