അസ്മാ ബിൻത് അബീ ബക്കർ(റ), നിവേദനം ചെയ്യുന്നു: അവർ പറഞ്ഞു: “തബ്ബത് യദാ അബീ ലഹബിൻ വ തബ്ബ” /അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവൻ നശിക്കുകയും ചെയ്തിരിക്കുന്നു/ എന്ന ഖുർആനിന്റെ പ്രഖ്യാപനം അവതരിച്ചപ്പോൾ ഉമ്മു ജമീൽ കരച്ചിലോടെയും നിലവിളിയോടെയും കയ്യിൽ ഒരു അരകല്ലുമുയർത്തി ഇപ്രകാരം പറഞ്ഞു കൊണ്ട് കടന്നുവന്നു: “നിന്ദ്യനായവനെ ഞങ്ങൾ വെറുത്തു, അവന്റെ മതത്തെ ഞങ്ങൾ നിന്ദിച്ചു, അവന്റെ കൽപ്പനയെ ഞങ്ങൾ ധിക്കരിച്ചു.”
അപ്പോൾ തിരുനബിﷺ പള്ളിയിൽ ഇരിക്കുന്നുണ്ടായിരുന്നു. അവിടുത്തെ തൊട്ടരികിൽ അബൂബക്കർ(റ) ഉണ്ടായിരുന്നു. അബൂബക്കർ(റ) പറഞ്ഞു: “ഇതാ, ഇവൾ വന്നിരിക്കുന്നു. അവൾ അങ്ങയെ കാണുമെന്ന് ഞാൻ ഭയപ്പെടുന്നു.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “തീർച്ചയായും അവൾ എന്നെ കാണുകയില്ല.” തുടർന്ന് അവിടുന്ന് ഖുർആൻ പാരായണം ചെയ്യുകയും, അതുവഴി അല്ലാഹു എടുത്തുപറഞ്ഞതുപോലെ അവിടുന്ന് സംരക്ഷണം തേടുകയും ചെയ്തു: “നിങ്ങൾ ഖുർആൻ പാരായണം ചെയ്താൽ നിങ്ങൾക്കും പരലോകത്ത് അവിശ്വാസികൾക്കുമിടയിൽ ഒരു തിരശ്ശീല നാം ഉണ്ടാക്കുന്നതാണ്”
അങ്ങനെ അവൾ വന്ന് അബൂബക്കറി(റ)നടുത്ത് നിന്നെങ്കിലും തിരുനബിﷺയെ അവൾ കണ്ടില്ല. അവൾ ചോദിച്ചു: “എന്നെയും എന്റെ ഭർത്താവിനെയും അധിക്ഷേപിച്ച ആൾ എവിടെ?” അബൂബക്കർ(റ) പറഞ്ഞു: “ഈ ഗൃഹത്തിന്റെ നാഥൻ തന്നെയാണെ സത്യം! അവർ അങ്ങയെ അധിക്ഷേപിച്ചിട്ടില്ല.” അപ്പോൾ അവൾ പിന്തിരിഞ്ഞുകൊണ്ട് പറഞ്ഞു: “ഞാൻ അവരുടെ പ്രഭുവിന്റെ മകളാണെന്ന് ഖുറൈശികൾക്ക് അറിയാം.”
മറ്റൊരു നിവേദനത്തിൽ: “അബൂബക്കറേ(റ), കവിതകൾ പാടിക്കൊണ്ടിരിക്കുന്ന നിങ്ങളുടെ കൂട്ടുകാരന്റെ വിശേഷമെന്താണ്? നിങ്ങളുടെ കൂട്ടുകാരൻ എന്നെ അധിക്ഷേപിച്ചതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്.” അപ്പോൾ അബൂബക്കർ(റ) പറഞ്ഞു: “അല്ലാഹുവാണെ സത്യം! എന്റെ കൂട്ടുകാരൻ കവിയുമല്ല, അങ്ങയെ അധിക്ഷേപിച്ചിട്ടുമില്ല.” അപ്പോൾ അവൾ പറഞ്ഞു: “‘അവളുടെ കഴുത്തിൽ ഈന്തപ്പാരല കൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും’ എന്ന് അദ്ദേഹം പറഞ്ഞിട്ടില്ലേ? എന്റെ കഴുത്തിലുള്ളത് എന്താണെന്ന് അദ്ദേഹത്തിന് എങ്ങനെ അറിയാം?”
അപ്പോൾ തിരുനബിﷺ പറഞ്ഞു: “അവളോട് ചോദിക്കൂ: എന്റെ അരികിൽ ആരെയെങ്കിലും നീ കാണുന്നുണ്ടോ? തീർച്ചയായും അവൾ എന്നെ കാണുകയില്ല. അല്ലാഹു എനിക്കും അവൾക്കുമിടയിൽ ഒരു മറ നിശ്ചയിച്ചിരിക്കുന്നു.” അപ്പോൾ അബൂബക്കർ(റ) അവളോട് അതു ചോദിച്ചു. അവൾ പറഞ്ഞു: “നീ എന്നോട് പരിഹാസം പറയുകയാണോ? അല്ലാഹുവാണെ സത്യം! നിന്റെ അരികിൽ ഞാൻ ആരെയും കാണുന്നില്ല.”
അങ്ങനെ അവൾ പിന്തിരിഞ്ഞു കൊണ്ട് പറഞ്ഞു: “ഞാൻ അവരുടെ പ്രഭുവിന്റെ മകളാണെന്ന് ഖുറൈശികൾക്ക് അറിയാം.” അപ്പോൾ അബൂബക്കർ സ്വിദ്ദീഖ്(റ) പറഞ്ഞു: “അല്ലാഹുവിന്റെ തിരുദൂതരെﷺ, അവൾ അങ്ങയെ കണ്ടില്ലേ?” അവിടുന്ന് പറഞ്ഞു: “ജിബ്രീൽ(അ) എനിക്കും അവൾക്കും ഇടയിൽ തടസ്സമായി നിന്നു. അവൾ പോകുന്നതുവരെ അദ്ദേഹം തന്റെ ചിറകുകൾ കൊണ്ട് എന്നെ മറച്ചുപിടിച്ചിരുന്നു.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
