Tweet 1103

    Tweet 1103
    June 21, 2025 • Saturday
    Post Header

    തിരുനബിﷺയുടെ നിസ്കാരത്തെക്കുറിച്ച് വായിച്ചപ്പോൾ ഫർള് അഥവാ നിർബന്ധ നിസ്ക്കാരത്തിനു പുറമേ സുന്നത്ത് അഥവാ ഐച്ഛിക നിസ്കാരങ്ങളെ കുറിച്ചും നാം വായിച്ചു പോയിട്ടുണ്ട്. വ്രതാനുഷ്ഠാനത്തിലും അത്തരം ഒരു അധ്യായമുണ്ട്. റമളാനിലെ നിർബന്ധമായ നോമ്പിനു പുറമേ വ്യത്യസ്തങ്ങളായ സന്ദർഭങ്ങളിൽ സുന്നത്തായ നോമ്പുകളും അനുഷ്ഠിക്കുകയും അനുയായികളോട് അനുഷ്ഠിക്കാൻ കല്പിക്കുകയും ചെയ്തു.
    നോമ്പ് നിഷിദ്ധമാക്കപ്പെട്ട ദിവസങ്ങളിൽ അല്ലാത്തപ്പോഴെല്ലാം ഒരു വിശ്വാസിക്ക് നോമ്പെടുക്കാം. നോമ്പിന് മറ്റ് ആരാധനകളിൽ നിന്ന് വ്യത്യസ്തമായ ഒരുപാട് പുണ്യങ്ങളും മഹത്വങ്ങളും സ്വതന്ത്രമായി അവിടുന്ന് പഠിപ്പിക്കുകയും ചെയ്തു.
    ഇമാം അഹ്മദും(റ) ഇമാം മുസ്‌ലിമും(റ) മറ്റും നിവേദനം ചെയ്യുന്നു. ആഇശ(റ) പറഞ്ഞു. ഒരു ദിവസം തിരുനബിﷺ എന്റെ സമീപത്തേക്ക് വന്നു. എന്നിട്ട് ചോദിച്ചു. നിങ്ങളുടെ പക്കൽ എന്തെങ്കിലുമുണ്ടോ? അഥവാ ഇവിടെ ഭക്ഷണം വല്ലതുമുണ്ടോ എന്ന്? ഇല്ല, എന്ന് മഹതി മറുപടി പറഞ്ഞു. എന്നാൽ ഇന്നു ഞാൻ നോമ്പുകാരനാണ് എന്ന് തിരുനബിﷺ മറുപടിയും പറഞ്ഞു.
    സുന്നത്ത് നോമ്പനുഷ്ഠിക്കാൻ മധ്യാഹ്നത്തിനു മുമ്പ് നിയ്യത്ത് ചെയ്താലും മതി. പക്ഷേ, സുബ്ഹി സമയം പ്രവേശിച്ചത് മുതൽ നോമ്പ് മുറിയുന്ന കാര്യങ്ങളൊന്നും സംഭവിച്ചിരിക്കാൻ പാടില്ല. തിരുനബിﷺ അതുവരെ വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ഒന്നും ചെയ്തിട്ടില്ലാത്തതുകൊണ്ട് നിയ്യത്ത് ചെയ്താൽ മതിയായിരുന്നു.
    മറ്റൊരിക്കൽ തിരുനബിﷺ ആഇശ(റ)യോട് ഇതേ ചോദ്യം ചോദിച്ചു. നമുക്കിന്ന് ഹൈസ് വിഭവം സമ്മാനമായി ലഭിച്ചു എന്നു പറഞ്ഞപ്പോൾ എന്നാൽ കൊണ്ടുവരൂ കഴിക്കട്ടെ! ഞാനെന്നാൽ നോമ്പെടുക്കാം എന്ന് വിചാരിച്ചതായിരുന്നു. ഇനിയിപ്പോൾ ഇന്ന് ഇത് കഴിക്കാം എന്നു പറഞ്ഞുകൊണ്ട് ഉദ്ദേശിച്ച സുന്നത്ത് നോമ്പ് ഒഴിവാക്കാനും അനുമതിയുണ്ടെന്ന് പഠിപ്പിച്ചു.
    തിരുനബിﷺ ജീവിതത്തിൽ സുന്നത്ത് നോമ്പുകൾ ഏറെ അനുഷ്ഠിച്ചതായി കാണാം. എന്നാൽ, അവിടുത്തെ ജീവിതത്തെ അത്ഭുതകരമായി ഉദ്ധരിക്കപ്പെടുന്നത് ഇങ്ങനെയാണ്. നോമ്പനുഷ്ഠിക്കുന്ന നബിﷺയാണ് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾക്ക് അത് കാണാനാവും. നോമ്പ് അനുഷ്ഠിക്കാത്ത അവസ്ഥയിൽ നബിﷺയെ കാണാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അങ്ങനെയും നിങ്ങൾക്ക് കാണാനാവും. അഥവാ ഇടയ്ക്കിടെ നോമ്പെടുക്കുകയും എന്നും നോമ്പെടുക്കണം എന്ന് പഠിപ്പിക്കുന്ന ഭാരമേറിയ ശിക്ഷണരീതി അവിടുന്ന് പ്രകാശിപ്പിക്കാതിരിക്കുകയും ചെയ്തു. എന്നും നോമ്പെടുക്കാൻ അനുമതി ചോദിച്ച സ്വഹാബിയോട് വേണ്ടെന്നായിരുന്നു തിരുനബിﷺയുടെ മറുപടി.
    മാസത്തിൽ മൂന്ന് ദിവസം നോമ്പെടുക്കുന്നത് വളരെ പുണ്യകരമാണെന്ന് തിരുനബിﷺ പഠിപ്പിച്ചു. മാസത്തിന്റെ മധ്യത്തിലാകുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ നബിﷺയുടെ ജീവിതത്തിൽ തന്നെ അനുയായികൾക്ക് വിശാലതയും സ്വാതന്ത്ര്യവും അനുവദിച്ചു നൽകാൻ വേണ്ടി മാസത്തിന്റെ ആരംഭത്തിലും മധ്യത്തിലും അവസാനത്തിലും ഇങ്ങനെ മാറിമാറി അനുഷ്ഠിച്ചതും നമുക്ക് കാണാൻ കഴിയും.
    മാസത്തിലെ മൂന്നുദിവസം അഥവാ വെളുത്തവാവ് ദിവസങ്ങളിലെ നോമ്പനുഷ്ഠാനം വളരെ കണിശമായി തന്നെ തിരുനബിﷺ പാലിച്ചിരുന്നു. യാത്രയിലും അല്ലാത്തപ്പോഴും പ്രസ്തുത നോമ്പ് അനുഷ്ഠിച്ചിരുന്നു എന്ന് അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം നസാഈ(റ) ഉദ്ധരിക്കുന്നുണ്ട്. സമാനമായ ആശയമുള്ള നിവേദനം തന്നെ തിരുനബിﷺയുടെ പ്രിയ പത്നി ഹഫ്സ(റ)യിൽ നിന്ന് ഇമാം അഹ്മദും(റ) നിവേദനം ചെയ്യുന്നു.
    വ്രതാനുഷ്ഠാനത്തോട് തിരുനബിﷺക്ക് ഉണ്ടായിരുന്നു ശ്രദ്ധയും താല്പര്യവും സൂചിപ്പിക്കുന്ന ഏറെ ഹദീസുകൾ ഈ അധ്യായത്തിൽ വായിക്കാൻ കഴിയും.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...