സുഹൈൽ ബിൻ അബീ സാലിഹ്(റ) തന്റെ പിതാവിൽ നിന്നും, അസ്ലം ഗോത്രത്തിൽപെട്ട ഒരാളിൽ നിന്നും നിവേദനം ചെയ്യുന്നു: ഒരാളെ തേൾ കൊത്തി. ഈ വിവരം തിരുനബിﷺയുടെ അടുക്കൽ എത്തിയപ്പോൾ അവിടുന്ന് പറഞ്ഞു: “അവൻ വൈകുന്നേരം ‘അല്ലാഹുവിന്റെ പരിപൂർണ്ണമായ വചനങ്ങൾകൊണ്ട് അവൻ സൃഷ്ടിച്ചവയുടെ തിന്മയിൽ നിന്ന് ഞാൻ രക്ഷ തേടുന്നു’എന്ന് പറഞ്ഞിരുന്നെങ്കിൽ അവനെ അത് ഉപദ്രവിക്കുമായിരുന്നില്ല.”
അദ്ദേഹം പറഞ്ഞു: അപ്പോൾ എന്റെ കുടുംബത്തിലെ ഒരു സ്ത്രീ ആ പ്രാർത്ഥന ചൊല്ലി. പിന്നീട് അവളെ ഒരു പാമ്പ് കൊത്തി, എന്നാൽ അത് അവൾക്ക് യാതൊരു ഉപദ്രവവും ഉണ്ടാക്കിയില്ല.
ഇബ്നു ഉമർ(റ) നിവേദനം ചെയ്യുന്നു: ഒരാൾ ചോദിച്ചു: “അല്ലാഹുവിന്റെ തിരുദൂതരേﷺ, ലോകം എന്നെ വിട്ടുപിരിഞ്ഞുപോയിരിക്കുന്നു.” തിരുനബിﷺ ചോദിച്ചു: “മലക്കുകളുടെ പ്രാർത്ഥനയും സൃഷ്ടികളുടെ തസ്ബീഹും നീ എവിടെയാക്കി? അതിലൂടെയാണ് അവയ്ക്ക് ആഹാരം നൽകപ്പെടുന്നത്. പ്രഭാതം പൊട്ടിവിടരുമ്പോൾ നീ നൂറു പ്രാവശ്യം ചൊല്ലുക: ‘സുബ്ഹാനല്ലാഹിൽ അളീമി വബിഹംദിഹി, സുബ്ഹാനല്ലാഹിൽ അളീം, അസ്തഗ്ഫിറുല്ലാഹ്’/മഹാനായ അല്ലാഹുവെയും അവന്റെ സ്തുതിയെയും ഞാൻ പ്രകീർത്തനം ചെയ്യുന്നു. മഹാനായ അല്ലാഹുവെ ഞാൻ പ്രകീർത്തനം ചെയ്യുന്നു. അല്ലാഹുവോട് ഞാൻ പാപമോചനം തേടുന്നു.
അപ്പോൾ ലോകം നിന്റെ മുന്നിൽ കീഴടങ്ങി വരുന്നതാണ്.” കുറച്ചു ദിവസങ്ങൾക്കുശേഷം ആ മനുഷ്യൻ തിരിച്ചുവന്ന് പറഞ്ഞു: “അല്ലാഹുവിന്റെ തിരുദൂതരേﷺ, ഇപ്പോൾ ദുനിയാവ് എന്നിലേക്ക് തിരിഞ്ഞുവന്നിരിക്കുന്നു; അത് എവിടെ വെക്കണമെന്ന് എനിക്കറിയുന്നില്ല.”
ഇമാം ത്വബ്റാനി(റ) അനസ്(റ) വഴി നിവേദനം ചെയ്യുന്നു: തിരുനബിﷺ ഉമ്മത്തിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് പറഞ്ഞു: “അല്ലാഹുവെ, അവരുടെ ഹൃദയങ്ങളെ നിന്റെ അനുസരണത്തിലേക്ക് തിരിച്ചുവിടേണമേ, നിന്റെ കാരുണ്യം കൊണ്ട് അവരേ നീ സംരക്ഷിക്കുകയും ചെയ്യേണമേ.”
ഇമാം ബൈഹഖി(റ) ഇബ്നു അബ്ബാസ്(റ) വഴി നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ തിരുനബിﷺ അല്ലാഹുവിന്റെ വചനത്തെക്കുറിച്ച് പറഞ്ഞു:
അല്ലാഹുവിന്റെ വചനമായ “നിങ്ങൾ അല്ലാഹുവെ വിളിക്കുവിൻ, അല്ലെങ്കിൽ റഹ്മാനെ വിളിക്കുവിൻ…” എന്ന സൂക്തത്തെക്കുറിച്ച് അവിടന്ന് പറഞ്ഞു: “ഇത് മോഷണത്തിൽ നിന്നുള്ള സുരക്ഷയാണ്.”
തിരുനബിﷺയുടെ സ്വഹാബിമാരിൽ ഒരാൾ കിടപ്പറയിലേക്ക് പോകുമ്പോൾ ഈ ആയത്ത് ഓതുകയുണ്ടായി. അപ്പോൾ ഒരാൾ മോഷ്ടാവായി അദ്ദേഹത്തിന്റെ വീട്ടിൽ പ്രവേശിക്കുകയും വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം ശേഖരിച്ച് ചുമന്നുകൊണ്ട് പോവാൻ ഒരുങ്ങി. എന്നാൽ ആ സ്വഹാബി ഉറങ്ങിയിരുന്നില്ല. ഒടുവിൽ മോഷ്ടാവ് സാധനങ്ങളുമായി വാതിൽക്കൽ എത്തിയപ്പോൾ വാതിൽ അടഞ്ഞുകിടക്കുന്നതായി കണ്ടു. അങ്ങനെ അവൻ സാധനങ്ങളുടെ ഭാണ്ഡം താഴെ വെച്ചു നോക്കിയപ്പോൾ വാതിൽ തുറക്കപ്പെട്ട നിലയിൽ കാണുകയും ചെയ്തു. അവൻ ഈ പ്രവൃത്തി മൂന്നു തവണ ആവർത്തിച്ചു, സാധനങ്ങളുമായി എത്തുമ്പോൾ വാതിൽ അടയുകയും താഴെ വെക്കുമ്പോൾ തുറക്കുകയും ചെയ്യുന്നു. ഇത് കണ്ട് വീട്ടുടമസ്ഥൻ ചിരിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു: “തീർച്ചയായും ഞാൻ എന്റെ വീടിനെ കോട്ടകെട്ടി സംരക്ഷിച്ചിരിക്കുന്നു.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
