Tweet 1137

    Tweet 1137
    July 25, 2025 • Friday
    Post Header

    ഇമാം ത്വബ്‌റാനി(റ) നിവേദനം ചെയ്യുന്നു. ബുറൈദ(റ) പറഞ്ഞു. തിരുനബിﷺ അങ്ങാടിയിലേക്ക് പ്രവേശിച്ചാൽ ഇങ്ങനെ പ്രാർഥിക്കുമായിരുന്നു. അല്ലാഹുവിൻ്റെ തിരുനാമത്തിൽ; അല്ലാഹുവേ ഈ അങ്ങാടിയിലെയും ഇതിലുള്ളതിന്റെയും നന്മകൾ നിന്നോട് ഞാൻ തേടുന്നു. അങ്ങാടിയിലെയും ഇതിലുള്ളതിന്റെയും എല്ലാ തിന്മകളെ തൊട്ടും നിന്നോട് ഞാൻ കാവൽ ചോദിക്കുന്നു. അങ്ങാടിയിൽ വച്ചുള്ള കച്ചവട പരാജയത്തിൽ നിന്നും വ്യാജ സത്യങ്ങളിൽ നിന്നും ഞാൻ കാവൽ തേടുന്നു.
    പ്രാർഥനയുടെ അധ്യായത്തിൽ നാം വായിച്ചത് പോലെ ഇത് കേവലം ഒരു പ്രാർഥന മാത്രമല്ല. അങ്ങാടിയിൽ പ്രവേശിക്കുന്ന ഓരോരുത്തരുടെയും ഉള്ളിൽ ഉണ്ടായിരിക്കേണ്ട വിചാരങ്ങൾ കൂടിയാണ്. നാം മാർക്കറ്റിലേക്ക് പ്രവേശിക്കുന്നത് അതിലെ നന്മകൾ പ്രതീക്ഷിച്ചു കൊണ്ടായിരിക്കണം. മാർക്കറ്റിൽ നിന്നുള്ള തിന്മകൾ നമ്മളെ ബാധിക്കാതെ ശ്രദ്ധിക്കണം. വ്യാപാര വ്യവഹാരങ്ങൾക്കിടയിൽ കള്ള സത്യവും കള്ള സാക്ഷിയും ഒന്നും വന്നു പോകരുത്. ഇടപാടുകളിലെ പരാജയത്തെ തൊട്ട് നിതാന്ത ജാഗ്രതയിലായിരിക്കണം. ഇതിനേക്കാൾ ഉത്തമമായ ഒരു അങ്ങാടി വിചാരം മറ്റെന്താണ് നമുക്ക് ലഭിക്കാനുള്ളത്! ഇടപാടുകൾക്കിടയിൽ കൊടുക്കുന്നവന്റെയും വാങ്ങുന്നവന്റെയും നന്മയും നീതിയും സംരക്ഷിക്കാൻ ഇതിനേക്കാൾ സമഗ്രമായ എന്ത് വിചാരമാണ് നട്ടുപിടിപ്പിക്കേണ്ടത്!
    ഇമാം ത്വബ്റാനി(റ) തന്നെ നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറഞ്ഞു. ഒരിക്കൽ ഒരുപറ്റം വ്യാപാരികളോടായി തിരുനബിﷺ സംസാരിച്ചു. അല്ലയോ വ്യാപാരികളെ! അവർ പിരടി ഉയർത്തി ശ്രദ്ധാപൂർവ്വം കേൾക്കാൻ തുടങ്ങി. തിരുനബിﷺ ഇങ്ങനെ പറഞ്ഞു. നിങ്ങൾ സത്യസന്ധരും കരാർ പാലിക്കുന്നവരും നന്മയിൽ വർത്തിക്കുന്നവരും അല്ലാത്തപക്ഷം നാളെ പരലോകത്ത് നിങ്ങൾ തെമ്മാടികളായി ഹാജരാക്കപ്പെടും.
    അല്ലയോ കച്ചവടക്കാരെ നിങ്ങളിൽ കളവ് വന്നു പോകാതിരിക്കാൻ നിങ്ങൾ ഏറ്റവും ശ്രദ്ധിക്കണം എന്ന് തിരുനബിﷺ അങ്ങാടിയിൽ വച്ച് വ്യാപാരികളോടായി സംസാരിച്ചത് വാസിലത്തുബിന് അസ്ഖഅ്(റ) എന്നവർ രേഖപ്പെടുത്തുന്നുണ്ട്.
    ഇതിനേക്കാൾ അടിസ്ഥാനപരമായ എന്തു കാര്യമാണ് വ്യാപാരികളിൽ ഉണ്ടായിരിക്കേണ്ടത്. സാർവത്രികമായി ഇന്ന് കച്ചവടക്കാരിൽ നിലനിൽക്കുന്ന ഏറ്റവും വലിയ ദൂഷ്യവും കുറ്റവും കച്ചവട ചരക്കുകളുടെയും മാർക്കറ്റുകളുടെയും വസ്തുതകൾ പങ്കുവെക്കുന്നില്ല എന്നതിനപ്പുറം മറ്റെന്താണ്. പരസ്യ വാചകങ്ങളിലും മോഹന വാഗ്ദാനങ്ങളിലും ഉൽപ്പന്നങ്ങൾ വാങ്ങി വഞ്ചിക്കപ്പെടുന്നവർ, അളവിലും തൂക്കത്തിലും ഗുണത്തിലും ബ്രാൻഡിലും വഞ്ചിക്കപ്പെടുന്നവർ, മായം ചേർത്തും തിരിമറി നടത്തിയും സാധനസാമഗ്രികൾ വാങ്ങാനും കൊള്ളാനും ഉറപ്പിക്കാൻ പറ്റാത്ത അങ്ങാടി വിശേഷങ്ങളുള്ള ഇത്തരമൊരു കാലത്ത് ഇതിനേക്കാൾ വലിയ വ്യാപാര സദാചാരം ആരാണ് ഓർമപ്പെടുത്തുക.
    തിരുനബിﷺയുടെ എല്ലാ ഉപദേശങ്ങളും എന്നപോലെ വ്യാപാരികളോടുള്ള ഉപദേശത്തിലും കേവലം ഭൗതികമായ ലാഭനഷ്ടങ്ങളെ കുറിച്ചു മാത്രമല്ല ചർച്ചയുള്ളത്. ആത്യന്തികമായ പാരത്രിക ലോകത്തെ കുറിച്ചുകൂടിയുണ്ട്. ലോകത്ത് മനുഷ്യരെ ശരിയായ വഴിക്ക് നിലനിർത്താനുള്ള ഏറ്റവും വലിയ മാർഗം ആത്യന്തികമായ നീതിന്യായങ്ങളുടെ കോടതിയെക്കുറിച്ച് ഓർമപ്പെടുത്തുക മാത്രമാണ്. ഈ ലോകവും ഇവിടുത്തെ കാര്യവും മാത്രം ആലോചിക്കുമ്പോൾ കൗശലക്കാരനും കുതന്ത്രം ഉപയോഗിക്കുന്നവനും അതിവിദഗ്ധമായി പറ്റിക്കാൻ കഴിയുന്നവനും കേമനും മുതലാളിയുമാകുന്നു; ബുദ്ധിമാനും നേതാവുമാകുന്നു. എന്നാൽ ആത്യന്തികമായ ആത്മീയ വിചാരങ്ങളിലൂടെ നന്മകൾ ഊന്നിയ ഒരു വ്യാപാര പരിസരത്തെ പടുത്തുയർത്താൻ സാധിക്കും.
    അങ്ങാടിയിലെ ഉൽപ്പന്നങ്ങൾക്കിടയിലേക്ക് കടന്നുവന്ന് എല്ലാം കൃത്യമാണോ എന്ന് പരിശോധിച്ച, ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നുണ്ടോ എന്ന് അന്വേഷിച്ച, കച്ചവട ചരക്കുകളിൽ മായങ്ങളും മറിമായങ്ങളും ചേർത്തിട്ടുണ്ടോ എന്ന് നിരീക്ഷിച്ച, ശ്രദ്ധയിൽപ്പെട്ടതിനെതിരെ നടപടി സ്വീകരിച്ച തിരുനബിﷺയുടെ വ്യാപാര വിചാരങ്ങളെ കുറിച്ചാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...