Tweet 1568

Tweet 1568
September 29, 2026 • Tuesday

ഇബ്ൻ സഅദ്(റ) നിവേദനം ചെയ്യുന്നു: ഇബ്നു ഉമർ(റ) പറഞ്ഞു. തിരുനബിﷺയുടെ കാലത്ത് ഞാൻ ഒരു സ്വപ്നം കണ്ടു. ഒരാൾ എന്റെ അടുക്കൽ വന്ന് പറഞ്ഞു: “നടക്കൂ.” അങ്ങനെ അദ്ദേഹം എന്നെ ഒരു വിശാലമായ വഴിയിലൂടെ നടത്തി. ഞാൻ നടന്നുകൊണ്ടിരിക്കുമ്പോൾ എന്റെ ഇടത്തുഭാഗത്തായി ഒരു വഴി പ്രത്യക്ഷപ്പെട്ടു. ഞാൻ അതിലൂടെ നടക്കാൻ ഉദ്ദേശിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: “നിങ്ങൾ അതിൽ പെട്ടവനല്ല.” തുടർന്ന് എന്റെ വലത്തുഭാഗത്തായി മറ്റൊരു വഴി പ്രത്യക്ഷപ്പെട്ടു. ഞാൻ അതിലൂടെ നടന്നു. ഒടുവിൽ വഴുക്കലുള്ള ഒരു മലനിരയിൽ ഞാൻ എത്തിച്ചേർന്നു. അദ്ദേഹം എന്റെ കൈ പിടിച്ച് എന്നെ ഒരു പിടിവള്ളിയിലേക്ക് തള്ളിവിട്ടു. തുടർന്ന് അദ്ദേഹം എന്നോട് പറഞ്ഞു: “ഈ പിടിവള്ളി മുറുകെ പിടിക്കുക.” ഞാൻ ഇത് തിരുനബിﷺയോട് വിവരണം പറഞ്ഞു. അപ്പോൾ പറഞ്ഞു: “നിങ്ങൾ നല്ലൊരു സ്വപ്നമാണ് കണ്ടിരിക്കുന്നത്. ആ വിശാലമായ വഴി എന്നത് പരലോക വിചാരണ സംഗമമാണ്. നിങ്ങളുടെ ഇടത്തുഭാഗത്ത് കണ്ട വഴി നരകാവകാശികളുടെ വഴിയാണ്. നിങ്ങളുടെ വലത്തുഭാഗത്ത് കണ്ട വഴി സ്വർഗ്ഗാവകാശികളുടെ വഴിയാണ്. വഴുക്കലുള്ള ആ മലനിര എന്നത് രക്തസാക്ഷികളുടെ പദവിയാണ്. നിങ്ങൾ മുറുകെ പിടിച്ച ഉറപ്പായ പിടിവള്ളി ഇസ്ലാമാണ്; അതിനാൽ മരണം വരെ നിങ്ങൾ അത് മുറുകെ പിടിക്കുക.”

ഇമാം ത്വബ്റാനി(റ)യും ബൈഹഖി(റ)യും ഇബ്ൻ സമീൽ അൽ-ജുഹനി(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: ഞാൻ ഒരു സ്വപ്നം കാണുകയും അത് തിരുനബിﷺയോട് വിവരിച്ചു കൊടുക്കുകയും ചെയ്തു. ഞാൻ പറഞ്ഞു: “എല്ലാ മനുഷ്യരെയും വിശാലവും എളുപ്പമുള്ളതുമായ വ്യക്തമായ ഒരു പാതയിൽ ഞാൻ കണ്ടു. ജനങ്ങൾ ആ പാതയിലൂടെ സഞ്ചരിക്കുന്നു. അവർ അങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോൾ, ആ പാത എന്റെ കണ്ണുകൾ അതുവരെ കണ്ടിട്ടില്ലാത്ത ഒരു പുൽമേടിലേക്ക് എത്തിച്ചേർന്നു. അത് പച്ചപ്പ് തുളുമ്പി നിൽക്കുന്നതും മഞ്ഞുതുളികൾ പൊഴിയുന്നതും നാനാതരം പുല്ലുകളുള്ളതുമായിരുന്നു. ആ പുൽമേടിന്റെ അടുക്കലെത്തിയ ആദ്യ സംഘം തക്ബീർ മുഴക്കുകയും, തുടർന്ന് വലത്തോട്ടോ ഇടത്തോട്ടോ വ്യതിചലിക്കാതെ നേരെ പാതയിലൂടെ തങ്ങളുടെ വാഹനങ്ങളെ ഓടിക്കുകയും ചെയ്തത് ഞാൻ കാണുന്നതുപോലെ എനിക്ക് അനുഭവപ്പെടുന്നു.

തുടർന്ന് അവരെക്കാൾ പലമടങ്ങ് അധികമായ രണ്ടാമത്തെ സംഘം വന്നു. അവരും പുൽമേടിന്റെ അടുക്കലെത്തിയപ്പോൾ തക്ബീർ മുഴക്കി വാഹനങ്ങൾ മുന്നോട്ട് നയിച്ചു. അവരിൽ പുല്ലുമേഞ്ഞു നടന്നവരുണ്ട്, കയ്യിൽ അല്പം വാരിയെടുത്തവരുമുണ്ട്. അവർ അങ്ങനെ മുന്നോട്ടുപോയി. തുടർന്ന് ജനങ്ങളുടെ വലിയൊരു സമൂഹം വന്നു. അവർ പുൽമേടിന്റെ അടുക്കലെത്തിയപ്പോൾ തക്ബീർ മുഴക്കിക്കൊണ്ട് പറഞ്ഞു: ‘ഇത് ഏറ്റവും നല്ല ഇറക്കസ്ഥലമാണ്.’ അവർ വലത്തോട്ടും ഇടത്തോട്ടും ചരിഞ്ഞുനടക്കുന്നത് ഞാൻ കാണുന്നതുപോലെ എനിക്ക് അനുഭവപ്പെടുന്നു. അതു കണ്ടപ്പോൾ ഞാൻ പുൽമേടിന്റെ ഏറ്റവും അറ്റത്ത് എത്തുന്നതുവരെ ആ പാത മുറുകെപ്പിടിച്ചു നടന്നു. അവിടെ അങ്ങയെയാണ്, ഞാൻ കണ്ടത്. ഏഴ് പടവുകളുള്ള ഒരു മിമ്പറിൽ അങ്ങ് ഏറ്റവും ഉയർന്ന പടവിൽ ഇരിക്കുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

👁️ 33