Tweet 104

    Tweet 104
    September 26, 2022 • Monday
    Post Header

    അബൂ ഗൈത്വലയുടെ അട്ടഹാസം കേട്ട് ഖുറൈശികൾ ഓടിക്കൂടി. അവർ അബൂ ലഹബിനോട് ചോദിച്ചു : “എന്താണിക്കേൾക്കുന്നത് ?”
    അയാൾ പറഞ്ഞു, “ഒന്നുമില്ല. ഞാനൊരിക്കലും അബ്ദുൽ മുത്വലിബിന്റെ മതം വിട്ടു പോയിട്ടില്ല. പിന്നെ, എൻ്റെ സഹോദരന്റെ മകനെ ഞാൻ സംരക്ഷിച്ചു എന്ന് മാത്രം. മോൻ ചെയ്യുന്ന പ്രവർത്തനങ്ങൾ ചെയ്തോട്ടെ “.
    ഖുറൈശികൾ പറഞ്ഞു; “നല്ലത്. നിങ്ങൾ കുടുംബ ബന്ധം ചേർത്തിരിക്കുന്നു. അത് എന്തായാലും നല്ല കാര്യം തന്നെ “.
    കുറച്ചു ദിവസങ്ങൾ അങ്ങനെ കടന്നുപോയി. അബൂലഹബ് കാരണം ഖുറൈശികൾക്ക് മുത്ത്നബി ﷺ യെ ഒന്നും ചെയ്യാൻ വയ്യാതെയായി. അങ്ങനെ ഉഖ്ബ ബിൻ അബീ മുഐത്വും അബൂജഹലും കൂടി അബൂലഹബിനെ സമീപിച്ചു. എന്നിട്ട് ചോദിച്ചു, “നിങ്ങളുടെ പിതാവ് എവിടെയാണെത്തുക എന്നാണ് നിങ്ങളുടെ സഹോദരന്റെ മകൻ പറഞ്ഞത് ? അഥവാ, അബ്ദുൽ മുത്വലിബ് സ്വർഗത്തിലോ നരകത്തിലോ എന്ന് ?”
    അബൂലഹബ് നബി ﷺ യോട് ചോദിച്ചു, “ഓ, മുഹമ്മദേ ! ﷺ എന്റെ പിതാവ് എവിടെയാണ് എത്തുക?”
    നബി ﷺ പറഞ്ഞു, “അദ്ദേഹത്തിന്റെ ജനത എത്തുന്ന സ്ഥലത്ത് “.
    അബൂ ലഹബ് ഈ മറുപടി അവർക്ക് കൈമാറി. അവർ പറഞ്ഞു, “ആ പറഞ്ഞതിന്റെയർഥം, അബ്ദുൽ മുത്വലിബ് നരകത്തിലാണെന്നാണ് “. അബൂലഹബ് വീണ്ടും നബി ﷺ യോട് ചോദിച്ചു ; “അബ്ദുൽ മുത്വലിബ് നരകത്തിൽ കടക്കുമോ?”
    “അല്ലാഹുവിന് പങ്കാളികളെ വിശ്വസിക്കുന്ന ആദർശക്കാർ നരകത്തിൽ പ്രവേശിക്കും, തീർച്ച ! ” മുത്ത്നബി ﷺ പ്രതികരിച്ചു. അവർ നരകത്തിലാണെങ്കിൽപ്പിന്നെ ഞാൻ നിങ്ങളെ ശത്രുക്കളിൽ നിന്ന് പ്രതിരോധിക്കുകയില്ല”. അബൂലഹബ് പറഞ്ഞൊഴിഞ്ഞു.
    ശത്രുക്കൾക്ക് വീണ്ടും ധൈര്യം വർധിച്ചു. നബി ﷺ ക്കെതിരെ ശക്തമായി അവർ രംഗത്ത് വന്നു. അബൂലഹബ്, ഹകമ് ബിൻ അബിൽ ആസ്വ്, ഉഖ്ബത്ബിൻ അബീ മുഐത്വ്, അദിയ്യ് ബിൻ അൽ ഹംറാഅ, ഇബ്നുൽ അസദാഅൽ ഹുദലി എന്നിവർ മുഖ്യശത്രുക്കളായി മുൻനിരയിൽ നിന്നു. അവരിൽച്ചിലർ നബി ﷺ നിസ്ക്കരിക്കുന്ന നേരത്ത് ആടിന്റെ കുടൽ തിരുദേഹത്തേക്കിട്ടു കൊടുത്തു. ചിലർ അവിടുത്തെ പാത്രത്തിലേക്ക് ആട്ടിൻ കുടലെറിഞ്ഞു. നബി ﷺ ക്ക് സുരക്ഷിതമായി നിസ്ക്കരിക്കാൻ ഹിജ്‌റ് ഇസ്മാഈലിൽ മറഞ്ഞ് നിൽക്കേണ്ടി വന്നു. ഇമാം ബുഖാരിയുടെ ഒരു നിവേദനത്തിൽ ഇങ്ങനെ കാണാം. ഉർവ (റ) പറയുന്നു. ഞാൻ അംറ് ബിൻ അൽ ആസ്നോട് ചോദിച്ചു; “ഖുറൈശികൾ നബി ﷺ യെ ഏറ്റവും ശക്തമായി പ്രയാസപ്പെടുത്തിയ രംഗം ഒന്ന് പറയാമോ?”
    അദ്ദേഹം പറഞ്ഞു;
    “ഒരിക്കൽ നബി ﷺ കഅ്ബയുടെ ഹിജ്റിൽ (ഹിജ്റ് ഇസ്മാഈൽ) നിസ്ക്കരിക്കുകയായിരുന്നു. ഉഖ്ബത് ബിൻ അബീമുഐത്വ് എന്നയാൾ അടുത്തേക്ക് വന്നു. മുത്ത് നബി ﷺ യുടെ കഴുത്തിൽ ഒരു തുണി ചുറ്റി. ശക്തമായി ഇറുക്കാൻ തുടങ്ങി. ശ്രദ്ധയിൽപ്പെട്ട അബൂബക്കർ (റ) ഓടി വന്ന് അയാളെ തടുത്തു. എന്നിട്ട് ഉറക്കെ വിളിച്ചു ചോദിച്ചു. “എന്റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറഞ്ഞതിന് ഒരു വ്യക്തിയെ നിങ്ങൾ കൊല്ലുകയാണോ? ആ വ്യക്തി ആവശ്യമായ പ്രമാണങ്ങൾ നിങ്ങൾക്കു നൽകിയിട്ടുണ്ടല്ലോ “.
    ഇമാം ത്വബ്റാനി(റ) ഇങ്ങനെ ഒരനുബന്ധം ഇവിടെച്ചേർത്തത് കാണാം. “നബി ﷺ എഴുന്നേറ്റു. നിസ്ക്കാരം നിർവഹിച്ചു. ശേഷം കഅ്ബയുടെ തണലിലിരിക്കുന്ന ഖുറൈശികൾക്ക് നേരെ തിരിഞ്ഞു നിന്ന് കഴുത്തിലേക്ക് ആംഗ്യം കാണിച്ചിട്ട് പറഞ്ഞു; ‘അല്ലയോ ഖുറൈശികളേ, അറവുകൊണ്ടല്ലാതെ എന്നെ നിയോഗിച്ചിട്ടില്ല ‘.( ഉപ്പയുടെയും ഇസ്മാഈൽ നബി(അ)യുടെയും ബലിദാന സംഭവമായിരിക്കും ഓർമിപ്പിച്ചത്). ഉടനെ അബുൽ ഹകം പറഞ്ഞു. “മുഹമ്മദേ.. ﷺ ജാഹിലായിരുന്നില്ലേ?” (തങ്ങളെയാണുദ്ദേശിച്ചത്). അവിടുന്ന് പ്രതികരിച്ചു; “നിങ്ങളാണ് ജാഹിലുകളിൽ അഥവാ വിവരശൂന്യരിൽപ്പെട്ടയാൾ “.
    അക്കാലത്തെ ഒരനുഭവം അനസ് (റ) ഉദ്ധരിക്കുന്നതിങ്ങനെയാണ്. “ഒരു ദിവസം നബി ﷺ യെ അവർ മർദിച്ചു. അവിടുന്ന് ബോധം കെട്ടു വീണു. അബൂബക്കർ (റ) ശബ്ദമുയർത്തിക്കൊണ്ട് ഏഴുന്നേറ്റു വന്നു. എന്റെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറഞ്ഞതിന് ഒരു വ്യക്തിയെ നിങ്ങൾ കൊല്ലുകയോ? നിങ്ങൾക്കു നാശം..! ”
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...