Tweet 1307

    Tweet 1307
    January 11, 2026 • Sunday
    Post Header

    ഇമാം അൽ അസ്മഈ(റ) ഇപ്രകാരം നിവേദനം ചെയ്യുന്നു: ഒരു പെൺകുട്ടി ഇപ്രകാരം പ്രാർഥിക്കുന്നത് ഞാൻ കേട്ടു: “എന്റെ പാപങ്ങളിൽ നിന്ന് ഞാൻ അല്ലാഹുവിനോട് മാപ്പിരക്കുന്നു.” അപ്പോൾ ഞാൻ അവളോട് ചോദിച്ചു: “നീ എന്തിനാണ് മാപ്പിരക്കുന്നത്? നിനക്കെതിരെ പാപങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയിട്ടില്ലല്ലോ അഥവാ നീ പ്രായപൂർത്തിയായിട്ടില്ലല്ലോ?” അവൾ പറഞ്ഞു: “ഞാൻ എന്റെ എല്ലാ പാപങ്ങൾക്കും അല്ലാഹുവിനോട് മാപ്പിരക്കുന്നു. ഞാൻ അന്യായമായി ഒരാളെ കൊന്നു കളഞ്ഞു; ശാന്തമായി ഉറങ്ങിക്കിടക്കുന്ന ഒരു മാനിനെപ്പോലെയുള്ള ഒരാളെ. അർദ്ധരാത്രിയായിട്ടും ഞാൻ അവനെ സന്ദർശിച്ചില്ല.” അപ്പോൾ ഞാൻ ചോദിച്ചു: “നീ എന്തിനാണ് കരയുന്നത്? നിനക്ക് ഇത്രയധികം ഭാഷാസാമർത്ഥ്യം /ഫസാഹത്ത് എവിടെ നിന്ന് ലഭിച്ചു?” ഏറെ സാഹിത്യമാർന്ന ഭാഷയിലായിരുന്നു അവൾ സംസാരിച്ചത്. അത് കേട്ടുകൊണ്ടാണ് ഈ ചോദ്യം ചോദിച്ചത്. അപ്പോൾ സൂറത്ത് അൽ-ഖസസ്: ഏഴാമത്തെ സൂക്തം പാരായണം ചെയ്തിട്ട് അവൾ മറുപടി നൽകി: “അല്ലാഹുവിന്റെ ഈ വചനത്തിന് ശേഷം ഇതിനെയൊക്കെ ഒരു സാഹിത്യ സാമർത്ഥ്യമായി കാണാൻ കഴിയുമോ?” സൂക്തത്തിൻ്റെ ആശയം ഇപ്രകാരമാണ്. “നാം മൂസാ(അ)യുടെ മാതാവിന് ഇപ്രകാരം ബോധനം നൽകി: നീ അവന് മുലകൊടുക്കുക. ഇനി അവന്റെ കാര്യത്തിൽ നിനക്ക് ഭയം തോന്നുകയാണെങ്കിൽ അവനെ പുഴയിൽ ഇട്ടേക്കുക. നീ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. തീർച്ചയായും നാം ആ മകനെ നിന്റെ അടുക്കലേക്ക് തന്നെ തിരിച്ചെത്തിക്കുന്നതും പ്രവാചകന്മാരിൽ ഒരാളാക്കുന്നതുമാണ്.”

    ഈ പ്രയോഗങ്ങളുടെ സൗന്ദര്യം മനസ്സിലാകണമെങ്കിൽ അറബിയിൽ അതേ വാചകങ്ങൾ തന്നെ പാരായണം ചെയ്യേണ്ടതുണ്ട്.

    ഒറ്റ സൂക്തത്തിൽ തന്നെ അല്ലാഹു രണ്ട് കൽപ്പനകളും രണ്ട് നിരോധനങ്ങളും രണ്ട് വാർത്തകളും രണ്ട് സന്തോഷവാർത്തകളും ഒരുമിച്ചുകൂട്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള ഉദാഹരണങ്ങൾ അനവധിയാണ്.
    അറബികളുടെ ഭാഷാ വൈഭവത്തെക്കുറിച്ച്
    ഖാളി ഇയാള്(റ) പറഞ്ഞു: സത്യത്തിൽ, അറബികൾക്ക് മറ്റ് ജനതകൾക്ക് ലഭിക്കാത്ത വിധത്തിലുള്ള ഭാഷാപരമായ ശുദ്ധിയും ബലാഗത്ത് / ജ്ഞാനവും നൽകപ്പെട്ടിട്ടുണ്ട്. മനുഷ്യർക്ക് അസാധ്യമായ വിധത്തിലുള്ള നാവിലെ വശ്യതയും ബുദ്ധിയെ കീഴടക്കുന്ന വിധത്തിലുള്ള സംസാരരീതിയും അവർക്കുണ്ട്. അല്ലാഹു ഇത് അവരുടെ സ്വഭാവത്തിലും പ്രകൃതത്തിലും നിക്ഷേപിച്ചിരിക്കുന്നു.

    അവർ സന്ദർഭത്തിനനുസരിച്ച് പെട്ടെന്ന് തന്നെ അത്ഭുതകരമായ പ്രസംഗങ്ങൾ നടത്തുകയും കവിതകൾ ചൊല്ലുകയും ചെയ്യുന്നു. പുകഴ്ത്താനും ഇകഴ്ത്താനും തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാനും അവർ ഈ ഭാഷാ വൈഭവത്തെ ഉപയോഗിക്കുന്നു. അവർ വാക്കുകൾ കൊണ്ട് ‘അനുവദനീയമായ മന്ത്രവാദം’ അഥവാ സഹ്റുൽ ഹലാൽ നടത്തുന്നു. അവരുടെ വാക്കുകൾ വശ്യവും അർഥങ്ങൾ സൂക്ഷ്മവുമാണ്.

    അവരിൽ ഗ്രാമീണരുണ്ട്; ഗാംഭീര്യമുള്ള വാക്കുകളും കൃത്യമായ അർഥങ്ങളും ഉപയോഗിക്കുന്നവർ. നഗരവാസികളുമുണ്ട്; മനോഹരമായ ശൈലിയും ലളിതമായ പ്രകൃതവും കുറഞ്ഞ പ്രയത്നത്തിൽ കൂടുതൽ ഭംഗിയുള്ള വാക്കുകൾ ഉപയോഗിക്കുന്നവരും. ഇവർക്കെല്ലാം ഭാഷയിൽ അജയ്യമായ കരുത്തുണ്ട്.
    ഖുർആനിന്റെ പ്രഭാവം
    ഇത്തരത്തിൽ ഭാഷയുടെ എല്ലാ മേഖലകളിലും പ്രാവീണ്യമുള്ളവർക്കിടയിലേക്കാണ് പ്രവാചകൻﷺ തങ്ങളുടെ ഭാഷയിലുള്ള ഒരു ഗ്രന്ഥവുമായി വരുന്നത്. അതിൽ മുന്നിലൂടെയോ പിന്നിലൂടെയോ യാതൊരു അസത്യവും പ്രവേശിക്കുകയില്ല. അത് ജ്ഞാനിയും സ്തുത്യർഹനുമായവനിൽ നിന്ന് ഇറക്കപ്പെട്ടതാണ്.

    അതിലെ സൂക്തങ്ങൾ സുദൃഢമാണ്. വാക്കുകൾ വിശദീകരിക്കപ്പെട്ടതാണ്. അതിന്റെ ഭാഷാ വൈഭവം ബുദ്ധിയെ വിസ്മയിപ്പിച്ചു. അതിന്റെ വശ്യത എല്ലാ പ്രഭാഷണങ്ങളെയും അതിശയിപ്പിച്ചു. ഖുർആനിന്റെ സംക്ഷിപ്തതയും അഥവാ ഇീജാസും അത്ഭുതസിദ്ധിയും അഥവാ ഇഅ്ജാസും ഒരേപോലെ പ്രകടമാണ്. അതിന്റെ ആരംഭവും അവസാനവും ഒരുപോലെ മനോഹരമാണ്.

    അറബികൾക്ക് പരിചിതമായ ഫസാഹത്ത്, ഇീജാസ്, ബലാഗത്ത്, അപൂർവ്വമായ ശൈലി എന്നീ നാല് കാര്യങ്ങളിൽ ഖുർആൻ അവരെ അതിശയിപ്പിച്ചു. അവർക്ക് ഇന്നേവരെ അറിയാത്ത ഒരു പുതിയ വഴി ഖുർആൻ കാണിച്ചു കൊടുത്തു. കൂടാതെ, ഭാവി കാര്യങ്ങളെക്കുറിച്ചും രഹസ്യങ്ങളെക്കുറിച്ചും മനസ്സിലുള്ള കാര്യങ്ങളെക്കുറിച്ചും ഖുർആൻ പ്രവചിച്ചു. അത് കൃത്യമായി സംഭവിക്കുകയും ചെയ്തു. കടുത്ത ശത്രുക്കൾ പോലും ഖുർആനിന്റെ സത്യസന്ധതയും അമാനുഷികതയും സമ്മതിക്കേണ്ടി വന്നു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...