
ഉമർ(റ) ‘ഹിജ്റ’ക്ക് അഥവാ പലായനത്തിന് തീരുമാനിച്ചു. പടവാളും ഉയർത്തി ആവനാഴിയിൽ അമ്പ് നിറച്ച് ആയുധങ്ങളണിഞ്ഞ് കഅബയുടെ അടുത്തെത്തി. ഖുറൈശി സംഘങ്ങളുടെ മുന്നിലൂടെ കഅബയെ ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്തു അഥവാ ത്വവാഫ് നിർവഹിച്ചു. ശേഷം, ഇബ്രാഹീം മഖാമിന്റെ പിന്നിൽ നിന്ന് രണ്ട് റക്അത് നിസ്കാരം നിർവഹിച്ചു. തുടർന്ന് ഖുറൈശികൾ വട്ടം കൂടിയിരുന്ന ഓരോ കൂട്ടത്തോടും പറഞ്ഞു. നിങ്ങൾക്കു നഷ്ടം! നാശം കൊതിക്കുന്നവർ വരൂ. ഭാര്യമാരെ വിധവകളാക്കാനും മക്കളെ അനാഥരാക്കാനും താത്പര്യമുള്ളവർ ഇതിനപ്പുറത്തെ താഴ്‌വരയിലേക്ക് വരൂ. നമുക്ക് കണ്ടുമുട്ടാം. അലി (റ) പറയുന്നു. ഈ വെല്ലുവിളി നേരിടാനോ ഉമറി(റ)നെ പിൻതുടരാനോ ആരും തയ്യാറായില്ല.
ഉമർ (റ) പറഞ്ഞു കൊടുത്ത കാര്യം മകൻ അബ്ദുല്ലാഹ് നിവേദനം ചെയ്യുന്നു. ഉമർ (റ) പറയുന്നു, അയ്യാശ് ബിൻ അബീ റബീഅയും ഞാനും ഹിഷാമുബിൻ ആസും മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്യാൻ തീരുമാനിച്ചു. സരിഫ് എന്ന പ്രദേശത്തിനടുത്ത് എത്തേണ്ട സമയം നിശ്ചയിച്ചു. രണ്ടാൾ എത്തി മൂന്നാമൻ എത്തിയില്ലെങ്കിൽ എത്തുന്ന രണ്ടാളും പുറപ്പെടാനും മൂന്നാമനെ മക്കക്കാർ തടഞ്ഞിട്ടുണ്ടാകും എന്ന് മനസ്സിലാക്കണമെന്നും ധാരണയായി. ഞാനും അയ്യാശും നിശ്ചിത സമയത്ത് തന്നെ സരിഫിൽ എത്തി.
ഹിഷാമിനെ മക്കക്കാർ തടഞ്ഞിട്ടുണ്ടാകും എന്ന് മനസ്സിലാക്കി. അദ്ദേഹം പിടിക്കപ്പെടുകയും ബന്ദിയാക്കപ്പെടുകയും ചെയ്തു എന്ന് പിന്നീടറിയാൻ കഴിഞ്ഞു. ഞങ്ങൾ യാത്രയാരംഭിച്ചു. ഞങ്ങൾ മദീനയിലേക്കടുത്തു. ഞങ്ങളെ പിൻതുടർന്ന അബൂജഹലും ഹാരിസ് ബിൻഹിഷാമും(ഇദ്ദേഹം പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചു.) അയ്യാശിനെ സമീപിച്ചു. എന്നിട്ടവർ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങളുടെ ഉമ്മ ചില ശപഥങ്ങൾ ചെയ്തിരിക്കുന്നു. നിങ്ങൾ മടങ്ങിയെത്തിയാലേ ഇനി തലമുടി ചീർപ്പുകയുള്ളൂ. വെയിലത്ത് നിന്ന് മേൽകൂരക്കുള്ളിൽ അഥവാ വീട്ടിൽ കടക്കുകയുള്ളൂ എന്നൊക്കെ. അത് കൊണ്ട് ഉടനെ തന്നെ നിങ്ങൾ മക്കയിലേക്ക് മടങ്ങണം. കുടുംബക്കാർ കൂടിയായ ഇരുവരുടെയും വാക്കുകളിൽ അയ്യാശ് വിശ്വസിച്ചു. അദ്ദേഹം അവർക്കൊപ്പം പോകാനൊരുങ്ങി. ഉമർ (റ) അയ്യാശിനോട് പറഞ്ഞു. ഇവരുടെ വഞ്ചനയിൽ നിങ്ങൾ കുടുങ്ങരുത്. ഇവർ നിങ്ങളെ അക്രമിക്കാൻ കൊണ്ടുപോവുകയാണ്. ഉമ്മയുടെ തലയിൽ പേൻ കടിക്കുമ്പോൾ ഉമ്മ ചീർപ്പെടുത്ത് ചീകിക്കൊള്ളും. മരുഭൂമിയിലെ വെയിൽ കടുക്കുമ്പോൾ ഉമ്മ തണൽ കൊളളാൻ വീടിനുളളിൽ കയറാതെ എന്ത് ചെയ്യും. നിങ്ങൾ ഇവരുടെ ചതിയിൽ വീഴരുതേ. പക്ഷേ അയ്യാശ് നിഷ്കളങ്കമായി അബൂജഹലിനെ വിശ്വസിച്ചു. അദ്ദേഹം പറഞ്ഞു. ഞാൻ ഉമ്മയെയും ഒന്നനുനയിപ്പിച്ച് എൻ്റെ സ്വത്തുവകകളൊക്കെ മക്കയിലാണ് അതൊക്കെയെടുത്ത് വരാം. ഉമർ(റ) വീണ്ടും പറഞ്ഞു. നിങ്ങളുടെ സ്വത്ത് പോകട്ടെ. ഞാൻ മക്കയിലെ അതിസമ്പന്നനൊന്നും അല്ലെങ്കിലും എന്റെ സ്വത്തിന്റെ പകുതി ഞാൻ നിങ്ങൾക്ക് തരാം എന്നാലും നിങ്ങൾ പോകരുത്. അയ്യാശ് പക്ഷേ പോകാൻ തയ്യാറായി. അവസാനം ഉമർ(റ) പറഞ്ഞു. നിങ്ങൾക്ക് പോയേ പറ്റൂ എങ്കിൽ എന്റെയീ ചുണയുള്ള പെണ്ണൊട്ടകത്തിന്റെ പുറത്ത് യാത്രചെയ്തോളൂ. വഴിയിൽ വച്ച് വല്ല പന്തികേടും അനുഭവപ്പെട്ടാൽ പെട്ടെന്ന് രക്ഷപ്പെടാനാവും. അയ്യാശ് അത് സ്വീകരിച്ചു. യാത്രാമധ്യേ അബൂജഹൽ ഒരു കൗശലം പ്രയോഗിച്ചു. തങ്ങൾ സഞ്ചരിക്കുന്ന വാഹനം ക്ഷീണിച്ചതിനാൽ അയാളെ കൂടി അയ്യാശിന്റെ വാഹനത്തിൽ കയറ്റാൻ അഭ്യർത്ഥിച്ചു. അദ്ദേഹം അത് സ്വീകരിക്കേണ്ടിവന്നു. ക്രമേണ അവർ വാഹനം കൈവശപ്പെടുത്തി. അയ്യാശിനെ ബന്ധനസ്ഥനാക്കി. മക്കയിലെത്തിയപ്പോൾ അബൂജഹൽ വിളിച്ചു പറഞ്ഞു, ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് പോയ വിഢിയെ ഞങ്ങൾ ഇപ്രകാരമാണ് പിടിച്ചു കൊണ്ടുവന്നത്. നിങ്ങളുടെ കൂട്ടത്തിൽ നിന്ന് പോയവരെയും നിങ്ങൾ പിടിച്ചു കൊണ്ടുവരൂ. ശേഷം അയ്യാശിനെ ഹിഷാമുബിനുൽ ആസിനൊപ്പം മേൽക്കൂരയില്ലാത്ത തടങ്കലിലിട്ടു.
ഈ സന്ദർഭത്തെ പരാമർശിച്ചു കൊണ്ട് സുമർ അധ്യായത്തിലെ അൻപത്തിമൂന്ന് മുതൽ അൻപത്തി അഞ്ച് വരെ സൂക്തങ്ങൾ അവതരിച്ചു. ആശയം ഇങ്ങനെ വായിക്കാം. “പ്രവാചകരേ അവിടുന്ന് പറഞ്ഞ് കൊടുക്കുക. സ്വന്തത്തോട് അക്രമം ചെയ്ത എന്റെ ദാസന്മാരെ.. അല്ലാഹുവിന്റെ കാരുണ്യത്തിൽ നിങ്ങൾ നിരാശരാവരുത്. അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തു തരും. അവൻ ദയാപരനും വിട്ടുവീഴ്ച ചെയ്യുന്നവനുമാണ്. നിങ്ങളുടെ രക്ഷിതാവിലേക്ക് തിരിച്ചു വരുവിൻ. നിങ്ങൾക്ക് ശിക്ഷ ഭവികുകയും തുടർന്ന് എവിടെ നിന്നും സഹായം ലഭിക്കാതാവുകയും ചെയ്യുന്നതിന് മുമ്പ്.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
