Tweet 1573

Tweet 1573
October 4, 2026 • Sunday

ഇബ്ൻ അബ്ബാസ്(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ മക്കയിൽ വെച്ച് കുറച്ചാളുകളുടെ അരികിലൂടെ നടന്നുപോയി. അപ്പോൾ അവർ അവിടുത്തെ പിടലിക്ക് ചൂണ്ടിക്കാണിക്കുകയും പരിഹസിക്കുകയും ചെയ്തുകൊണ്ട് പറഞ്ഞു: “ഇതാണ് താൻ ഒരു പ്രവാചകനാണെന്ന് വാദിക്കുന്നയാൾ, കൂടെ ജിബ്‌രീലു(അ)മുണ്ട്.” അപ്പോൾ ജിബ്‌രീൽ(അ) അവരിൽ ചിലരെ കുത്തി. അത് അവരുടെ ശരീരങ്ങളിൽ നഖം പോലെ പതിഞ്ഞു. അവയിൽ പഴുപ്പുകൾ വന്നു, ഒടുവിൽ നാറ്റം കാരണം ആർക്കും അവരുടെ അരികിലേക്ക് അടുക്കാൻ കഴിഞ്ഞില്ല.

തുടർന്ന് അല്ലാഹു അൽ-ഹിജ്‌ർ: 95ആം സൂക്തം അവതരിപ്പിച്ചു. “തീർച്ചയായും പരിഹാസകരെ തൊട്ട് നാം തങ്ങൾക്ക് മതിയായവനാകുന്നു.” ഇമാം ത്വബ്‌രി(റ) മാലിക് ബിൻ ദീനാറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: ഹിന്ദ് ബിൻത് ഖദീജ(റ)യുടെ ഭർത്താവ് അല്ലെങ്കിൽ ഖദീജ(റ)യുടെ കുടുംബപരമായി ബന്ധപ്പെട്ടയാൾ എനിക്ക് ഹദീസ് അറിയിച്ചു തന്നു, അദ്ദേഹം പറഞ്ഞു: തിരുനബിﷺ അബൂജഹ്‌ലിന്റെ അരികിലൂടെ നടന്നുപോയി, അപ്പോൾ അവൻ തിരുനബിﷺയെ പരിഹസിച്ചുകൊണ്ട് ആംഗ്യം കാണിച്ചു. അപ്പോഴാണ് മേൽ സൂക്തം അവതരിച്ചത് എന്ന്.

ഇമാം അഹ്‌മദും(റ) നസാഈ(റ)യും അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: അബൂജഹ്‌ൽ ചോദിച്ചു: “മുഹമ്മദ്ﷺ നിങ്ങളുടെ മുന്നിൽ തന്റെ മുഖം ഭൂമിയിൽ വെച്ച് നിസ്കരിക്കുന്നുണ്ടോ?” അപ്പോൾ പറയപ്പെട്ടു: “ഉണ്ട്.” അവൻ പറഞ്ഞു: “ലാത്തയും ഉസ്സയും തന്നെയാണെ സത്യം! അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടാൽ പിടലിയിൽ ഞാൻ ചവിട്ടും, അല്ലെങ്കിൽ മുഖം ഞാൻ മണ്ണിൽ തേച്ചുപിടിപ്പിക്കും.” അങ്ങനെ തിരുനബിﷺ നിസ്കരിക്കുന്ന സമയത്ത് അബൂജഹ്‌ൽ അവിടുത്തെ പിടലിയിൽ ചവിട്ടാൻ വന്നു. എന്നാൽ അവൻ ഒരു ഞെട്ടലോടെ അവൻറെ കാലടികളിൽ നിന്ന് പിന്നോട്ട് പിന്തിരിയുകയും കൈകൾ കൊണ്ട് തടയാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് കൂടി നിന്നവർ കണ്ടത്. അപ്പോൾ അവനോട് അവർ ചോദിച്ചു.: “നിനക്കെന്തുപറ്റി?” അവൻ പറഞ്ഞു: “തീർച്ചയായും എനിക്കും മുഹമ്മദിനും ഇടയിൽ തീയുടെ ഒരു കിടങ്ങും ഭീകരതയും ചിറകുകളുമുണ്ട്.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “അവൻ അടുത്തു വന്നിരുന്നെങ്കിൽ മലക്കുകൾ അവനെ ഓരോ അവയവമായി പറിച്ചെടുക്കുമായിരുന്നു.”

“തീർച്ചയായും മനുഷ്യൻ അതിക്രമം കാണിക്കുന്നു”എന്ന ആശയം വരുന്ന അൽ-അലഖ് സൂറത്തിന്റെ അവസാനം വരെ അല്ലാഹു അപ്പോൾ അവതരിപ്പിച്ചു. ഇമാം ബുഖാരി(റ)യും ഇത് ഇബ്ൻ അബ്ബാസി(റ)ന്റെ ഹദീസിൽ നിന്ന് ചുരുക്കി നിവേദനം ചെയ്തിട്ടുണ്ട്.

അബ്ബാസ്(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: ഞാൻ ഒരിക്കൽ പള്ളിയിൽ ഇരിക്കുകയായിരുന്നു. അപ്പോൾ അബൂജഹ്‌‌ൽ കടന്നുവന്നു, അവൻ പറഞ്ഞു: “മുഹമ്മദ്ﷺ സുജൂദ് ചെയ്യുന്നത് ഞാൻ കണ്ടാൽ പിടലിയിൽ ഞാൻ ചവിട്ടുമെന്നത് അല്ലാഹുവിന്മേൽ എനിക്കു ബാധ്യതയുണ്ട്.” അങ്ങനെ ഞാൻ പുറപ്പെട്ടു, അവിടുത്തെ അടുത്തെത്തി. അബൂജഹ്‌ലിന്റെ വാക്ക് അറിയിച്ചു. അപ്പോൾ അവിടുന്ന് കോപത്തോടെ പുറപ്പെട്ട് പള്ളിയിലെത്തി, വാതിലിലൂടെ പ്രവേശിക്കുന്നതിന് മുമ്പ് ധൃതിയിൽ മതിൽ ചാടിക്കടന്നു. ഞാൻ പറഞ്ഞു: “ഇത് ഒരു തിന്മയുടെ ദിവസമാണ്.” അങ്ങനെ ഞാൻ എന്റെ ഉടുതുണി മുറുക്കിക്കെട്ടി അവിടുത്തെ പിൻതുടർന്നു.

ഇബ്ൻ ഇസ്ഹാഖ്(റ), അബൂ നുഐം(റ), ബൈഹഖി(റ) എന്നിവർ ഇബ്ൻ അബ്ബാസ്(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: അബൂജഹ്‌ൽ പറഞ്ഞു: “ഖുറൈശികളേ, നാം വിശ്വസിക്കുന്ന മതത്തെ ആക്ഷേപിക്കുകയും, നമ്മുടെ പിതാക്കളെ ശകാരിക്കുകയും, നമ്മുടെ ബുദ്ധിയെ അപര്യാപ്തമാക്കുകയും, നമ്മുടെ ദൈവങ്ങളെ ചീത്ത പറയുകയും ചെയ്യുന്നതല്ലാതെ മുഹമ്മദ്ﷺ മറ്റൊന്നും ചെയ്യുന്നില്ല. നാളെ ഞാൻ ഒരു കല്ലുമായി കാത്തിരിക്കുമെന്ന് ഞാൻ അല്ലാഹുവോട് പ്രതിജ്ഞ ചെയ്യുന്നു. മുഹമ്മദ്ﷺ സുജൂദ് ചെയ്യുമ്പോൾ ഞാൻ ആ കല്ല് കൊണ്ട് തല തകർക്കും. അതിനുശേഷം അബ്ദു മനാഫിന്റെ മക്കൾക്ക് തോന്നുന്നത് പോലെ ചെയ്യട്ടെ.”

അബൂജഹ്‌ൽ പ്രഭാതം പ്രാപിച്ചപ്പോൾ ഒരു കല്ലെടുത്തു ഇരുന്ന് നോക്കിക്കൊണ്ടിരുന്നു. തിരുനബിﷺ സുജൂദ് ചെയ്തപ്പോൾ അബൂജഹ്‌ൽ കല്ലുമെടുത്ത് അവിടുത്തെ നേരെ മുന്നോട്ട് നടന്നു. അവിടുത്തെ അടുത്തേക്ക് എത്തിയപ്പോൾ അവൻ്റെ മുഖത്തിന്റെ നിറം മാറി, കല്ലിന്മേൽ തന്റെ കൈകൾ വലിഞ്ഞുമുറുകിയ നിലയിൽ ഭയന്ന് പിന്നിലേക്ക് തിരിഞ്ഞു. ഒടുവിൽ അവൻ തന്റെ കൈയിലുണ്ടായിരുന്ന കല്ല് താഴെ എറിഞ്ഞു. അവൻ ഖുറൈശികളുടെ അടുക്കൽ ചെന്നപ്പോൾ അവർ ചോദിച്ചു: “നിനക്കെന്തുപറ്റി?” അവൻ പറഞ്ഞു: “ഞാൻ മുഹമ്മദിﷺന്റെ അരികിലേക്ക് ചെന്നപ്പോൾ ഒരു വലിയ ഒട്ടകം എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അല്ലാഹുതന്നെയാണെ സത്യം! അതുപോലെയുള്ള ഒരു തലയോ കഴുത്തോ പല്ലുകളോ ഞാൻ കണ്ടിട്ടില്ല. അത് എന്നെ തിന്നാൻ തുനിഞ്ഞു.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “അത് ജിബ്‌രീൽ(അ) ആണ്, അവൻ എന്നോട് അടുത്തിരുന്നെങ്കിൽ അവനെ പിടികൂടുമായിരുന്നു.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

👁️ 11