Tweet 1123

    Tweet 1123
    July 11, 2025 • Friday
    Post Header

    തിരുനബിﷺ മദീനയിലേക്കുള്ള യാത്ര തുടർന്നു. ദുൽഹുലൈഫയിൽ എത്തിയപ്പോൾ രാത്രിയായി. അന്നവിടെ താമസിച്ചു. നേരം പുലർന്നപ്പോൾ മദീനയിലേക്കുള്ള യാത്ര തുടർന്നു. മദീന ദൃഷ്ടിയിൽ പെട്ടപ്പോൾ തിരുനബിﷺ മൂന്ന് തവണ ‘അല്ലാഹു അക്ബർ’ എന്ന് പറഞ്ഞു. ശേഷം സവിശേഷമായ ചില മന്ത്രങ്ങൾ ഉരുവിട്ടു. ആശയം ഇപ്രകാരമാണ്. ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല. അവനൊരു പങ്കുകാരുമില്ല. എല്ലാ അധികാരങ്ങളും അവന് മാത്രമാണ്. എല്ലാ സ്തോത്രങ്ങളും അവന്. അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവൻ. അവനോട് പശ്ചാത്തപിച്ചും അവന് ആരാധനകൾ അർപ്പിച്ചും സുജൂദ് നിർവഹിച്ചും സ്തോത്രങ്ങൾ സമർപ്പിച്ചും ഞങ്ങൾ മടങ്ങുകയാണ്. അല്ലാഹു അവന്റെ വാഗ്ദാനങ്ങൾ പാലിച്ചിരിക്കുന്നു. അവന്റെ അടിമയെ സഹായിച്ചിരിക്കുന്നു. എല്ലാ സഖ്യകക്ഷികളെയും ഒറ്റയ്ക്ക് പരാജയപ്പെടുത്തിയിരിക്കുന്നു.
    ദീർഘകാലത്തെ സ്വപ്നങ്ങളുടെ പൂർത്തീകരണം. അതിജീവനത്തിന്റെയും ആശയ സംസ്ഥാപനത്തിന്റെയും പൂർത്തീകരണം സാധ്യമായിരിക്കുന്നു. എല്ലാ ഇരുട്ടുകളെയും നീക്കി വെളിച്ചം സ്ഥാപിക്കാനായി. ലോകത്തേക്ക് മുഴുവനും, എല്ലാ കാലത്തേക്കും പ്രയുക്തമായ സാർവകാലികവും സാർവദേശീയവുമായ ആശയത്തെ വിളംബരം ചെയ്തിരിക്കുന്നു. ലോകത്തെ ഏറ്റവും അനുഗ്രഹീതമായ ജന്മത്തിന്റെയും നിയോഗത്തിന്റെയും ദൗത്യം പൂർണമായി സമർപ്പിക്കപ്പെട്ടു കഴിഞ്ഞു. വിടവാങ്ങൽ ഹജ്ജ് കഴിഞ്ഞ് മദീനയിലേക്ക് പോകുമ്പോൾ തിരുനബിﷺയുടെ സഞ്ചാരത്തിന്റെ ഓരോ ചുവടുകളും ലോകത്തോട് പങ്കുവെച്ച ആശയങ്ങളാണിത്.
    തിരുനബി കാലം വരെയുള്ള ഓരോ യുഗമാറ്റങ്ങളും അടുത്ത ഒരു പ്രവാചകനുവേണ്ടി ദാഹിക്കുന്നതായിരുന്നു. ഇനിയൊരു പ്രവാചകന്റെയും നിയോഗം ആവശ്യമില്ലാത്ത വിധം അല്ലാഹുവിൻ്റെ സന്ദേശം ലോകത്ത് വിളംബരം ചെയ്യപ്പെട്ടു. ഇനിയൊരു പ്രവാചകനിയോഗം ഉണ്ടാവില്ലെന്ന ആധികാരിക പ്രഖ്യാപനത്തോടെയാണ് തിരുനബിﷺയുടെ മടക്കയാത്ര.
    മക്കയിലെ അറഫയിൽ വച്ച് വിളംബരത്തിന്റെ മഹാസമ്മേളനം കഴിഞ്ഞപ്പോൾ അഭയവും ആശയവും നൽകിയ മദീനയിൽ അല്പനാളത്തെ ആഘോഷ ജീവിതത്തിനു വേണ്ടിയുള്ള സഞ്ചാരം പോലെ, വിശ്രമിക്കാൻ നിശ്ചയിക്കപ്പെട്ട ഭൂമിയിലേക്കുള്ള തീർത്ഥാടനം പോലെ, അന്ത്യനാൾ വരെയുള്ള പരകോടികൾ സ്വീകരിക്കാൻ ഏറ്റവും അനുഗ്രഹീതമായ ഇടം തീർത്ഥാടന കേന്ദ്രമായി നിശ്ചയിക്കാനുള്ള പുറപ്പാട് പോലെ, ലോകത്ത് കഴിഞ്ഞുപോയതോ വരാനുള്ളതോ ആയ ഒരു യാത്രയെക്കുറിച്ചും ഒരു സഞ്ചാരത്തെക്കുറിച്ചും വർണ്ണിക്കാനും വിവരിക്കാനും ഭാഷയും വിചാരങ്ങളും ഇത്രമേൽ ദാരിദ്ര്യപ്പെടുന്നുണ്ടാവില്ല.
    അത്രമേൽ അക്ഷരങ്ങൾക്കും ആലോചനകൾക്കും വഴങ്ങാത്തത്രയും വിശാലമാണ് തിരുനബിﷺയുടെ ഈ മടക്കയാത്രയുടെ ഉള്ളടക്കം; അതിലെ ഓരോ പാദചലനങ്ങളുടെയും ആശയ സമൃദ്ധി. ഇരുപത്തിമൂന്നോളം വർഷങ്ങൾക്കു മുമ്പ് ഒരു പ്രഘോഷണത്തോടെ ആരംഭിച്ച പ്രവാചകത്വ ദൗത്യ നിർവഹണം അതിൻ്റെ പരിസമാപ്തിയിൽ എത്തിക്കുകയും എണ്ണിത്തിട്ടപ്പെടുത്താവുന്ന തുടർ ദിവസങ്ങളിൽ ആഘോഷങ്ങൾക്കും ഔപചാരികതകൾക്കും വേണ്ടി മദീനയിലേക്ക് തീർഥാടനം ചെയ്യുകയും ചെയ്യുന്നു. ഇങ്ങനെയെല്ലാമായിരുന്നു തിരുനബിﷺയുടെ മദീനയിലേക്കുള്ള മടക്കം.
    പകൽസമയത്തായിരുന്നു തിരുനബിﷺ മദീനയിലേക്ക് പ്രവേശിച്ചത്. നേരെ എത്തിച്ചേർന്നത് അവിടുത്തെ അനുഗ്രഹീതമായ മസ്ജിദിൽ. എന്നെന്നേക്കുമുള്ള ലോക വിശ്വാസികളുടെ ആസ്ഥാന മന്ദിരത്തിൽ. രണ്ട് റക്അത്ത് നിസ്കാരത്തിനു ശേഷം അവിടുന്ന് ജനങ്ങൾക്ക് വേണ്ടി ഇരുന്നു കൊടുത്തു. ശേഷമായിരുന്നു വീട്ടിലേക്ക് മടങ്ങിയത്. ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്ത ഹദീസിൽ ഈ ആശയങ്ങൾ കാണാം. ചരിത്രത്തിലെ ഏറ്റവും ആധികാരികവും അനുഗ്രഹീതവുമായ ഹജ്ജ് കർമം പൂർത്തിയായി. ഏറ്റവും അനുഗ്രഹങ്ങൾ നിറഞ്ഞ അമീറും അനുയായികളും സ്വന്തം ഭവനങ്ങളിലേക്ക് മടങ്ങിയെത്തി കഴിഞ്ഞു. അന്ത്യനാൾ വരെയുള്ള ഓരോ ഹാജിമാരും മടങ്ങിയെത്തുമ്പോൾ ഈ നിമിഷങ്ങൾ പുനർവായിക്കപ്പെടും. അന്നത്തെ മനസ്സും മന്ത്രവും എക്കാലത്തും പുനർവായിക്കുകയും ഉദ്ധരിക്കുകയും ചെയ്യും.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...